UPDATES

വായന/സംസ്കാരം

‘സൂസന്നയുടെ ഗ്രന്ഥപ്പുര’യിലേക്കുള്ള രഹസ്യവഴി; നവ്യാനുഭവമായി അജയ് പി മങ്ങാട്ടിന്റെ നോവല്‍

അജയ് പി മങ്ങാട്ടിന്റെ ആദ്യ നോവലായ സൂസന്നയുടെ ഗ്രന്ഥപ്പുരയ്ക്ക് വായനക്കാരുടെ ഇടയില്‍ വന്‍ സ്വീകാര്യതയാണ് ലഭിക്കുന്നത്

എം ജീവേഷ്

എം ജീവേഷ്

സൂസന്നയുടെ ഗ്രന്ഥപ്പുര വായിക്കുകയായിരുന്നു. ഈ അടുത്ത കാലത്ത് വായിച്ച നല്ല പുസ്തകങ്ങളില്‍ ഒന്ന്. കഥാപാത്രങ്ങളെല്ലാം കൂടെ സഞ്ചരിക്കുന്നവര്‍. തണ്ടിയേക്കനും അമുദയും ഇക്ബാലും അലിയും കൃഷ്ണനും ഫാത്വിമയും വെള്ളത്തൂവല്‍ ചന്ദ്രനും സൂസന്നയും ലക്ഷ്മിയും കാര്‍മേഘവും മതിയും അഭിയും എല്ലാവരും കൂടെ പോന്നു.

ഒരു നോവലിലൂടെ മറ്റനേകം എഴുത്തുകാരും അവരുടെ നോവലുകളും കഥയും കവിതയും അനുഭവവുമെല്ലാം ഒരേ ക്യാന്‍വാസില്‍ നിറച്ചു വെച്ചിരിക്കുന്നു അജയ് പി മങ്ങാട്ട്. കാഫ്കയും ബോര്‍ഹസും ബൊലാനോവും അന്ന അക്മത്വോവയും നെരൂദയും റൂമിയും ദസ്തയേവ്‌സ്‌കിയും മലയാളത്തിലെ എഴുത്തുകാരുമെല്ലാം ഇടയ്ക്കിടയ്ക്ക് പല മട്ടില്‍ കയറിവരുന്നു. ഇത് ആഖ്യാനം ചെയ്യുമ്പോള്‍ കാണിച്ചിരിക്കുന്ന എഴുത്ത് മിടുക്ക് ഈ നോവലിന്റെ ശരീരത്തില്‍ ഒരു ഏച്ചുകെട്ടലുണ്ടാക്കുന്നില്ല. പലപ്പോഴും പലരീതിയില്‍ കഥാപാത്രത്തിന്റെ കൂടെയാണ് അതിറങ്ങിവരുന്നത്. നെരൂദയില്‍ എത്തപ്പെടുന്ന ലക്ഷ്മിയും അന്ന അക്മത്വോവയിലെത്തുന്ന അമുദയും അതിനുദാഹരണം. കഥാപാത്രം തന്നെ വിവര്‍ത്തനം ചെയ്ത കവിത മറ്റൊരു കഥാപാത്രത്തിന് വായിച്ചുകൊടുക്കുമ്പോള്‍ വിരസതയോ മുഴച്ചു നില്‍ക്കലോയില്ലാതെ അതിനെ വായനക്കാരന് കൊണ്ടുപോകാനാവുന്നു.

പുസ്തകങ്ങളിലേക്കും മനുഷ്യ മനസ്സിലേക്കുമുള്ള സഞ്ചാരം തന്നെയാണ് ഈ നോവല്‍. സാധാരണവും അസാധാരണവുമായ കഥാപാത്രങ്ങളെ സൃഷ്ടിച്ചിരിക്കുന്നു നോവലിസ്റ്റ്. ഇടയ്‌ക്കെങ്കിലും ഇന്ന കഥാപാത്രം ഞാന്‍ തന്നെയാണോ എന്ന തോന്നലുണ്ടാക്കുന്നു വായനക്കാരന്. അലച്ചിലും ഏകാന്തതയും യാത്രയും അന്വേഷണവും കൂടിയിരിക്കലുകളുമെല്ലാം നോവലിന്റെ ഭാഗമാകുന്നു.

ലളിതമായ ഭാഷയാണ് മറ്റൊരു പ്രത്യേകതയായി തോന്നിയത്. അത് സാധാരണ വാക്കുകളില്‍ കൊരുത്തെടുത്ത കവിത തന്നെയാണ്. ഈ നോവലിലുടനീളം കാവ്യാത്മകമായ ഒരു ഭാഷാ നിര്‍മിതിയിലാണ് നോവലിസ്റ്റ് ഏര്‍പ്പെട്ടതെന്നു തോന്നും.

നോവലിസ്റ്റിന്റെ വായനയോടുള്ള അടങ്ങാത്ത അലകള്‍ തന്നെയാണ് ഈ നോവലിലും കാണാനാവുക.ഏകാന്തതയുടെയും ഹൃദയത്തിന്റെ സംഗീതം ഈ നോവലിന്റെ തുടക്കം മുതല്‍ നമ്മെ പിന്തുടരുന്നു. പിയാനോയുടെയും ഓടക്കുഴലിന്റെയും രൂപത്തില്‍ അവ നമ്മെ പൊതിഞ്ഞു പിടിക്കുന്നു.

ഇത് സൂസന്നയുടെ ഗ്രന്ഥപ്പുര മാത്രമല്ല. മറ്റനേകം മനുഷ്യരുടെ വാക്കുകളുടെ മ്യൂസിയമാണ്.

മാമ ആഫ്രിക്ക ചില അനുഭവങ്ങള്‍ പങ്കുവയ്ക്കാന്‍ പ്രേരിപ്പിക്കുന്നുണ്ട്; ഇട്ടിക്കോര, സുഗന്ധി നോവലുകളുടെ തുടര്‍ച്ച പോലെ

എം ജീവേഷ്

എം ജീവേഷ്

ഗവേഷകന്‍, കവി

More Posts

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍