UPDATES

വായന/സംസ്കാരം

സീതയ്ക്ക് മാംസം നല്‍കി സന്തോഷിപ്പിക്കുന്ന രാമനുണ്ട് വാല്‍മീകി രാമായണത്തില്‍- ടി എസ് ശ്യാം കുമാറിന്റെ പ്രഭാഷണം ശ്രദ്ധേയമാവുന്നു

ഭര്‍ത്താവില്ലാതെ നിലനില്‍ക്കാന്‍ കഴിയില്ല എന്ന പെണ്‍ സങ്കല്‍പ്പങ്ങള്‍ നിര്‍മ്മിക്കാന്‍ വാല്‍മീകി രാമായണത്തിന് കഴിഞ്ഞു

ഇന്ത്യയില്‍ സ്ത്രീകള്‍ രണ്ടാംകിട പൗരന്മാരായി നിലനില്‍ക്കാനും, ബ്രാഹ്മണ്യത്തിന്റെ മേല്‍ക്കോയ്മ ഊട്ടിയുറപ്പിക്കാനും രാമായണം കാരണമായെന്ന് കൊച്ചി എസ് എച്ച് കോളേജിലെ പ്രൊഫസറും, പ്രഭാഷകനുമായ ടി എസ് ശ്യാം കുമാര്‍. തിരുവനന്തപുരം കനകക്കുന്നില്‍ നടക്കുന്ന സ്‌പെയ്‌സ് ഫെസ്റ്റില്‍ രാമായണത്തെ കുറിച്ച് സംസാരിക്കുകയായിരുന്നു ടി എസ് ശ്യാം കുമാര്‍.

ഭര്‍ത്താവില്ലാതെ നിലനില്‍ക്കാന്‍ കഴിയില്ല എന്ന പെണ്‍ സങ്കല്‍പ്പങ്ങള്‍ നിര്‍മ്മിക്കാന്‍ വാല്‍മീകി രാമായണത്തിന് കഴിഞ്ഞുവെന്നും, ഒറ്റയ്ക്ക് രാത്രിയില്‍ ഇറങ്ങിനടക്കുന്ന, ഒറ്റയ്ക്ക് ജീവിക്കുന്ന സ്ത്രീ പ്രശ്‌നക്കാരിയാണെന്ന ചിന്ത നിര്‍മ്മിച്ചത് പുരാണങ്ങളാണെന്നും ടി എസ് ശ്യാം കുമാര്‍ അഭിപ്രായപ്പെടുന്നു. പുരുഷനിഷ്ടപ്പെടാത്തതെന്തെങ്കിലും ചെയ്യുന്ന സ്ത്രീകള്‍ പാപികളാണെന്ന സങ്കല്‍പ്പത്തെ ഊട്ടിയുറപ്പിച്ചുകൊണ്ട് ഭര്‍ത്താക്കന്മാരെ സേവിക്കുന്നത് മാത്രമാണ് തങ്ങളുടെ ജീവിതമെന്ന് കരുതുന്ന സ്ത്രീകളെ നിര്‍മ്മിക്കാന്‍ രാമായണത്തിന് കഴിഞ്ഞുവെന്നും ടി എസ് ശ്യാം കുമാര്‍ പ്രഭാഷണത്തില്‍ പറയുന്നു.

മാംസം ഭക്ഷിക്കുന്നത് ഇന്ത്യന്‍ വര്‍ത്തമാന സാഹചര്യത്തില്‍ തെറ്റായി മാറുമ്പോള്‍, ദേവന്മാരെ അപ്പവും ഉണ്ണിയപ്പവും മാത്രം കഴിക്കുന്നവരായി വാര്‍ത്തെടുക്കുമ്പോള്‍, വാല്‍മീകിയുടെ രാമനും സീതയും ലക്ഷ്മണനും മാംസം ഭക്ഷിച്ചവരായിരുന്നുവെന്നും ടി എസ് ശ്യാം കുമാര്‍ രാമായണത്തിന്റെ തെളിവുകള്‍ ചൂണ്ടിക്കാട്ടി പറഞ്ഞു. സീതയെ മാംസംകൊടുത്ത് സന്തോഷിപ്പിക്കുന്ന രാമനും, മാനിനെകൊന്ന് ഇറച്ചിയുരുട്ടി ജഡായുവിന് ബലിയിടുന്ന രാമനും വാത്മീകി രാമായണത്തിലുണ്ടെന്ന് ശ്യാം കുമാര്‍ പ്രഭാഷണത്തില്‍ പറയുന്നു.

അയോദ്ധ്യയില്‍ ശൂദ്രനില്ല എന്നൊരു പ്രയോഗം രാമായണത്തിലുണ്ടെന്നും, ബ്രാഹ്മണര്‍ക്ക് പാദപൂജ ചെയ്താലേ വളര്‍ച്ചയുണ്ടാവുവെന്ന് സ്ഥാപിക്കലാണ് വാല്‍മീകി ചെയ്തതെന്നും ശ്യാം കുമാര്‍ അഭിപ്രായപ്പെട്ടു. വല്‍മീകി രാമായണം വായിച്ച് സങ്കുചിത മനോഭാവമുള്ളവരായി നമ്മള്‍ മാറിയെന്നും ശ്യാം കുമാര്‍ കൂട്ടിച്ചേര്‍ത്തു.

സെപ്റ്റംബര്‍ 1 വരെയാണ് തിരുവനന്തപുരം കനകക്കുന്നില്‍ സ്പെയ്‌സ് ഫെസ്റ്റ് നടക്കുന്നത്. സാമൂഹികചിന്തകര്‍, എഴുത്തുകാര്‍, പൊതുപ്രവര്‍ത്തകര്‍, ചലച്ചിത്രതാരങ്ങള്‍, കലാ- സാംസ്‌കാരിക- പരിസ്ഥിതി- രാഷ്ട്രീയ പ്രവര്‍ത്തകര്‍ തുടങ്ങി നിരവധി പേര്‍ പങ്കെടുക്കുന്ന പരിപാടിയുടെ ഡയറക്ടര്‍ കവി സച്ചിദാനന്ദനാണ്.

ഇത് വാട്സാപ് ചായകളുടെ കാലം; വായനശാല, ചായക്കട, ഷാപ്പ് ചര്‍ച്ചകള്‍ ഇല്ലാതാവുന്നു- എംഎ ബേബി, ഇന്ദ്രന്‍സ്, അരിസ്റ്റോ സുരേഷ്

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍