UPDATES

വായന/സംസ്കാരം

‘എന്തുകൊണ്ട് അടുക്കളയില്‍ കയറില്ല? ഉള്ളംകാലില്‍ ഊതി നിദ്രയുടെ ആഴം അളക്കും…’-ഭവനഭേദനത്തിന്റെ ‘എന്‍ജിനിയറിങ്’ വിശദീകരിച്ച് ഒരു മുന്‍ കള്ളന്‍

മോഷണ ജീവിതത്തിലെ രസകരമായ അനുഭവം പങ്കുവെച്ച് തസ്‌കരന്‍ മണിയന്‍പിള്ള.

മോഷണം നടത്തുന്ന വീട്ടില്‍നിന്ന് കുളിയും കഴിഞ്ഞ് ഭക്ഷണവും കഴിച്ചാണ് തസ്‌കരന്‍ മണിയന്‍പിള്ള തിരിച്ചിറങ്ങാറ്. ഷവറിനടിയില്‍നിന്ന് കുളിക്കുന്നത് ഇഷ്ടമാണ് എന്നത് മാത്രമല്ല മോഷണം കഴിഞ്ഞ് തിരിച്ചിറങ്ങുമ്പോള്‍ ‘കുളിച്ച് കുട്ടപ്പനായി നടന്നാല്‍ പോലീസ് ലുക്ക് നോക്കി പിടിച്ചോണ്ട് പോവില്ല’ എന്നതും ഇതിന് കാരണമാണ്. തന്റെ മോഷണ ജീവിതത്തിലെ രസകരമായ അനുഭവം പങ്കുവെക്കുകയായിരുന്നു തസ്‌കരന്‍ മണിയന്‍പിള്ള.

തിരുവനന്തപുരം കനകക്കുന്നില്‍ നടക്കുന്ന സ്‌പെയ്‌സ് ഫെസ്റ്റിവലില്‍ ‘ഭവനഭേദനത്തിന്റെ എന്‍ജിനിയറിങ്’ എന്ന വിഷയത്തില്‍ സംസാരിക്കുകയായിരുന്നു തസ്‌കരന്‍ മണിയന്‍പിള്ള. ആര്‍ക്കിടെക്ച്ചര്‍ പോള്‍ മഞ്ഞൂരാന്‍ മോഡറേറ്റര്‍ ആയിരുന്നു.

മോഷ്ടിക്കാന്‍ പോവുന്ന വീടുകളിലെ ജനല്‍ക്കമ്പികള്‍ മല്‍പ്പിടുത്തത്തിലൂടെയല്ല വളക്കുന്നതെന്ന് മണിയന്‍പിള്ള പറയുന്നു. ‘അണ്ണാ എന്നെ ഒന്നും ചെയ്യല്ലേയെന്ന് പറഞ്ഞ് കമ്പികള്‍ വളഞ്ഞ് തരും’. കമ്പികള്‍ അത് പറയുന്നത് കേള്‍ക്കാനുള്ള മനസാണ് ഒരു കള്ളന് ഉണ്ടാവേണ്ടതെന്ന് മണിയന്‍പിള്ള കൂട്ടിച്ചേര്‍ത്തു.

അപകടകരമായ അവസ്ഥയില്‍ മാത്രമേ ആളുകളെ ഉപദ്രവിക്കാറുള്ളൂവെന്നും, കിടന്നുറങ്ങുന്ന ആളുകളുടെ ഉള്ളംകാലില്‍ ഊതി നിദ്രയുടെ ആഴം അളക്കാറുണ്ടെന്നും, ഇത്തരത്തില്‍ നിദ്രയുടെ ആഴമളന്ന് മോഷണ സമയത്ത് ആളുകളെ എടുത്ത് മാറ്റി കിടത്തിയിട്ടുണ്ടെന്നും മണിയന്‍പിള്ള പറഞ്ഞപ്പോള്‍ തസ്‌കരന്മാരുടെ ഇച്ഛാശക്തി വളരെ വലുതാണെന്നും അതിനെ മറികടക്കാനാണ് പ്രയാസകരമെന്നുമാണ് പോള്‍ മഞ്ഞൂരാന്‍ അഭിപ്രായപ്പെട്ടത്. മുറികളില്‍ ഉറങ്ങാതിരിക്കുന്നവരെ പുറത്തുനിന്ന് തന്നെ തനിക്ക് അറിയാന്‍ കഴിയാറുണ്ടെന്നും മണിയന്‍പിള്ള പറയുന്നു.

മോഷണ മുതലിനാല്‍ നാല് പെണ്‍കുട്ടികളെ വിവാഹം കഴിപ്പിച്ചയച്ചുവെന്ന് മണിയന്‍പിള്ള പറഞ്ഞപ്പോള്‍ സദസ്സില്‍ കൈയ്യടി മുഴങ്ങി. മോഷ്ടിച്ച മുതല്‍ വില്‍ക്കും അല്ലെങ്കില്‍ ചിലര്‍ക്ക് സമ്മാനമായി നല്‍കുമെന്നും മണിയന്‍ പിള്ള പറഞ്ഞു.

അടുക്കളയില്‍ സാധാരണ കള്ളന്മാര്‍ കയറാറില്ലെന്നും, അതിന് കാരണം നിരവധി പാത്രങ്ങളും മറ്റുമുള്ള അടുക്കളയില്‍ അറിയാതെ ശബ്ദമുണ്ടാവാനുള്ള സാധ്യത വലുതായത് കൊണ്ടാണെന്നും പറഞ്ഞ അദ്ദേഹം പൊന്നും പണവും സൂക്ഷിക്കാന്‍ സുരക്ഷിതമായ സ്ഥലം അടുക്കളയിലെ അനേകായിരം ഭരണികളില്‍ ഒന്നിലിട്ടുവെക്കുന്നതാണെന്ന ‘ടിപ്പും’ സദസ്സിലുള്ളവര്‍ക്ക് നല്‍കി.

പോലീസില്‍ പിടിക്കപ്പെട്ടല്‍ സീന്‍ ആകെ മാറുമെന്ന് പറഞ്ഞ മണിയന്‍പിള്ള ജയിലറകളിലെ പീഡനങ്ങളെ കുറിച്ചും പറഞ്ഞു. യേശുക്രിസ്തു കഴിഞ്ഞാല്‍ ഏറ്റവും കൂടുതല്‍ ശാരീരിക പീഡനം അനുഭവിച്ചത് താനാണ് എന്നാണ് അദ്ദേഹം നേരിട്ട പീഡനങ്ങളെ കുറിച്ച് പറഞ്ഞത്. ഇടിച്ച് പറയിപ്പിക്കാന്‍ നോക്കും അത് കഴിഞ്ഞാല്‍ കാന്താരിയും കട്ടന്‍ചായയും തരുമെന്നും മണിയന്‍പിള്ള പറയുന്നു. മജിസ്‌ട്രേറ്റിനോട് ചൂടായതിന്റെ പേരില്‍ തടവില്‍ കഴിഞ്ഞുവെന്നും. കള്ളന്മാരോട് ആ മജിസ്‌ട്രേറ്റിന് അവജ്ഞയായിരുന്നുവെന്നും മണിയന്‍പിള്ള പറഞ്ഞത് കേള്‍വിക്കാരെ ചിരിയിലാഴ്ത്തി.

മോഷണം ഇതൊന്നുമല്ലെന്നും വലിയ മോഷ്ടാക്കളായ അഴിമതിക്കാര്‍ നിയമത്തിന്റെ ലൂപ്പ് ഹോള്‍ ഉപയോഗിച്ച് രക്ഷപ്പെടുകയാണെന്നും പോള്‍ മാഞ്ഞൂരാന്‍ അഭിപ്രായപ്പെട്ടു.

മണിയന്‍പിള്ളയുടെ തസ്‌കരന്‍ എന്ന ആത്മകഥ ഡിസി ബുക്‌സ് പ്രസിദ്ധീകരിച്ചിരുന്നു.

സീതയ്ക്ക് മാംസം നല്‍കി സന്തോഷിപ്പിക്കുന്ന രാമനുണ്ട് വാല്‍മീകി രാമായണത്തില്‍- ടി എസ് ശ്യാം കുമാറിന്റെ പ്രഭാഷണം ശ്രദ്ധേയമാവുന്നു

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍