UPDATES

വായന/സംസ്കാരം

ലൂസിഫറും ബൈബിളും ഇന്നും തുടരുന്ന ചില സംവാദങ്ങളും

ഒടുവില്‍ ലൂസിഫർ അനുസരണയില്ലാത്തവനായി മാറി. വിപ്ലവകാരിയായ മാറി. ദൈവവിരോധിയായി. ലൂസിഫർ അക്ഷരാർത്ഥത്തിൽ തന്നെ ‘സാത്താനാ’യി.

ഹിന്ദുക്കൾക്ക് ഇവൻ മഹിരാവണ, മുസ്ലീങ്ങൾക്ക് ഇവൻ ഇബിലീസ്, ക്രിസ്ത്യാനികൾക്കിടയിൽ ഇവന് ഒരു പേരേയുള്ളൂ, “ലൂസിഫർ” എന്നാണ് തരംഗമായിക്കൊണ്ടിരിക്കുന്ന ലൂസിഫർ സിനിമ പറയുന്നത്. സത്യത്തിൽ ബൈബിൾ ലൂസിഫറിനെ കുറിച്ച് പറയുന്നതെന്താണ്? ഇന്നും തുടരുന്ന സംവാദങ്ങൾ എന്തൊക്കെയാണ്?

പഴയ നിയമത്തിലെ ‘ഹെലൽ’ എന്ന ഹീബ്രു വാക്ക് വിവർത്തനം ചെയ്തതാണ് ലൂസിഫർ. വെളിച്ചം  എന്നാണ് ഈ വാക്കിന്റെ സാമാന്യ അർഥം. പ്രഭാതത്തിലെ നക്ഷത്രം എന്ന് സൂചിപ്പിക്കാനാണ് ഈ വാക്ക് ഉപയോഗിച്ചിരുന്നത്. പഴയ നിയമത്തിലെ ഐസയാഹിന്റെ  “എങ്ങനെയായിരുന്നു നിന്റെ പതനം! ഓ , പ്രഭാതനക്ഷത്രമേ, പുലരിയുടെ മകനെ,” എന്ന പരാമർശത്തിൽ സൂചിപ്പിക്കുന്നത് ലൂസിഫറിനെ ആണെന്നാണ് ഒരു കൂട്ടമാളുകൾ വാദിക്കുന്നത്. ഇവിടെ നിന്നാണ് ബൈബിളും ലൂസിഫറുമായുള്ള ബന്ധം ആരംഭിക്കുന്നത്.

ദൈവത്തെക്കാളധികം വളരാൻ ആഗ്രഹിച്ച സാത്തന്റെ ഒരു മറ്റൊരു പേരായിട്ടാണ് ലൂസിഫർ എന്ന പേര് ഉപയോഗിച്ച് വരുന്നത്. ബാബിലോണിയയുടെ രാജാവായിരുന്ന ഒരു മനുഷ്യനായിരുന്നു ലൂസിഫർ എന്നും അതല്ല ഭൂമിയിൽ പതിച്ച ഒരു മാലാഖയായിരുന്നു ലൂസിഫർ എന്നുമാണ് പ്രധാന തർക്കം. ലൂസിഫറിനെ കുറിച്ച് ഏറ്റവുമധികം പ്രചാരമുള്ള ഒരു കഥ ഇങ്ങനെയാണ്.

പുലരിയുടെ പുത്രനായ, പ്രഭാത നക്ഷത്ര രാജകുമാരനായ ലൂസിഫർ സ്വർഗ്ഗത്തിൽ സുഖിച്ച് വാഴുകയായിരുന്നു. നാളുകൾ കഴിയുന്തോറും ലൂസിഫർ കൂടുതൽ നാർസിസ്റ്റ് ആയി വന്നു. സ്വന്തം സൗന്ദര്യം , കഴിവുകൾ, കീർത്തി ഇവയിൽ അഭിരമിച്ച് ലൂസിഫർ മഹാ അഹങ്കാരിയായി മാറി. ആത്മരതി പരിധിവിട്ടതോടെ സൃഷ്ടാവായ ദൈവത്തിനേക്കാൾ മുകളിലാണ് താൻ എന്ന് ലൂസിഫറിന് തോന്നിത്തുടങ്ങി. ലൂസിഫർ അനുസരണയില്ലാത്തവനായി മാറി. വിപ്ലവകാരിയായ മാറി. ദൈവവിരോധിയായി. ലൂസിഫർ അക്ഷരാർത്ഥത്തിൽ തന്നെ ‘സാത്താനാ’യി.

ഇനിയും ഈ സാത്താനെ വെച്ചുപൊറുപ്പിക്കാനാകില്ല എന്ന് മനസിലാക്കിയ ദൈവം ലൂസിഫറിനെ ഭൂമിയിലേക്ക് വലിച്ചെറിഞ്ഞു എന്നാണ് കഥ. ഭൂമിയിൽ തിന്മ ആരംഭിക്കുന്നത് തന്നെ ഈ സംഭവത്തോടെയാണെന്നാണ് വിശ്വാസം. അതായത് ആദ്യപാപം ഉൾപ്പെടെയുള്ളവയുടെ ആരംഭം ലൂസിഫറിന്റെ പതനത്തോടെയാണെന്നാണ് ഒരു കൂട്ടം ആളുകൾ വാദിക്കുന്നത്.

എന്നാൽ ചില മതപണ്ഡിതരുടെ അഭിപ്രായത്തിൽ ലൂസിഫർ ഭൂമിയിലെ ഒരു രാജ്യത്തിലെ രാജാവാണ്. അതായത് ഒരു മനുഷ്യനാണ്. ‘എങ്ങനെയായിരുന്നു നിന്റെ പതനം’ എന്ന ചോദ്യം സ്വർഗ്ഗത്തിൽ നിന്നും ഭൂമിയിലേക്കുള്ള വീഴ്ചയല്ല, മറിച്ച് രാജാവിന്റെ രാഷ്ട്രീയമായ പതനത്തെയാണ് ദ്യോതിപ്പിക്കുന്നതെന്നാണ് ഈ പണ്ഡിതർ വാദിക്കുന്നത്.

ഈ രണ്ട് വാദത്തെയും കൂട്ടി യോജിപ്പിച്ചുകൊണ്ട് മറ്റൊരു പുരാവൃത്തവും നിലനിൽക്കുന്നുണ്ട്. ഐസയാഹ് 14:4 -11 സൂചിപ്പിക്കുന്നത് ബാബിലോണിയയിലെ രാജാവിനെ ആണെന്നും 12 മുതൽ 17 വരെയുള്ള ഭാഗമാണ് ലൂസിഫർ എന്ന സാത്താനെ സൂചിപ്പിക്കുന്നതെന്നുമാണ് ആ നിരീക്ഷണം.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍