UPDATES

വായന/സംസ്കാരം

വഡോദ്രയില്‍ നാഥുറാം ഗോഡ്‌സെ നാടകം വരുന്നു; നിരോധിക്കണമെന്ന് കോണ്‍ഗ്രസ്

ഗോഡ്‌സെയെ പോലൊരു ക്രിമിനലിനെ മഹത്വവത്കരിക്കുന്ന നാടകം അവതരിപ്പിക്കാന്‍ അനുവദിക്കരുത് – കോണ്‍ഗ്രസ് ആവശ്യപ്പെടുന്നു. ദേശീയ താല്‍പര്യത്തിന് വിരുദ്ധവും വര്‍ഗീയ വിദ്വേഷം ശക്തമാക്കാന്‍ ഉതകുന്നതുമായ നാടകമാണിത്. ഹിന്ദുത്വ അടിച്ചേല്‍പ്പിക്കാനുള്ള ശ്രമങ്ങളുടെ ഭാഗമാണിത്.

മഹാത്മ ഗാന്ധിയുടെ ഘാതകന്‍ നാഥുറാം ഗോഡ്‌സെയെക്കുറിച്ചുള്ള മറാത്തി നാടകം ‘ഹേ റാം. നാഥുറാം’ അതിന്റെ വഡോദ്രയിലെ ആദ്യത്തേയും അവസാനത്തേയും അവതരണം നടത്താനൊരുങ്ങവേ നാടകത്തിനെതിരെ പ്രതിഷേധം ശക്തമാകുന്നു. നാടകം നിരോധിക്കണമെന്ന് ആവശ്യപ്പെട്ട് കോണ്‍ഗ്രസ് രംഗത്തെത്തി. മഹാത്മ ഗാന്ധിയുടെ നാട്ടില്‍ ഗാന്ധി ഘാതകനെ ന്യായീകരിക്കുന്ന നാടകം കളിക്കരുത് എന്നാണ് കോണ്‍ഗ്രസ് പറയുന്നത്. അറിയപ്പെടുന്ന മറാത്തി നാടക നടന്‍ ശരദ് പോംക്ഷെയാണ് നാടകത്തിന് പിന്നില്‍.

കോണ്‍ഗ്രസ് സിറ്റി പ്രസിഡന്റ് പ്രശാന്ത് പട്ടേല്‍, പ്രതിപക്ഷ നേതാവ് ചന്ദ്രകാന്ത് ശ്രീവാസ്തവ്, ജിപിസിസി ജനറല്‍ സെക്രട്ടറി നരേന്ദ്ര റാവത്ത് തുടങ്ങിയവര്‍ പൊലീസ് കമ്മീഷണര്‍ ഓഫീസിന് മുന്നിലും മുനിസിപ്പല്‍ കമ്മീഷണറുടെ ഓഫീസിന് മുന്നിലും പ്രതിഷേധിച്ചു. ഫെബ്രുവരി 25ന് വഡോദ്രയിലെ ഗാന്ധി നഗര്‍ ഗൃഹില്‍ അവതരിപ്പിക്കുന്നത് നാടകത്തിന്റെ ഗുജറാത്തിലെ ആദ്യത്തേയും അവസാനത്തേയും അവതരണമാണ് എന്നാണ് സംഘാടകര്‍ പറയുന്നത്.

മഹാത്മ ഗാന്ധിയെ മോശമായി ചിത്രീകരിക്കുന്ന നാടകം രാജ്യത്തിനാകെ അപമാനമാണെന്നും വഡോദ്രയിലെ സമാധാനം തകര്‍ക്കുമെന്നും കോണ്‍ഗ്രസ് നേതാക്കള്‍ മുന്നറിയിപ്പ് നല്‍കി. സ്വതന്ത്ര ഇന്ത്യയിലെ ആദ്യ ഭീകരവാദിയാണ് നാഥുറാം ഗോഡ്‌സെയെന്ന് കോണ്‍ഗ്രസ് മെമ്മോറാണ്ടം ചൂണ്ടിക്കാട്ടുന്നു. ഗോഡ്‌സെയെ പോലൊരു ക്രിമിനലിനെ മഹത്വവത്കരിക്കുന്ന നാടകം അവതരിപ്പിക്കാന്‍ അനുവദിക്കരുത് – കോണ്‍ഗ്രസ് ആവശ്യപ്പെടുന്നു. ദേശീയ താല്‍പര്യത്തിന് വിരുദ്ധവും വര്‍ഗീയ വിദ്വേഷം ശക്തമാക്കാന്‍ ഉതകുന്നതുമായ നാടകമാണിത്. ഹിന്ദുത്വ അടിച്ചേല്‍പ്പിക്കാനുള്ള ശ്രമങ്ങളുടെ ഭാഗമാണിത്.

അതേസമയം മഹാത്മ ഗാന്ധിയെ അവഹേളിക്കാന്‍ നാടകം ശ്രമിക്കുന്നില്ലെന്നാണ് സംഘാടകനും വഡോദ്രയിലെ വിക്രം വചനാലയ ലൈബ്രറിയുടെ നടത്തിപ്പുകാരനുമായ വിക്രം മനേകര്‍ പറയുന്നത്. നാടകത്തിന് യാതൊരു രാഷ്ട്രീയവുമില്ല. മറാത്ത സംസ്‌കാരവുമായി ബന്ധപ്പെട്ട പരിപാടികള്‍ സാധാരണയായി അവതരിപ്പിക്കാറുണ്ട്. അതുപോലൊന്ന് മാത്രമാണിത്. ശരത് പോംക്‌സെ ഈ നാടകം ഇതിനകം 1000 വേദികളില്‍ അവതരിപ്പിച്ചു കഴിഞ്ഞതായും വിക്രം മനേകര്‍ പറയുന്നു. ഗോഡ്‌സെയുടെ വിചാരണ നടത്തിയ ജസ്റ്റിസ് ജിഡി ഖോസ്ല, നാഥുറാമിന്റെ അനുജനും കേസില്‍ ശിക്ഷിക്കപ്പെട്ടയാളുമായി ഗോപാല്‍ ഗോഡ്‌സെ എന്നിവര്‍ എഴുതിയ പുസ്തകങ്ങളെ അടിസ്ഥാനമാക്കിയാണ് ശരദ് പോംക്‌സെ നാടകം രചിച്ച് സംവിധാനം ചെയ്തിരിക്കുന്നത്.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍