UPDATES

വായന/സംസ്കാരം

വാൻഗോഗിന്റെ ആത്മീയ ജീവീതം; പുതിയ തെളിവുകളുമായി ‘വാൻഗോഗ് സ്പെഷ്യലിസ്റ്റുകൾ’

ലണ്ടനിലെ വീട്ടിൽ താമസിച്ചിരുന്ന കാലത്ത് വീട്ടുടമസ്ഥയുടെ മകളായ യൂജിൻ ലോയർ എന്ന പത്തൊന്പതുകാരിയുമായി വാൻഗോഗ് ഗാഢ പ്രണയത്തിലായിരുന്നുവെന്നാണ് കരുതപ്പെടുന്നത്.

ലോകത്തെമ്പാടുമുള്ള കലാസ്വാദകരെചിത്രകാരന്‍ വിൻസന്‍റ് വാൻഗോഗിന്റെ ചിത്രങ്ങളും സ്വകാര്യ ജീവിതവും ഒരുപോലെ ഭ്രമിപ്പിച്ചിട്ടുണ്ട്. വാൻഗോഗിന്റെ മാനസിക വ്യാപാരങ്ങളും പ്രണയവും ചെവി മുറിച്ച് കൊടുത്ത് കാമുകിയോടുള്ള സ്നേഹം അറിയിച്ചതുമെല്ലാം ലോകം വേണ്ടുവോളം ആഘോഷിച്ചതാണ്. ഇളം മഞ്ഞയിലും കടും നീലയിലുമൊക്കെയായി വാൻഗോഗ് വരച്ചുവെച്ച ഭീതികളും അസ്തിത്വ പ്രതിസന്ധിയുമെല്ലാം വർഷങ്ങൾ ഏറെ കഴിഞ്ഞിട്ടും കലാസ്വാദകരുടെ ഇഷ്ട വിഭവം തന്നെ. ലണ്ടനിൽ ജീവിച്ചിരുന്ന കാലത്ത് വാൻഗോഗ് താമസിച്ചിരുന്ന ബ്രിക്സ്റ്റണിലെ വീട്ടിൽ നിന്നും ലഭിച്ച വാന്ഗോഗിന്റെതെന്നു കരുതപ്പെടുന്ന പ്രാർത്ഥനാപുസ്തകങ്ങളാണ് ഇപ്പോൾ വാൻഗോഗിന്റെ ആത്മീയ ജീവിതത്തിലേക്ക് വെളിച്ചം വീശുന്നത്.

1873 കാലഘട്ടത്തിലാണ് വാൻഗോഗ് ഈ വീട്ടിൽ താമസിച്ചതെന്നാണ് കരുതപ്പെടുന്നത്. ഈ വീട്ടിൽ നിന്ന് കണ്ടെടുത്ത പൊടിഞ്ഞു തുടങ്ങിയ കടലാസുകൾ 1867 ൽ പ്രസിദ്ധീകരിച്ച ചില പ്രാർത്ഥനാ പുസ്തകങ്ങളുടെ ഭാഗങ്ങളാണെന്നാണ് വിദഗ്ദർ കണ്ടെത്തുന്നത്. അടുത്തിടെ ഈ വീട് നവീകരിച്ചപ്പോഴാണ് മച്ചിൽ ഭദ്രമായി വാൻഗോഗ് സൂക്ഷിച്ചതെന്ന് വിശ്വസിക്കപ്പെടുന്ന പുസ്തകങ്ങൾ ലഭിച്ചത്. ദൈവവചനങ്ങളും സൂക്തങ്ങളും എഴുതിയ പുസ്തകങ്ങളുടെ ഭാഗങ്ങളും ഗവേഷകർക്ക് ലഭിച്ചു. കടലാസ് ഷീറ്റുകളിൽ വാൻഗോഗ് വരച്ചതെന്ന് കരുതപ്പെടുന്ന പൂക്കളുടെ ചിത്രങ്ങളുടെ ചില ഭാഗങ്ങളും ഗവേഷകർ ആ പഴയ വീട്ടിൽ നിന്നും കണ്ടെടുത്തു.

ലണ്ടനിലെ വീട്ടിൽ താമസിച്ചിരുന്ന കാലത്ത് വീട്ടുടമസ്ഥയുടെ മകളായ യൂജിൻ ലോയർ എന്ന പത്തൊന്പതുകാരിയുമായി വാൻഗോഗ് ഗാഢ പ്രണയത്തിലായിരുന്നുവെന്നാണ് കരുതപ്പെടുന്നത്. വീടിനടുത്തുള്ള ഹാക്‌ഫോർഡ് റോഡിലെ ഒരു കോൺവെന്റ് ഗാർഡനിൽ വാൻഗോഗ് ഒരു ആർട്ട് ഡീലറായി ജോലിനോക്കിയിരുന്നതായും ഗവേഷകർ ഉറപ്പിച്ചുപറയുന്നു. ആ സമയത്ത് വളരെ നിഷ്ഠയുള്ള ക്രിസ്ത്യാനിയായാണ് വാൻഗോഗ് ജീവിച്ചിരുന്നതെന്നാണ് പുതിയ വിവരങ്ങളുടെ കൂടെ അടിസ്ഥാനത്തിൽ “വാൻഗോഗ് സ്പെഷ്യലിസ്റ്റുകൾ ” പറയുന്നത്. വാന്ഗോഗിന്റെ ലണ്ടൻ ജീവിതത്തിലേക്ക് വെളിച്ചം വീശുന്ന ഈ പുത്തൻ തെളിവുകൾ മാർച്ച് 27 ന് നടക്കാനിരിക്കുന്ന “ടെറ്റ് ബ്രിട്ടൻ എക്സിബിഷനി”ൽ പ്രദർശിപ്പിക്കും.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍