UPDATES

വായിച്ചോ‌

2007ല്‍ കരണ്‍ ഥാപ്പറിന്റെ അഭിമുഖത്തില്‍ നിന്നും മോദി ഇറങ്ങിപ്പോയതെന്തുകൊണ്ട്? ബിജെപി അദ്ദേഹത്തെ ബഹിഷ്ക്കരിക്കുന്നതിന് പിന്നിലാര്?

പ്രശസ്ത മാധ്യമ പ്രവര്‍ത്തകന്‍ കരണ്‍ ഥാപ്പറിന്റെ ‘ഡെവിള്‍സ് അഡ്വക്കേറ്റ്: ദി അണ്‍ടോള്‍ഡ് സ്റ്റോറി’ എന്ന പുസ്തകത്തില്‍ നിന്നുള്ള പ്രസക്ത ഭാഗങ്ങള്‍

നരേന്ദ്ര മോദിയുമായി 2007-ൽ നടത്തിയ അഭിമുഖം കരൺ ഥാപ്പർ നടത്തിയ ആയിരക്കണക്കിന് അഭിമുഖങ്ങളിൽ അദ്ദേഹത്തിന്റെ മനസ്സിൽ പലവിധ കാരണങ്ങളാൽ തങ്ങിനിൽക്കുന്ന ചിലതിൽ ഒന്നാണ്. ഇപ്പോഴും ആ അഭിമുഖം വാർത്ത സൃഷ്ടിക്കുന്നു. ഇനിയും അവസാനിക്കാത്ത ഒരു കഥയാണിത്. അതിനു മുമ്പും ശേഷവും എന്ത് സംഭവിച്ചു എന്നതിലെ ചില ഭാഗങ്ങളാണ് ഇവിടെ നൽകുന്നത്. കരണ്‍ ഥാപ്പറിന്റെ ‘ഡെവിള്‍സ് അഡ്വക്കേറ്റ്: ദി അണ്‍ടോള്‍ഡ് സ്റ്റോറി’ എന്ന പുസ്തകത്തില്‍ നിന്നുള്ള പ്രസക്ത ഭാഗങ്ങള്‍.

നരേന്ദ്ര മോദി സർക്കാരിന് എന്നെക്കുറിച്ച് അത്ര നല്ല അഭിപ്രായമല്ല ഉള്ളതെന്ന് അത്ര രഹസ്യമല്ല. ഞാനുമായി സുഹൃദ് ബന്ധമുള്ള ഒറ്റപ്പെട്ട മന്ത്രിയുണ്ട് എന്നത് സംശയമില്ലാത്ത കാര്യമാണ്- അരുൺ ജെയ്റ്റ്ലി ആദ്യ ഉദാഹരണമാണ്. പക്ഷെ ഭൂരിഭാഗം പേരും, ഞാനുമായി വളരെ നല്ല അടുപ്പം പുലർത്തിയിരുന്നവർ, മോദി പ്രധാനമന്ത്രിയായതിനു ഒരു വർഷത്തിനുള്ളിൽ പല കാരണങ്ങൾ കണ്ടെത്തി എന്നെ ഒഴിവാക്കി. പ്രതിപക്ഷ നേതാക്കളെന്ന നിലയിൽ എനിക്ക് അഭിമുഖം നൽകിയിരുന്ന, പിന്നീട് ആദ്യവർഷത്തിലും 2014-നു ശേഷവും രവി ശങ്കർ പ്രസാദ്, പ്രകാശ് ജാവദേക്കർ, വെങ്കയ്യ നായിഡു എന്നിവർ പൊടുന്നനെ അവരുടെ വാതിലുകളടച്ചു. നിർമല സീതാരാമൻ പോലുള്ള ചിലർ റെക്കോഡിങ്ങിനായി തിയതി വരെ നിശ്ചയിക്കുകയും പിന്നീട് അവസാന നിമിഷം ഒരു കാരണവും പറയാതെ പിന്തിരിയുകയും ചെയ്യുന്നതുവരെയെത്തി.

ഞാൻ അനഭിമത വ്യക്തിയായി എന്നത് ആദ്യമായി തെളിഞ്ഞു തുടങ്ങിയത് ബി ജെ പി വക്താക്കൾ എന്റെ ടി വി പരിപാടികളിൽ ചർച്ചകളിൽ പങ്കെടുക്കുന്നത് നിരസിച്ചു തുടങ്ങിയപ്പോഴാണ്. ആദ്യം ഞാൻ കരുതിയത് അവർക്കു തിരക്കാവും എന്നാണ്. എന്നാലിത് തുടർന്നപ്പോൾ എന്തെങ്കിലും കുഴപ്പമുണ്ടോയെന്ന് ഞാൻ സംബിത് പാത്രയോട് ചോദിച്ചു . മറുപടി പറയുന്നതിന് മുമ്പ്, അല്പം പകച്ചുപോയി എന്നു തോന്നിപ്പിക്കുന്ന അടക്കിയ ശബ്ദത്തിൽ, എനിക്കൊരു രഹസ്യം സൂക്ഷിച്ചുവെക്കാനാകുമോ എന്ന് അദ്ദേഹം ചോദിച്ചു. ഉറപ്പ് നല്‍കിയപ്പോള്‍, എന്റെ പരിപാടികളിൽ പങ്കെടുക്കരുതെന്ന് ബി ജെ പി വക്താക്കൾക്ക് നിർദ്ദേശമുണ്ട് എന്നദ്ദേഹം പറഞ്ഞു.

അടുത്തത് മന്ത്രിമാരായിരുന്നു. അഭിമുഖങ്ങൾക്ക് സന്നദ്ധരാവുകയും വെല്ലുവിളി നിറഞ്ഞ സംവാദങ്ങൾ ആസ്വദിക്കുകയും ചെയ്ത ആളുകളിൽ നിന്നും അവർ വിളികൾക്ക് മറുപടി നൽകാത്ത ടെലിഫോൺ നമ്പറുകളായി മാറി. അവരുടെ സെക്രട്ടറിമാർക്കെല്ലാം ഒരൊറ്റ മറുപടിയെ ഉണ്ടായിരുന്നുള്ളൂ: “സർ ക്ഷമ പറയുന്നു. അദ്ദേഹം തിരക്കിലാണ്.”

എന്റെ പരിപാടിയിൽ പങ്കെടുക്കുന്നതിന് എനിക്ക് ബോധ്യപ്പെടുത്താൻ കഴിഞ്ഞ ഒരേയൊരാൾ പ്രകാശ് ജാവദേക്കരാണ്. അദ്ദേഹത്തിന്റെ പാർട്ടി വക്താക്കളും മന്ത്രിസഭാ സഹപ്രവർത്തകരും പറ്റില്ല എന്ന് പറയുകയോ മറുപടി നല്കാതിരിക്കുകയോ ഒരു ശീലമാക്കിയപ്പോഴും അദ്ദേഹം നല്ല ബന്ധം തുടർന്നു. അങ്ങനയിരിക്കെ ഒരു ദിവസം അദ്ദേഹത്തിനുമുണ്ടായി പുനര്‍ചിന്ത. അതുകൊണ്ടായിരിക്കാവും അദ്ദേഹം എന്നെ വിളിച്ചു ഇങ്ങനെ ചോദിച്ചത് എന്ന് ഞാൻ കരുതുന്നു, “എന്റെ പാർട്ടിക്ക് എന്തുകൊണ്ടാണ് താങ്കളോട് ദേഷ്യം? എന്താണ് സംഭവിച്ചത് കരൺ? താങ്കൾക്കു അഭിമുഖം നൽകരുതെന്ന് എന്നോടാവശ്യപ്പെട്ടിരിക്കുന്നു?”

അപ്പോഴാണ് ബി ജെ പിക്ക് ഞാനുമായി പ്രശ്നങ്ങളുണ്ടെന്ന് എന്നോട് ഔദ്യോഗികമായി എന്നോട് പറയുന്നത്. ജാവഡേക്കർ എന്നോട് രഹസ്യമാക്കിവെക്കാനൊന്നും ആവശ്യപ്പെട്ടില്ല. പകരം എന്നെ ബഹിഷ്‌ക്കരിക്കാനുള്ള തീരുമാനത്തിൽ തന്റെ അമ്പരപ്പായിരുന്നു അദ്ദേഹം പ്രകടിപ്പിച്ചത്. ആ സാഹചര്യം എങ്ങനെ നേരിടണമെന്ന് എന്നെ ഉപദേശിക്കാനായിരുന്നു അദ്ദേഹം വിളിച്ചത്. “താങ്കൾ അധ്യക്ഷ് ജിയെ കണ്ടു ഇത് പരിഹരിക്കൂ കരൺ”

എനിക്ക് അറിയാവുന്നതുകൊണ്ട് ഞാനാദ്യം വിളിച്ചത് അരുൺ ജെയ്റ്റ്ലിയെ ആയിരുന്നു. ധനമന്ത്രാലയത്തിൽ വെച്ച് കാണാൻ ആവശ്യപ്പെടുകയും അവിടെവെച്ച് ഒരു കുഴപ്പവും ഇല്ല എന്നദ്ദേഹം ഉറപ്പു നൽകുകയും ചെയ്തു. ഞാൻ സങ്കല്പിച്ചുണ്ടാകുകയാണ് എന്നദ്ദേഹം പറഞ്ഞു. എല്ലാ ശരിയാകുമെന്നും.

അരുൺ മര്യാദ കാണിച്ചതായിരിക്കും എന്ന് ഞാൻ കരുതുന്നു. കാരണം ബഹിഷ്കരണം തുടർന്നു. അതുകൊണ്ട് ഞാനദ്ദേഹവുമായി വീണ്ടും സംസാരിച്ചു, ഇത്തവണ ഫോണിൽ. ഇപ്രാവശ്യം അദ്ദേഹം പ്രശ്നമില്ല എന്ന് പറഞ്ഞില്ല, പകരം അത് താനേ ഇല്ലാതായിക്കോളും എന്ന് പറഞ്ഞു. “പക്ഷെ അരുൺ,” ഞാൻ പറഞ്ഞു, “അതങ്ങനെ താനേ ഇല്ലാതാകണമെങ്കിൽ ഇല്ലാതാകാൻ എന്തെങ്കിലും വേണം. അപ്പോൾ ചില പ്രശ്നനങ്ങളുണ്ട്.” അരുൺ ചിരിച്ചതേയുള്ളൂ.

എന്ത് പ്രശ്നമായാലും അത് അരുണിന് കൈകാര്യം ചെയ്യാവുന്നതിനും അപ്പുറമാണെന്ന് ഞാൻ മനസിലാക്കി. സഹായിക്കാനുള്ള അദ്ദേഹത്തിന്റെ വാഗ്ദാനത്തിന്റെ സന്നദ്ധതയിലോ എനിക്ക് സംശയം തോന്നിയിട്ടില്ല. പക്ഷെ അതിനുള്ള ശേഷി അദ്ദേഹത്തിനില്ലായിരുന്നു എന്ന് ഞാൻ വിശ്വസിക്കുന്നു.

എന്തെങ്കിലും സംശയം ബാക്കിയുണ്ടെങ്കിൽ ബി ജെ പി ജനറൽ സെക്രട്ടറി രാം മാധവ് ഒടുവിലത് ദൂരീകരിച്ചു.
2017 ജനുവരി ആദ്യത്തിൽ ഞാനദ്ദേഹത്തിന്റെ ഒരു അഭിമുഖം ആവശ്യപ്പെട്ടു. എന്നെ അത്ഭുതപ്പെടുത്തുകയും സന്തോഷിപ്പിക്കുകയും ചെയ്തുകൊണ്ട് അദ്ദേഹം സമ്മതിച്ചു. ജനുവരി 16 നായിരുന്നു റെക്കോഡിംഗ്. അതിനു ശേഷം ഞാനദ്ദേഹത്തിന് നന്ദി പറഞ്ഞപ്പോൾ അദ്ദേഹത്തിന്റെ പ്രതികരണം എന്നെയും എന്റെ നിർമ്മാതാവ് അരവിന്ദ് കുമാറിനെയും ഞെട്ടിച്ചുകളഞ്ഞു.

“താങ്കൾ നന്ദി പറയും,” ചിരിച്ചുകൊണ്ട് ഗൗരവം വിടാതെ അദ്ദേഹം പറഞ്ഞു, “പക്ഷെ എന്റെ സഹപ്രവർത്തകർ ചെയ്യില്ല (നന്ദി പറയില്ല). ഞാൻ സമ്മതിക്കരുതായിരുന്നു എന്നവർ കരുതുന്നു. പക്ഷെ നമ്മൾ ആളുകളെ ബഹിഷ്‌ക്കരിക്കണമെന്ന് ഞാൻ വിശ്വസിക്കുന്നില്ല.”

അപ്പോഴാണ് ഞാൻ അമിത് ഷായെ കാണാൻ തീരുമാനിച്ചത്. നിരവധി കത്തുകൾക്കും ഫോൺ വിളികൾക്കും ശേഷം 2017-ൽ ഹോളിക്ക് പിറ്റേന്ന് എന്നെ കാണാൻ അദ്ദേഹം സമ്മതിച്ചു. അക്ബർ റോഡിലെ അദ്ദേഹത്തിന്റെ വസതിയിൽ വെച്ചായിരുന്നു കൂടിക്കാഴ്ച്ച. അതത്ര ദീർഘമായിരുന്നില്ല എങ്കിലും എന്റെ ഭാഗം പറയാനും അദ്ദേഹത്തിന് പ്രതികരിക്കാനും ആവശ്യമുള്ളത്ര ഒന്നായിരുന്നു.

കഴിഞ്ഞ ഒരു വർഷമായി ആദ്യം ബി ജെ പി വക്താക്കളും പിന്നീട് ബി ജെ പി മന്ത്രിമാരും എന്റെ പരിപാടികളിൽ പങ്കെടുക്കുന്നതിൽ നിന്നും നിരസിച്ചു തുടങ്ങി എന്നതുകൊണ്ടാണ് ഞാൻ അദ്ദേഹത്തെ കാണാൻ വന്നതെന്ന് ഞാൻ പറഞ്ഞു. രഹസ്യമായി ചില വക്താക്കളും ഈയിടെ മുതിർന്ന ചില മന്ത്രിമാരും എന്റെ പരിപാടിയിൽ പങ്കെടുക്കുന്നതിൽ നിന്നും അവരെ വിലക്കിയിട്ടുണ്ടെന്നു പറഞ്ഞതായും ഞാൻ കൂട്ടിച്ചേർത്തു. ജാവഡേക്കറുമായും അരുൺ ജെയ്റ്റ്ലിയുമായും നടന്ന സംഭാഷണങ്ങളും ഞാൻ പറഞ്ഞു. ഒടുവിലായി എന്താണെന്നു കാരണമെന്ന് അറിയാനാണ് ഞാൻ വന്നതെന്നും അറിയാതെ ആരെയെങ്കിലും വേദനിപ്പിക്കുന്ന എന്തെങ്കിലും ഞാൻ പറഞ്ഞിട്ടുണ്ടെങ്കിൽ ക്ഷമ ചോദിക്കാൻ എനിക്കൊരു മടിയുമില്ലെന്നും ഞാൻ പറഞ്ഞു. പക്ഷെ ഞാനെന്താണ് ചെയ്തത്?

അമിത് ഷാ നിശബ്ദമായി ഞാൻ പറഞ്ഞത് കേട്ടിരുന്നു. ഒന്നോ രണ്ടോ മിനിറ്റിൽ കൂടുതൽ വിശദീകരണത്തിനായി ഞാനെടുത്തില്ല.

അദ്ദേഹത്തിന്റെ വീട്ടിലെ വലിയ സ്വീകരണ മുറിയിലായിരുന്നു ഞങ്ങൾ ഇരുന്നത്. ഉദ്യാനത്തിന് അഭിമുഖമായുള്ള ഒരു ചാരുകസേരയിലായിരുന്നു അദ്ദേഹം. ഞാൻ അദ്ദേഹത്തിന്റെ അരികിലുള്ള ഒരു മെത്തക്കസേരയിലും. ആ മുറിയിൽ ഞങ്ങൾ രണ്ടു പേർ മാത്രമേ ഉണ്ടായിരുന്നുള്ളൂ.

“കരൺജി,” അദ്ദേഹം പറഞ്ഞു. സൗഹൃദഭാവത്തിലായിരുന്നു അദ്ദേഹം. ചുരുങ്ങിയത് ഒരു എതിരാളി ഭാവം അദ്ദേഹത്തിന്റെ ശബ്ദത്തിലോ രീതികളിലൊന്നുണ്ടായിരുന്നില്ല. ഞാൻ സാഹചര്യത്തെ തെറ്റിദ്ധരിച്ചരിക്കുന്നു എന്നാണ് അദ്ദേഹം അവകാശപ്പെട്ടത്. എന്റെ പരിപാടികൾ ബഹിഷ്‌ക്കരിക്കാൻ വക്താക്കൾക്കോ മന്ത്രിമാർക്കോ ഒരു നിർദ്ദേശവും നൽകിയിട്ടില്ല എന്നദ്ദേഹം ആവർത്തിച്ചു.

ഒടുവിൽ, വിഷയം പരിശോധിച്ച് 24 മണിക്കൂറിനുള്ളിൽ എന്നെ വിളിക്കാം എന്ന് അദ്ദേഹം ഉറപ്പുതന്നു. എന്ത് പ്രശ്നമായാലും അത് പരിഹരിക്കപ്പെടും എന്നെനിക്കു ഉറപ്പും ആത്മവിശ്വാസവും തോന്നി. പക്ഷെ എന്റെയാ തോന്നൽ ഭീമാബദ്ധമായിരുന്നു.

കൂടുതല്‍ വായിക്കൂ: ദി വയര്‍

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍