UPDATES

വായന/സംസ്കാരം

പാതയോര വായനശാല; നിഴലാട്ടം ഓണ്‍ലൈന്‍ കൂട്ടായ്മ തുറന്നിടുന്ന വായനയുടെ പുതു ഇടം

Avatar

വിഷ്ണു എസ് വിജയന്‍

കൃത്യം നാല് വര്‍ഷം മുന്‍പ് രതീഷ്‌ രോഹിണി എന്ന തിരുവനന്തപുരത്തുകാരന്‍  ഫേസ്ബുക്കില്‍ ഒരു പോസ്റ്റിട്ടു “ഓണ്‍ലൈന്‍ സുഹൃത്തുക്കളുടെ ഫോട്ടോഗ്രാഫി എക്സിബിഷന്‍ സംഘടിപ്പിക്കുന്നു” എന്നായിരുന്നു പോസ്റ്റ്‌. പോസ്റ്റിട്ട സമയത്ത് അയാള്‍ പോലും വിചാരിച്ചുകാണാന്‍ ഇടയില്ല ലോകമറിയുന്ന ഒരു സംഘടനയുടെ തുടക്കത്തിനായിട്ടാണ് താന്‍ തന്‍റെ ഫേസ്ബുക്ക്‌ ഇടത്തില്‍ ഇങ്ങനെ കുറിക്കുന്നത് എന്ന്.

അതുവരെ തങ്ങളുടെ ചിത്രങ്ങള്‍ വെളിച്ചം കാണിക്കാന്‍ ഗതിയില്ലാതിരുന്ന നൂറുകണക്കിന് ഫോട്ടോഗ്രഫിയെ സ്നേഹിക്കുന്ന യുവാക്കളാണ് ആ പോസ്റ്റിനെ പിന്തുടര്‍ന്ന് എക്സിബിഷനായി എത്തിയത്. വിദേശത്ത് നിന്നുവരെ എന്‍ട്രികള്‍ എത്തി. അപ്പോള്‍ അയാള്‍ക്ക് തന്നെ അറിയില്ലായിരുന്നു ഇതെങ്ങെനെ നടത്തുമെന്ന്. അമ്മയുടെയും സുഹൃത്തിന്‍റെയും കയ്യില്‍ നിന്ന് കാശ് കടം വാങ്ങി അയാള്‍ ആ പരിപാടി നടത്തി. നാല് ദിവസത്തേക്ക് തീരുമാനിച്ചിരുന്ന പരിപാടി ഏഴു ദിവസത്തേക്ക് നീട്ടി. ആ പരിപാടി നടന്നു കഴിഞ്ഞപ്പോള്‍ ഒരു ചരിത്രം കൂടി എഴുതപ്പെടുകയായിരുന്നു. ഇന്ത്യയില്‍ ആദ്യമായി ഒരു ഓണ്‍ലൈന്‍ കൂട്ടായ്മ ഫോട്ടോ എക്സിബിഷന്‍ നടത്തിയിരിക്കുന്നു എന്ന ചരിത്രം. അങ്ങനെ ഫേസ്ബുക്കിലൂടെ പരിചയപ്പെട്ട, തങ്ങളുടെ സൃഷ്ടികള്‍ മുഖ്യധാരയില്‍ എത്തിക്കാന്‍ വെളിച്ചം കിട്ടാതെ, പലരുടെയും നിഴലായ് ഒതുങ്ങി കൂടേണ്ടി വന്ന ഒരുപറ്റം കലാകാരന്മാര്‍ക്ക് അവിടെയൊരു സ്ഥിരം ഇടം ഒരുങ്ങുകയായിരുന്നു. നിഴലാട്ടം എന്ന ഇടം. 

ആദ്യ പരിപാടി വിജയമായപ്പോള്‍ നിഴലാട്ടം സാമൂഹ്യമാധ്യമങ്ങളിലൂടെ കൂടുതല്‍ സുഹൃത്തുക്കളെ കണ്ടെത്താന്‍ ആരംഭിച്ചു. പല നാടുകളില്‍ പല മേഖലകളില്‍ ഉള്ളവര്‍ നിഴലാട്ടം എന്ന പേരിനു പുറകില്‍ അണിനിരന്നു. പതിയെ പതിയെ നിഴലാട്ടം വളര്‍ന്നു. നിഴലാട്ടത്ത്തിന്റെ കൂടെ കൂടിയവരും പതിയെ അവരവരുടെ മേഖലകളില്‍ അംഗീകരിക്കപ്പെട്ട് തുടങ്ങി.

ഫോട്ടോ വാക്കുകള് ചെയ്തുകൊണ്ട് തങ്ങളുടെ പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ ജനകീയമാക്കാന്‍ അവര്‍ക്ക് സാധിച്ചു. നിറമില്ലാത്തവരെന്നു ചാപ്പകുത്തി മുഖ്യധാര മാറ്റി നിര്‍ത്തിയവരുടെ ചിത്രങ്ങള്‍ പകര്‍ത്തി അവര്‍  പ്രദര്‍ശനം നടത്തി. കരിമടം കോളനിയിലെയും ചെങ്കല്‍ ചൂളയിലെയും നിഷ്കളങ്കമായ മുഖങ്ങള്‍ മാനവീയം വീഥിയിലെ പ്രദര്‍ശന ചുമരിലിരുന്നു നൂറു ചോദ്യങ്ങള്‍ സമൂഹത്തിനോട് വിളിച്ചു ചോദിച്ചു. അടയാളങ്ങള്‍ ഇല്ലാതെ അടയാളപ്പെടുത്താന്‍ ആരുമില്ലാതെ ജീവിച്ച് മരിക്കാന്‍ വിധിക്കപ്പെട്ട മനുഷ്യരുടെ ജീവിത കഥകള്‍ അവര്‍ തങ്ങളുടെ ക്യാമറയിലൂടെ മുഖ്യധാരയ്ക്ക് പറഞ്ഞു കൊടുത്തു. പുഞ്ചക്കരിയിലെ ചിത്രശലഭങ്ങള്‍ നിഴലാട്ടം അംഗങ്ങളുടെ ക്യാമറയിലൂടെ നാഷണല്‍ജോഗ്രഫിക്കിന്റെ മാഗസിനില്‍ ഇടം പിടിച്ചു. ഫോട്ടോഗ്രഫിയുടെ വേറിട്ട തലങ്ങള്‍ നിഴലാട്ടം തലസ്ഥാന നഗരത്തിനു കാട്ടിക്കൊടുത്തു.

വെറും ഫോട്ടോ പ്രദര്‍ശനത്തില്‍ മാത്രം ഒതുങ്ങി നിന്നില്ല നിഴലാട്ടത്തിന്റെ പ്രവര്‍ത്തനങ്ങള്‍. പരിസ്ഥിതി രാഷ്ട്രീയത്തില്‍ ഉറച്ച് നിന്നുകൊണ്ട് നിരവധി ക്യാമ്പയിനുകള്‍ ഇവര്‍ സംഘടിപ്പിച്ചു. ഗാസയ്ക്ക് വേണ്ടി ശബ്ദമുയര്ത്തി. ഐലാന്‍ കുര്‍ദിക്ക് വേണ്ടി ആദ്യം മണല്‍ ശില്പം നിര്‍മ്മിച്ച് യുദ്ധത്തിനെതിരെ കല കൊണ്ട് പ്രതിരോധം തീര്‍ക്കാന്‍ ആവശ്യപ്പെട്ടു പ്രതിഷേധ സംഘമം നടത്തി. ഇപ്പോള്‍ ഇതിന്‍റെ പ്രവര്‍ത്തകരായി ഉള്ളത് ഫോട്ടോഗ്രാഫിയെ സ്നേഹിക്കുന്നവര്‍ മാത്രമല്ല. എഴുത്തുകാരും പാട്ടുകാരും സിനിമാക്കാരും ഡോക്റ്റര്‍മാരും കൂലിപ്പണിക്കാരും അങ്ങനെ സമൂഹത്തിന്റെ നാനാതുറകളില്‍ നിന്നുള്ളവര്‍ ഇന്ന് നിഴലാട്ടത്തിന്റെ ഭാഗമാണ്.

ഇതെല്ലാം പഴയ കഥകള്‍. ഇനി പുതിയ വിശേഷങ്ങളിലേക്ക് വരാം. പുതിയതായി ഒരു സംരംഭം കൂടി ആരംഭിച്ചിരിക്കുകയാണ് നിഴലാട്ടം പ്രവര്‍ത്തകര്‍. അക്ഷര വീഥി എന്ന പേരില്‍ ഒരു തുറന്ന പുസ്തകശാല. നിഴലാട്ടം പാട്ടുപാടി ആട്ടമാടിയ, ചിത്രങ്ങള്‍ പ്രദര്‍ശിപ്പിച്ച അതേ മാനവീയം വീഥിയില്‍ തന്നെയാണ് ഈ സംരംഭവും ആരംഭിച്ചിരിക്കുന്നത്. ആര്‍ക്കും വന്നു പുസ്തകം എടുക്കാം, മെമ്പര്‍ഷിപ്പോ പൈസ പിരിവോ ഒന്നുമില്ല. വായിച്ച് കഴിയുമ്പോള്‍ തിരികെ കൊടുക്കാം. വായനയുടെ പുതിയ ലോകം തുറന്നിടുകയാണിവിടെ. വിശാലമായ വായനും ചര്‍ച്ചകളും ഉണ്ടായിരുന്ന ഭൂതകാലത്തിലേക്ക് ഒരു ജനതയെ തിരികെ കൊണ്ടുപോകാന്‍ ശ്രമിക്കുകയാണ് ഇവിടെ ഈ ചെറുപ്പക്കാര്‍.

“ഫാസിസത്തിന്‍റെ കാലത്ത് അതിനെ ശകതമായ് തടയണമെങ്കില്‍ വായന വേണം. നല്ല ആഴത്തില്‍ ഉള്ള വായന. നമ്മളാല്‍ കഴിയുന്ന സഹായങ്ങള്‍ നല്കി വായന ശീലം ആളുകളില്‍ വളര്‍ത്തണം. വായിച്ച് വളരുന്ന ഒരുവന്‍/ഒരുവള്‍ ഒരിക്കലും തെറ്റിലേക്ക് പോകില്ല. അതിന് വേണ്ടി ഞങ്ങളാല്‍ കഴിയുന്ന ചെറിയ ഒരു സംരംഭമാണിത്” നിഴലാട്ടത്തിന്റെ പുതിയ കാല്‍വെയ്പ്പിനെ കുറിച്ച് രതീഷ് പറയുന്നത് ഇങ്ങനെയാണ്.

വായനയെ സ്നേഹിക്കുന്നവരില്‍ നിന്നും പലപ്പോഴായി ശേഖരിച്ച പുസ്തകങ്ങള്‍ കൂട്ടിവച്ചാണ് കഴിഞ്ഞ ശനിയാഴ്ച ഇവര്‍ ഈ തുറന്ന പുസ്തശാല ആരംഭിച്ചത്. തല്ക്കാലം ശനിയും ഞായറും മാത്രമാണ് പ്രവര്‍ത്തനം. സ്റ്റാച്യു ജംഗ്ഷനിലെ ഒറ്റമുറി ഓഫീസില്‍ നിന്നും പുസ്തകങ്ങള്‍ ഇവിടെ കൊണ്ട് വെക്കുകയാണ് ചെയ്യൂന്നത്.

“തുടങ്ങിയതിന്റെ അന്ന് മുതല്‍ നല്ല പ്രതികരണമാണ് ലഭിക്കുന്നത്. ഒരാഴ്ചയായപ്പോള്‍ പുതിയ ഒരുപാട് പേര്‍ പുസ്തകങ്ങള്‍ സംഭാവന നല്‍കാനായി രംഗത്ത് വന്നു. സാമൂഹ്യമാധ്യമങ്ങള്‍ വഴി വന്‍ പ്രചാരണം ആണ് ലഭിക്കുന്നത്. അതുകൊണ്ട് ദൂരെ ദേശങ്ങളില്‍ നിന്ന് വരെ പുസ്തകങ്ങള്‍ തരാമെന്നു പറഞ്ഞു ആളുകള്‍ വിളിക്കുന്നുണ്ട്. സന്തോഷമം മാത്രമേയുള്ളൂ.” പുസ്തകശാലയുടെ പ്രധാന നടത്തിപ്പുകാരനും എഴുത്തുകാരനും പെയിന്‍ററും കൂടിയായ അരുണ്‍ സമുദ്ര തന്‍റെ സന്തോഷം മറച്ചു വെക്കുന്നില്ല.

അറിയപ്പെടാത്ത ചെറു എഴുത്തുകാരുടെ മികച്ച പുസ്തകങ്ങള്‍ ഇവിടെയുണ്ട്. രാവിലെ ആറു മണി മുതല്‍ ഇവര്‍ ഇവിടെ സജീവമാണ്. പത്രം വില്‍പ്പന മുതലാണ് തുടക്കം. നിഴലാട്ടമില്ലാത്ത മാനവീയത്തെ പറ്റി ഇവിടുത്തെ സ്ഥിരം സന്ദര്‍ശകര്‍ക്ക് ചിന്തിക്കുവന്‍ കൂടി കഴിയില്ല.

അക്ഷരവീഥിയുടെ ഉല്‍ഘാടനം വേദിയില്‍ എഴുത്തുകാരിയും അദ്ധ്യാപികയുമായ വിഎസ് ബിന്ദുവിന്റെ പുസ്തക പ്രകാശനവും ഉണ്ടായിരുന്നു. പ്രകാശനം നടത്തിയതോ സാധാരണക്കാരില്‍ സാധരണക്കാരിയയായ ശ്രീരഞ്ചിനി എന്ന വീട്ടമ്മയും. 

വായനയെ സാധാരണവല്‍ക്കരിക്കാന്‍ ശ്രമിക്കുന്നവരുടെ ശ്രമങ്ങള്‍ക്ക് എഴുത്തുകാരും നല്‍കുന്ന പിന്തുണ ചെറുതല്ല. കുരീപ്പുഴ ശ്രീകുമാര്‍ അടക്കമുള്ളവര്‍ ഇതിനോടകം തന്നെ ഇവര്‍ക്ക് പുസ്തകങ്ങള്‍ നല്‍കി കഴിഞ്ഞു. തിരുവനന്തപുരത്തെ മൈത്രി ബുക്സ് ആദ്യ ദിവസം തന്നെ അഞ്ഞൂറ് പുസ്തകങ്ങള്‍ നല്‍കി.

“ഇവിടെ എന്നും നാടന്‍പാട്ട് പാടാന്‍ ധാരാളം പേര്‍ വരുന്നുണ്ട്, എന്നാല്‍ അവരോടൊക്കെ ഈ പാട്ടുകളുടെ ചരിത്രം ചോദിച്ചാല്‍ അവര്‍ക്കറിയില്ല. ആരാണ് ഈ പാട്ടുകള്‍ ശേഖരിച്ചതെന്നോ ഒന്നും അവരില്‍ ഭൂരിഭാഗംപേര്‍ക്കും അറിയില്ല.അപ്പോള്‍ അവരെ നമ്മുടെ നാടിന്‍റെ ചരിത്രവും സംസ്കാരവും പഠിപ്പിക്കണം എന്ന് തോന്നി. ഞങ്ങളെക്കൊണ്ട് കഴിയുന്നത് ഈ പുസ്തകങ്ങളിലൂടെ അവരെ ഇതൊക്കെ അറിയിക്കുക എന്നുള്ളതാണ്.” അരുണ്‍ സമുദ്ര പറയുന്നു.

“ചെയ്യുന്നതില്‍ എന്തെങ്കിലും സത്യസന്ധത വേണം എന്ന് ഞങ്ങള്‍ ആഗ്രഹിക്കുന്നു. അതുകൊണ്ടാണ് കോര്‍പ്പറേറ്റുകള്‍ വെച്ച് നീട്ടുന്ന പൈസ വേണ്ടെന്നു വൈക്കുന്നത്. ഞങ്ങള്‍ക്ക് ഞങ്ങളുടെതായ കാഴ്ചപാടുകള്‍ ഉണ്ട്. അതിവിടുത്തെ സാധാരണക്കാരന്റെ, കലാകാരന്‍റെ, പ്രകൃതിയുടെ മനസ്സറിയുന്ന കാഴ്ച്ചപ്പാടാണ്. കടങ്ങള്‍ ഒക്കെ ഒരുപാടുണ്ട്. കുറെ കഴിയുമ്പോള്‍ മാറുമായിരിക്കും. ഇതുവരെ എത്താമെങ്കില്‍ മുന്നോട്ടു പോകുക തന്നെ ചെയ്യും.” രതീഷിന്‍റെ വാക്കുകളിലെ ഈ ആത്മവിശ്വാസം ആണ് മറ്റു അംഗങ്ങളെയും ബുദ്ധിമുട്ടുകള്‍ സഹിച്ച് ഇതില്‍ തുടരാന്‍ പ്രേരിപ്പിക്കുന്നത്.

ഏറ്റവും കൂടുതല്‍ ഗ്രന്ഥശാലകള്‍ ഉദയം കൊണ്ടത് ഗ്രാമങ്ങളിലാണ്. ആ ഗ്രാമങ്ങളില്‍ പോലും ഗ്രന്ഥശാലകള്‍ പൂട്ടിപോകുകയും പുസ്തകങ്ങള്‍ നശിച്ച് പോകുകയും ചെയ്യുന്ന ഇക്കാലത്താണ് ഒരു കൂട്ടം നഗരവാസികളായ ചെറുപ്പക്കാര്‍ തുറന്ന വായനാശാല ഒരുക്കി ഒരു നാടിനെ അതിന്‍റെ മറന്നു പോയ വായനാ സംസ്കാരത്തിലേക്ക് തിരിച്ച് കൊണ്ടുവരാന്‍ ശ്രമിക്കുന്നത്.

ഇതൊന്നും കണ്ടില്ലെന്നു നടിക്കാന്‍ തലസ്ഥാന ജില്ലയിലെ അക്ഷര പ്രേമികള്‍ക്ക് കഴിയില്ല. അതിന്‍റെ തെളിവാണ് ആരംഭിച്ച് ആഴ്ച്ചയൊന്നു കഴിയുമ്പോഴേക്കും വായനശാലയില്‍ എത്തുന്ന ആളുകളും. ഇവിടേക്കൊഴുകുന്ന പുസ്തകങ്ങളും.

കൂടുതല്‍ ചിത്രങ്ങള്‍



(അഴിമുഖം ജേര്‍ണലിസ്റ്റ് ട്രെയിനിയാണ് വിഷ്ണു)

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍