UPDATES

വിദേശം

ചൈനയില്‍ മുസ്ലീങ്ങളുള്‍പ്പടെ 20 ലക്ഷത്തോളം പേര്‍ രഹസ്യതടവറയില്‍; മതാചാരങ്ങള്‍ വിലക്കി നിര്‍ബന്ധിച്ച് പാര്‍ട്ടി ക്ലാസുകള്‍ നല്‍കുന്നു

ചൈനയിലെ ന്യൂനപക്ഷ വിഭാഗക്കാരുടെ ആയിരക്കണക്കിന് ആരാധനാലയങ്ങള്‍ നശിപ്പിക്കുകയോ അടച്ചു പൂട്ടുകയോ ചെയ്തു.

ചൈനയില്‍ മുസ്ലീങ്ങളുള്‍പ്പടെ 20 ലക്ഷത്തോളം ന്യൂനപക്ഷ ആളുകളെ രഹസ്യ തടവറയില്‍ പാര്‍പ്പിച്ചിരിക്കുന്നതായി ആരോപണം. യു.എസ്. കോണ്‍ഗ്രസിലെ മനുഷ്യാവകാശ, തൊഴില്‍വിഭാഗം ഡെപ്യൂട്ടി അസിസ്റ്റന്റ് സെക്രട്ടറി സ്‌കോട്ട് ബസ്ബി സമര്‍പ്പിച്ച് റിപ്പോര്‍ട്ടിലാണ് ഗുരുതരമായ വിഷയം ഉന്നയിച്ചിരിക്കുന്നത്. എട്ടുലക്ഷം മുതല്‍ 20 ലക്ഷംവരെയുള്ള പല വിഭാഗത്തില്‍പ്പെട്ട ന്യൂനപക്ഷങ്ങളെ ചൈന രഹസ്യക്യാമ്പുകളില്‍ പാര്‍പ്പിച്ചിരിക്കുകയാണെന്നും അവരുടെ മതാചാരങ്ങള്‍ വിലക്കി നിര്‍ബന്ധിച്ച് പാര്‍ട്ടി ക്ലാസുകള്‍ നല്‍കുകയാെണന്നും ബസ്ബി പറയുന്നു.

ബസ്ബിയുടെ റിപ്പോര്‍ട്ട് പ്രകാരം, 2017 ഏപ്രില്‍ മുതല്‍ ന്യൂനപക്ഷ വിഭാഗങ്ങളെ ചൈന രഹസ്യകേന്ദ്രങ്ങളില്‍ പാര്‍പ്പിക്കുന്നു. രാജ്യത്തെ ഉയ്ഗൂറുകള്‍, കസാഖ് വംശജര്‍, മറ്റ് മുസ്ലീം വിഭാഗങ്ങള്‍, മറ്റ് ന്യൂനപക്ഷ മതവിഭാഗത്തില്‍പ്പെട്ടവര്‍ തുടങ്ങിയവര്‍ രഹസ്യകേന്ദ്രങ്ങളില്‍ തടവിന് തുല്യമായ അവസ്ഥയിലാണ്. ഇവരില്‍ ഭൂരിഭാഗം പേര്‍ക്കെതിരേയും കുറ്റം ചുമത്തിയിട്ടില്ല. ഇത്തരത്തില്‍ തടവിലാക്കപ്പെട്ട കുടുംബത്തിനുപോലും അവര്‍ എവിടെയാണെന്നത് സംബന്ധിച്ച് വിവരങ്ങളൊന്നുമില്ല.

സുരക്ഷിതരായി പുറത്തെത്തിയ ചില മുന്‍ തടവുകാര്‍ തങ്ങളുടെ അനുഭവങ്ങള്‍ പങ്കുവച്ചതും റിപ്പോര്‍ട്ടിലുണ്ട്. രഹസ്യക്യാമ്പില്‍ കഠിനമായ പഠനമുറകളാണെന്നും ദാക്ഷിണ്യമില്ലാത്ത രീതിയിലാണ് സൈനികരുടെ പെരുമാറ്റമെന്നുമാണ് അവര്‍ പറയുന്നത്. കൂടാതെ പ്രാര്‍ഥനയും മറ്റ് മതാചാരങ്ങളും വിലക്കുകയും മതം ഉപേക്ഷിച്ച് ചൈനീസ് കമ്യൂണിസ്റ്റ് പാര്‍ട്ടിയില്‍ ചേരാന്‍ പ്രേരിപ്പിക്കുകയും അതിനായി പാര്‍ട്ടി പഠന ക്ലാസുകളില്‍ നിര്‍ബന്ധപൂര്‍വം പങ്ക് എടുപ്പിക്കുകയും ചെയ്യുന്നു.

ന്യൂനപക്ഷങ്ങളായിട്ടുള്ള കുടുംബങ്ങള്‍ക്ക് സൈനികരെ വീട്ടില്‍ പാര്‍പ്പിക്കേണ്ടിവരുന്ന ഗതികേടിലാണ്. പലരുടെയും താമസസ്ഥലങ്ങളും സൈന്യത്തിന്റെ നിരീക്ഷണത്തിലാണ്. ചൈനവിട്ട് മറ്റ് രാജ്യത്തേക്ക് പോകാന്‍ അനുവാദമില്ല. ഒളിച്ച് രാജ്യം വിടാന്‍ സാധ്യതയുണ്ടെന്ന് ആരോപിച്ച് പലരും കര്‍ശന നിയന്ത്രണങ്ങളിലുമാണ് ഇവര്‍ക്ക് സാധിക്കില്ല. മറ്റുരാജ്യങ്ങളില്‍ അഭയംതേടിയവരെ തിരിച്ചയക്കാന്‍ ചൈന സമ്മര്‍ദം ചെലുത്തുന്നതിന്റെ ഫലമായി ന്യൂനപക്ഷ വിഭാഗകാര്‍ മടങ്ങി എത്തുകയും അവര്‍ക്ക് ഭരണകൂടത്തിന്റെ ഉപദ്രവം ഏല്‍ക്കേണ്ടിയും വരുന്നുണ്ട്.


രാജ്യത്തെ ന്യൂനപക്ഷ വിഭാഗക്കാരുടെ ആയിരക്കണക്കിന് ആരാധനാലയങ്ങള്‍ നശിപ്പിക്കുകയോ അടച്ചു പൂട്ടുകയോ ചെയ്തു. മുസ്ലിം പള്ളികളില്‍ പലതും കമ്യൂണിസ്റ്റ് പ്രചാരണകേന്ദ്രങ്ങളാണിപ്പോള്‍. ഇപ്പോഴത്തെ സര്‍ക്കാരിന്റെ കീഴില്‍ അടിച്ചമര്‍ത്തലിന് അറുതിവരില്ലെന്നും ഇവരെ കൂടാതെ ഹൂയ് മുസ്ലിം സമുദായത്തില്‍പ്പെട്ടവരും തിബറ്റന്‍ ജനതയും കടുത്ത സമ്മര്‍ദം നേരിടുകയാണെന്നും റിപ്പോര്‍ട്ടിലുണ്ട്. ചൈനയുടെ പ്രസിഡന്റ് ഷി ജിന്‍ പിങിനെതിരെയും റിപ്പോര്‍ട്ടില്‍ വിമര്‍ശനമുണ്ട്.

ലോകത്തിലെ മറ്റ് രാജ്യങ്ങളിലെ ഭരണകൂടങ്ങള്‍ ന്യൂനപക്ഷങ്ങളെ അടിച്ചമര്‍ത്തുമ്പോള്‍ അതിനെ പിന്തുണയ്ക്കുന്ന നടപടികളാണ് ചൈന നടത്തുന്നതെന്നും അവരുടെ രഹസ്യ ക്യാമ്പിലെ തടവറകളില്‍ ഉയ്ഗൂര്‍ വിഭാഗത്തിലെ പ്രസിദ്ധരായ ബുദ്ധിജീവികളും വിരമിച്ച പ്രൊഫഷണലുകളും ക്യാമ്പുകളിലെ തടവറകളിലുണ്ടെന്ന കാര്യം മറച്ചാണ് ഷി ജിന്‍ പിങ് സര്‍ക്കാരിന്റെ പ്രതികരണമെന്നും ബസ്ബി പറഞ്ഞിരുന്നു.

ചൈനയില്‍ ന്യൂനപക്ഷ ആളുകളെ പാര്‍പ്പിക്കുന്നതിനായി രഹസ്യ തടവറ ക്യാമ്പുകളുണ്ടെന്നുള്ള ആരോപണങ്ങള്‍ മുമ്പും ഉണ്ടായിരുന്നു. എന്നാല്‍ ചൈന ആ ആരോപണങ്ങളെ ശക്തമായി നിഷേധിക്കുകയായിരുന്നു. പുതിയ റിപ്പോര്‍ട്ടുകള്‍ എത്തിയതോടെ, ഇതെല്ലാം രഹസ്യ ക്യാമ്പുകളല്ലെന്നും ‘തൊഴില്‍പഠനകേന്ദ്ര’ങ്ങളാണെന്നുമാണ് ചൈനീസ് അധികൃതരുടെ പ്രതികരണം.

വിശദമായ വായനയ്ക്ക് – https://economictimes.indiatimes.com/news/international/world-news/800k-to-2-million-religious-minorities-detained-in-chinese-internment-camps-us/articleshow/66969084.cms

Exclusive: കിര്‍താഡ്‌സില്‍ മന്ത്രി എ.കെ ബാലന്റെ സ്റ്റാഫ്, എഴുത്തുകാരി ഇന്ദു മേനോന്‍ ഉള്‍പ്പെടെ 4 പേര്‍ക്ക് അനധികൃത നിയമനം; അയോഗ്യതയെ മറികടക്കാന്‍ കുറുക്കുവഴി

‘ദൈവമെന്ന പദം മാനുഷികമായ ദൗര്‍ബല്യം’; ദൈവം ഇല്ലെന്ന ഐന്‍സ്റ്റീന്റെ കത്ത് ലേലത്തില്‍ പോയത് 21,21,15,000 രൂപയ്ക്ക്

MeToo ഭീതി: വാൾ സ്ട്രീറ്റിൽ സ്ത്രീകളെ എന്തു വില കൊടുത്തും ഒഴിവാക്കാൻ പുരുഷ ഉദ്യോഗസ്ഥരുടെ തത്രപ്പാട്

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍