UPDATES

വിപണി/സാമ്പത്തികം

കമ്മ്യൂണിസ്റ്റ് ചൈനയിലെ ആലിബാബ മുതലാളി

ആവിഷ്‌കാര സ്വാതന്ത്ര്യം, അഭിപ്രായ സ്വാതന്ത്ര്യം, മാധ്യമ സ്വാതന്ത്ര്യം തുടങ്ങിയവയൊക്കെ നിഷേധിക്കപ്പെടുന്നതോ, ഇന്റര്‍നെറ്റ് നിയന്ത്രണമോ സെന്‍സര്‍ഷിപ്പോ ഒന്നും ജാക് മായെ അസ്വസ്ഥനാക്കുന്നില്ല.

“പൂച്ച കറുത്തതോ വെളുത്തതോ എന്ന് നോക്കണ്ട, എലിയെ പിടിച്ചാല്‍ മതി” എന്ന് ചൈനീസ് കമ്മ്യൂണിസ്റ്റ് പാര്‍ട്ടി ജനറല്‍ സെക്രട്ടറി ഡെങ് സിയാവോ പിങ് പറഞ്ഞതിനൊപ്പമാണ് 1980കളില്‍ ചൈന മുതലാളിത്തത്തിന് വാതില്‍ തുറന്നുകൊടുത്ത് തുടങ്ങിയത്. ലിബറല്‍ ജനാധിപത്യ മുതലാളിത്തത്തെ പരിഹസിച്ചും ചെറുതാക്കിയും ചൈനയിലെ സ്വേച്ഛാധികാര മുതലാളിത്തം വളര്‍ന്നു. ചൈന ലോകത്തെ ഏറ്റവും വലിയ സാമ്പത്തിക ശക്തിയായി മാറി. ചൈനയിലെ ഏറ്റവും ആഗോള പ്രശസ്തനായ വ്യവസായിയാണ് ആലിബാബ സ്ഥാപകന്‍ ജാക് മാ. 1999ല്‍ താനടക്കം 18 പേര്‍ ചേര്‍ന്ന് സ്ഥാപിച്ച ആലിബാബ കമ്പനിയില്‍ പടിയിറങ്ങുകയാണ് എന്ന് ജാക് മാ പ്രഖ്യാപിച്ചിട്ടുണ്ട്. അദ്ദേഹം എങ്ങനെയാണ് കമ്മ്യൂണിസ്റ്റ് ചൈനയില്‍ വളരെ അനായാസകരമായി മുതലാളിത്ത പരിപാടിയുമായി മുന്നോട്ടുപോയത് എന്നാണ് ബ്ലൂംബര്‍ഗ് പറയുന്നത്.

ലോകത്തെ ഏറ്റവും വലിയ ഓണ്‍ലൈന്‍ റീടെയ്‌ലര്‍ ശൃംഘലകളിലൊന്ന് പടുത്തുയര്‍ത്തുകയും ചൈനയിലെ ഏറ്റവും അറിയപ്പെടുന്ന വ്യവസായിയും രാജ്യത്തെ ഏറ്റവും വലിയ സമ്പന്നനുമായി വളരുകയും ചെയ്യുന്നതിന് മുമ്പ് ജാക് മാ ഒരു സാധാരണ ഇംഗ്ലീഷ് അധ്യാപകനായിരുന്നു. ഇന്റര്‍നെറ്റില്‍ സാധനങ്ങള്‍ വാങ്ങാന്‍ കഴിയുന്ന ഒരു ദിവസം വരുമെന്ന് ജാക്ക് മാ സ്വപ്‌നം കാണുകയും അത് സുഹൃത്തുക്കളുമായി പങ്കുവയ്ക്കുകയും ചെയ്തിരുന്നു. ജാക് മായുടെ വളര്‍ച്ചയെ ഒരു കമ്മ്യൂണിസ്റ്റ് വ്യവസ്ഥിതിയുടെ പശ്ചാത്തലത്തില്‍ നിന്ന് വേണം കാണെനെന്ന് ബ്ലൂംബര്‍ഗ് പറയുന്നു.

മുതലാളിത്തത്തിന് ലിബറല്‍ ജനാധിപത്യ സ്വഭാവം അനിവാര്യമല്ലെന്നും ലിബറല്‍ ജനാധിപത്യം സംബന്ധിച്ചുള്ളതും മനുഷ്യാവകാശം സംബന്ധിച്ചുള്ളതുമായ അതിന്‍റെ അവകാശവാദങ്ങള്‍ പൊള്ളയായതാണ് എന്നും അതിന്റെ അന്തസത്ത സ്വേച്ഛാധികാര പ്രവണതയും അധികാര കേന്ദ്രീകരണവും ചൂഷണവും സ്വാതന്ത്ര്യനിഷേധവും തന്നെയാണെന്നുമാണ് എല്ലാ ഉദാരവത്കരണ അവകാശവാദങ്ങള്‍ക്കും മുകളില്‍ ചൈന വ്യക്തമാക്കുന്നതും സ്ഥാപിച്ചെടുക്കുന്നതും. അതാണ്‌ ചൈനയിലെ ജാക്ക് മായുടെ വളര്‍ച്ചയെക്കുറിച്ച് പറയുന്നതിലൂടെ ബ്ലൂംബര്‍ഗ് റിപ്പോര്‍ട്ട് പറയുന്നത്. ചൈനീസ് ഗ്രാമങ്ങളിലേക്ക് പോലും സാങ്കേതിക വിദ്യ വികസിപ്പിച്ച മായുടെ അദ്ഭുതകരമായ ബിസിനസ് വളര്‍ച്ച മാത്രമല്ല അത് പറയുന്നത്.

Read Also: പെയ്ടിഎം മാത്രമല്ല; മോദിയുടെ നോട്ട് നിരോധനത്തിന്റെ ഏറ്റവും വലിയ ഗുണഭോക്താക്കള്‍ ചൈനീസ് കമ്പനികള്‍ 

ആഗോള സാമ്പത്തിക വേദികളിലെല്ലാം തിളങ്ങിനില്‍ക്കുന്ന വ്യക്തിത്വമായ ജാക് മാ ചൈനീസ് ഭരണകൂടത്തിന്റെ മനുഷ്യാവകാശ ലംഘനങ്ങളില്‍ അസ്വസ്ഥനല്ല. ആവിഷ്‌കാര സ്വാതന്ത്ര്യം, അഭിപ്രായ സ്വാതന്ത്ര്യം, മാധ്യമ സ്വാതന്ത്ര്യം തുടങ്ങിയവയൊക്കെ നിഷേധിക്കപ്പെടുന്നതോ, ഇന്റര്‍നെറ്റ് നിയന്ത്രണമോ സെന്‍സര്‍ഷിപ്പോ ഒന്നും ജാക് മായെ അസ്വസ്ഥനാക്കുന്നില്ല. ചോദ്യം ചെയ്യപ്പെടാനാകാത്ത ഒരു പാര്‍ട്ടി, ഒരു ഭരണകക്ഷി എന്നതില്‍ നിന്ന് ചോദ്യം ചെയ്യപ്പെടാനാകാത്ത ഒരു ഭരണാധികാരി എന്ന അവസ്ഥയിലേയ്ക്ക് ചൈന വളര്‍ന്നപ്പോളും ജാക് വളരെയധികം സംതൃപ്തനാണ്. തന്റെ ഗവണ്‍മെന്റിന്റെ സ്ഥിരതയാര്‍ന്ന ഭരണത്തില്‍ അദ്ദേഹം അഭിമാനിക്കുന്നു. പരിസ്ഥിതി മലിനീകരണത്തിന് പ്രത്യേകിച്ച് വായു മലിനീകരണത്തിന് ലോകത്ത് തന്നെ ഒന്നാം സ്ഥാനമുള്ള നഗരം ചൈനയുടെ തലസ്ഥാനമായ ബീജിംഗ് ആണ്. രൂക്ഷമായ മലിനീകരണത്തിന്റെ പശ്ചാത്തലത്തില്‍ ഭരണകൂടത്തിന്റെ പരിസ്ഥിതി നയങ്ങളെ ചെറുതായെങ്കിലും വിമര്‍ശിച്ചിരുന്ന ജാക് മാ ഇപ്പോള്‍ ഗവണ്‍മെന്റ് നയത്തിന്റെ സമ്പൂര്‍ണ ആരാധകനാണ്.

വായനയ്ക്ക്: https://goo.gl/uXnfnQ

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍