UPDATES

വായിച്ചോ‌

“ഗോഡ്‌സെ അല്ലാതെ മറ്റൊരാള്‍ ഗാന്ധിയെ വെടി വച്ചിട്ടുണ്ട്”: അന്വേഷണം ആവശ്യപ്പെട്ട് ഹിന്ദുത്വ സംഘടനാ പ്രവര്‍ത്തകന്‍ സുപ്രീംകോടതിയില്‍

നാലാമത്തെ ബുള്ളറ്റ് ഗോഡ്‌സെയുടെ തോക്കില്‍ നിന്നല്ല വന്നത്. മറ്റൊരാള്‍ കൂടി കൊലയ്ക്ക് പിന്നില്‍ ഉണ്ടായിരുന്നു. അയാളെ കുറിച്ച് യാതൊരു അന്വേഷണവുമുണ്ടായിട്ടില്ല – പങ്കജ് പറയുന്നു.

നാഥുറാം വിനായക് ഗോഡ്‌സെ അല്ലാതെ മറ്റൊരാള്‍ രാഷ്ട്രപിതാവ് എംകെ ഗാന്ധിക്ക് നേരെ നിറയൊഴിച്ചിട്ടുണ്ടോ ആ സംഭവത്തില്‍ ദൃക്‌സാക്ഷിയായ ആരും ഗോഡ്‌സെ മൂന്ന് തവണയില്‍ കൂടുതല്‍ നിറയൊഴിച്ചതിന് പുറമെ ആരെങ്കിലും വെടി വച്ചതായി എവിടെയും പറഞ്ഞിട്ടില്ല. ചരിത്രത്തില്‍ ഒരിടത്തും അങ്ങനെയൊരു സംശയം പോലും ഇതുവരെ രേഖപ്പെടുത്തിയിട്ടില്ല. എന്നാല്‍ അങ്ങനെ ഉണ്ടെന്ന സംശയമാണ് മഹാരാഷ്ട്രയിലെ തീവ്ര ഹിന്ദുത്വ സംഘടനയായ അഭിനവ് ഭാരതിന്റെ പ്രവര്‍ത്തകന്‍ ഡോ.പങ്കജ് ഫഡ്‌നാവിസിനുള്ളത്. ജസ്റ്റിസ് ജീവന്‍ലാല്‍ കപൂറിന്റെ അന്വേഷണ കമ്മീഷന്റെ കണ്ടെത്തലുകള്‍ അപൂര്‍ണമാണെന്ന് അഭിപ്രായപ്പെട്ടും ഗൂഢാലോചനകള്‍ പുറത്ത് കൊണ്ടുവരണമെന്ന് ആവശ്യപ്പെട്ടും ഹര്‍ജിയുമായി സുപ്രീംകോടതിയെ സമീപിച്ചിരിക്കുകയാണ് പങ്കജ് ഫഡ്‌നാവിസ്.

ഗാന്ധി വധക്കേസിലെ പ്രതിയും തീവ്ര ഹിന്ദുത്വവാദിയും വിവാദനായകനുമായ വിഡി സവര്‍ക്കറില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ടാണ് 2001ല്‍ അഭിനവ് ഭാരത് രൂപീകരിക്കപ്പെട്ടത്. ബോംബെ കേന്ദ്രീകരിച്ചാണ് പ്രവര്‍ത്തനം. സവര്‍ക്കര്‍ അടക്കമുള്ളവര്‍ക്കെതിരായ ആരോപണങ്ങളുടെ നിജസഥിതി കണ്ടെത്തണമെന്ന് പങ്കജ് ഫഡ്‌നാവിസ് ആവശ്യപ്പെടുന്നു. ജെഎല്‍ കപൂര്‍ കമ്മീഷന്റെ റിപ്പോര്‍ട്ട് പൂര്‍ണമല്ല. വധത്തിന് പിന്നിലെ ഗൂഢാലോചന പുറത്തുകൊണ്ടുവരാന്‍ ഇതിന് കഴിഞ്ഞിട്ടില്ല. പുതിയൊരു അന്വേഷണ കമ്മീഷനെ വച്ച് ഇക്കാര്യം അന്വേഷിക്കണമെന്നും പങ്കജ് ആവശ്യപ്പെടുന്നു. ഗാന്ധിക്ക് നേരെ മൂന്ന് തവണയല്ല, നാല് തവണയാണ് നിറയൊഴിക്കപ്പെട്ടതെന്നാണ് പങ്കജിന്റെ പക്ഷം. ഗോഡ്‌സെയുടെ തോക്കില്‍ ഏഴ് ഉണ്ടയാണ് ഉണ്ടായിരുന്നത്. ഇതില്‍ ഉപയോഗിച്ചിട്ടില്ലാത്ത നാല് ഉണ്ടകള്‍ പൊലീസ് കണ്ടെടുത്തിരുന്നു. അപ്പോള്‍ നാലാമത്തെ ബുള്ളറ്റ് ഗോഡ്‌സെയുടെ തോക്കില്‍ നിന്നല്ല വന്നത്. മറ്റൊരാള്‍ കൂടി കൊലയ്ക്ക് പിന്നില്‍ ഉണ്ടായിരുന്നു. അയാളെ കുറിച്ച് യാതൊരു അന്വേഷണവുമുണ്ടായിട്ടില്ല – പങ്കജ് പറയുന്നു.

ഗാന്ധി വധക്കേസില്‍ നാഥുറാം ഗോഡ്‌സേ, നാരായണ്‍ ആപ്‌തേ എന്നിവരെ 1949 നവംബര്‍ 15 പഞ്ചാബിലെ അംബാല ജയിലില്‍ തൂക്കിലേറ്റി. സവര്‍ക്കറെ കോടതി സംശയത്തിന്റെ ആനുകൂല്യം നല്‍കി വെറുതെ വിടുകയായിരുന്നു. സവര്‍ക്കര്‍ക്ക് ഗാന്ധി വധ ഗൂഢാലോചനയില്‍ പങ്കുണ്ടെന്ന് തന്നെയാണ് 1966ല്‍ നിയോഗിക്കപ്പെട്ട കപൂര്‍ കമ്മീഷന്റെ റിപ്പോര്‍ട്ടില്‍ പറയുന്നത്. സവര്‍ക്കറിനെതിരായ കപൂര്‍ കമ്മീഷന്റെ പരാമര്‍ശം നീക്കം ചെയ്യാന്‍ ആവശ്യമായ നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് പങ്കജ് കത്ത് നല്‍കിയിട്ടുണ്ട്. ആന്‍ഡമാന്‍ ജയിലില്‍ നിന്നുള്ള മോചനത്തിന് വേണ്ടി ബ്രിട്ടീഷുകാര്‍ക്ക് സവര്‍ക്കര്‍ കത്ത് നല്‍കിയെന്ന ആരോപണം സത്യമല്ലെന്നാണ് പങ്കജിന്റെ വാദം.

ഗാന്ധി വധക്കേസിലും സവര്‍ക്കര്‍ക്കെതിരായ ആരോപണങ്ങൡും സത്യം പുറത്തുകൊണ്ടുവരാന്‍ കഴിഞ്ഞ 20 വര്‍ഷത്തോളമായി താന്‍ പോരാടുകയാണെന്നാണ് പങ്കജ് ഫഡ്‌നാവിസിന്റെ അവകാശവാദം. കേന്ദ്ര ആഭ്യന്തര, നിയമ മന്ത്രാലയങ്ങളേയും ബോംബെ ഹൈക്കോടതിയേയും സമീപിച്ചിട്ടും ഫലമുണ്ടാകാത്തതിനെ തുടര്‍ന്നാണ് സുപ്രീംകോടതിയെ സമീപിച്ചതെന്നും പങ്കജ് പറയുന്നു. പങ്കജിന്റെ പൊതുതാല്‍പര്യ ഹര്‍ജി 2016 ജൂണില്‍ ബോംബെ ഹൈക്കോടതി തള്ളിയിരുന്നു.

വായനയ്ക്ക്: https://goo.gl/YW38Kk

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍