UPDATES

വായിച്ചോ‌

ട്രംപിനെ ചോദ്യം ചെയ്യുന്ന അമേരിക്കന്‍ സിഇഒ, മോദിക്കെതിരെ വായ തുറക്കാത്ത ഇന്ത്യന്‍ സിഇഒ

“പറഞ്ഞ കാര്യം വസ്തുതാപരമാണ്. എന്നാല്‍ പ്രധാനമന്ത്രി പറഞ്ഞതിനെ ചോദ്യം ചെയ്യാന്‍ താല്‍പര്യമില്ല” – എന്നാണ് അസോസിയേഷന്‍ വക്താവ് ടെലഗ്രാഫിനോട് പറഞ്ഞത്.

ലോകത്തെ ഏറ്റവും വലിയ രണ്ട് ജനാധിപത്യ രാജ്യങ്ങളായി അറിയപ്പെടുന്ന ഇന്ത്യയിലും അമേരിക്കയിലും ഗവണ്‍മെന്റുകള്‍ പുലര്‍ത്തുന്ന പ്രതിലോമകരമായ നയങ്ങളോട് ബിസിനസ് സമൂഹങ്ങള്‍ പ്രത്യേകിച്ച് കോര്‍പ്പറേറ്റ് കമ്പനി മേധാവികളും സിഇഒമാരും എങ്ങനെ പ്രതികരിച്ചു എന്നാണ് ടെലഗ്രാഫ് ലേഖനം പരിശോധിക്കുന്നത്. ഡൊണാള്‍ഡ് ട്രംപിന്റേയും നരേന്ദ്ര മോദിയുടേയും നേതൃത്വങ്ങളില്‍ ഇരു രാജ്യങ്ങളിലും പ്രവര്‍ത്തിച്ചു വരുന്ന ഗവണ്‍മെന്റുകള്‍ പൊതുവില്‍ അപ്രീതി പിടിച്ചുപറ്റിയത് അത് പൊതുസമൂഹത്തില്‍ പ്രോത്സാഹിപ്പിക്കുന്ന അസഹിഷ്ണുതാപരമായ സമീപനങ്ങള്‍ കൊണ്ടാണ്. എന്നാല്‍ അമേരിക്കയിലെ കമ്പനി സിഇഒമാര്‍ ഗവണ്‍മെന്റ് നയങ്ങള്‍ക്കെതിരെ രൂക്ഷവിമര്‍ശനവുമായി രംഗത്തുവരുമ്പോള്‍ ഇന്ത്യയിലെ സിഇഒമാരും കോര്‍പ്പറേറ്റ് ഹൗസുകളും പൊതുവില്‍ നിശബ്ദരാണെന്ന പ്രത്യേകതയുണ്ട്.

ജൂണില്‍ ഗോരക്ഷയുടെ പേരിലുള്ള അക്രമങ്ങള്‍ വാര്‍ത്തകളില്‍ നിറയുന്ന സമയത്ത് ബയോടെക്‌നോളജി രംഗത്തെ പ്രമുഖ കമ്പനിയായ ബയോകോണിന്റെ ചെയര്‍പേഴ്‌സണ്‍ കിരണ്‍ മജുംദാര്‍ ഷോ ഒരു ലേഖനം ഷെയര്‍ ചെയ്തു. മഹാത്മ ഗാന്ധിയുടെ ഇഷ്ട ഭജന്‍ ആയ വൈഷ്ണവ് ജനതോ സംബന്ധിച്ചായിരുന്നു അത്. ‘Modi’s hate-filled India’ എന്ന പേരിലുള്ള ആ ലേഖനം ഷെയര്‍ ചെയ്തതിനെ തുടര്‍ന്ന് കിരണിനെതിരെ അസഭ്യങ്ങളും ഭീഷണികളുമായി പ്രതികരണങ്ങള്‍ വന്നു. പിന്നീട് ട്വീറ്റ് പിന്‍വലിച്ച കിരണ്‍, പ്രധാനമന്ത്രിക്കെതിരെയല്ല തന്റെ പോസ്‌റ്റെന്നും വിഭാഗീയ ശക്തികള്‍ക്കെതിരെയാണെന്നും പറഞ്ഞാണ് പിന്നീട് രംഗത്ത് വന്നത്.

ഇനി ലോകത്തെ രണ്ടാമത്തെ വലിയ ജനാധിപത്യ രാജ്യമായി അറിയപ്പെടുന്ന അമേരിക്കയിലേയ്ക്ക് പോകാം. വിര്‍ജിനിയയിലെ ഷാര്‍ലറ്റ്‌സ്‌വില്ലെയില്‍ വെള്ളക്കാരുടെ വംശീയ റാലി നടന്നു. വെള്ളക്കാരായ വംശവെറിയന്മാര്‍ക്കെതിരെ പ്രതിഷേധിച്ച ഒരു കറുത്ത വര്‍ഗക്കാരന്‍ കൊല്ലപ്പെട്ടു. ഈ സംഭവത്തില്‍ വലിയ പ്രതിഷേധമാണ് കോര്‍പ്പറേറ്റ് ഹൗസുകളില്‍ നിന്ന് ഉയര്‍ന്നുവന്നത്. പ്രസിഡന്റ് ട്രംപ് ഈ വിഷയത്തില്‍ ആദ്യം പ്രതികരിച്ചില്ല. പിന്നീട് കപട നിഷ്പക്ഷതയുടേതായ സമീപനം സ്വീകരിച്ച ട്രംപ് നിയോ നാസി സമാനരായ വംശവെറിയന്മാരേയും ഇവര്‍ക്കെതിരെ പ്രതിഷേധിച്ചവരേയും ഒരുപോലെ കുറ്റപ്പെടുത്തിയാണ് രംഗത്തുവന്നത്. ഏറ്റവും വ്യക്തതയുള്ള പ്രതിഷേധ ശബ്ദങ്ങളില്‍ ഉയര്‍ത്തിയ വിഭാഗങ്ങളിലൊന്ന് അമേരിക്കയിലെ ബിസിനസ് സമൂഹമായിരുന്നുവെന്ന് ഫോഡ് ഫൗണ്ടേഷന്‍ പ്രസിഡന്റും പെപ്‌സികോ ബോഡ് അംഗവുമായ ഡാരന്‍ വാക്കര്‍ ന്യൂയോര്‍ക്ക് ടൈംസിനോട് പറഞ്ഞു.

ഇന്ത്യയില്‍ പ്രധാനമന്ത്രി മോദി പല ഘട്ടങ്ങളിലും ആള്‍ക്കൂട്ടം വെറുപ്പുകൊണ്ട് നടത്തുന്ന കൊലപാതകങ്ങളെ അപലപിച്ച് രംഗത്തെത്തിയെങ്കിലും ഇത്തരം വെറുപ്പ് പ്രചരിപ്പിക്കുന്ന ഓണ്‍ലൈനിലും പുറത്തുമുള്ള തന്റെ അനുയായികളില്‍ നിന്ന് ഒരിക്കലും അകലം പാലിക്കാന്‍ മോദിക്ക് കഴിയുന്നില്ല എന്നതാണ് വസ്തുത. പ്രധാനമന്ത്രി പ്രതികരിക്കണം എന്ന ആവശ്യമുയര്‍ത്തി ഒരു കോര്‍പ്പറേറ്റ് മേധാവിയും രംഗത്ത് വന്നില്ല. ഇന്ത്യയിലേയും അമേരിക്കയിലേയും അധികാരബന്ധങ്ങള്‍ തമ്മിലുള്ള പ്രകടമായ വ്യത്യാസമാണ് ഇതിന് കാരണമെന്നാണ് കല്‍ക്കട്ട ഐഐഎമ്മിലെ പ്രൊഫസറും ബിസിനസ് എത്തിക്‌സ് ആന്‍ഡ് കമ്മ്യൂണിക്കേഷന്‍സ് ഗ്രൂപ്പ് തലവനുമായ ലസി സി പാണ്ഡുരംഗ ഭാട്ടയുടെ അഭിപ്രായം. സര്‍ക്കാരിനെ വിമര്‍ശിച്ചാല്‍ സിബിഐ വീട്ടുപടിക്കലെത്തുമെന്ന ഭയം ഇന്ത്യന്‍ കമ്പനി മേധാവികള്‍ക്കുണ്ടെന്നാണ് പാണ്ഡുരംഗ അഭിപ്രായപ്പെടുന്നത്. വിവിധ ലൈസന്‍സുകള്‍ കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകളില്‍ നിന്ന് അനുവദിച്ച് കിട്ടേണ്ടതുള്ളതും പൊതുമേഖല ബാങ്കുകളില്‍ നിന്നുള്ള ലോണും എല്ലാം കോര്‍പ്പറേറ്റ് ഹൗസുകളെ സമ്മര്‍ദ്ദത്തിലാക്കുന്നുണ്ട്. ഗവണ്‍മെന്റിന്റെ ഗുഡ്ബുക്കില്‍ കയറിപ്പറ്റാന്‍ ഇവരെല്ലാം മത്സരിക്കുന്നു. മുന്‍ സര്‍ക്കാരുകളില്‍ നിന്ന് ഭിന്നവുമാണ് ഇക്കാര്യത്തില്‍ മോദി സര്‍ക്കാരിന്റെ സമീപനം. പല കോര്‍പ്പറേറ്റ് കമ്പനി വൃത്തങ്ങളും ഇത് സംബന്ധിച്ച് പ്രതികരിക്കാന്‍ തന്നെ തയ്യാറായില്ലെന്ന് ടെലിഗ്രാഫ് പറയുന്നു.

ഈ വര്‍ഷം ഏപ്രിലില്‍ ഔഷധനയം സംബന്ധിച്ച് മോദി നടത്തിയ പ്രസ്താവന ശക്തമായ എതിര്‍പ്പും വിമര്‍ശനവും ഉയര്‍ത്തിയിരുന്നു. ജനറിക്, ഫാര്‍മകോളജിക്കല്‍ പേരുകളില്‍ മാത്രം ഡോക്ടര്‍മാര്‍ മരുന്ന് നിര്‍ദ്ദേശിക്കുന്ന തരത്തില്‍ നടപടികള്‍ സര്‍ക്കാര്‍ നടപടി സ്വീകരിക്കുമെന്നായിരുന്നു മോദി പറഞ്ഞത്. ഇത് തീര്‍ത്തും അപ്രായോഗികവും രോഗികളുടെ സുരക്ഷയെ തന്നെ ബാധിക്കുന്നതും ആണെന്നായിരുന്നു വലിയൊരു വിഭാഗം ഡോക്ടര്‍മാരുടേയും ആരോഗ്യ വിദഗ്ധരുടേയും നിലപാട്. ഫാര്‍സ്യൂട്ടിക്കല്‍ കമ്പനികളും പ്രതിഷേധവുമായി രംഗത്തെത്തി. അസോസിയേഷന്‍ ഓഫ് ഫാര്‍മസ്യൂട്ടിക്കല്‍ മാനുഫാക്ച്വറേര്‍സ് വക്താവ് ശക്തമായ എതിര്‍പ്പ് രേഖപ്പെടുത്തിക്കൊണ്ട് പ്രസ്താവനയുമായി രംഗത്തെത്തി. എന്നാല്‍ തൊട്ടടുത്ത ദിവസം തന്നെ പ്രസ്താവന പിന്‍വലിക്കാന്‍ താല്‍പര്യപ്പെടുന്നതായി അറിയിച്ച് അസോസിയേഷന്‍ രംഗത്തെത്തിയതായി ടെലഗ്രാഫ് പറയുന്നു. “പറഞ്ഞ കാര്യം വസ്തുതാപരമാണ്. എന്നാല്‍ പ്രധാനമന്ത്രി പറഞ്ഞതിനെ ചോദ്യം ചെയ്യാന്‍ താല്‍പര്യമില്ല” – എന്നാണ് അസോസിയേഷന്‍ വക്താവ് ടെലഗ്രാഫിനോട് പറഞ്ഞത്. അമേരിക്കയില്‍ ഷാര്‍ലറ്റ്‌സ് വില്ലെ സംഭവത്തിന് ശേഷം ട്രംപിന്റെ വിവിധ പാനലുകളെ ബഹിഷ്‌കരിക്കാന്‍ കമ്പനി സിഇഒമാരില്‍ ഉപഭോക്താക്കള്‍ സമ്മര്‍ദ്ദം ചെലുത്തിയിരുന്നു. എന്നാല്‍ ഇന്ത്യയില്‍ അസഹിഷ്ണുതാ പരാമര്‍ശം നടത്തിയ നടന്‍ ആമിര്‍ ഖാനെ സ്‌നാപ് ഡീല്‍ ബ്രാന്‍ഡ് അംബാസഡര്‍ സ്ഥാനത്ത് നീക്കാന്‍ സമ്മര്‍ദ്ദങ്ങളും ഭീഷണികളും ഉയരുകയാണ് ചെയ്തത്. ഇത്തരം സമ്മര്‍ദ്ദങ്ങളും ഭീഷണികളുമായി രംഗത്തെത്തിയവര്‍ ഇക്കാര്യത്തില്‍ വിജയിക്കുകയും ചെയ്തു.

വായനയ്ക്ക്: https://goo.gl/eUsv8E

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍