UPDATES

വായന/സംസ്കാരം

ദി ഫ്‌ളൈയിംഗ് ലോട്ടസ്; നോട്ട് അസാധുവാക്കലിനെക്കുറിച്ച് റഹ്മാന്‍ പാടുന്നു

ഇതെന്റെ വിധിപ്രസ്താവം അല്ല

നോട്ടുനിരോധനത്തെക്കുറിച്ചുള്ള The Flying Lotus’ എന്ന ഗാനവുമായി എ.ആര്‍.റഹ്മാന്‍. പ്രധാനമന്ത്രി നരേന്ദ്ര മോദി രാജ്യത്തെ ഉയര്‍ന്ന മൂല്യമുള്ള രണ്ട് കറന്‍സികള്‍ കഴിഞ്ഞ നവംബറില്‍ അസാധുവാക്കിയ നടപടിയെക്കുറിച്ചുള്ള 19 മിനിറ്റുള്ള സംഗീതശില്‍പ്പമാണ് എ.ആര്‍.റഹ്മാന്‍ ഒരിക്കിയിരിക്കുന്നത്. 1994-ല്‍ ഇറങ്ങിയ പ്രശസ്തമായ ‘ഊര്‍വസീ..ഊര്‍വസീ…’ എന്ന സിനിമാപ്പാട്ടിന്റെ പുതിയ പതിപ്പാണ് ‘ദ ഫ്‌ലെയിങ് ലോട്ടസ്’-ല്‍ അവതരിപ്പിച്ചിരിക്കുന്നത്. യുഎസിലെ മുന്‍നിര സിംഫണി ഓര്‍ക്കസ്ട്രയായ സീറ്റില്‍ സിംഫണിയുമായി ചേര്‍ന്നാണ് സംഗീതമൊരുക്കിയത്. ഗാനത്തെ കുറിച്ച് റഹ്മാന്‍ പറയുന്നത്-

‘നോട്ടുനിരോധനത്തിന്റെ ലക്ഷ്യം നല്ലതായിരുന്നു. ഈ ട്രാക്ക് എന്റെ വിധിപ്രസ്താവമല്ല. ഇത്രയും വലിയ കാര്യത്തെ കുറിച്ച് എനിക്ക് വലിയ അറിവൊന്നുമില്ല, പക്ഷേ ജനങ്ങള്‍ സംസാരിക്കുന്നതു കേട്ടിട്ടുണ്ട്. ഇത് ഗുണകരമാകുമെന്നും മോശമാകുമെന്നും അവരുടെ സംസാരത്തിലുണ്ടായിരുന്നു. അതെല്ലാം പാട്ടിലുമുണ്ടാകാം. എല്ലാ ഇന്ത്യക്കാരുമായി ഇത് ബന്ധപ്പെട്ടിരിക്കുന്നു. പ്രത്യാശയുടെ സംഗീതമാണ് കൊടുത്തിരിക്കുന്നത്.

‘വളരുന്ന ഇന്ത്യയുടെ അടയാളപ്പെടുത്തലാണ് ‘ദ ഫ്‌ലെയിങ് ലോട്ടസ്’. ഇന്ത്യയുടെ യാത്രയാണിത്. നോട്ടുനിരോധനം എന്താണ് ഇന്ത്യയില്‍ സംഭവിപ്പിച്ചതെന്നും ഭാവിയില്‍ എന്തുമാറ്റമാണ് ഉണ്ടാക്കുന്നതെന്നും അറിയാന്‍ ആഗ്രഹമുണ്ട്. എല്ലാത്തരം വ്യാഖ്യാനങ്ങള്‍ക്കുമുള്ള തുറന്ന ഇടം ഈ സംഗീത ശില്‍പ്പത്തിലുണ്ട്’ റഹ്മാന്‍ പറഞ്ഞു.

ഇതില്‍ ഒരു രാഷ്ട്രീയവും കാണുന്നില്ല. ചരിത്രപരമായ ഒരു തീരുമാനത്തെ കലാപരമായി രേഖപ്പെടുത്തണമെന്നാണ് കരുതിയത്. നോട്ട് നിരോധനം എന്നെ നേരിട്ട് ബാധിച്ചിട്ടില്ല. ഒരു സാധാരണ ജീവിതമാണ് ഞാന്‍ ആഗ്രഹിക്കുന്നത്. കറന്‍സി അസാധുവാക്കിയതിനെ സംബന്ധിച്ചുള്ള സാധാരണക്കാരന്റെ കാഴ്ച്ചപ്പാടാണ് ഗാനത്തിലൂടെ വെളിപ്പെടുത്തുന്നത്.’ ലോകത്തിന്റെ ഇരുവശങ്ങളും കാണണമെന്നും അതില്‍ നിന്ന് സ്വന്തം അഭിപ്രായം രൂപീകരിക്കണമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

ജര്‍മ്മന്‍ സംഗീതജ്ഞന്‍ ബീഥോവനെ പറ്റി സൂചിപ്പിച്ച എ ആര്‍ റഹ്മാന്‍ സാമൂഹിക പ്രാധാന്യമുള്ള വിഷയങ്ങളില്‍ സംഗീതത്തിനുള്ള സ്ഥാനത്തെ പറ്റി ഓര്‍മ്മിപ്പിച്ചു. ലോകത്തിലെ പ്രമുഖ സംഗീത സംവിധായകരില്‍ പലരും സാമൂഹിക മാറ്റത്തെ സംബന്ധിച്ച ഗാനങ്ങള്‍ ഒരുക്കിയിരുന്നുവെന്നും ജമൈക്കന്‍ ഗായകനും ഗാനരചയിതാവുമായ ബോബ് മാര്‍ലി, ഇംഗ്ലീഷ് ഗായകന്‍ ജോണ്‍ ലെന്നോന്‍ എന്നിവര്‍ സംഗീതത്തിലൂടെ നല്‍കിയ സംഭാവനകളെ കുറിച്ചും റഹ്മാന്‍ അഭിപ്രായപ്പെട്ടു.

മോദിയുടെ പ്രസംഗ ഭാഗങ്ങള്‍, ഡിജിറ്റല്‍ എക്കോണമി, കാഷ്‌ലസ്, ധന്‍ ധനാ ധന്‍ തുടങ്ങിയ വാക്കുകള്‍ മ്യൂസിക ട്രാക്കില്‍ ആവര്‍ത്തിക്കുന്നുണ്ട്. വലിയ ചടങ്ങുകളില്ലാതെ യൂണിവേഴ്‌സല്‍ മ്യൂസിക് ഇന്ത്യ പുറത്തിറക്കിയ സംഗീതത്തിന്റെ കോപ്പി പ്രധാനമന്ത്രി ഉള്‍പ്പെടെ പ്രമുഖര്‍ക്കു അയച്ചുകൊടുക്കുമെന്നും റഹ്മാന്‍ വ്യക്തമാക്കി. മേയില്‍ പ്രീമിയര്‍ അവതരണം നടന്ന ഗാനം ഇപ്പോഴാണ് വിപണിയില്‍ ലഭ്യമാകുന്നത്.

 

 

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍