UPDATES

വായിച്ചോ‌

ഛത്തീസ്ഗഡില്‍ സിആര്‍പിഎഫ് സൈനികര്‍ തകര്‍ത്ത ചില സ്വച്ച് ഭാരത് കക്കൂസുകളുടെ കഥകള്‍

ഈ ഗ്രാമത്തിലെ ആളുകള്‍ പറഞ്ഞത് സിആര്‍പിഎഫ് സൈനികര്‍ അപ്രതീക്ഷിതമായി പാഞ്ഞെത്തി തങ്ങളുടെ കുടിലും കക്കൂസുകളും തകര്‍ത്ത കഥയാണ്.

ഛത്തീസ്ഗഢിലെ കുര്‍സല്‍ ഗ്രാമത്തിലെ ചില വീടുകളോട് ചേര്‍ന്ന് ചെറിയൊരു കോണ്‍ഗ്രീറ്റ് പുര കൂടി കാണാം. കുറ്റിയില്‍ നിന്ന് അറ്റ വാതിലുകളുള്ള പാതിയും തകര്‍ന്ന വളരെ ചെറിയ കെട്ടിടങ്ങള്‍. ചിലര്‍ക്ക് അത് വിറക് പുരയാണ്. ചിലര്‍ക്ക് കോഴിക്കൂടും. ചിലര്‍ക്ക് ആരും എടുക്കാത്ത ചില പഴയ സാധനങ്ങള്‍ കൊണ്ട് ചെന്ന് തള്ളാനുള്ള ആക്രിപ്പുരയാണ്. ഈ പുരയില്‍ പലതിലും പൈപ്പ് കാണാമെങ്കിലും ആ പൈപ്പ് തുറന്നാല്‍ വെള്ളം വരില്ല. ഈ തകര്‍ന്ന കെട്ടിടങ്ങള്‍ ഈ ഗ്രാമവാസികള്‍ക്ക് സര്‍ക്കാര്‍ നിര്‍മിച്ച് നല്‍കിയ സ്വച്ഛ്ഭാരത് കക്കൂസുകളാണ്. മലമൂത്രവിസര്‍ജ്ജനത്തിനൊഴികെ മറ്റ് പല കാര്യങ്ങള്‍ക്കും ഗ്രാമവാസികള്‍ ഈ കക്കൂസ് ഉപയോഗിക്കുന്നുണ്ട്.

കക്കൂസുകളെ കുറിച്ച് ഛത്തീസ്ഗഢിലെ നക്‌സല്‍ ബാധിത ഗ്രാമങ്ങള്‍ ദി വയറിനോട് പറയുന്നത് ഞെട്ടിപ്പിക്കുന്ന കഥകളാണ്. സര്‍ക്കാര്‍ നിര്‍മിച്ച് നല്‍കിയ ഭൂരിഭാഗം കക്കൂസുകളും തകര്‍ന്ന നിലയില്‍ കാണപ്പെട്ട ഈ ഗ്രാമത്തിലെ ആളുകള്‍ പറഞ്ഞത് സിആര്‍പിഎഫ് സൈനികര്‍ അപ്രതീക്ഷിതമായി പാഞ്ഞെത്തി തങ്ങളുടെ കുടിലും കക്കൂസുകളും തകര്‍ത്ത കഥയാണ്. സെന്‍ട്രല്‍ റിസര്‍വ് പോലീസ് ഫോഴ്സിന് അഞ്ചോളം ക്യാമ്പുകളുള്ള ഈ ഗ്രാമത്തില്‍ ഇവര്‍ പതിവായി നടത്താറുള്ള റെയ്ഡിന്റെ ഭാഗമായി ഒരു പ്രകോപനവുമില്ലാതെ കടന്ന് വന്ന് കെട്ടിടങ്ങള്‍ നശിപ്പിക്കുകയായിരുന്നുവെന്നാണ് നാട്ടുകാര്‍ പറയുന്നത്.

2017 ല്‍ ആളുകള്‍ പൂര്‍ണ്ണമായും വെളിമ്പ്രദേശനങ്ങളില്‍ മലമൂത്ര വിസര്‍ജ്ജനം നടത്തുന്നത് ഒഴിവാക്കാനായി എന്ന് ഛത്തീസ്ഗഡ് സര്‍ക്കാര്‍ അവകാശപ്പെടുന്നുണ്ട്. സ്വച്ച് ഭാരത് മിഷന്റെ ഭാഗമായി പതിനായിരത്തോളം കക്കൂസുകള്‍ ഉള്‍ഗ്രാമങ്ങളില്‍ പണിതു എന്നാണ് അന്നത്തെ മുഖ്യമന്ത്രിയായിരുന്ന രാമന്‍ സിംഗ് അവകാശപ്പെട്ടത്. എന്നാല്‍ എല്ലാ വീട്ടിലും കക്കൂസുകള്‍ പണിതു എന്നതൊക്കെ കടലാസ്സില്‍ മാത്രമേ ഉള്ളൂവെന്നാണ് മുറഗോണ്‍ ഗ്രാമത്തിലെ ആളുകള്‍ പറയുന്നത്. ഗ്രാമത്തിലെ 36 വീടുകള്‍ക്കും കക്കൂസുകളില്ല. മാവോയിസ്റ്റ് അധീന പ്രദേശങ്ങള്‍ എന്ന് പേര് കേട്ടതിനാല്‍ ഇവിടെ സര്‍ക്കാരില്‍ നിന്നുമുള്ള യാതൊരു സഹായവും ലഭിക്കുന്നില്ലെന്നും ഗവണ്‍മെന്റ്റ് തിരിഞ്ഞ് പോലും നോക്കുന്നില്ലെന്നാണ് ഗ്രാമവാസികളുടെ ആക്ഷേപം. മാത്രവുമല്ല ഭരണകൂടത്തില്‍ നിന്നും സഹായം സ്വീകരിക്കുന്നതിനെതിരെ മാവോയിസ്റ്റ് ഭീഷണിയും നിലനില്‍ക്കുന്നുണ്ടത്രേ!

ഘോര വനത്തിനടുത്തുള്ള പല ആദിവാസി ഗ്രൂപ്പുകളും കക്കൂസുകള്‍ ഉപയോഗിക്കാത്തത് മറ്റൊരു കാരണം കൊണ്ടാണ്. കാട്ടിലൂടെ കുറച്ച് ദൂരം നടന്ന് സ്വസ്ഥമായി ‘കാര്യം സാധിക്കുന്ന’തിലാണ് അവരുടെ സംതൃപ്തി എന്നാണ് നാട്ടുകാര്‍ പറയുന്നത്. വീടിന് തൊട്ടടുത്തോ വീടിനോട് ചേര്‍ന്നോ ഉള്ള ഒരിടത്തില്‍ മലമൂത്ര വിസര്‍ജ്ജനം നടത്തുന്നത് അറപ്പാണെന്നായിരുന്നു അവരുടെ മറുപടി. സ്ത്രീകള്‍ കാലത്തെഴുന്നേറ്റ് വനത്തിലൂടെ നടന്നു നീങ്ങി സ്വസ്ഥമായി മലമൂത്ര വിസര്‍ജ്ജനം നടത്തുന്നത് അവിടുത്തെ ഒരു ആചാരം പോലുമാണ്. മാത്രമല്ല ആദിവാസികള്‍ക്കായി നിര്‍മ്മിക്കപ്പെട്ടിട്ടുള്ള കക്കൂസുകളില്‍ പലതിലും വെള്ളം, വാതില്‍ പോലുള്ള അടിസ്ഥാന സൗകര്യങ്ങളൊന്നുമില്ല. അതിനാല്‍ കാര്യ സാധ്യത്തിനായി ഇപ്പോഴും വനത്തെ തന്നെയാണ് ആശ്രയിക്കേണ്ടി വരുന്നതെന്ന് നാട്ടുകാര്‍ വെളിപ്പെടുത്തുന്നു.

കൂടുതൽ വായനയ്ക്ക്: https://thewire.in/government/bastar-chhattisgarh-swachh-bharat-toilets

ചിത്രം കടപ്പാട് – ദ വയര്‍

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍