UPDATES

വായിച്ചോ‌

മുന്‍ നാടകാധ്യാപിക, ഫ്രാന്‍സിന്റെ പ്രഥമ വനിത 64 കാരിയായ ബ്രിജിറ്റെ മക്രോണിനെ അറിയാം

ബ്രിജിറ്റെ നിയുക്ത പ്രസിഡന്റിന്റെ തിരഞ്ഞെടുപ്പ് പ്രചരണരംഗത്ത് അദ്ദേഹത്തിന്റെ അജണ്ടകള്‍ തിരുത്തിയും പ്രസംഗങ്ങള്‍ എഡിറ്റ് ചെയ്തും ശരീരഭാഷയെ കുറിച്ച് ഉപദേശങ്ങള്‍ നല്‍കിയും സജീവമായിരുന്നു

ഫ്രാന്‍സിന്റെ പ്രഥമ വനിതയായി പ്രസിഡന്റിന്റെ ഔദ്യോഗിക വസതിയായ എലിസീ കൊട്ടാരത്തില്‍ പ്രവേശിക്കാനൊരുങ്ങുകയാണ് 64-കാരിയായ ബ്രിജിറ്റെ മക്രോണ്‍ എന്ന നാടകാധ്യാപിക. അവര്‍ ഇനി പ്രസിഡന്റിന്റെ ഔദ്യോഗിക വസതിയില്‍ നാല്‍പതുകാരനായ മക്രോണിന് ഭരണപാഠങ്ങള്‍ ചൊല്ലിക്കൊടുക്കും. മക്രോണിന്റെ അധ്യാപികയായിരുന്ന ബ്രിജിറ്റെ നിയുക്ത പ്രസിഡന്റിന്റെ തിരഞ്ഞെടുപ്പ് പ്രചരണരംഗത്ത് അദ്ദേഹത്തിന്റെ അജണ്ടകള്‍ തിരുത്തിയും പ്രസംഗങ്ങള്‍ എഡിറ്റ് ചെയ്തും ശരീരഭാഷയെ കുറിച്ച് ഉപദേശങ്ങള്‍ നല്‍കിയും സജീവമായിരുന്നു.

2014ല്‍ സോഷ്യലിസ്റ്റ് പ്രസിഡന്റായിരുന്ന ഫ്രാന്‍കോയിസ് ഹോളാണ്ടെ തന്റെ ധനമന്ത്രിയായി മക്രോണിനെ നിയമിക്കുന്നത് വരെ ഇരുവരും അജ്ഞാതരായി തുടര്‍ന്നു. എന്നാല്‍ മന്ത്രിയായതോടെ മക്രോണിന്റെ ഓഫീസില്‍ ബ്രിജിറ്റെ സജീവമായിരുന്നു. അവരുടെ സാന്നിധ്യം തനിക്ക് ആത്മവിശ്വാസം പകരുന്നു എന്ന് 2016ല്‍ മന്ത്രിസ്ഥാനം രാജിവെക്കുന്ന സമയത്ത് മക്രോണ്‍ തന്റെ സഹപ്രവര്‍ത്തകരോട് പറഞ്ഞിരുന്നു. പിന്നീട് മൂന്ന് മാസങ്ങള്‍ക്ക് ശേഷമാണ് മക്രോണ്‍ തന്റെ പ്രസിഡന്റ് സ്ഥാനാര്‍ത്ഥിത്വം പ്രഖ്യാപിച്ചത്.

പ്രസിഡന്റാവാന്‍ മക്രോണ്‍ ആഗ്രഹിക്കുന്നുണ്ടെങ്കില്‍ ഈ തിരഞ്ഞെടുപ്പില്‍ തന്നെ അദ്ദേഹം മത്സരിക്കണമെന്നാണ് തന്റെ ഒരു സുഹൃത്തിനോട് ബ്രിജിറ്റെ തമാശ പറഞ്ഞത്. കാരണം 2022 ആകുമ്പോഴേക്കും തന്റെ മുഖം പുറത്ത് കാണിക്കാനാവാത്ത വിധം വാര്‍ദ്ധക്യം ബാധിക്കും എന്നായിരുന്നു അവര്‍ ഇതിന് പറഞ്ഞ ന്യായം. സ്‌കൂളില്‍ പഠിക്കുമ്പോള്‍ മക്രോണിന്റെ അധ്യാപികയായിരുന്ന ബ്രിജിറ്റെ അദ്ദേഹത്തെ നാടകം പഠിപ്പിച്ചിട്ടുണ്ട്. തുടര്‍ന്ന് ഇരുവരും ചേര്‍ന്ന് മറ്റൊരു നാടകം രചിക്കുകയും ബന്ധം കൂടുതല്‍ ദൃഢമാവുകയും ചെയ്യുകയായിരുന്നു. പത്തു വര്‍ഷം മുമ്പാണ് തന്റെ മുന്‍ ഭര്‍ത്താവിനെ ബ്രിജിറ്റെ ഉപേക്ഷിച്ച ശേഷം മാക്രോണിനെ വിവാഹം കഴിച്ചത്.

ഇവരുടെ പ്രായവ്യത്യാസം ഫ്രഞ്ച് മാധ്യമങ്ങളുടെ കളിയാക്കലുകള്‍ക്ക് പലപ്പോഴും കാരണമായിട്ടുണ്ട്. എന്നാല്‍ മറിച്ചായിരുന്നു സംഭവിച്ചിരുന്നതെങ്കില്‍ ആരും ഇത് പരാമര്‍ശിക്കില്ലായിരുന്നുവെന്ന് അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപും അദ്ദേഹത്തിന്റെ ഭാര്യ മെലാനിയും തമ്മിലുള്ള പ്രായവ്യത്യാസം ചൂണ്ടിക്കാട്ടി മക്രോണ്‍ ആരാധകര്‍ തിരിച്ചടിക്കുന്നു.

ബ്രിജിറ്റെയുടെ സാന്നിധ്യം എന്നത്തെയും പോലെ തന്നെ ഇപ്പോഴും ഉത്സാഹഭരിതനാക്കുന്നുവെന്നും ആത്മവിശ്വാസം വര്‍ദ്ധിപ്പിക്കുന്നുവെന്നും ആദ്യഘട്ട വോട്ടെടുപ്പിലെ വിജയത്തിന് ശേഷം മക്രോണ്‍ പറഞ്ഞിരുന്നു. കൂടെ സുപ്രധാനമായ മറ്റൊരു കാര്യം കൂടി. എല്ലിസി കൊട്ടാരത്തില്‍ പ്രസിഡന്റിന്റെ ഭാര്യയുടെ പദം മാത്രമായിരിക്കില്ല ബ്രിജിറ്റയ്ക്കുള്ളത്. ‘അവര്‍ക്ക് അവിടെ ഒരു അസ്തിത്വം, അവര്‍ക്ക് അവിടെ ഒരു ശബ്ദം, ഒരു കാഴ്ചപ്പാട് ഉണ്ടായിരിക്കും. എല്ലായ്പ്പോഴും എന്നപോലെ അവര്‍ എന്നോടൊപ്പം ഉണ്ടാവും. കൂടെ ഒരു പൊതുപദവിയും,’ എന്ന് തിരഞ്ഞെടുപ്പിന് മുമ്പ് തന്നെ മക്രോണ്‍ വ്യക്തമാക്കിയിരുന്നു.

കൂടുതല്‍ വായിക്കാം: https://goo.gl/a0WFMS

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍