UPDATES

വായിച്ചോ‌

കഞ്ചാവ് വിപണിയ്ക്ക് വഴിയൊരുങ്ങുന്നു: ഗുണങ്ങള്‍ പഠിക്കാന്‍ ആരോഗ്യമന്ത്രാലയത്തോട് പ്രധാനമന്ത്രി

കഞ്ചാവ് നിയമവിധേയമാക്കണമെന്ന ആവശ്യവുമായി യോഗ ഗുരു ബാബാ രാംദേവിന്റെ പതഞ്ജലി ഗ്രൂപ്പ് രംഗത്തെത്തിയതിന് പിന്നാലെയാണ് ഇത്‌

കഞ്ചാവ് വില്‍പ്പന നിയമവിധേയമാക്കണമെന്ന ആവശ്യം ശക്തമാകുന്നതിനിടെ കഞ്ചാവിന്റെ ഗുണങ്ങള്‍ പഠിക്കാന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഓഫീസ് കേന്ദ്ര ആരോഗ്യ മന്ത്രാലയത്തോട് ആവശ്യപ്പെട്ടു. ഒരുമാസത്തിനുള്ളില്‍ പഠന റിപ്പോര്‍ട്ട് നല്‍കണമെന്നും പിഎംഒ ആവശ്യപ്പെട്ടിട്ടുണ്ടെന്നാണ് ഹിന്ദുസ്ഥാന്‍ ടൈംസ് റിപ്പോര്‍ട്ട് ചെയ്യുന്നത്.

മെഡിക്കല്‍, വ്യവസായ ആവശ്യങ്ങള്‍ക്കായി കഞ്ചാവിന്റെ ഉപയോഗം നിയമവിധേയമാക്കണമെന്ന് ആവശ്യപ്പെട്ട് ദ ഗ്രേറ്റ് ലീഗലൈസേഷന്‍ മൂവ്‌മെന്റ് സ്ഥാപകന്‍ വിക്കി വറോറ രണ്ട് മാസം മുമ്പ് പ്രധാനമന്ത്രിക്ക് കത്തെഴുതിയിരുന്നു. ഒരുമാസത്തിനകം റിപ്പോര്‍ട്ട് നല്‍കാന്‍ സാധിച്ചില്ലെങ്കില്‍ ഇടക്കാല റിപ്പോര്‍ട്ട് നല്‍കണമെന്നാണ് നിര്‍ദ്ദേശം.

കഞ്ചാവ് നിയമവിധേയമാക്കണമെന്ന് ആവശ്യപ്പെട്ട് രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ മൂന്ന് മാസമായി ദ ഗ്രേറ്റ് ലീഗലൈസേഷന്‍ മൂവ്‌മെന്റ് പ്രതിഷേധ പരിപാടികള്‍ സംഘടിപ്പിക്കുന്നുണ്ട്. ഇന്ത്യയില്‍ 16 നഗരങ്ങളിലായി നൂറിലേറെ സജീവ പ്രവര്‍ത്തകര്‍ ഈ സംഘടനയ്ക്കുണ്ട്. 2014ല്‍ പ്രവര്‍ത്തനം ആരംഭിച്ചത് മുതല്‍ ആയിരത്തിലേറെ രോഗികളെ സഹായിക്കാനായെന്ന് വിക്കി വറോറ പറയുന്നു. ജനങ്ങള്‍ കഞ്ചാവിന്റെ ഗുണങ്ങള്‍ മനസിലാക്കണം. അതിനായി പാര്‍ലമെന്റില്‍ ഇത് നിയമവിധേയമാക്കിയുള്ള ബില്‍ പാസാക്കണമെന്നാണ് ഇവരുടെ ആവശ്യം.

പാര്‍ലമെന്റിന്റെ ശീതകാല സമ്മേളനത്തില്‍ ഈ ബില്‍ പാസാക്കാനുള്ള നീക്കം നടക്കുമെന്നാണ് പ്രതീക്ഷിച്ചതെങ്കിലും അത് സാധ്യമായിരുന്നില്ല. ഇതേ തുടര്‍ന്ന് ഡിസംബറോടെയാണ് ഇവരുടെ പ്രതിഷേധം ശക്തമായത്. ശീതകാല സമ്മേളനത്തില്‍ പാട്യാല എംപി ധരംവിര ഗാന്ധി വിഷയം സഭയില്‍ ഉന്നയിച്ചെങ്കിലും ബില്‍ ബജറ്റ് സമ്മേളനത്തില്‍ ചര്‍ച്ചയ്ക്ക് വയ്ക്കാമെന്നാണ് പാര്‍ലമെന്റിന്റെ ലെജിസ്ലേറ്റീവ് ബ്രാഞ്ച് അറിയിച്ചത്.

കഞ്ചാവ് വളര്‍ത്തല്‍ നിയമ വിധേയമാക്കണമെന്ന ആവശ്യവുമായി യോഗ ഗുരു ബാബ രാംദേവിന്റെ പതഞ്ജലി ഗ്രൂപ്പ് കഴിഞ്ഞയാഴ്ച രംഗത്തെത്തിയിരുന്നു. കേന്ദ്രമന്ത്രി മനേക ഗാന്ധിയും ഇതേ ആവശ്യം ഉന്നയിച്ചിട്ടുണ്ട്. 1985 മുതലാണ് ഇന്ത്യയില്‍ കഞ്ചാവ് വില്‍പ്പന നിരോധിച്ചത്. എന്നാല്‍ മറ്റ് പല രാജ്യങ്ങളിലും ഔഷധ ആവശ്യത്തിനായി കഞ്ചാവ് വളര്‍ത്തുന്നുണ്ട്.

കൂടുതല്‍ വായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍