300 രൂപയ്ക്ക് ആധാര്‍ കാര്‍ഡ് പ്രിന്റ് ചെയ്യാനുള്ള സൌകര്യവും ലഭിക്കും; വെളിപ്പെടുത്തലുമായി ട്രിബ്യൂണ്‍
500 രൂപ പേടിഎം വഴി അടയ്ക്കൂ, ഇരുപത് മിനുറ്റ് കാത്തിരിക്കൂ. നിങ്ങള്‍ക്ക് ആധാര്‍ ഡാറ്റകളുടെ വലിയ ലോകത്തേക്ക് സ്വാഗതം. ദി ട്രിബ്യൂണ്‍ പത്രമാണ് ഈ റാക്കറ്റിനെ കുറിച്ചുള്ള വാര്‍ത്ത പുറത്തുവിട്ടത്.
കഴിഞ്ഞ നവംബറില്‍ യുഐഡിഎഐ പറഞ്ഞത് ആധാര്‍ വിവരങ്ങള്‍ പൂര്‍ണ്ണമായും സുരക്ഷിതമാണ് എന്നാണ്. ഒരു ഡാറ്റപോലും യുഐഡിഎഐയുടെ കയ്യില്‍ നിന്നും ചോര്‍ന്നിട്ടില്ല എന്നും അവര്‍ അവകാശപ്പെട്ടു. എന്നാല്‍ ട്രിബ്യൂണിന്റെ റിപ്പോര്‍ട്ടര്‍ വെറും 500 രൂപയ്ക്ക് വാങ്ങിച്ചത് എകാദേശം 1 ബില്ല്യണ്‍ ആധാര്‍ നമ്പറുകളിലെ വിവരങ്ങള്‍ ലഭിക്കാനുള്ള ലോഗ് ഇന്‍ പാസ് വേര്‍ഡ് ആണ്. ഒരു വ്യക്തിയുടെ പേര്, മേല്‍വിലാസം, പിന്‍കോഡ്, ഫോട്ടോ ഫോണ്‍ നമ്പര്‍, എമെയില്‍ എന്നിങ്ങനെ വിശദ വിവരങ്ങള്‍ ഇതിലൂടെ ശേഖരിക്കാന്‍ സാധിയ്ക്കും. ഇനി 300 രൂപ കൂടുതല്‍ കൊടുത്തു കഴിഞ്ഞാല്‍ ആരുടെ ആധാര്‍ കാര്‍ഡ് വേണമെങ്കിലും പ്രിന്റ് ചെയ്തെടുക്കാനുള്ള സൌകര്യവും നിങ്ങള്‍ക്ക് ലഭ്യമാകും.
ചാണ്ഡിഗഡിലെ യുഐഡിഎഐ അധികൃതരെ ദി ട്രിബ്യൂണ്‍ ഈ കാര്യം അറിയിച്ചപ്പോള്‍ അവര്‍ ഞെട്ടല്‍ രേഖപ്പെടുത്തി എന്നാണ് പത്രം റിപ്പോര്‍ട്ട് ചെയ്യുന്നത്. ഇത് ശരിയാണെങ്കില്‍ ദേശീയ സുരക്ഷയുടെ കാര്യത്തില്‍ ഏറ്റവും വലിയ പരാജയമാണ് ഉണ്ടായിരിക്കുന്നത് എന്നും അധികൃതര്‍ സമ്മതിച്ചതായും ട്രിബ്യൂണ്‍ പറയുന്നു. വിവരം ബാംഗളൂരുവിലെ യുഐഡിഎഐയുടെ ടെക്നിക്കല്‍ കണ്സള്ട്ടന്സിനെ അറിയിച്ചിട്ടുണ്ട്. സാങ്കേതിക പരിശോധനകള്‍ക്ക് ശേഷം മാത്രമേ വാര്‍ത്തയുടെ നിജസ്ഥിതി ഉറപ്പിക്കാന്‍ സാധിക്കുകയുള്ളൂ എന്നു യുഐഡിഎഐ അധികൃതര്‍ പറഞ്ഞു. അതേ സമയം ട്രിബ്യൂണ്‍ പുറത്തുവിട്ട വിവരങ്ങള്‍ യുഐഡിഎഐ നിഷേധിച്ചതായി ഇന്‍ഡ്യാ ടുഡേ റിപ്പോര്‍ട്ട് ചെയ്തു.
റാക്കറ്റ് പ്രവര്‍ത്തനം ആരംഭിച്ചത് 6 മാസം മുന്‍പാണ് എന്നു ദി ട്രിബ്യൂണ്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. വാട്സാപ്പില്‍ ഒരു അജ്ഞാത ഗ്രൂപ്പായിട്ടാണ് ഇത് പ്രവര്‍ത്തനം തുടങ്ങിയത്. ലേഖിക രചന ഖൈര അനാമിക എന്ന പേരിലാണ് ഗ്രൂപ്പുമായി ബന്ധപ്പെടുന്നത്. 500 രൂപ അക്കൌണ്ടില്‍ അടയ്ക്കുകയും ഫോണ്‍ നമ്പരും മെയില്‍ ഐഡി നല്‍കുകയും ചെയ്ത് 20 മിനുറ്റ് കഴിഞ്ഞപ്പോള്‍ ലേഖികയ്ക്ക് ആധാര്‍ എന്റോള്‍മെന്റ് അഡ്മിനിസ്ട്രേറ്റര്‍ ആക്കിക്കൊണ്ട് മെയില്‍ ലഭിക്കുകയായിരുന്നു. പിന്നാലെ പാസ് വേഡും യൂസര്‍ ഐഡിയും എത്തി. രാജ്യത്ത് ആധാര്‍ എടുക്കാനായി രജിസ്റ്റര്‍ ചെയ്ത മുഴുവന്‍ ആളുകളുടെയും വിവരങ്ങള്‍ അതോടെ ലേഖികയുടെ വിരല്‍ത്തുമ്പിലായി. പിന്നീട് 300 രൂപ കൂടി അടച്ചു ആധാര്‍ പ്രിന്റ് ചെയ്തെടുക്കാനുള്ള പെര്‍മിഷനും കൂടി ലേഖിക നേടിഎടുക്കുകയായിരുന്നു. രാജസ്ഥാന് സര്‍ക്കാരിന്റെ ആധാര്‍ വെബ്സൈറ്റിലൂടെയാണ് തട്ടിപ്പ് സംഘം യുഐഡിഎഐയുടെ സൈറ്റിലേക്ക് കയറിയത്.
കൂടുതല്‍ വായിക്കാം: https://goo.gl/MkYJue