UPDATES

വായിച്ചോ‌

ഇന്ത്യ-മ്യാന്‍മര്‍-തായ്‌ലാന്‍ഡ് ഹൈവേ: അടുത്ത മാസം പണി തുടങ്ങുമെന്ന് ഗഡ്കരി

ബ്രഹ്മപുത്ര നദിയിലൂടെ ബംഗ്ലാദേശ് വഴി മ്യാന്‍മറുമായി ജലഗതാഗത ബന്ധം സ്ഥാപിക്കുന്നതിനെ കുറിച്ച് ആലോചിക്കുന്നതായും ഗഡ്കരി പറഞ്ഞു.

ഇന്ത്യയില്‍ നിന്ന് മ്യാന്‍മര്‍ വഴി തായ്‌ലാന്‍ഡിലേയ്ക്കുള്ള ഹൈവേയുടടെ നിര്‍മ്മാണം അടുത്ത മാസം തുടങ്ങുമെന്ന് കേന്ദ്ര ഗതാഗത മന്ത്രി നിതിന്‍ ഗഡ്കരി. മേഘാലയയില്‍ നിന്നായിരിക്കും ഹൈവേയുടെ തുടക്കം. 5000 കോടി രൂപയാണ് പദ്ധതിക്ക് ചിലവ് പ്രതീക്ഷിക്കുന്നത്. 1400 കിലോമീറ്റര്‍ ദൈര്‍ഘ്യമുള്ളതാണ് ഹൈവേ. ദക്ഷിണ, പൂര്‍വേഷ്യന്‍ രാജ്യങ്ങള്‍ തമ്മിലുള്ള ഗതാഗത, വ്യാപാര ബന്ധങ്ങള്‍ മെച്ചപ്പെടുത്തുന്നതിന്റെ ഭാഗമായാണ് ഹൈവേ നിര്‍മ്മാണം.

ബ്രഹ്മപുത്ര നദിയിലൂടെ ബംഗ്ലാദേശ് വഴി മ്യാന്‍മറുമായി ജലഗതാഗത ബന്ധം സ്ഥാപിക്കുന്നതിനെ കുറിച്ച് ആലോചിക്കുന്നതായും ഗഡ്കരി പറഞ്ഞു. ചിലവ് കുറഞ്ഞ ചരക്ക് നീക്കം ലക്ഷ്യമിട്ടാണിത്. അടുത്ത വര്‍ഷം അവസാനത്തോടെ തന്നെ ഈ പദ്ധതി പൂര്‍ത്തിയാകുമെന്നും ഗഡ്കരി അവകാശപ്പെട്ടു. രാജ്യത്തെ 111 ദേശീയ ജലപാതകളില്‍ 10 എണ്ണമെങ്കിലും ഒരു വര്‍ഷത്തിനുള്ളില്‍ ഉപയോഗപ്രദമാക്കാനാണ് സര്‍ക്കാര്‍ തീരുമാനം. ജലഗതാഗത വികസനത്തിനായി കേന്ദ്രസര്‍ക്കാര്‍ 2000 കോടി രൂപ അനുവദിച്ചിട്ടുണ്ട്. ദേശീയ ജലപാത നമ്പര്‍ 1 ആയ ഗംഗാ പാതയില്‍ ലോകബാങ്ക് സഹായത്തോടെയുള്ള 5000 കോടിയുടെ പദ്ധതി പുരോഗമിക്കുകയാണ്. ഉത്തര്‍പ്രദേശിലെ വാരണാസി, ബിഹാറിലെ സാഹേബ്ഗഞ്ച്, പശ്ചിമബംഗാളിലെ ഹാല്‍ദിയ എന്നിവിടങ്ങളിലായി മൂന്ന് മള്‍ട്ടിമോഡല്‍ ഹബ്ബുകള്‍ ഉണ്ടായിരിക്കും.

പരിസ്ഥിതി മലിനീകരണം കുറക്കുന്നതിനായി വൈദ്യുതി കാറുകളും, ബയോഡീസല്‍, എഥനോള്‍ വാഹനങ്ങളും കൂടുതലായി ഉപയോഗിക്കേണ്ടി വരുമെന്ന് ഗഡ്കരി അഭിപ്രായപ്പെട്ടു. നാഗ്പൂരിലും മറ്റും ഇലക്ട്രിക് വാഹനങ്ങള്‍ ഉപയോഗിച്ചുതുടങ്ങിയിട്ടുണ്ടെന്നും ഇലക്ട്രിക് ചാര്‍ജിംഗ് സ്‌റ്റേഷനുകള്‍ തുടങ്ങിയിട്ടുണ്ടെന്നും ഗഡ്കരി ചൂണ്ടിക്കാട്ടി. ടാക്‌സികളും ബസുകളും റിക്ഷകളുമടക്കം 200ഓളം ഇലക്ട്രിക് വാഹനങ്ങളാണ് നഗരത്തിലുള്ളത്. ഷിപ്പിംഗ് കോര്‍പ്പറേഷനുകള്‍ എന്‍എന്‍ജി ഉപയോഗിക്കണമെന്നും ഗഡ്കരി നിര്‍ദ്ദേശിച്ചു. ഹൈബ്രിഡ് വാഹനങ്ങളുടെ ജിഎസ്ടി നിരക്ക് കുറക്കുന്ന കാര്യം ധനമന്ത്രാലയവുമായി ചര്‍ച്ച ചെയ്യുമെന്നും ഗഡ്കരി വ്യക്തമാക്കി.

വായനയ്ക്ക്: https://goo.gl/VFQ0hP

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍