UPDATES

വായിച്ചോ‌

മൂടുപടമിടുന്ന സ്ത്രീകള്‍ നാടിന്റെ അഭിമാനമെന്ന് ഹരിയാന സര്‍ക്കാര്‍; മുഖം മറയ്ക്കാതെ മുന്നോട്ട് വരുന്നവരാണ് അഭിമാനമെന്ന് ഗീത ഫൊഗാട്ട്

മുഖപടം ഇടുന്ന സ്ത്രീകളാണ് ഹരിയാനയുടെ സ്വത്വവും അഭിമാനവും എന്ന് പരസ്യവാചകം.

മൂടുംപടമിട്ട് മുഖം മറച്ച് നടക്കുന്ന സ്ത്രീകളാണ് സംസ്ഥാനത്തിന്റെ അഭിമാനമെന്ന് പറയുന്ന ഹരിയാന സര്‍ക്കാരിന്റെ പരസ്യം വിവാദമാകുന്നു. സര്‍ക്കാര്‍ പ്രസിദ്ധീകരണമായ കൃഷി സംവാദ് മാഗസിനിലാണ് വിവാദ പരസ്യം പ്രത്യക്ഷപ്പെട്ടത്. പരസ്യത്തിനെതിരെ വിമര്‍ശനമുയര്‍ന്ന് കഴിഞ്ഞു. ബിജെപി സര്‍ക്കാരിന്റെ പിന്തിരിപ്പന്‍ മനോഭാവം വ്യക്തമാക്കുന്നതാണ് പരസ്യമെന്ന് കോണ്‍ഗ്രസ് കുറ്റപ്പെടുത്തി. ഗുസ്തി താരം ഗീതാകുമാരി ഫൊഗാട്ട് അടക്കമുള്ളവര്‍ ഇതിനെതിരെ രംഗത്തെത്തിയിട്ടുണ്ട്. മുഖം മറയ്ക്കാതെ മുന്നോട്ട് വരുന്ന സ്ത്രീകളാണ് ഹരിയാനയുടെ അഭിമാനമെന്ന് ഗീത ഫൊഗാട്ട് പറഞ്ഞു.

മാഗസിന്റെ മാര്‍ച്ച് ലക്കത്തില്‍ ബാക്ക്‌സൈഡ് പേജായാണ് പരസ്യം പ്രത്യക്ഷപ്പെട്ടത്. കവര്‍പേജില്‍ ചിരിച്ച് നില്‍ക്കുന്ന മുഖ്യമന്ത്രി മനോഹര്‍ലാല്‍ ഘട്ടറിന്റെ ഫോട്ടോയാണുള്ളത്. പിന്നില്‍ മുഖംപടം കൊണ്ട് മുഖം മറച്ചിരിക്കുന്ന സ്ത്രീയുടെ ചിത്രവും. മുഖപടം ഇടുന്ന സ്ത്രീകളാണ് ഹരിയാനയുടെ സ്വത്വവും അഭിമാനവും എന്ന് പരസ്യവാചകം. ഹരിയാനയിലെ സ്ത്രീകള്‍ സംസ്ഥാനത്തിന് മാത്രമല്ല, രാജ്യത്തിന് തന്നെ അഭിമാനമായിട്ടുണ്ടെന്ന കാര്യമൊന്നും ഘട്ടര്‍ സര്‍ക്കാരിന് അറിയില്ലേ എന്ന് കോണ്‍ഗ്രസ് വക്താവ് രണ്‍ദീപ് സൂര്‍ജെവാല ചോദിച്ചു.

സ്ത്രീകളെ മുഖം മറയ്ക്കാതെ പുറത്തിറങ്ങാനോ സ്‌കൂളില്‍ പോകാനോ അനുവദിക്കാത്ത ഒരു നാട്ടില്‍ നിന്നാണ് ഞങ്ങള്‍ വരുന്നതെന്ന് ഗീത പറഞ്ഞു. ഇങ്ങനെയൊരു അവസ്ഥയില്‍ നിന്നാണ് ഞങ്ങളുടെ അച്ഛന്‍ ഞങ്ങളെ ഉയര്‍ത്തിയെടുത്തത്, ഞങ്ങള്‍ ഇന്നെത്തി നില്‍ക്കുന്ന നിലയിലെത്താന്‍ സഹായിച്ചത് – കോമണ്‍വെല്‍ത്ത് ഗെയിംസില്‍ ഇന്ത്യക്ക് വേണ്ടി ആദ്യ സ്വര്‍ണം നേടിയ ഗീതാകുമാരി ഫൊഗാട്ട് പറഞ്ഞു. ആമിര്‍ഖാന്റെ ദംഗല്‍ സിനിമ ഗീതയുടേയും പിതാവ് മഹാവീര്‍ സിംഗ് ഫൊഗാട്ടിന്റേയും സഹോദരി ബബിതയുടേയും കഥയാണ്.

പെണ്‍ ഭ്രൂണഹത്യക്കും ദുരഭിമാന കൊലകള്‍ക്കും ഖാപ് പഞ്ചായത്തുകളെന്ന പുരുഷാധിപത്യ ഗ്രാമസഭകള്‍ക്കും കുപ്രസിദ്ധി നേടിയ സംസ്ഥാനമാണ് ഹരിയാന. 2011ലെ സെന്‍സസ് പ്രകാരം 1000 പുരുഷന്മാര്‍ക്ക് 879 സ്ത്രീകള്‍ എന്നതാണ് ഹരിയാനയിലെ ലിംഗാനുപാതം. അതേസമയം ഖൂംഖട്ട് എന്നറിയപ്പെടുന്ന മുഖപടം നിര്‍ബന്ധമല്ലെന്നും അതിന് വേണ്ടി സര്‍ക്കാര്‍ വാദിക്കുന്നില്ലെന്നുമാണ് മന്ത്രി അനില്‍ വിജ് പറയുന്നത്. ഏത് സാഹചര്യത്തിലാണ് ഇത്തരമൊരു പരസ്യം വന്നത് എന്നത് പരിശോധിച്ച് മാത്രമേ എന്തെങ്കിലും പറയാനാകൂ. എന്നാല്‍ ഖൂംഗട്ട് പല പ്രദേശങ്ങളിലും സംസ്‌കാരത്തിന്റെ ഭാഗമാണ്. അതിനെ ആര്‍ക്കും എതിര്‍ക്കാനാവില്ലെന്നും അനില്‍ വിജ് പറഞ്ഞു.

വായനയ്ക്ക്: https://goo.gl/xayWfa

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍