UPDATES

വായിച്ചോ‌

കൊടികെട്ടാന്‍ ചെങ്കോട്ട വേണ്ട; റഷ്യന്‍ വിപ്ലവത്തിന് നൂറ്റാണ്ടിനിപ്പുറവും പറക്കുന്ന ചെങ്കൊടികളെക്കുറിച്ച്

അധികാരത്തിലിരിക്കുന്ന കമ്മ്യൂണിസ്റ്റ്കാരെ നമുക്ക് വിമര്‍ശനാത്മകമായി വിലയിരുത്താം. പക്ഷെ ഈ മനുഷ്യരെ അത്തരത്തില്‍ കീറിമുറിക്കാന്‍ എനിക്ക് എന്തവകാശം – ബാനിംഗ് ചോദിക്കുന്നു. എനിക്ക് പല പാര്‍ട്ടി ഓഫീസുകളിലും പോവുമ്പോള്‍ ചിരി വരാറുണ്ടെങ്കിലും ഇവരെ പരിഹസിക്കാന്‍ ഞാനാരാണ് – ബാനിംഗിന് ആ ബോദ്ധ്യമുണ്ട്.

“ചെങ്കോട്ട വരെ ചെങ്കൊടി നാട്ടും” എന്നത് കേരളത്തിലെ കമ്മ്യൂണിസ്റ്റ്കാര്‍ ഏറെക്കാലം വിളിച്ചിരുന്ന മുദ്രാവാക്യമാണ്. അത്തരത്തിലുള്ള ചെങ്കോട്ടകള്‍ വളരെ ദൂരെയാണെന്ന യാഥാര്‍ത്ഥ്യബോധത്തിനിടയിലും പ്രതീക്ഷകള്‍ കൈവിടാതിരിക്കുന്ന ചില മനുഷ്യരുണ്ട്. റഷ്യന്‍ വിപ്ലവത്തിന് ഒരു നൂറ്റാണ്ടാകുമ്പോള്‍, ലോക കമ്മ്യൂണിസ്റ്റ് പ്രസ്ഥാനം അതിന്റെ അഭിമാന സ്തംഭമായി കണ്ടിരുന്ന സോവിയറ്റ് യൂണിയന്‍ തകര്‍ന്നിട്ട് കാല്‍ നൂറ്റാണ്ടാകുമ്പോള്‍, ചെങ്കൊടി താഴെ വയ്ക്കാത്ത ചില മനുഷ്യരെയാണ് ഫോട്ടോഗ്രാഫറായ ജാന്‍ ബാനിംഗ് പകര്‍ത്തിയിരിക്കുന്നത്. ലോകത്തിന്റെ വിവിധ ഭാഗങ്ങളിലെ കമ്മ്യൂണിസ്റ്റ് പാര്‍ട്ടി ഓഫീസുകള്‍ സന്ദര്‍ശിച്ച് ജാന്‍ ബാനിംഗ് തയ്യാറാക്കിയ ഫോട്ടോ ഫീച്ചറാണ് ബ്രിട്ടനിലെ ദ ഗാര്‍ഡിയന്‍ പ്രസിദ്ധീകരിച്ചിരിക്കുന്നത്. നിയോ ലിബറലിസത്തിന്‍റെ അപ്രമാദിത്യ കാലത്ത് ഇത്തരം മനുഷ്യര്‍ പരിഹസിക്കപ്പെടെണ്ട കഥാപാത്രങ്ങള്‍ അല്ലെന്നാണ് കമ്മ്യൂണിസ്റ്റ് പാര്‍ട്ടികളോട് രാഷ്ട്രീയമായി താല്‍പര്യമില്ലാത്ത  ബാനിംഗ്  പറയുന്നത്.

ലോകത്ത് നിലവിലുള്ള ഒരു കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയും ഇപ്പോള്‍ ഒരേ സ്വാഭാവത്തിലുള്ളതല്ല. നേപ്പാളില്‍ അത് ഐക്യത്തോടെയും നിശ്ചയദാര്‍ഢ്യത്തോടെയും പ്രവര്‍ത്തിക്കുന്നു. ഇറ്റലിയില്‍ ഗ്രാമീണ ബാറുകളില്‍ മദ്യപിച്ചുകൊണ്ടിരിക്കുന്ന കമ്മ്യൂണിസ്റ്റ് സഖാക്കളെ കാണാം. ഇന്ത്യയില്‍ തെക്കേയറ്റത്തുള്ള കേരളത്തിലെ സഖാക്കളാണെങ്കില്‍ അധികാരത്തോടെയാണ് നടക്കുക. അവര്‍ ചിലപ്പോള്‍ നാട്ടുവൈദ്യന്മാരെ പോലെയോ നാട്ടിന്‍പുറത്തെ ആശുപത്രികളിലെ ഡോക്ടര്‍മാരെയോ പോലെയാണ്. പോര്‍ച്ചുഗലിലെ കമ്മ്യൂണിസ്റ്റുകാര്‍ അപാരമായ ഊര്‍ജ്ജവും അരാജക സ്വഭാവവുമുള്ളവരാണ്. അവര്‍ വൈവിധ്യം വല്ലാതെ ഇഷ്ടപ്പെടുന്നു. ചിലപ്പോള്‍ ഒരു വിപ്ലവം ആസൂത്രണം ചെയ്യുന്ന പോലിരിക്കും. റഷ്യന്‍ സഖാക്കളുടെ കാര്യത്തില്‍ വലിയ സങ്കീര്‍ണതയുണ്ട്. അവര്‍ പലപ്പോഴും വിഷാദാത്മകമായ ജാഗ്രതയില്‍ മുഴുകും. അല്ലെങ്കില്‍ ഒരു യോഗത്തിലിരിക്കുന്നത് പോലെ.

ഇവരെല്ലാവര്‍ക്കും പൊതുവായി ഉയര്‍ത്തിക്കാട്ടാന്‍ കാള്‍ മാര്‍ക്‌സിനോടുള്ള സ്‌നേഹമുണ്ട്. പക്ഷെ നിരവധി കൊലപാതകള്‍ക്കും നരവേട്ടയ്ക്കും പീഡനങ്ങള്‍ക്കും ഉത്തരവാദിയായ ജോസഫ് സ്റ്റാലിന്റെ കാര്യത്തില്‍ ഇവര്‍ക്ക് പല നിലപാടുകളും കാഴ്ചപ്പാടുകളുമാണുള്ളത്. റഷ്യയില്‍ ഇപ്പോളും ഏറ്റവും ആരാധ്യനായ നേതാവ് സ്റ്റാലിനാണ്. റഷ്യയില്‍ താന്‍ പോയ 50 പാര്‍ട്ടി ഓഫീസുകളിലുമുണ്ടായിരുന്നവര്‍ സ്റ്റാലിന്‍ അനുകൂലികളാണെന്ന് ജാന്‍ ബാനിംഗ് പറയുന്നു. സ്റ്റാലിന്റെ തെറ്റുകളെക്കുറിച്ച് ചോദിച്ചാല്‍ അവര്‍ ചോദിക്കും എല്ലാ രാജ്യത്തും തെറ്റുകളുണ്ടായിട്ടില്ലേ എന്ന്. ഇവിടെ കുറെ അട്ടിമറിക്കാരും വഞ്ചകരുമുണ്ടായിരുന്നു. അദ്ദേഹത്തിന് എന്തെങ്കിലും ചെയ്യാനുള്ള ഉത്തരവാദിത്തമുണ്ടായിരുന്നു. ഇങ്ങനെ ഇപ്പോള്‍ പറയുന്നവരാരും 1930കളില്‍ സ്റ്റാലിന്റെ ഏറ്റവും കടുത്ത നടപടികളുടെ കാലത്തെ ദുരിതം അനുഭവിച്ചിട്ടില്ല എന്ന കാര്യം ഉറപ്പ്. അവര്‍ക്ക് അവര്‍ പോരാടേണ്ടി വന്നിട്ടില്ലാത്ത യുദ്ധത്തിന്റെ വീരനായകനാണ് ജോസഫ് സ്റ്റാലിന്‍.

കമ്മ്യൂണിസ്റ്റ് ഭരണമില്ലാത്ത അഞ്ച് രാജ്യങ്ങളിലെ കമ്മ്യൂണിസ്റ്റുകാരെ കഴിഞ്ഞ നാല് വര്‍ഷമായി ജാന്‍ ബാനിംഗ് പകര്‍ത്തിയിട്ടുണ്ട്. കമ്മ്യൂണിസ്റ്റ് വിപ്ലവത്തിന് തുടക്കം കുറിച്ച റഷ്യ, ചില പ്രദേശങ്ങളിലെങ്കിലും അവര്‍ നിര്‍ണായക തിരഞ്ഞെടുപ്പ് ശക്തിയോ അധികാര ശക്തിയോ ആയ ഇന്ത്യ, തിരഞ്ഞെടുപ്പില്‍ ദയനീയമായി പരാജയപ്പെടാറുണ്ടെങ്കിലും ഇപ്പോളും വലിയ തോതില്‍ വോട്ട് ലഭിക്കുന്ന പോര്‍ച്ചുഗല്‍, ഇടയ്ക്കിടെ കമ്മ്യൂണിസ്റ്റ് പാര്‍ട്ടികള്‍ക്ക് അധികാര പങ്കാളിത്തം ലഭിക്കുകയും കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ നേതൃത്വത്തില്‍ ഗവണ്‍മെന്റ് രൂപീകരണം നടക്കുകയും ചെയ്യാറുള്ള നേപ്പാള്‍, കമ്മ്യൂണിസ്റ്റ് പാര്‍ട്ടിക്ക് വളരെ സമ്പന്നമായ ഭൂതകാലമുള്ള ഇറ്റലി എന്നിവ. പോര്‍ച്ചുഗലിലെ കമ്മ്യൂണിസ്റ്റ് പാര്‍ട്ടി ഇപ്പോളും പോരാട്ടവീര്യമുള്ളതായി സ്വയം കാണുന്നു. വലിയ പ്രതിഷേധ പ്രകടനങ്ങളും റാലികളും സംഘടിപ്പിക്കുന്നു. അവര്‍ ഇപ്പോളും ഭൂതകാലം സ്വപ്‌നം കാണുന്നുണ്ട്. 1974ന് ശേഷം ആരും സംസാരിക്കാത്ത ഭൂപരിഷ്‌കരണം അവര്‍ ഇപ്പോളും സംസാരിക്കുന്നു.

എടുത്ത ഫോട്ടോകള്‍ കാണിച്ചപ്പോള്‍ ഓരോ രാജ്യങ്ങളിലേയും കമ്മ്യൂണിസ്റ്റ് രാജ്യങ്ങളിലെ നേതാക്കളുടെ പ്രതികരണങ്ങള്‍ തീര്‍ത്തും വ്യത്യസ്തമായിരുന്നു എന്ന് ജാന്‍ ബാനിംഗ് പറയുന്നു. പോര്‍ച്ചുഗീസ് സഖാക്കള്‍ പിന്നെ ആ ഭാഗത്തേയ്ക്ക് അടുപ്പിച്ചിട്ടില്ല. ഇറ്റാലിയന്‍ സഖാക്കളാണെങ്കില്‍ തങ്ങള്‍ ഈ ഫോട്ടോകള്‍ ഫേസ്ബുക്ക് പേജിലിട്ടോട്ടെ എന്നാണ് ചോദിച്ചത്. പക്ഷെ യൂറോപ്പിലെ സഖാക്കളേക്കാള്‍ അധികാര ഭാവവും മസിലുപിടുത്തവും കൂടുതല്‍ കേരളത്തിലെ സഖാക്കള്‍ക്കാണ് എന്നാണ് ബാനിംഗിന്റെ അഭിപ്രായം. അവര്‍ വ്യത്യസ്തരാണ്. അധികാരപ്രയോഗത്തിന്റേതായ സ്വഭാവമുണ്ട്. അവര്‍ ഒരു സോഷ്യല്‍ ഡെമോക്രാറ്റിക് പാര്‍ട്ടി മാത്രമാണ്. വിപ്ലവത്തിന്റേതായ എന്തെങ്കിലും പ്രത്യേകതകള്‍ അവര്‍ക്കില്ല. അവര്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ നേതൃത്വത്തിലുള്ള സഖ്യത്തിലാണ് മുന്നോട്ട് പോകുന്നത്. 1950കളുടെ അവസാനകാലം മുതല്‍ അവര്‍ ഇടയ്ക്കിടെ അധികാരത്തിലെത്തുന്നു. ഈ പറഞ്ഞ എല്ലാ പാര്‍ട്ടികള്‍ക്കുമുള്ള പൊതുവായ പ്രത്യേകത അവരുടെ തോല്‍ക്കാനുള്ള സന്നദ്ധതയും പ്രതീക്ഷാനിര്‍ഭരമായ ചിന്തകളുമാണ്.

രാഷ്ട്രീയമായി തന്റെ പദ്ധതിയില്‍ അല്‍പ്പം അനുഭാവപൂര്‍ണമായാണ് ബാനിംഗ് കമ്മ്യൂണിസ്റ്റുകാരെ നോക്കിക്കാണുന്നത്. എന്നാല്‍ താനൊരു അരാജകവാദിയാണെന്ന് ബാനിംഗ് പറയുന്നു. ഞാന്‍ ഒരിക്കലും കമ്മ്യൂണിസ്റ്റ് പാര്‍ട്ടിക്ക് വോട്ട് ചെയ്തിട്ടില്ല. നിലനില്‍ക്കുന്ന ഏതെങ്കിലും സോഷ്യലിസ്റ്റ് വ്യവസ്ഥയോട് എനിക്ക് അനുകമ്പയുമില്ല. റഷ്യയിലോ ചൈനയിലോ ഉണ്ടായിരുന്നതോ നിലവിലുള്ളതോ ആയ കമ്മ്യൂണിസ്റ്റ് രീതികളോട് ഒട്ടും താല്‍പര്യവുമില്ല. അതേസമയം മനസുകൊണ്ട് എല്ലായ്‌പ്പോഴും ഇടതുപക്ഷത്തായിരുന്നു. അധികാരത്തിലിരിക്കുന്ന കമ്മ്യൂണിസ്റ്റ്കാരെ നമുക്ക് വിമര്‍ശനാത്മകമായി വിലയിരുത്താം. പക്ഷെ ഈ മനുഷ്യരെ അത്തരത്തില്‍ കീറിമുറിക്കാന്‍ എനിക്ക് എന്തവകാശം – ബാനിംഗ് ചോദിക്കുന്നു. എനിക്ക് പല പാര്‍ട്ടി ഓഫീസുകളിലും പോവുമ്പോള്‍ ചിരി വരാറുണ്ടെങ്കിലും ഇവരെ പരിഹസിക്കാന്‍ ഞാനാരാണ് – ബാനിംഗിന് ആ ബോദ്ധ്യമുണ്ട്.

ബാനിംഗിന്റെ പുസ്തകം പല ഭാഗത്തും കമ്മ്യൂണിസത്തെ കളിക്കാക്കുന്നതാണ് എന്ന് പലര്‍ക്കും തോന്നുന്നുണ്ടാകും. എന്നാല്‍ അത് കമ്മ്യൂണിസ്റ്റ് പ്രസ്ഥാനങ്ങളുടെ ഓഡിറ്റിംഗല്ല. പടിഞ്ഞാറന്‍ റഷ്യയില്‍ ഞങ്ങള്‍ 5000 കിലോമീറ്റര്‍ ദൂരം വാഹനമോടിച്ചു. റഷ്യയിലെ നിരവധി ചെറുപട്ടണങ്ങളിലും ഗ്രാമങ്ങളിലും പോയി. സോവിയറ്റ് യൂണിയന്റെ പതനത്തിന് ശേഷമുള്ള കാലം ദുരന്തമാണ് ഉണ്ടാക്കിയിരിക്കുന്നത്. നിയോ ലിബറലിസം വിതച്ച നാശം നിങ്ങള്‍ക്ക് വ്യക്തമാകും. പൊതു ഇടങ്ങള്‍ ഇല്ലാതായിരിക്കുന്നു. അമേരിക്കയുടെ തെക്കന്‍ പ്രദേശങ്ങളില്‍ ഇതിലും ഭേദപ്പെട്ട വികസനമുണ്ടെങ്കിലും ഏറെ സമാനതകളുണ്ട്. ഞാന്‍ ഡ്രൈവ് ചെയ്യുന്നതിനിടെ ഉറക്കെ ചിരിച്ചു. ഒബാമയുടെ വാക്കുകളാണ് പെട്ടെന്ന് ഓര്‍മ്മ വന്നത് – “ലോകത്തെ ഏറ്റവും മികച്ച അടിസ്ഥാന സൗകര്യമാണ് അമേരിക്കയിലുള്ളത്” എന്ന്

നിയോ ലിബറലിസത്തിന്റെ ഏറ്റവും ശുദ്ധമായ രൂപം സത്യത്തില്‍ ഞങ്ങള്‍ പടിഞ്ഞാറന്‍ യൂറോപ്പുകാര്‍ അനുഭവിക്കുന്നില്ല – ബാനിംഗ് പറയുന്നു. പല തരം പ്രതിരോധ രൂപങ്ങളെ ജാന്‍ ബാനിംഗിന്റെ ഫോട്ടോകള്‍ കാണിക്കുന്നുണ്ട്. ചിലത് വിജയിച്ചതാണ്. ചിലത് തോറ്റുപോയതും. മനുഷ്യന്റെ ഇച്ഛാശക്തിയുടെ വലിയ സാധ്യതകള്‍ അവ തുറക്കുന്നുണ്ട്. അവയില്‍ പലതും കമ്പോളത്തോട് പോരാടുന്നു. ഇത്തരം പോരാട്ടങ്ങള്‍ ചില ബഹുമാനങ്ങള്‍ക്ക് കാരണമാകുന്നുണ്ട്. ഏറ്റവും വേഗതയില്‍ ഓടിക്കൊണ്ടിരിക്കുന്ന ട്രെയിനിലേയ്ക്ക് ചാടിക്കയറാനുള്ള ശ്രമം നടത്താത്തതിന്.

വായനയ്ക്ക്: https://goo.gl/rBDrey

വിവിധ രാജ്യങ്ങളിലെ കമ്മ്യൂണിസ്റ്റ് പാര്‍ട്ടി ഓഫീസുകള്‍








പുടിന്റെ ‘ഇരുമ്പുമറ’യില്‍ തുള വീഴ്ത്തുന്ന സൈബീരിയയിലെ കമ്മ്യൂണിസ്റ്റ് പോരാളി

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍