UPDATES

വായിച്ചോ‌

സുപ്രീംകോടതിയില്‍ ഞാന്‍ ‘ചെറിയ കുട്ടി’; ചെയ്യുന്ന ജോലിയോട് നീതി പുലര്‍ത്തുമെന്ന് മാത്രം പറയുന്നു: ജസ്റ്റിസ് കെഎം ജോസഫ്‌

തന്നെ ആദ്യം സംസാരിക്കാന്‍ ക്ഷണിച്ച ബാര്‍ അസോസിയേഷന്‍ തന്നോട് വലിയ അനുകമ്പ കാണിച്ചതായും ജോസഫ് പറഞ്ഞു. സത്യപ്രതിജ്ഞയോട് നീതി പുലര്‍ത്തുമെന്നും നീതി ഉറപ്പാക്കാനായി പ്രവര്‍ത്തിക്കുമെന്നും മാത്രം പറയുന്നു.

ജനുവരി 10ന്റെ സുപ്രീംകോടതി കൊളീജിയം ശുപാര്‍ശ കേന്ദ്രസര്‍ക്കാര്‍ അംഗീകരിച്ചിരുന്നെങ്കില്‍ നാല് ജഡ്ജിമാരില്‍ ഏറ്റവും സീനിയറായി ചൊവ്വാഴ്ച ജസ്റ്റിസ് കെഎം ജോസഫ് ചുമതലയേല്‍ക്കുമായിരുന്നു. സുപ്രീംകോടതിയിലെ ആദ്യ ദിവസം ജസ്റ്റിസ് ജോസഫ് തന്റെ പരിമിതികളെക്കുറിച്ചാണ് പറഞ്ഞത്. എന്നാല്‍ ഒരു കാര്യം അദ്ദേഹം ഉറപ്പുനല്‍കി. തന്റെ ജോലിയോട് എന്നും നീതി പുലര്‍ത്തുമെന്ന് മാത്രം. 60 വയസിന് മുകളില്‍ പ്രായമുള്ള തനിക്ക് ഇപ്പോള്‍ സ്വയം ഒരു കുട്ടിയെ പോലെയാണ് തോന്നുന്നതെന്ന് ജസ്റ്റിസ് ജോസഫ് ദ ഹിന്ദുവിനോട് പറഞ്ഞു. നിലവില്‍ സുപ്രീം കോടതിയിലെ ഏറ്റവും ജൂനിയറായ ജഡ്ജിയാണ് ജസ്റ്റിസ് കെഎം ജോസഫ്. സുപ്രീം കോടതി ജഡ്ജിമാരില്‍ 25ാമന്‍.

പുതിയ ജഡ്ജിമാരെ സ്വാഗതം ചെയ്തുകൊണ്ട്, അവര്‍ക്ക് ആശംസകളര്‍പ്പിക്കാനായി സുപ്രീം കോടതി ബാര്‍ അസോസിയേഷന്‍ സംഘടിപ്പിച്ച പരിപാടിയില്‍ ഹ്രസ്വമായ പ്രസംഗമാണ് ജസ്റ്റിസ് കെഎം ജോസഫ് നടത്തിയത്. ഇന്ദു മല്‍ഹോത്ര, ഇന്ദിര ബാനര്‍ജി, വിനീത് സരണ്‍ എന്നിവര്‍ക്ക് ശേഷം ഏറ്റവും ഒടുവിലേ തന്നെ പ്രസംഗിക്കാന്‍ വിളിക്കൂ എന്നാണ് പ്രതീക്ഷിച്ചിരുന്നതെന്ന് കെഎം ജോസഫ് പറഞ്ഞു. എന്നാല്‍ തന്നെ ആദ്യം സംസാരിക്കാന്‍ ക്ഷണിച്ച ബാര്‍ അസോസിയേഷന്‍ തന്നോട് വലിയ അനുകമ്പ കാണിച്ചതായും ജോസഫ് പറഞ്ഞു. പരമോന്നത കോടതിയിലേയ്ക്ക് ഉയര്‍ത്തപ്പെടുന്നതിനുള്ള എന്റെ പരിമിതികളെപ്പറ്റി എനിക്ക് നല്ല ബോധ്യമുണ്ട്. ഇത് വലിയ അംഗീകാരമാണ് – ജോസഫ് പറഞ്ഞു. ഈ ഘട്ടത്തില്‍ എന്തെങ്കിലും വാഗ്ദാനങ്ങള്‍ നല്‍കാന്‍ എനിക്ക് കഴിയുമെന്ന് തോന്നുന്നില്ല. സത്യപ്രതിജ്ഞയോട് നീതി പുലര്‍ത്തുമെന്നും നീതി ഉറപ്പാക്കാനായി പ്രവര്‍ത്തിക്കുമെന്നും മാത്രം പറയുന്നു. തന്റെ പിതാവ് ജസ്റ്റിസ് കെകെ മാത്യുവിനൊപ്പം കുട്ടിക്കാലത്ത് സുപ്രീംകോടതിയിലെത്തിയതിന്റെ അവ്യക്തമായ ഓര്‍മ്മകളും കെഎം ജോസഫ് പങ്കുവച്ചു.

ജനുവരി 10ന് കൊളിജീയം കേന്ദ്രസര്‍ക്കാരിന് മുന്നില്‍ വച്ച ശുപാര്‍ശയില്‍ ആദ്യത്തെ പേര് ജസ്റ്റിസ് കെഎം ജോസഫിന്റേതായിരുന്നു. രണ്ടാമത്തേത് ഇന്ദു മല്‍ഹോത്രയുടേയും. എന്നാല്‍ ഏപില്‍ അവസാനം ജസ്റ്റിസ് ജോസഫിന്റെ നിയമനം തടഞ്ഞുവച്ച് ഇന്ദു മല്‍ഹോത്രയുടെ നിയമനം മാത്രം അംഗീകരിക്കുകയാണ് ചെയ്തത്. ഇന്ദു മല്‍ഹോത്ര ഏപ്രില്‍ 27ന് സുപ്രീം കോടതി ജഡ്ജിയായി സത്യപ്രതിജ്ഞ ചെയ്ത് ചുമതലയേല്‍ക്കുകയും ചെയ്തു. ജസ്റ്റിസ് ജോസഫിന്റെ നിയമന കാര്യം പുനപരിശോധിക്കണം എന്നാവശ്യപ്പെട്ട് കേന്ദ്ര നിയമ മന്ത്രാലയം കൊളീജിയത്തിന് തിരിച്ചയയ്ക്കുകയായിരുന്നു. ജോസഫിനേക്കാള്‍ സീനിയോറിറ്റിയുള്ള ഹൈക്കോടതി ജഡ്ജിമാരുണ്ടെന്നും ജോസഫിനെ നിയമിച്ചാല്‍ അത് സംസ്ഥാന പ്രാതിനിധ്യത്തിന്റെ സന്തുലനത്തെ ബാധിക്കും എന്നെല്ലാം കേന്ദ്ര സര്‍ക്കാര്‍ വാദിച്ചു. എന്നാല്‍ ജൂലായ് 16ന് ജസ്റ്റിസ് ജോസഫിന്റെ പേര് വീണ്ടും കൊളീജിയം കേന്ദ്ര സര്‍ക്കാരിന് അയച്ചു. ഉത്തരാഖണ്ഡ് ഹൈക്കോടതി ചീഫ് ജസ്റ്റിസ് ആയിരുന്ന ജോസഫിനൊപ്പം കല്‍ക്കട്ട ഹൈക്കോടതി ചീഫ് ജസ്റ്റിസ് ആയിരുന്ന ഇന്ദിര ബാനര്‍ജി, ഒഡീഷ ഹൈക്കോടതി ചീഫ് ജസ്റ്റിസ് ആയിരുന്ന വിനീത് സരണ്‍ എന്നിവരും ഇടം പിടിച്ചു. എന്നാല്‍ ഇന്ദിര ബാനര്‍ജിക്കും വിനീത് സരണിനും പിന്നിലായി.

ജസ്റ്റിസ് കെഎം ജോസഫ് ചീഫ് ജസ്റ്റിസ് ആകുന്നത് തടയാന്‍ വേണ്ടിയാണ് അദ്ദേഹത്തിന്റെ നിയമനം വൈകിച്ച് സീനിയോറിറ്റി ഇടിച്ചുതാഴ്ത്തി നിയമിച്ചത് എന്ന ആരോപണം ശക്തമാണ്. ഉത്തരാഖണ്ഡിലെ കോണ്‍ഗ്രസ് സര്‍ക്കാരിനെ പുറത്താക്കി രാഷ്ട്രപതി ഭരണം ഏര്‍പ്പെടുത്തിയ കേന്ദ്ര സര്‍ക്കാര്‍ നടപടി റദ്ദാക്കിയത് ജസ്റ്റിസ് കെഎം ജോസഫിന്റെ ഹൈക്കോടതി ബഞ്ചാണ്. ഇതിലുള്ള പ്രതികാര നടപടിയാണ് അദ്ദേഹത്തിന്റെ നിയമനം വൈകിക്കാനുള്ള കാരണം എന്ന ആരോപണമാണുള്ളത്. എന്നാല്‍ കേന്ദ്ര സര്‍ക്കാര്‍ ഇത് നിഷേധിക്കുകയാണ്. ജസ്റ്റിസ് ജോസഫിന്റെ പ്രസംഗത്തെ ജസ്റ്റിസ് ഇന്ദിര ബാനര്‍ജി പ്രശംസിച്ചു. കോടതിയില്‍ എല്ലാവരും പരസ്പര സഹകരണത്തോടെ പ്രവര്‍ത്തിക്കണമെന്ന് ചീഫ് ജസ്റ്റിസ് ദീപക് മിശ്ര അഭ്യര്‍ത്ഥിച്ചു.

വായനയ്ക്ക്: https://goo.gl/D82aw7

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍