UPDATES

വായിച്ചോ‌

സൈന്യത്തിന്റെ ബലാത്സംഗങ്ങളെക്കുറിച്ച് കാശ്മീരി ഗുജ്ജാര്‍ സ്ത്രീകള്‍ക്ക് പറയാനുള്ളത്

എല്ലാ സംഘര്‍ഷ മേഖലകളിലുമെന്ന പോലെ കാശ്മീരിലും ബലാത്സംഗം ഒരു യുദ്ധതന്ത്രമാണ്. ഭീഷണിയുടെ ആയുധം.

കാശ്മീരില്‍ ഇന്ത്യയോട് ഏറ്റവും വിധേയത്വമുള്ളവരായി അറിയപ്പെടുന്നവരാണ് ഗുജ്ജാറുകള്‍. അതേസമയം 1990കളില്‍ ഭരണകൂടം ഇവരെ സംശയത്തോടെയാണ് വീക്ഷിച്ചിരുന്നത്. ഇന്റലിജന്‍സ് ഏജന്‍സികള്‍ ഇന്‍ഫോമര്‍മാരായി ഗുജ്ജാറുകളെ ധാരാളമായി ഉപയോഗപ്പെടുത്തുന്നതായി വിലയിരുത്തലുണ്ട്. എന്നാല്‍ ഇത്തരം വിലയിരുത്തലുകളിലെല്ലാം ഏറെ വൈരുദ്ധ്യമങ്ങളുണ്ട്. ഗുജ്ജാര്‍ വിഭാഗക്കാരും സൈന്യത്തിന്റേയും പൊലീസിന്റേയും പീഡനങ്ങള്‍ക്ക് നിരന്തരം ഇരയാവുന്നുണ്ട്. ഗുജ്ജാര്‍ സ്ത്രീകള്‍ വ്യാപകമായി സൈനികരാല്‍ ബലാത്സംഗം ചെയ്യപ്പെടുന്നുണ്ട്.

2004ല്‍ ഒരു ദിവസം ഉച്ച നേരത്താണ് ബണി്പുരയ്ക്കടുത്ത് 20കാരിയായ പകീസയുടെ വീട്ടിലേയ്ക്ക് രണ്ട് സൈനികര്‍ കയറിച്ചെല്ലുന്നത്. രണ്ട് പേരും ആര്‍മി അംഗങ്ങള്‍. ബന്ധുക്കളുടെ മുന്നില്‍ വച്ച് തന്നെ പകീസയെ സൈനികര്‍ വലിച്ചിഴച്ച് കൊണ്ടുപോയെന്നും മറ്റൊരു മുറിയില്‍ വച്ച് ബലാത്സംഗം ചെയ്യുകയും ചെയ്തു. ആ സമയത്ത് പ്രദേശത്ത് നിരോധനാജ്ഞ പ്രഖ്യാപിച്ചിരുന്നു. പുറത്തിറങ്ങാന്‍ കഴിഞ്ഞിരുന്നില്ല. അടുത്ത ദിവസം ഒരു മുതിര്‍ന്ന സൈനികോദ്യോഗസ്ഥന്‍ വന്ന് കുടുംബത്തിന് സംഭവം പുറത്ത് പറയാതിരിക്കാന്‍ അഞ്ച് ലക്ഷം രൂപ വാഗ്ദാനം ചെയ്തു. ഉത്തരവാദികളായവരെ സസ്‌പെന്‍ഡ് ചെയ്യുമെന്നും ഉദ്യോഗസ്ഥന്‍ അറിയിച്ചു. പകീസയുടെ പിതാവ് പണം വാങ്ങി കേസ് ഒതുക്കാന്‍ അനുവദിച്ചു എന്ന ധാരണയില്‍ ഭര്‍ത്താവ് അവരുമായുള്ള വിവാഹബന്ധം വേര്‍പെടുത്തി. സൈനികോദ്യോഗസ്ഥര്‍ക്കെതിരെ കേസ് കൊടുക്കാനായി പൊലീസ് സ്റ്റേഷനിലെത്തിയപ്പോള്‍ ഉദ്യോഗസ്ഥര്‍ സാക്ഷികളെ ആവശ്യപ്പെട്ടു. എന്നാല്‍ മുന്‍ ഭര്‍ത്താവിന്റെ വീട്ടിലെ ആരും തന്നെ സാക്ഷി പറയാന്‍ തയ്യാറല്ലായിരുന്നു.

ബലാത്സംഗം സംബന്ധിച്ച് പകീസയുടെ ധാരണ പോലും ഒരു ഘട്ടത്തില്‍ പുരുഷാധിപത്യ സമൂഹത്തിന്റെ ചിന്തയായിരുന്നു. തീവ്രവാദികളുമായി ഞങ്ങളുടെ കുടുംബത്തിന് ബന്ധമുള്ളത് കൊണ്ടാണ് ഇങ്ങനെ സംഭവിച്ചതെന്ന് പകീസ ഒരിക്കല്‍ പറഞ്ഞു. ബലാത്സംഗം ഒരു ആയുധമായി കാശ്മീരില്‍ ഉപയോഗിക്കപ്പെടുന്നു എന്ന് മനസിലാക്കിയെങ്കിലും താന്‍ നേരിട്ട ക്രൂരമായ പീഡനത്തിന് യാതൊരു നീതീകരണവും ഇല്ലെന്ന ബോധത്തിലേയ്ക്ക് പകീസ എത്തിയിരുന്നില്ല. കാശ്മീരികളില്‍ പലരും ഗുജ്ജാറുകളെ കാണുന്നത് അന്യനാട്ടുകാരായും സൈന്യത്തിന്റെ ചാരന്മാരുമായാണ്. ഈ മാറ്റിനിര്‍ത്തലിന് ഇടയിലാണ് സൈനികര്‍ ചെയ്യുന്ന ദ്രോഹം. അഫ്‌സ്പ സൈനികര്‍ക്ക് എന്തും ചെയ്യാനുള്ള അധികാരം നല്‍കുകയും ജുഡീഷ്യറിക്ക് സാക്ഷികളെ സംരക്ഷിക്കുന്നതിലും മറ്റും കാര്യമായി ഇടപെടാന്‍ കഴിയാതിരിക്കുകയും ചെയ്യുന്ന സാഹചര്യത്തില്‍ ഇവര്‍ നിസഹായരാണ്. ബലാത്സംഗത്തിന് ഉത്തരവാദികളായ സൈനികരെ പ്രോസിക്യൂട്ട് ചെയ്യുന്നതിന് എതിരാണ് കേന്ദ്രസര്‍ക്കാര്‍ നിലപാട്. പ്രോസിക്യൂട്ട് ചെയ്യാന്‍ കേന്ദ്രസര്‍ക്കാരിന്റെ അനുമതി വേണം. ഇത് സംബന്ധിച്ച് സുപ്രീംകോടതിയിലും ചര്‍ച്ച നടന്നിരുന്നു. പൊലീസുകാര്‍ക്ക് യഥാര്‍ത്ഥത്തില്‍ അഫ്‌സ്പയുടെ അധികാരമില്ലെങ്കിലും ഫലത്തില്‍ അവരും ഇത് ഉപയോഗിക്കുന്നുണ്ട്.

‘അലജ്ഡ് പെര്‍പ്പട്രേറ്റേഴ്‌സ് സ്റ്റോറീസ് ഓഫ് ഇംപ്യൂണിറ്റി ഇന്‍ ജമ്മു ആന്‍ഡ് കാശ്മീര്‍’ എന്ന 2012ല്‍ പുറത്തിറങ്ങിയ പുസ്തകം ഇത്തരം പ്രശ്‌നങ്ങള്‍ വിശദീകരിക്കുന്നു. കസ്റ്റഡി മരണങ്ങള്‍, ബലാത്സംഗങ്ങള്‍, കാണാതാവലുകള്‍, ചോദ്യം ചെയ്യലിന്റെ പേരിലുള്ള പീഡനങ്ങള്‍ എല്ലാം വിവിധ കേസുകളിലായി പറയുന്നു. എല്ലാ സംഘര്‍ഷ മേഖലകളിലുമെന്ന പോലെ കാശ്മീരിലും ബലാത്സംഗം ഒരു യുദ്ധതന്ത്രമാണ്. ഭീഷണിയുടെ ആയുധം. പരാതി നല്‍കിയാല്‍ കൂടുതല്‍ അക്രമം മാത്രമാകും ഫലം. ഇന്നേ വരെ ഇത്തരം കേസുകളില്‍ സൈന്യത്തിന്റേയോ അര്‍ദ്ധ സൈനിക വിഭാഗങ്ങളുടേയോ പൊലീസിന്റേയോ ഭാഗമായിട്ടുള്ളവര്‍ ശിക്ഷിക്കപ്പെട്ടിട്ടുണ്ടോ 2015ല്‍ മാച്ചില്‍ കൊലപാതകവുമായി ബന്ധപ്പെട്ട് പട്ടാള കോടതി ആറ് സൈനികരെ ജീവപര്യന്തം തടവിന് ശിക്ഷിച്ചത് ഒഴിച്ചത് ഒഴിച്ചാല്‍ ഇല്ല എന്നാണ് കാശ്മീരില്‍ നിന്നുള്ള ഉത്തരം. 20 വര്‍ഷത്തോളം കേസ് നടത്തി നിരാശരായി നിര്‍ത്തിയവരുണ്ട്. എന്നാല്‍ പൊതുതാല്‍പര്യ ഹര്‍ജികള്‍ വരുന്നുണ്ട്. നിയമനടപടികളുമായി മുന്നോട്ട് പോകാന്‍ ധൈര്യം കാണിച്ച് രംഗത്ത് വരാനും വിഷയം ഗൗരവമായി ചര്‍ച്ച ചെയ്യപ്പെടാനും തുടങ്ങിയിട്ടുണ്ട്.

(ഫ്രെനി മനേക് ഷായുടെ ‘ബീഹോള്‍ഡ്, ഐ ഷൈന്‍’ എന്ന പുസ്തകത്തില്‍ നിന്ന്)

വായനയ്ക്ക്: https://goo.gl/FfpMvN

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍