UPDATES

വായിച്ചോ‌

ബാത്ത്‌റൂമില്‍ പോകാന്‍ അനുവാദം ചോദിച്ച മൂന്നാം ക്ലാസുകാരിയെ ടീച്ചര്‍ ക്രൂരമായി മര്‍ദ്ദിച്ചു

അധ്യാപികയോട് നിര്‍ബന്ധിത ലീവില്‍ പ്രവേശിക്കാന്‍ നിര്‍ദ്ദേശിച്ചിരിക്കുകയാണെന്ന് സ്‌കൂല്‍ അധികൃതര്‍

ബാത്ത്‌റൂമില്‍ പോകാന്‍ അനുവാദം ചോദിച്ച മൂന്നാം ക്ലാസുകാരിയെ അധ്യാപിക ക്രൂരമായി മര്‍ദ്ദിച്ചു. കല്‍ക്കട്ട എയര്‍പോര്‍ട്ട് സ്‌കൂളിലാണ് ദാരുണമായ സംഭവം. ക്ലാസിനിടയില്‍ ശുഭാംഗി ചാറ്റര്‍ജിയെന്ന മൂന്നാം ക്ലാസുകാരി ടീച്ചറിനോട് ബാത്ത്‌റൂമില്‍ പോകാന്‍ അനുവാദം ചോദിക്കുകയായിരുന്നു.

എന്നാല്‍ ക്ലാസിലെ മറ്റ് കുട്ടികളെപ്പോലും ഞെട്ടിച്ചുകൊണ്ട് അധ്യാപികയായ ഇന്ദ്രാണി റോയി കുട്ടിയെ ഇടിക്കുകയും അടിക്കുകയും ബഞ്ചില്‍ നിന്നും ക്ലാസ്മുറിയിലിട്ട് വലിക്കുകയും ചെയ്തു. കുട്ടിയുടെ അമ്മ തനുശ്രീ ചാറ്റര്‍ജി ഇതേക്കുറിച്ച് ഫേസ്ബുക്കില്‍ പോസ്റ്റിട്ടതോടെയാണ് സംഭവം പുറംലോകം അറിഞ്ഞത്. രാവിലെ ഏഴ് മണിക്കാണ് ഇവിടെ ക്ലാസുകള്‍ ആരംഭിക്കുന്നത്. പത്ത് മണിയായപ്പോള്‍ പകരം വന്ന അധ്യാപികയായ ഇന്ദ്രാണിയോട് മൂത്രം ഒഴിക്കണമെന്ന് ആവശ്യപ്പെട്ടതാണ് അവരെ പ്രകോപിതയാക്കിയത്. ടീച്ചര്‍ അനുമതി നിഷേധിച്ചതോടെ സീറ്റിലേക്ക് മടങ്ങിയ ശുഭാംഗി തന്റെ കൂട്ടുകാരിയോട് എന്തോ മന്ത്രിക്കുകയും ചെയ്തു. ഇതോടെ ക്രുദ്ധയായ അധ്യാപിക കുട്ടിയെ ബഞ്ചില്‍ നിന്നും വിലിച്ച് നിലത്തിടുകയും ഇടിക്കുകയും അടിക്കുകയുമായിരുന്നെന്ന് തനുശ്രീയുടെ ഫേസ്ബുക്ക് പോസ്റ്റില്‍ പറയുന്നു.

കുട്ടിയെ വലിച്ചിഴച്ച് അധ്യാപിക ബാത്ത്‌റൂമില്‍ തള്ളുകയായിരുന്നു. ഇന്ദ്രാണി റോയിയുടെ രണ്ട് മണിക്കൂര്‍ നീണ്ട ക്ലാസില്‍ കുട്ടിക്ക് പുറത്തു നില്‍ക്കേണ്ടതായും വന്നു. കുട്ടിയുടെ കാല്‍മുട്ടുകളില്‍ നിരവധി പരിക്കുണ്ടെന്ന് അമ്മ പറയുന്നു. സംഭവത്തിന്റെ ഞെട്ടലിലായിരുന്ന കുട്ടി ആദ്യ ദിവസം ഇതേക്കുറിച്ച് തങ്ങളോട് ഒന്നും പറഞ്ഞിരുന്നില്ലെന്ന് അമ്മ വ്യക്തമാക്കി. എന്നാല്‍ തുടര്‍ച്ചയായി കരയുന്നുണ്ടായിരുന്നു. പിന്നീട് കുട്ടിയുടെ സുഹൃത്തുക്കളാണ് വിവരം തനുശ്രീയെ അറിയിച്ചത്.

അധ്യാപിക മര്‍ദ്ദിച്ചതിനെ തുടര്‍ന്ന് കുട്ടിയ്ക്ക് ശ്വാസതടസമുണ്ടായപ്പോള്‍ സഹപാഠികള്‍ ഈ വിവരം അവരെ അറിയിച്ചെങ്കിലും അവര്‍ അത് ശ്രദ്ധിക്കാന്‍ തയ്യാറായില്ല. തിങ്കളാഴ്ചയുണ്ടായ സംഭവത്തെക്കുറിച്ച് ചൊവ്വാഴ്ച സ്‌കൂളിലെത്തിയ തനുശ്രീ സ്‌കൂള്‍ അധികൃതര്‍ക്ക് പരാതി നല്‍കി. അധ്യാപികയില്‍ നിന്നും മാപ്പപേക്ഷയായി ഒരു ഫോണ്‍കോള്‍ പോലും തനിക്ക് ലഭിക്കാതെ വന്നതോടെയാണ് താന്‍ ഫേസ്ബുക്കില്‍ കുറിപ്പിടാന്‍ തീരുമാനിച്ചതെന്നും അമ്മ വ്യക്തമാക്കി. ഇതിന് മുമ്പും ഇതേ അധ്യാപിക ക്ലാസില്‍ വച്ച് പരസ്യമായി മര്‍ദ്ദിച്ചിട്ടുണ്ടെന്നും അന്ന് താന്‍ പരാതിപ്പെട്ടില്ലെന്നും ഇവര്‍ വ്യക്തമാക്കി. എന്നാല്‍ ഇത്തവണ നിശബ്ദയായിരിക്കാന്‍ ആകില്ലെന്നാണ് ഇവരുടെ നിലപാട്.

കുട്ടിയെ കൊല്‍ക്കത്തയിലെ ആര്‍ജി കര്‍ ആശുപത്രിയില്‍ ചികിത്സയ്ക്ക് വിധേയയാക്കി. അതേസമയം അധ്യാപികയോട് നിര്‍ബന്ധിത ലീവില്‍ പ്രവേശിക്കാന്‍ നിര്‍ദ്ദേശിച്ചിരിക്കുകയാണെന്ന് സ്‌കൂല്‍ അധികൃതര്‍ അറിയിച്ചു. വിശദമായ അന്വേഷണത്തിന് ശേഷം കൂടുതല്‍ നടപടികള്‍ സ്വീകരിക്കും.

കൂടുതല്‍ വാര്‍ത്ത വായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍