UPDATES

വായിച്ചോ‌

ഗാന്ധി സ്മാരകത്തില്‍ നിന്ന് രാം ദേവിന്റെ ഗോഡൗണിലേയ്ക്ക്: വിവാദമായപ്പോള്‍ സാധനങ്ങള്‍ മാറ്റി

മഹാത്മ ഗാന്ധിയുടെ രേഖകള്‍ ഒരു വശത്തേക്ക് മാറ്റിയ ശേഷം പതഞ്ജലി നെയ്യിന്റെ കവറുകളും അവരുടെ പരസ്യ ബാനറുകളും ലഘുലേഖകളും ജീവനക്കാര്‍ക്കുള്ള കിടക്കകളും മറ്റുമാണ് സൂക്ഷിച്ചിരിക്കുന്നത്.

ഗുജറാത്തിലെ അഹമ്മദാബാദിലുള്ള മഹാത്മ ഗാന്ധി സ്മാരകം ബാബ രാംദേവിന്റെ പതഞ്ജലിയുടെ ഗോഡൗണാക്കി മറ്റിയിരിക്കുന്നു. ഓള്‍ഡ് സര്‍ക്യൂട്ട് ഹൗസിലെ മഹാത്മ ഗാന്ധി സ്മൃതി സ്മാരകമാണ് ഇപ്പോള്‍ ദുരൂഹ സാഹചര്യത്തില്‍ പതഞ്ജലിയുടെ ഗോഡൗണാക്കി മാറ്റിയിരിക്കുന്നത്. 95 വര്‍ഷം മുമ്പ് രാഷ്ട്രപിതാവിനെ ദേശദ്രോഹക്കുറ്റം ചുമത്തി ആറ് വര്‍ഷത്തെ തടവിന് ശിക്ഷിക്കുമ്പോള്‍ ഇവിടം ഒരു കോടതിയായിരുന്നു. ഈ ചരിത്രസ്മാരകമാണ് ബാബ രാംദേവ് സ്ഥാപിച്ച ആയൂര്‍വേദ കമ്പനിക്ക് ഇപ്പോള്‍ നല്‍കിയിരിക്കുന്നത്. എന്നാല്‍ സംഭവം വാര്‍ത്തയും വിവാദവുമായതോടെ സാധനങ്ങള്‍ നീക്കി പഴയ പടിയാക്കി.

കഴിഞ്ഞ മേയ് 25 മുതല്‍ കെട്ടിടം പതഞ്ജലി ഉപയോഗിക്കുകയാണെന്ന് ഡിഎന്‍എ റിപ്പോര്‍ട്ട് ചെയ്യുന്നു. സര്‍ക്യൂട്ട് ഹൗസിലെ മൊത്തം 28 മുറികളില്‍ 12 എണ്ണമാണ് പതഞ്ജലിക്ക് നല്‍കിയിരിക്കുന്നത്. ഇതില്‍ ഒരു മുറി അവര്‍ സ്റ്റോര്‍ റൂമായി ഉപയോഗിക്കുന്നു. യോഗ ദിനത്തില്‍ പങ്കെടുക്കുന്നതിന് എത്തിയവരാണ് ബാക്കി മുറികളില്‍ താമസിച്ചത്. എന്നാല്‍ കെട്ടിടം ഗോഡൗണായി ഉപയോഗിക്കാനുള്ള അനുമതി ആരാണ് നല്‍കിയതെന്ന് അറിയില്ലെന്ന് കെട്ടിടത്തിന്റെ ചുമതലയുള്ള ഷാഹിബാഗ് സബ് ഡിവിഷന്‍ ഡപ്യൂട്ടി എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍ ചിരാഗ് പട്ടേല്‍ പറയുന്നു. ഇതിനെ കുറിച്ച് ഒരു വിവരവും ഇല്ലെന്നാണ് ഗുജറാത്ത് ഉപമുഖ്യമന്ത്രി നിതിന്‍ പട്ടേലും പറയുന്നത്.

ബ്രിട്ടീഷ് ഭരണകാലത്ത് ഈ കെട്ടിടം ഒരു കോടതിയായി പ്രവര്‍ത്തിക്കുകയായിരുന്നു. 1922 മാര്‍ച്ച് 18നാണ് ഇവിടെ പ്രവര്‍ത്തിച്ചിരുന്ന കോടതി ഗാന്ധിജിയെ ദേശദ്രോഹക്കുറ്റത്തിന് ആറ് വര്‍ഷം തടവിന് ശിക്ഷിച്ചത്. സ്വാതന്ത്ര്യം ലഭിച്ചതിന് ശേഷം ഇവിടം ഗാന്ധി സ്മൃതി മന്ദിരമാക്കി മാറ്റുകയായിരുന്നു. ഇവിടെ മഹാത്മ ഗാന്ധിയുടെ ചിത്രങ്ങളും അദ്ദേഹത്തിന്റെ വിചാരണ ആലേഖനം ചെയ്ത ചിത്രങ്ങളും രേഖകളും മറ്റുമായിരുന്നു സൂക്ഷിച്ചിരുന്നത്.

കെട്ടിടം പതഞ്ജലി ഉപയോഗിക്കുന്നുണ്ടെന്ന വാര്‍ത്ത ബാബ രാംദേവ് നിഷേധിച്ചു. ആര്‍ക്കും അവിടെ പോയി പരിശോധിച്ച് ഇക്കാര്യം ബോധ്യപ്പെടാവുന്നതേയുള്ളവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. എന്നാല്‍ മഹാത്മ ഗാന്ധിയുടെ രേഖകള്‍ ഒരു വശത്തേക്ക് മാറ്റിയ ശേഷം പതഞ്ജലി നെയ്യിന്റെ കവറുകളും അവരുടെ പരസ്യ ബാനറുകളും ലഘുലേഖകളും ജീവനക്കാര്‍ക്കുള്ള കിടക്കകളും മറ്റുമാണ് സൂക്ഷിച്ചിരുന്നത്. യോഗദിനത്തില്‍ വിതരണം ചെയ്യുന്നതിനുള്ള ടീ ഷര്‍ട്ടുകളും തൊപ്പികളും മറ്റും ഇവിടെ സൂക്ഷിച്ചിട്ടുണ്ടായിരുന്നു.

12 മുറികള്‍ പതഞ്ജലിക്ക് വാടകയ്ക്ക് നല്‍കിയെങ്കിലും അവരുടെ കൈയില്‍ നിന്നും പണമൊന്നും ഈടാക്കിയിട്ടില്ല എന്നതും ദുരൂഹമാണ്. ഇതിനെ കുറിച്ച് സംസ്ഥാന സര്‍ക്കാരിന്റെ നിലപാട് വ്യക്തമായതിന് ശേഷമേ പതഞ്ജലിയില്‍ നിന്നും പണം സ്വീകരിക്കൂവെന്നാണ് സര്‍ക്യൂട്ട് ഹൗസിന്റെ ചുമതലയുള്ള ഉദ്യോഗസ്ഥര്‍ പറയുന്നത്. മന്ത്രിമാര്‍, സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ എന്നിവര്‍ക്ക് താമസിക്കുന്നതിനായി നേരത്തെ കെട്ടിടം വിട്ടുകൊടുക്കാറുണ്ടായിരുന്നു. പ്രതിദിനം 1300 രുപയാണ് ഇവിടുത്തെ വാടക.

വായനയ്ക്ക്: https://goo.gl/v6hB9z

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍