UPDATES

വായിച്ചോ‌

വാഷിംഗ്ടണ്‍ പോസ്റ്റ് എക്സിക്യൂട്ടീവ് എഡിറ്റര്‍ മാര്‍ട്ടിന്‍ ബാരന്റെ കേട്ടിരിക്കേണ്ട ഒരു പ്രഭാഷണം; ട്രംപ് കാലത്തെക്കുറിച്ച്

ലോകത്തെ ജനങ്ങളെയാകെ ഉത്തേജിപ്പിക്കുന്ന രീതിയില്‍ മാധ്യമ സ്വാതന്ത്ര്യം ഒരു സ്ഥാപക തത്ത്വമായി പ്രഖ്യാപിച്ച യു.എസിലാണ് ഇതെല്ലാം നടക്കുന്നത്

ഓക്സ്ഫോഡ് സര്‍വകലാശാലയില്‍, വാഷിംഗ്ടണ്‍ പോസ്റ്റ് എക്സിക്യൂട്ടീവ് എഡിറ്റര്‍ മാര്‍ടിന്‍ ബാരണ്‍ 2018 ഫെബ്രുവരി 18-നു നടത്തിയ റോയിട്ടര്‍ മെമ്മോറിയല്‍ അനുസ്മരണ പ്രഭാഷണത്തിലെ തെരഞ്ഞെടുത്ത ഭാഗങ്ങള്‍.

കഴിഞ്ഞ കുറച്ചു വര്‍ഷങ്ങളായി- യു. എസ് പ്രസിഡണ്ട് തെരഞ്ഞെടുപ്പ് കാലത്തും ശേഷവും, പുതിയ ഭരണത്തിന്റെ ആദ്യ വര്‍ഷത്തിലും- മാധ്യമപ്രവര്‍ത്തനത്തിന്റെ പഴയ നിയമങ്ങള്‍ എന്തുകൊണ്ട് പ്രയോഗിക്കപ്പെടുന്നില്ല എന്ന് മാധ്യമങ്ങളിലുള്ള നമ്മില്‍ പലരും അത്ഭുതപ്പെട്ടു.

എന്തുകൊണ്ടാണ് ഒരു സ്ഥാനാര്‍ത്ഥി പറഞ്ഞതായി നാം റിപ്പോര്‍ട് ചെയ്ത പലതും-പിന്നീട് പ്രസിഡണ്ട് പറഞ്ഞതും- കളവായിരുന്നതും പൊതുജനം അതിനെ തള്ളിക്കളഞ്ഞതും? പല കാര്യങ്ങളും കള്ളമാണെന്ന് നമുക്ക് രേഖപ്പെടുത്താമെങ്കിലും അസത്യങ്ങള്‍ എന്തുകൊണ്ടാണ് ജനം വിശ്വസിച്ചത്?

ഒറ്റരാത്രികൊണ്ടുണ്ടാക്കിയ വെബ്സൈറ്റ് ഇത്ര വിജയകരമായി ഒരു ബുദ്ധിമുട്ടും കൂടാതെ കള്ളം പ്രചരിപ്പിക്കുകയും ഗൂഢാലോചന സിദ്ധാന്തങ്ങള്‍ ഉണ്ടാക്കുകയും ചെയ്യുന്നത് എങ്ങനെയാണ്?

നീല്‍ പോസ്റ്റ്മാന്റെ 1985-ലെ പുസ്തകം “Amusing Ourselves to Death” ഇതിന് ചില ഉത്തരങ്ങള്‍ തരുന്നു എന്നെനിക്ക് തോന്നുന്നു. അച്ചടിച്ച വാക്കുകളില്‍ നിന്നും ടെലിവിഷന്‍ സിഗ്നലലിലേക്കുള്ള മാധ്യമ ഉപഭോഗത്തിന്റെ മാറ്റം നമ്മുടെ ആശയവിനിമയത്തിന്റെ അടിസ്ഥാനങ്ങളെ മാറ്റിയെന്ന് അദ്ദേഹം കരുതുന്നു-അങ്ങനെയത് നമ്മുടെ സംസ്കാരത്തെയും രാഷ്ട്രീയത്തെയും മാറ്റി.

പൊതുജനം ജോര്‍ജ് ഓര്‍വെല്‍ ‘1984’ എന്ന പുസ്തകത്തില്‍ ഭയപ്പെട്ട പോലെയുള്ള ഒരു സമഗ്രാധിപത്യ ലോകത്തെക്കുറിച്ചാണ് ആശങ്കപ്പെട്ടതെങ്കില്‍ അദ്ദേഹം വിശ്വസിച്ചത് ആല്‍ഡസ് ഹക്സിലിയുടെ ‘Brave New World’ –ലെ പോലുള്ള ഭാവിയാകാനാണ് സാധ്യത എന്നാണ്.

“ഓര്‍വെല്‍ ഭയപ്പെട്ടത് സത്യം നമ്മളില്‍ നിന്നും മറച്ചുവെക്കും എന്നാണ്,” അദ്ദേഹം എഴുതി. “ഹക്സിലി ഭയന്നത് അപ്രസക്തിയുടെ കടലില്‍ സത്യം മുങ്ങിപ്പോകുമെന്നാണ്. നമ്മുടേത് ഒരു തടവിലാക്കപ്പെട്ട ഭാവിയാകുമെന്ന് ഓര്‍വെല്‍ ഭയന്നു. നാം ഒരു നിസാരമായ സംസ്കാരമായിപ്പോകുമെന്നായിരുന്നു ഹക്സിലിയുടെ ഭീതി.”

Age of Expositionനെ -അതായത് അച്ചടിച്ച വാക്കുകള്‍ ആളുകള്‍ക്ക് വിവരങ്ങള്‍ നല്കുകയും വാദങ്ങള്‍ യുക്തിയിലും തെളിവുകളിലും ആധാരമായിരിക്കുകയും വേണ്ടുന്ന കാലം- Age of Show Business പകരം വെച്ചു എന്ന് പോസ്റ്റ്മാന്‍ വാദിക്കുന്നു.

എന്താണിത് അര്‍ത്ഥമാക്കുന്നത്? ഉപരിപ്ലവമായ കാഴ്ച്ചകള്‍ യുക്തിവിചാരത്തെക്കാള്‍ വേണ്ടപ്പെട്ടതായി. പ്രകടനം എന്നാല്‍ നടിക്കുന്നതിനെ നേട്ടമായി കണക്കാക്കി.

‘വിശ്വാസ്യതയുടെ’ കാര്യമെടുക്കാം. പോസ്റ്റ്മാന്‍ പറയുന്നത് Age of Show Business-ല്‍ “വിശ്വാസ്യത പറയുന്നയാളുടെ കഴിഞ്ഞകാല പ്രസ്താവനകളുടെ കടുത്ത വാസ്തവികത-പരിശോധനയുടെ ഫലത്തെക്കുറിച്ചല്ല പറയുന്നത്. അത് ആത്മാര്‍ത്ഥത, ആധികാരികത, ആകര്‍ഷണീയത എന്നിവയാണ്…”

ടെലിവിഷനില്‍ ഇത്തരം വിശ്വാസ്യത വസ്തുതകള്‍ക്ക് പകരമാകുന്നു. “ഒരാള്‍ നുണയാണെന്ന് തോന്നാം, പക്ഷേ അയാള്‍ സത്യമായിരിക്കും പറയുന്നത്; അല്ലെങ്കില്‍ ഒരാള്‍ സത്യവാനെപ്പോലെ തോന്നിക്കും വാസ്തവത്തില്‍ നുണയാകും പറയുന്നത്.”

ഞാന്‍ നീല്‍ പോസ്റ്റ്മാനെക്കുറിച്ച് കൂടുതല്‍ പറയാനല്ല ഉദ്ദേശിക്കുന്നത്. പക്ഷെ നമ്മുടെ തൊഴിലില്‍ വലിയ മാറ്റങ്ങള്‍ ഉണ്ടായിട്ടുണ്ട് എന്ന് നാം തിരിച്ചറിയണം എന്നെനിക്ക് തോന്നുന്നു.

മാധ്യമപ്രവര്‍ത്തനം കഴിഞ്ഞ കാലങ്ങളിലെപ്പോലെ ഇപ്പോള്‍ നടക്കില്ലായിരിക്കും. നമ്മുടെ ജോലിയുടെ പ്രതീക്ഷിക്കുന്ന ആഘാതം ഉണ്ടാകില്ല. പൊതുജനം വിവരങ്ങള്‍ ഉപയോഗിക്കുന്ന രീതി മുമ്പുള്ള പോലെയല്ല.

ഞാന്‍ ഉയര്‍ത്താന്‍ ശ്രമിക്കുന്ന ചോദ്യം ഇതാണ്: എങ്ങനെയാണ് ഇതിപ്പോള്‍ പ്രവര്‍ത്തിക്കുന്നത്? മാധ്യമങ്ങള്‍ അവയുടെ ധര്‍മം ശരിയായി നിര്‍വഹിക്കുന്നതായി ജനങ്ങള്‍ കരുതുന്നുണ്ടോ? മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുകയും, വസ്തുതകള്‍ ശേഖരിക്കുകയും സര്‍ക്കാരിനെ ഉത്തരവാദിത്തത്തില്‍ നിര്‍ത്താന്‍ ശ്രമിക്കുകയും ചെയ്യുമ്പോള്‍ പൊതുജനം എങ്ങനെയാണ് അതിനെ സ്വീകരിക്കുന്നത്?

എന്തെങ്കിലും ഒരു കാര്യം വസ്തുതയാക്കി സ്ഥാപിക്കുന്നതിന് എന്തൊക്കെയാണ് വേണ്ടത്? പഴയ രീതികള്‍ ഇപ്പൊഴും സാധ്യമാണോ? ഇല്ലെങ്കില്‍, വസ്തുതകളുടെ അടിസ്ഥാന ഘടനയില്‍ നമുക്ക് യോജിക്കാന്‍ കഴിയുന്നില്ലെങ്കില്‍ പിന്നെങ്ങനെയാണ് ജനാധിപത്യം പ്രവര്‍ത്തിക്കുക? എന്താണ് വസ്തുത എന്താണ് തെറ്റ് എന്നു പറയുന്ന ഒരു സ്വതന്ത്ര വിധികര്‍ത്താവെന്ന ആശയം തന്നെ പൊതുജനം തള്ളിക്കളഞ്ഞാല്‍ എന്തുചെയ്യും?

അന്തരിച്ച യു.എസ്. സെനറ്റര്‍ ഡാനിയല്‍ പാട്രിക് മോയ്നീഹാന്‍ പറയാറുള്ളതുപോലെ, “എല്ലാവര്‍ക്കും ഒരഭിപ്രായം ഉണ്ടാകാന്‍ അവകാശമുണ്ട്, പക്ഷേ സ്വന്തം വസ്തുതകളുടെ അടിസ്ഥാനത്തിലല്ല.” ആളുകള്‍ക്ക് സ്വന്തമായി അഭിപ്രായം മാത്രമല്ല, സ്വന്തം വസ്തുതകളും ഉണ്ടാകാന്‍ അവകാശമുണ്ടെന്ന് അവര്‍ വിശ്വസിച്ചാല്‍ എന്ത് ചെയ്യും? എങ്ങോട്ടാണ് ഇത് നയിക്കുക?

ചില കണക്കുകള്‍ നാം എത്തിനില്‍ക്കുന്ന അവസ്ഥ വ്യക്തമാക്കും.

ഒക്ടോബറില്‍ പ്രസിദ്ധീകരിച്ച ഒരു കണക്ക് കാണിക്കുന്നത് അമേരിക്കന്‍ വോട്ടര്‍മാരില്‍ ഏതാണ്ട് പകുതിയോളം-46%- വിശ്വസിക്കുന്നത് വാര്‍ത്താ മാധ്യമങ്ങള്‍ ട്രംപിനെയും അയാളുടെ സര്‍ക്കാരിനെയും സംബന്ധിച്ച വാര്‍ത്തകള്‍ വളച്ചൊടിക്കുന്നുവെന്നാണ്. റിപ്പബ്ലിക്കന്‍ വോട്ടര്‍മാരില്‍ നാലില്‍ മൂന്നും അങ്ങനെത്തന്നെ കരുതുന്നു.

ജനുവരിയില്‍ പ്രസിദ്ധീകരിച്ച മറ്റൊരു സര്‍വേയില്‍ കാണിക്കുന്നത് രാഷ്ട്രീയക്കാരെയോ രാഷ്ട്രീയ സംഘടനകളെയോ മോശമായി കാണിക്കുന്ന വാര്‍ത്തകള്‍ എല്ലാം ‘വ്യാജ വാര്‍ത്തകള്‍’ ആണെന്ന് 10-ല്‍ 4 റിപ്പബ്ലിക്കന്‍ അനുകൂലികളും കരുതുന്നു എന്നാണ്.

മറ്റൊന്ന്: വാഷിംഗ്ടണ്‍ പോസ്റ്റിന്‍റെ വസ്തുത പരിശോധന വിഭാഗം പ്രസിഡണ്ട് ട്രംപ് കഴിഞ്ഞ വര്‍ഷം നടത്തിയ 2000 വ്യാജ അവകാശവാദങ്ങള്‍ കണക്കാക്കുകയുണ്ടായി.

മറ്റൊന്ന്: വാനിറ്റി ഫെയര്‍/60 മിനിറ്റ് സര്‍വെയില്‍ തെളിഞ്ഞത് 36% റിപ്പബ്ലിക്കന്‍മാരും വിശ്വസിക്കുന്നത് മാധ്യമ സ്വാതന്ത്ര്യം ഗുണത്തെക്കാളേറെ ദോഷമാണ് ചെയ്തത് എന്നാണ്.

ഒടുവിലായി: ഇക്കണോമിസ്റ്റ് സര്‍വെ പറയുന്നത്, പക്ഷപാതിത്വമൊ തെറ്റായതോ ആയ വാര്‍ത്തകള്‍ നല്‍കുന്ന മാധ്യമങ്ങള്‍ക്ക് പിഴയിടാന്‍ കോടതികള്‍ക്ക് അനുവാദം നല്‍കണമെന്നാണ് 55% റിപ്പബ്ലിക്കന്‍മാരുടെയും അഭിപ്രായമെന്നാണ്. പക്ഷപാതിത്വമുള്ള മാധ്യമ സ്ഥാപനങ്ങള്‍ അടച്ചുപൂട്ടിക്കാന്‍ കോടതികള്‍ക്ക് അധികാരം നല്‍കണമെന്നും 45% റിപ്പബ്ലിക്കന്‍മാര്‍ കരുതുന്നു.

വസ്തുതകളും കല്‍പനകളും കൂട്ടിക്കുഴയ്ക്കുന്നതില്‍ ഡൊണാള്‍ഡ് ട്രംപ് ഗണ്യമായ സംഭാവന നല്കിയിട്ടുണ്ട്. അയാളുടെ ലക്ഷ്യം വ്യക്തമാണ്.

അധികാരമേറ്റ് ആദ്യ ദിവസം തന്നെ പ്രസിഡണ്ട് CIA ആസ്ഥാനത്ത് പോയി മാധ്യമങ്ങള്‍ക്കെതിരെ യുദ്ധം പ്രഖ്യാപിച്ചു. അയാളതായിരുന്നു ചെയ്തിരുന്നതും.

ഈ ആക്രമണത്തിന്റെ സ്വഭാവം ട്രംപിന്റെ ട്വീറ്റുകള്‍ വ്യക്തമാക്കും: 2015-ല്‍ സ്തനാര്‍ത്ഥിത്വം പ്രഖ്യാപിച്ചതു മുതല്‍ മാധ്യമങ്ങളെ വിമര്‍ശിച്ച് 1,000 ട്വീറ്റുകളാണ് അയാളിട്ടത്. 2016 ഡിസംബര്‍ മുതല്‍ 2017 ഡിസംബര്‍ വരെ ‘വ്യാജ വാര്‍ത്ത’ കളെക്കുറിച്ച് 150-ലേറെ ട്വീറ്റുകള്‍ ചെയ്തു. ലോകത്തെ ജനങ്ങളെയാകെ ഉത്തേജിപ്പിക്കുന്ന രീതിയില്‍ മാധ്യമ സ്വാതന്ത്ര്യം ഒരു സ്ഥാപക തത്ത്വമായി പ്രഖ്യാപിച്ച യു.എസിലാണ് ഇതെല്ലാം നടക്കുന്നതെന്ന് ഓര്‍ക്കണം.

പ്രസിഡണ്ടും മാധ്യമങ്ങളും തമ്മിലുള്ള സംഘര്‍ഷം പുതിയ കാര്യമല്ല. ഈയിടെ പുറത്തിറങ്ങിയ ഒരു ചലച്ചിത്രം ചരിത്രത്തിലെ ഒരു ഭാഗം പറയുന്നുണ്ട്. “The Post” എന്ന സ്റ്റീവന്‍ സ്പീല്‍ബര്‍ഗ് ചിത്രം. മാധ്യമങ്ങള്‍ തമ്മിലുള്ള കിടമത്സരവും-വാഷിംഗ്ടണ്‍ പോസ്റ്റും ന്യൂ യോര്‍ക് ടൈംസും- 1945-1967 കാലത്തെ വിയത്നാമിലെ യു.എസ് ഇടപെടല്‍ സംബന്ധിച്ച അതീവരഹസ്യ പെന്റഗന്‍ രേഖകള്‍ ചോര്‍ത്തി പ്രസിദ്ധീകരിച്ചതിനെത്തുടര്‍ന്ന് പ്രസിഡണ്ട് നിക്സനുമായുള്ള ഏറ്റുമുട്ടലും.

പെന്റഗന്‍ രേഖകള്‍ ചോരുകയും മാധ്യമങ്ങള്‍ അത് പ്രസിദ്ധീകരിക്കാന്‍ തുനിയുകയും ചെയ്തു. നിക്സണ്‍ സര്‍ക്കാര്‍ ക്രിമിനല്‍ കുറ്റവിചാരണ നടത്തുമെന്ന ഭീഷണി മുഴക്കി പ്രസിദ്ധീകരണം തടയാന്‍ പുറപ്പെട്ടു. യു.എസ് സുപ്രീം കോടതിയില്‍ എത്തിയ തര്‍ക്കത്തില്‍ 1971 ജൂണ്‍ 30-നു 6-3 എന്ന ഭൂരിപക്ഷ വിധിയില്‍ മാധ്യമസ്വാതന്ത്ര്യത്തിനും പ്രസിദ്ധീകരണാവകാശത്തിനും അനുകൂലമായി കോടതി വിധിച്ചു.

“ഒന്നാം ഭേദഗതിയില്‍,” ജസ്റ്റിസ് ഹ്യൂഗോ ബ്ലാക് എഴുതി, “സ്ഥാപക പിതാക്കള്‍ മാധ്യമ സ്വാതന്ത്ര്യ സംരക്ഷണം നല്കിയത് അതിനു നമ്മുടെ ജനാധിപത്യത്തിലുള്ള അവശ്യ കടമകള്‍ നിറവേറ്റാനാണ്. മാധ്യമങ്ങള്‍ ഭരിക്കപ്പെടുന്നവരെ സേവിക്കാനാണ്, ഭരിക്കുന്നവരെയല്ല… സര്‍ക്കാരിന്റെ രഹസ്യങ്ങള്‍ അറിയാനും അത് ജനങ്ങളെ അറിയിയ്ക്കാനും കഴിയും എന്നതുകൊണ്ടാണ് മാധ്യമങ്ങളെ സംരക്ഷിക്കുന്നത്. സ്വതന്ത്രവും നിയന്ത്രണങ്ങള്‍ ഇല്ലാത്തതുമായ മാധ്യമങ്ങള്‍ക്ക് മാത്രമേ സര്‍ക്കാരിന്റെ കാപട്യങ്ങള്‍ തുറന്നുകാണിക്കാനാകൂ.”
ജസ്റ്റിസ് ഹ്യൂഗോ ബ്ലാക്കിന്റെ അഭിപ്രായം പോസ്റ്റിന്റെ വാര്‍ത്താമുറിയുടെയും അമേരിക്കയിലെ മറ്റ് മുന്‍നിര വാര്‍ത്ത സംഘങ്ങളുടെയും ഊര്‍ജ്ജത്തെ പ്രതിഫലിപ്പിക്കുന്നു എന്ന് ഞാന്‍ കരുതുന്നു. അതാണ് നമ്മുടെ ആത്മാവ്.

പക്ഷേ കുറച്ചു മാസങ്ങളായി നമ്മളെ ഓര്‍മ്മിപ്പിച്ചുകൊണ്ടിരിക്കുന്നത്, മാധ്യമപ്രവര്‍ത്തകര്‍ എന്ന നിലയില്‍, നമുക്ക് ഒരു ആത്മാവിനപ്പുറം ചിലത് വേണമെന്നാണ്. നമുക്കൊരു നട്ടെല്ല് വേണം. അത് നമുക്കുണ്ട് എന്നുകൂടി കൂടി ഞാന്‍ റിപ്പോര്‍ട് ചെയ്യുന്നു.

കൂടുതല്‍ വായിക്കൂ: https://goo.gl/sSMKPD

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍