UPDATES

വായിച്ചോ‌

മോദിയുടെ ഡിഗ്രി യോഗ്യത: ഹര്‍ജിക്കാരെ വ്യക്തിഹത്യ നടത്തി ഡല്‍ഹി യൂണിവേഴ്‌സിറ്റി

വിലകുറഞ്ഞ പ്രശസ്തിയ്ക്ക് വേണ്ടിയാണ് ഇത്തരമൊരു ഹര്‍ജി നല്‍കിയതെന്ന് ഡല്‍ഹി സര്‍വകലാശാല

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ബിരുദ യോഗ്യത സംബന്ധിച്ച് ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കിയ വിവരാവകാശ പ്രവര്‍ത്തകര്‍ക്കെതിരെ വീണ്ടും ഡല്‍ഹി സര്‍വകലാശാല. 1978ലെ ബിഎ പരീക്ഷയില്‍ വിജയിച്ച എല്ലാവരുടെയും രേഖകള്‍ പരിശോധിക്കാന്‍ സെന്‍ട്രല്‍ ഇന്‍ഫൊര്‍മേഷന്‍ കമ്മിഷന്‍(സിഐസി) നല്‍കിയ അനുമതിയെ ഡല്‍ഹി സര്‍വകലാശാല ഹൈക്കോടതിയില്‍ ചോദ്യം ചെയ്തു.

1978ലെ ബിഎ പരീക്ഷയുടെ വിവരങ്ങള്‍ പുറത്തുവിടാന്‍ സാധിക്കില്ലെന്ന് കഴിഞ്ഞ മാര്‍ച്ചില്‍ ഡല്‍ഹി സര്‍വകലാശാല ഹൈക്കോടതിയെ അറിയിച്ചിരുന്നു. 2017 ജനുവരിയിലെ സിഐസി ഉത്തരവ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് അവര്‍ സത്യവാങ്മൂലം സമര്‍പ്പിച്ചിരിക്കുകയാണ്. 1978ലെ ബിഎ പരീക്ഷയില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയും വിജയിച്ചുവെന്നാണ് സര്‍വകലാശാല പറയുന്നത്.

അഞ്ജലി ഭരദ്വാജ്, നിഖില്‍ ഡേ, അമൃത ജോറി എന്നീ വിവരാവകാശ പ്രവര്‍ത്തകരാണ് മോദിയുടെ ഡിഗ്രി യോഗ്യത ചോദ്യം ചെയ്ത് ഹര്‍ജി നല്‍കിയത്. എന്നാല്‍ ഇവര്‍ വിലകുറഞ്ഞ പ്രശസ്തിയ്ക്ക് വേണ്ടിയാണ് ഇത്തരമൊരു ഹര്‍ജി നല്‍കിയതെന്ന് ഡല്‍ഹി സര്‍വകലാശാല ജസ്റ്റിസ് രാജീവ് ഷക്ദറിന്റെ ബെഞ്ചിനെ അറിയിച്ചു. അഡീഷണല്‍ സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മേത്തയാണ് സര്‍വകലാശാലയ്ക്ക് വേണ്ടി കോടതിയില്‍ ഹാജരായത്.

കോടതി ഒരു പോതുവേദിയല്ലെന്നും ഇവിടെ പ്രശസ്തിയ്ക്ക് വേണ്ടിയുള്ള ബലപ്രദര്‍ശനം പാടില്ലെന്നും മേത്ത പറഞ്ഞു. 1978ലെ ബിഎ പരീക്ഷ പാസായ എല്ലാ വിദ്യാര്‍ത്ഥികളുടെയും രേഖകള്‍ വേണമെന്ന ആര്‍ടിഐ അപേക്ഷ നിരസിച്ചതിനാലാണ് തങ്ങള്‍ സര്‍വകലാശാലയ്‌ക്കെതിരെ കോടതിയെ സമീപിച്ചതെന്ന് ഹര്‍ജിക്കാരായ മൂന്ന് പേരും വ്യക്തമാക്കി. അതേസമയം കോടിക്കണക്കിന് വിദ്യാര്‍ത്ഥികളുടെ പരീക്ഷ രേഖകള്‍ സൂക്ഷിക്കുന്ന സര്‍വകലാശാലകള്‍ക്കെതിരായ സിഐസിയുടെ ഉത്തരവ് അനൗചിത്യമാണെന്നാണ് കോടതി വിലയിരുത്തിയത്.

അതേസമയം 1978ലെ പരീക്ഷ ഫലം പുറത്തുവിടാന്‍ സര്‍ക്കാര്‍ മടിക്കുന്നത് പ്രധാനമന്ത്രിയുടെ തെരഞ്ഞെടുപ്പ് സത്യവാങ്മൂലത്തെ സംശയത്തിന്റെ നിഴലിലാക്കുന്നതായി ഹര്‍ജിക്കാരില്‍ ഒരാളായ അഞ്ജലി ഭരദ്വാജ് പറയുന്നു.

കൂടുതല്‍ വായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍