UPDATES

വായിച്ചോ‌

മിസ് ഷെഫാലി എന്ന ആരതി ദാസ്: ഭരതനാട്യവും കഥകും കളിച്ചിരുന്ന കാബറെ നര്‍ത്തകി

സത്യജിത് റേ, ഉത്തംകുമാര്‍, സുചിത്ര സെന്‍ തുടങ്ങിയ, ചലച്ചിത്ര രംഗത്തെ പ്രമുഖരുമായൊക്കെ സൗഹൃദം പുലര്‍ത്തി.

മിസ് ഷെഫാലി എന്ന പേരില്‍ 1970കളില്‍ കൊല്‍ക്കത്തയില്‍ പ്രശസ്തയായിരുന്ന കാബറെ നര്‍ത്തകി ആരതി ദാസിന് 72 വയസായിരിക്കുന്നു. കൊല്‍ക്കത്തയുടെ രാത്രികളെ ആഘോഷമാക്കിയിരുന്ന മിസ് ഷെഫാലി ഇപ്പോള്‍ നഗരത്തില്‍ വിശ്രമ ജീവിതം നയിക്കുകയാണ്. ആരതിയെക്കുറിച്ച്, മിസ് ഷെഫാലിയെക്കുറിച്ചാണ് ദ ടെലഗ്രാഫ് പറയുന്നത്. ആരതിക്ക് ആറ് മാസം പ്രായമുള്ളപ്പോളാണ് കുടുംബം ബംഗ്ലാദേശില്‍ നിന്ന് കൊല്‍ക്കത്തയിലെത്തുന്നത്. കുട്ടിക്കാലത്തെ ദാരിദ്ര്യം ഇന്ന് ചിന്തിക്കാവുന്നതിനുമപ്പുറമായിരുന്നു എന്ന് ആരതി പറയുന്നു. അച്ഛന്‍ അസുഖബാധിതനായി കിടപ്പിലായിരുന്നു. അമ്മ വീട്ടുജോലികള്‍ ചെയ്താണ് വരുമാനം കണ്ടെത്തിയിരുന്നത്. അമ്മ ജോലി കഴിഞ്ഞ് വൈകീട്ട് തിരിച്ചെത്തുമ്പോളേ ഭക്ഷണം കിട്ടൂ. ചില ദിവസങ്ങളില്‍ അതുമുണ്ടാകില്ല.

11ാം വയസില്‍ ചൗരംഗി ലേനിലെ ഒരു ആംഗ്ലോ ഇന്ത്യന്‍ വീട്ടില്‍ ആരതി ജോലി ചെയ്തുതുടങ്ങി. എല്ലാ വൈകുന്നേരങ്ങളിലും ആ വീട്ടില്‍ പാര്‍ട്ടിയുണ്ടാകും. പാട്ടും നൃത്തവും ആഘോഷവുമുണ്ടാകും. ആരതി അത് കര്‍ട്ടന് പിറകില്‍ നിന്ന് ഒളിഞ്ഞുനോക്കും. സമൂഹത്തിലെ സമ്പന്നവര്‍ഗക്കാരുടെ പ്രകടനങ്ങള്‍. ഭക്ഷണം വിളമ്പാന്‍ പറയുമ്പോള്‍ താന്‍ പരമാവധി സമയം അവിടെ ചുറ്റിപ്പറ്റി നടക്കുമായിരുന്നു എന്ന് ആരതി പറയുന്നു. അവരുടെ നൃത്തച്ചുവടുകള്‍, കൈകാലുകളുടെ ചലനങ്ങള്‍ എല്ലാം സൂക്ഷ്മമായി ശ്രദ്ധിക്കും. പിന്നീട് ഒഴിവുകിട്ടുമ്പോള്‍ ഈ പ്രകടനങ്ങള്‍ അനുകരിക്കാന്‍ ശ്രമിച്ചിരുന്നു. അത് ഒരു ആസക്തിയായി മാറി. പാര്‍ക്ക് സ്ട്രീറ്റിലെ മൊകാംബോ റസ്‌റ്റോറന്റില്‍ പാട്ട് പാടിയിരുന്ന വിവിയന്‍ ഹാന്‍സന്‍ അവിടെ വരുമായിരുന്നു. വിവിയനാണ് ഡാന്‍സ് ചെയ്യാമോ എന്ന് ആദ്യം ആരതിയോട് ചോദിക്കുന്നത്. ആരതി സമ്മതിച്ചു സ്‌കര്‍ട്ടും ഷര്‍ട്ടുമിട്ട് വിവിയനൊപ്പം പാര്‍ക്ക് സ്ട്രീറ്റിലെ ഫിര്‍പോയിലേയ്ക്ക് ചെന്നു. അവിടെയുള്ളവര്‍ തന്നോട് ഇരിക്കാന്‍ പോലും ആവശ്യപ്പെട്ടില്ലെന്നും ഇത് തന്നെ ദേഷ്യം പിടിപ്പിച്ചതായും ആരതി പറയുന്നു. ഏതായാലും 700 രൂപ പ്രതിമാസ ശമ്പളത്തിന് ആരതി അവിടെ കാബറെ നര്‍ത്തകിയായി ചേര്‍ന്നു.

കാബറെ നൃത്തം ചെയ്യുന്ന ബംഗാളി പെണ്‍കുട്ടി എന്ന് പറഞ്ഞ് തന്നെ പലരും ക്രൂരമായി അധിക്ഷേപിച്ചിട്ടുണ്ടെന്ന് ആരതി ദാസ് ഓര്‍ക്കുന്നു. മൂന്ന് മാസത്തെ ലൈസന്‍സ് ആണ് കിട്ടിയത്. ആ സമയത്ത് മിക്ക യൂറോപ്യന്‍ ഡാന്‍സര്‍മാരും ഇന്ത്യ വിടുകയായിരുന്നു. ധരിക്കേണ്ട ബിക്കിന് ബ്ലൗസ് കണ്ട് ആരതി കരഞ്ഞു. കൈകളും കാലുകളും നഗ്നമാകേണ്ടിയിരുന്നു. എന്നാല്‍ ആദ്യ ഷോയില്‍ തന്നെ ആരതി പ്രശംസ പിടിച്ചുപറ്റി. ഡ്രം, സാക്‌സോഫോണ്‍, ഗിറ്റാര്‍, ട്രോംബോണ്‍, ട്രമ്പറ്റ് – ഇങ്ങനെ വിവിധ വാദ്യോപകരണങ്ങളുണ്ടായിരുന്നു. അങ്ങനെ ആരതി ഷെഫാലിയായി. ചാള്‍സ്റ്റണ്‍, കാന്‍ കാന്‍, ട്വിസ്റ്റ്, ഹവായിയന്‍ ഹൂള, ബെല്ലി ഡാന്‍സിംഗ് – എല്ലാം പഠിച്ചു. ഇംഗ്ലീഷും ഹിന്ദിയും സംസാരിക്കാന്‍ പഠിച്ചു. ഭക്ഷണം വളരെ കുറച്ച് മാത്രമേ കഴിക്കാന്‍ കിട്ടിയിരുന്നുള്ളൂ. ജ്യൂസ് മാത്രം ധാരാളം കിട്ടി. ഫിര്‍പോയ്ക്ക് ശേഷം 17 വര്‍ഷം ഒബ്രോയ് ഗ്രാന്‍ഡില്‍.

സത്യജിത് റേയുടെ പ്രതിധ്വനി, സീമാബദ്ധ തുടങ്ങിയ സിനിമകളിലും അഭിനയിച്ചു. പിന്നീട് തീയറ്ററിന്റെ (നാടകം) ഭാഗമായി. സത്യജിത് റേ, ഉത്തംകുമാര്‍, സുചിത്ര സെന്‍ തുടങ്ങിയ ചലച്ചിത്ര രംഗത്തെ പ്രമുഖരുമായൊക്കെ സൗഹൃദം പുലര്‍ത്തി. പല പുരുഷന്മാരുമായും ബന്ധമുണ്ടായിരുന്നു. എന്നാല്‍ ഇതില്‍ അമേരിക്കക്കാരനായ റോബിനോട് മാത്രമേ തനിക്ക് പ്രണയം തോന്നിയിട്ടുള്ളൂ എന്ന് ആരതി പറയുന്നു. അയാള്‍ക്ക് എന്നെ വിവാഹം കഴിക്കണമെന്നും അമേരിക്കയിലേയ്ക്ക് കൂടെ കൊണ്ടുപോകണമെന്നും ഉണ്ടായിരുന്നു. റോബിന് കുട്ടികളെ വലിയ ഇഷ്ടമായിരുന്നു. എന്നാല്‍ എന്നെ ആശ്രയിച്ച് കഴിയുന്ന കുടുംബത്തെ വിട്ട് എനിക്ക് എങ്ങനെ പോകാന്‍ കഴിയും.

എല്ലാ നൃത്തരൂപങ്ങള്‍ക്കും അതിന്റേതായ സ്വഭാവ സവിശേഷതകളുണ്ട്. എന്നാല്‍ ഈ ഐറ്റം നമ്പറുകള്‍ കൊണ്ട് എന്താണ് ഉദ്ദേശിക്കുന്നത് എന്ന് എനിക്ക് മനസിലായിട്ടില്ല. ഇത് കാണുമ്പോള്‍ വേദന തോന്നുന്നു. ഡാന്‍സ് എന്ന് പറഞ്ഞ് എന്തൊക്കെയാണ് കാണിക്കുന്നത്. മിസ് ഷെഫാലിക്ക് കാബറെ മാത്രമല്ല, ബാലെയും ഭരതനാട്യവും കഥകും നാടോടി നൃത്തങ്ങളുമെല്ലാം അറിയാമായിരുന്നു. 2012ല്‍ ഷെഫാലിയെക്കുറിച്ചുള്ള സിനിമ സജീവ ചര്‍ച്ചയായി. എന്നാല്‍ ഈ ചര്‍ച്ചകള്‍ പിന്നീട് തുടര്‍ന്നില്ല.

വായനയ്ക്ക്: https://goo.gl/u2hkac

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍