UPDATES

വായന/സംസ്കാരം

ദേശീയത സ്വാതന്ത്ര്യത്തിന്റെ ശത്രു; മരിയോ വര്‍ഗാസ് യോസ/അഭിമുഖം

“ഗോത്രത്തിന്റെ ആഹ്വാനം” എന്ന പുതിയ കൃതിയെ കുറിച്ചും സ്വാതന്ത്ര്യം, ബൌദ്ധികാന്ധത, ജനാധിപത്യം നേരിടുന്ന വെല്ലുവിളികള്‍ എന്നിവയെക്കുറിച്ചും സംസാരിക്കുന്നു

പുരസ്കാരങ്ങള്‍ നേടുന്ന കല്പിതകഥകള്‍ എഴുതുന്നതിനപ്പുറം, മരിയോ വര്‍ഗാസ് യോസ നോബല്‍ ജേതാവ് പൌരസ്വാതന്ത്ര്യത്തിനുവേണ്ടി അക്ഷീണം പോരാടി. ‘ഗോത്രത്തിന്റെ ആഹ്വാനം’ എന്ന തന്റെ ഏറ്റവും പുതിയ കൃതിയില്‍ അദ്ദേഹം സ്വതന്ത്രചിന്ത പ്രചരിപ്പിക്കുകയും അത് ഉള്‍ക്കൊണ്ട ഏഴ് എഴുത്തുകാര്‍ക്ക്-ആഡം സ്മിത്ത്, ഹോസെ ഓര്‍തെഗ ഇ ഹസെറ്റ്, ഫ്രെദ്രിച് വോന്‍ ഹയെക്, കാള്‍ പോപ്പെര്‍, റെയ്മണ്ട് ആരോണ്‍, ഐസിയ ബെര്‍ലിയ്ന്‍, ജോണ്‍ ഫോര്‍സ്വാ റാവെല്‍-കൃതജ്ഞത അര്‍പ്പിക്കുകയും ചെയ്യുന്നു. സ്വാതന്ത്ര്യം, ബൌദ്ധികാന്ധത, ജനാധിപത്യം നേരിടുന്ന വെല്ലുവിളികള്‍ എന്നിവയെക്കുറിച്ച് അദ്ദേഹത്തോട് സംസാരിക്കുകയാണ് മെയ്റ്റ് റികോ. 

സ്വതന്ത്രചിന്തകളുടെ മേല്‍ ഇത്രമാത്രം ആക്രമണം എന്തുകൊണ്ടാണ്?

സ്വാതന്ത്ര്യത്തിന്റെ ശത്രുക്കളായ പ്രത്യയശാസ്ത്രങ്ങള്‍ അതിനെ ഉന്നം വെച്ചു. ഉദാരതാവാദം അവരുടെ ഏറ്റവും ശക്തമായ എതിരാളിയാണെന്ന് അവര്‍ ന്യായമായും സംശയിക്കുന്നു. ഇതാണ് എന്റെ പുസ്തകത്തില്‍ വിശദീകരിക്കാന്‍ ഞാന്‍ ആഗ്രഹിക്കുന്നത്. പരിഹാസത്തിലൂടെയും യാഥാസ്ഥികവാദവുമായി ബന്ധപ്പെടുത്തിയും ഫാസിസവും കമ്യൂണിസവും ഉദാരതാവാദത്തെ ശക്തമായി ആക്രമിച്ചിട്ടുണ്ട്. ആദ്യകാലങ്ങളില്‍, ഉദാരതാവാദം വലതുപക്ഷക്കാരാലാണ് പ്രാഥമികമായി ഉപരോധിക്കപ്പെട്ടത്. പോപ്പിന്റെ ചാക്രികലേഖനവും ഉണ്ടായിരുന്നു. മതത്തിനും സാന്മാര്‍ഗ്ഗിക മൂല്യങ്ങള്‍ക്കും എതിരെന്ന് കണക്കാക്കപ്പെട്ട സിദ്ധാന്തത്തെ എല്ലായിടത്തുമുള്ള ദേവാലയപ്രസംഗങ്ങളില്‍ ആക്രമിച്ചു. ഉദാരതാവാദവും ജനാധിപത്യവുമായി ഉള്ള അടുത്ത ബന്ധത്തെ ഈ എതിരാളികള്‍ നിര്‍വചിക്കുന്നു എന്നാണ് ഞാന്‍ വിശ്വസിക്കുന്നത്. ജനാധിപത്യം ഏറെ മുന്നോട്ടു പോയി. മനുഷ്യാവകാശങ്ങള്‍ അംഗീകരിക്കപ്പെട്ടു. ഇതിന് അടിസ്ഥാനപരമായി സ്വതന്ത്രചിന്തകരോട് നന്ദി പറയണം.

ഈ പുസ്തകത്തില്‍ വിശകലനം ചെയ്യുന്ന എഴുത്തുകാരെല്ലാം ഒഴുക്കിനെതിരെ നീന്തിയവരാണോ?

ഹയേകിന്റെയും ഒര്‍തെഗയുടെയും രണ്ടു പുസ്തകങ്ങള്‍ നിരോധിക്കപ്പെട്ടിട്ടുണ്ട്. ഉദാരവാദികള്‍ ഒറ്റക്കു നടക്കാന്‍ വിധിക്കപ്പെട്ടവരാണോ? വെറുതെ സ്വീകരിക്കുക മാത്രമല്ല, ഉദാരതാവാദം വ്യത്യസ്തതകളെ യഥാര്‍ത്ഥത്തില്‍ പ്രചോദിപ്പിക്കുന്നുണ്ട്. സമൂഹം വ്യത്യസ്ത തരക്കാരായ ആളുകളാല്‍ രചിക്കപ്പെട്ടതാണെന്നും അത് അങ്ങനെത്തന്നെ നിലനിര്‍‌ത്തേണ്ടത് പ്രധാനമാണെന്നും ഉദാരതാവാദം തിരിച്ചറിയുന്നുണ്ട്. അതൊരു പ്രത്യയശാസ്ത്രമല്ല, പ്രത്യയശാസ്ത്രം ഒരു മതേതര മതമാണ്. ഉദാരതാവാദം ചില അടിസ്ഥാന ആശയങ്ങളെ പ്രതിരോധിക്കുന്നു – സ്വാതന്ത്ര്യം, വ്യക്തിത്വം, സ്ഥിതിസമത്വവാദത്തിന്റെ തിരസ്കരണം, ദേശീയത – മറ്റൊരു തരത്തില്‍ പറഞ്ഞാല്‍, സമൂഹത്തിനുള്ളിലെ സ്വാതന്ത്ര്യത്തെ പരിമിതപ്പെടുത്തുകയോ ഇല്ലായ്മചെയ്യുകയോ ചെയ്യുന്ന എല്ലാ പ്രത്യയശാസ്ത്രങ്ങളും സിദ്ധാന്തങ്ങളും.

ദേശീയതയെക്കുറിച്ച് പറയുമ്പോള്‍, കാലിഫോര്‍ണിയയിലെയും ബാസ്ക് പ്രവിശ്യയിലെയും അപകടങ്ങളെക്കുറിച്ച് ഓര്‍തെഗ ഇ ഹസെറ്റിന് ധാരാളം പറയാനുണ്ട്. എന്തുകൊണ്ടാണ് ഉദാരതാവാദികള്‍ ദേശീയതയെ എതിര്‍ക്കുന്നത്?

കാരണം അത് സ്വാതന്ത്ര്യത്തിന് വിരുദ്ധമാണ്. ദേശീയതയില്‍ ഒരു തരം വംശീയതയുണ്ടെന്ന് കാണാന്‍ അതിന്റെ ഉപരിതലത്തില്‍ ഒന്ന് ചുരണ്ടിനോക്കുകയേ വേണ്ടൂ. ഏതെങ്കിലും ഒരു പ്രത്യേക രാജ്യത്തിലോ ദേശത്തിലോ വംശത്തിലോ മതത്തിലോ ആയിരിക്കുക എന്നത്, അതില്‍ത്തന്നെ മൂല്യമുള്ള, ഒരു വിശേഷാധികാരം ആണെന്ന് നിങ്ങള്‍ക്ക് തോന്നുന്നുണ്ടെങ്കില്‍, നിങ്ങള്‍ മറ്റുള്ളവരേക്കാള്‍ ഉയര്‍ന്നതാണെന്ന് സ്വയം വിശ്വസിക്കുന്നു. കൂടാതെ, വംശീയത അനിവാര്യമായും കലാപത്തിനും സ്വാതന്ത്ര്യത്തിന്റെ അടിച്ചമര്‍ത്തലിനും വഴിവെക്കും. അതുകൊണ്ടാണ് ആഡം സ്മിത്തിന്റെ സമയം മുതലുള്ള ഉദാരതാവാദം ദേശീയതക്കുള്ളിലെ സ്ഥിതിസമത്വവാദത്തെ തിരിച്ചറിഞ്ഞത്.

ജനപ്രിയതാസിദ്ധാന്തം, ദേശീയതയുടെ പുന:സ്ഥാപനം, ബ്രെക്സിറ്റ്.. ഗോത്രസാമൂഹ്യവ്യവസ്ഥയുടെ പുനര്‍ജന്മം ഉണ്ടാവുമോ?

നമ്മുടെ കാലത്തെ ഏറ്റവും പുരോഗമനപരമായ സംഭവവികാസമെന്ന് ഞാന്‍ കരുതുന്നതിനെ എതിര്‍ക്കുന്ന ഒരു പ്രവണതയുണ്ട് -അതിരുകള്‍ ഇല്ലാതാക്കുന്നത് മന്ദീഭവിപ്പിക്കുന്ന, പല ഭാഷകളെയും ആചാരങ്ങളെയും വിശ്വാസങ്ങളെയും ഏകോപിപ്പിക്കുന്ന, വലിയ സത്തകളുടെ രൂപീകരണം യൂറോപ്പില്‍ സംഭവിക്കുന്നു. ഇത് വളരെയധികം അരക്ഷിതത്വത്തിനും അനിശ്ചിതത്വത്തിനും വഴിവെക്കുന്നു. എല്ലാവരും തുല്യരായ എല്ലാവരും ഒരേ വിശ്വാസങ്ങള്‍ ഉള്‍ക്കൊള്ളുകയും ഒരേ ഭാഷ സംസാരിക്കുകയും ചെയ്യുന്ന – യഥാര്‍ത്ഥത്തില്‍ ഒരിക്കലും നിലനിന്നിട്ടില്ലാത്ത -ചെറിയ ഏകാത്മകസമൂഹമായ ഗോത്രത്തിലേക്കുള്ള തിരിച്ചുപോക്കിനുള്ള കാര്യമായ പ്രലോഭനവുമാണ്. വലിയ അളവ് സുരക്ഷിതത്വം ഉത്പാദിപ്പിക്കുന്ന, ബ്രെക്സിറ്റ്, കാറ്റലന്‍ ദേശീയത, പോളണ്ട്, ഹംഗറി, ഹോളണ്ട് തുടങ്ങിയ സ്ഥലങ്ങളില്‍ ജനാധിപത്യത്തിന് നാശംവിതച്ച് താറുമാറാക്കുന്ന തരം ദേശീയത തുടങ്ങിയവയെപ്പോലുള്ള പ്രക്ഷോഭങ്ങളെ വിശദീകരിക്കുന്ന കെട്ടുകഥയാണ് അത്. ദേശീയത നിലനില്ക്കുന്നുണ്ട്. പക്ഷേ എന്റെ ധാരണ ഇതാണ്- കാറ്റലോണിയയില്‍ എന്ന പോലെ അതൊരു ന്യൂനപക്ഷമാണ്, മാത്രമല്ല, ജനാധിപത്യസംവിധാനങ്ങളുടെ ശക്തി മെല്ലെ മെല്ലെ ക്ഷയിച്ചുകൊണ്ടിരിക്കുകയാണ്, അത് പൂര്‍ണ്ണമായും നശിക്കുകയും ചെയ്യും. ഞാന്‍ നല്ല ശുഭാപ്തിവിശ്വാസിയാണ്.

മാര്‍ക്സിസത്തില്‍നിന്ന് ഉദാരതാവാദത്തിലേക്കുള്ള താങ്കളുടെ നീക്കം അസ്വാഭാവികമായിരുന്നില്ല. ശരിക്കും അത്, താങ്കള്‍ അവലോകനം ചെയ്യുന്ന എഴുത്തുകാരായ പോപ്പര്‍, ആരോണ്‍, റെവെല്‍ തുടങ്ങിയവരുടെ അതേ പാതയാണ്.

ലാറ്റിന്‍ അമേരിക്കയിലെ എന്റെ തലമുറ പൈശാചികമായ അസമത്വത്തിന്റെയും യുണൈറ്റഡ് സ്റ്റേറ്റ്സിന്റെ പിന്തുണയുള്ള സൈനിക ഏകാധിപത്യത്തിന്റെയും ഭൂഖണ്ഡത്തിലേക്കാണ് ഉണര്‍ന്നത്. അസ്വസ്ഥചിത്തനായ ഒരു ലാറ്റിനമേരിക്കന്‍ ചെറുപ്പക്കാരന് ജനാധിപത്യത്തിന്റെ ഈ ഹാസ്യാനുകരണത്തെ നിരാകരിക്കാതിരിക്കാന്‍ വിഷമമായിരുന്നു. ഞാന്‍ ഒരു കമ്യൂണിസ്റ്റ് ആവാന്‍ ആഗ്രഹിച്ചു. സൈനിക ഏകാധിപത്യത്തിന്റെയും അഴിമതിയുടെയും എല്ലാത്തിനുമുപരി അസമത്വത്തിന്റെയും എതിരാണ് കമ്യൂണിസമെന്ന് ഞാന്‍ വിശ്വസിച്ചു. നാഷണല്‍ യൂണിവേഴ്സിറ്റി ഓഫ് സാന്‍ മാര്‍കോസില്‍ ഞാന്‍ ചേര്‍ന്നതുതന്നെ അവിടെ എനിക്ക് ഇടപഴകാനാവുന്ന കമ്യൂണിസ്റ്റുകള്‍ ഉണ്ടാവുമെന്ന സങ്കല്പത്തിലാണ്. അവിടെ ഉണ്ടായിരുന്നുതാനും. പക്ഷേ ലാറ്റിനമേരിക്കയിലെ കമ്യൂണിസം, മോസ്കോയിലെ കമ്മിന്റേണിന് വിധേയരായ പാര്‍ട്ടികളോടുകൂടിയ ശുദ്ധമായ സ്റ്റാലിനിസമായിരുന്നു. ഒരു കൊല്ലമേ ഞാന്‍ തീവ്രവാദി ആയിരുന്നുള്ളൂ. പിന്നീട് കുറേക്കൂടി അയഞ്ഞ സമ്പ്രദായത്തിലുള്ള സോഷ്യലിസ്റ്റ് ആയി തുടര്‍ന്നു. ക്യൂബന്‍ വിപ്ലവത്താല്‍ ശാക്തീകരിക്കപ്പെട്ട, ആദ്യം വ്യത്യസ്തമെന്നും സോഷ്യലിസത്തിന്റെ സൈദ്ധാന്തികകാര്‍ക്കശ്യങ്ങള്‍ കുറഞ്ഞതെന്നും തോന്നിച്ച നിലപാടായിരുന്നു അത്. ഞാന്‍ ഉത്സുകനായി. 1970കളില്‍ ഞാന്‍ ക്യൂബയിലേക്ക് അഞ്ചുതവണ പോയി. പക്ഷേ UMAP-മിലിറ്ററി യൂണിറ്റ്സ് റ്റു എയ്ഡ് പ്രൊഡക്ഷന്‍- അവതരിപ്പിക്കപ്പെട്ടതോടെ ക്രമേണ, നിരാശ കടന്നുവന്നു. എനിക്കറിയാവുന്ന ചെറുപ്പക്കാര്‍ക്കെതിരെ മിന്നലാക്രമണങ്ങള്‍ ഉണ്ടായി. അത് ക്ലേശകരമായിരുന്നു. ഞാന്‍ ക്ഷുഭിതനാണെന്നും സോഷ്യലിസത്തിന്റെ സഹിഷ്ണുതയുള്ളതും തുറന്ന ശൈലിയുള്ളതും ആണെന്ന് പറയപ്പെടുന്ന ക്യൂബക്ക് എങ്ങനെയാണ് നിസ്സാരക്കാരെയും സ്വവര്‍ഗ്ഗരതിക്കാരെയും സാധാരണ കുറ്റവാളികളോടൊപ്പം കോണ്‍സന്‍ട്രേഷന്‍ ക്യാമ്പുകളില്‍ ഇടാന്‍ കഴിയുന്നത് എന്ന് ചോദിച്ചും ഫിദലിന് സ്വകാര്യമായി ഒരു കത്തെഴുതിയത് ഞാന്‍ ഓര്‍ക്കുന്നു. എന്നെയും വേറെ ഒരു ഡസന്‍ ബുദ്ധിജീവികളെയും സംസാരത്തിനായി ഫിദല്‍ ക്ഷണിച്ചു. വൈകുന്നേരം എട്ടു മുതല്‍ പിറ്റേന്ന് രാവിലെ എട്ടുവരെ പന്ത്രണ്ടുമണിക്കൂര്‍ നേരം, പ്രധാനമായും അദ്ദേഹം പറയുന്നത് കേട്ടുകൊണ്ട് ഞങ്ങള്‍ രാത്രി മുഴുവന്‍ ചെലവഴിച്ചു. അത് ഹൃദയഹാരിയായിരുന്നു, പക്ഷേ ബോദ്ധ്യപ്പെടുത്തുന്നതായിരുന്നില്ല. അതിനു ശേഷം ഞാന്‍ സംശയാലുവായി. നിര്‍ണ്ണായകമായ പിളര്‍പ്പ് വന്നത് പഡില കേസോടുകൂടിയാണ് – പൊതുസ്ഥലത്തുവെച്ച് സ്വയം അപകീര്‍ത്തിപ്പെടുത്താന്‍ ബാദ്ധ്യസ്ഥനായ എഴുത്തുകാരന്‍ ഹെബെര്‍ട്ടോ പഡില 1971ല്‍ ജയിലിലടക്കപ്പെട്ടതോടെ ക്യൂബന്‍ ഭരണവ്യവസ്ഥയും പ്രധാന ബുദ്ധിജീവികളും തമ്മിലുണ്ടായിരുന്ന കാവ്യാത്മക ബന്ധത്തിന് അവസാനം കുറിച്ചു. ജനാധിപത്യത്തെ സ്വീകരിക്കുകയും സ്വതന്ത്രചിന്താപദ്ധതിയിലേക്ക് ക്രമേണ നീങ്ങുകയും എന്ന നീണ്ടതും വിഷമകരവുമായ പ്രക്രിയയിലൂടെ ഞാന്‍ കടന്നുപോയി. മാര്‍ഗരറ്റ് താച്ചറുടെ കാലത്ത് ബ്രിട്ടനില്‍ താമസിക്കാന്‍ എനിക്ക് ഭാഗ്യമുണ്ടായി.

നിങ്ങള്‍ വരച്ച മാര്‍ഗരറ്റ് താച്ചറുടെ, ധീരയും സംസ്കാരസമ്പന്നയുമായ ദൃഢമായ സ്വതന്ത്രചിന്താഗതിയുള്ള വനിത എന്ന ചിത്രം, നമുക്ക് പൊതുവെ പരിചയമുള്ള ചിത്രത്തില്‍നിന്ന് വിഭിന്നമാണ്.

അത് തികച്ചും അന്യായമായ ചിത്രണമാണ്. ഞാന്‍ ഇംഗ്ലണ്ടില്‍ വരുമ്പോള്‍ അതൊരു ക്ഷയിക്കുന്ന രാജ്യമാണ് – സ്വാതന്ത്ര്യമുള്ള രാജ്യമാണെങ്കിലും ലേബര്‍ പാര്‍ട്ടിയുടെ സാമ്പത്തിക ദേശീയവാദത്താല്‍ ക്രമേണ അതിന്റെ സ്വഭാവഘടന നശിച്ചുകൊണ്ടിരുന്നു. മാര്‍ഗരറ്റ് താച്ചറുടെ വിപ്ലവം ഇംഗ്ലണ്ടിനെ ഉണര്‍ത്തി. കഠിനമായ സമയമായിരുന്നു അത്; ട്രേഡ് യൂണിയനുകളുടെ കര്‍മ്മരഹിതവേതനത്തിന് അറുതിവരുത്തുക, ഒരു സ്വതന്ത്ര കമ്പോള സമൂഹം സൃഷ്ടിക്കുക, സോഷ്യലിസം, ചൈന, USSR തുടങ്ങിയ ചരിത്രത്തിലെ ഏറ്റവും ക്രൂരരായ ഏകാധിപതികളെ നേരിടുമ്പോള്‍ത്തന്നെ ദൃഢനിശ്ചയത്തോടെ ജനാധിപത്യത്തെ സംരക്ഷിക്കുക. അത് എനിക്ക് നിര്‍ണ്ണായകമായ വര്‍ഷങ്ങളായിരുന്നു. കാരണം ഞാന്‍ ഹായെക്കിനെയും പോപ്പറിനെയും വായിക്കാന്‍ തുടങ്ങിയിരുന്നു. രണ്ടുപേരെയും താച്ചര്‍ ഉദ്ധരിക്കാറുണ്ട്. ദ ഓപ്പണ്‍ സൊസൈറ്റി ആന്റ് ഇറ്റ്സ് എനിമി എന്നത് ഇരുപതാം നൂറ്റാണ്ടിലെ നിര്‍ണ്ണായകമായ പുസ്തകം ആയിരിക്കുമെന്ന് അവര്‍ പറഞ്ഞു. സ്വാതന്ത്ര്യത്തിന്റെ സംസ്കാരത്തിന് താച്ചറുടെയും റൊണാള്‍ഡ് റീഗന്റെയും സംഭാവനകള്‍ – ജനാധിപത്യസംസ്കാരം നേരിട്ട ഏറ്റവും വലിയ വെല്ലുവിളിയായ സോവിയറ്റ് യൂണിയനുമായുള്ള ബന്ധം അവസാനിപ്പിക്കല്‍- നേട്ടങ്ങള്‍ കുറവായ ഇടതുപക്ഷത്തിന്റെ പ്രചരണത്തില്‍ സ്വാധീനിക്കപ്പെട്ട് ഒരു മാധ്യമത്തില്‍ നിര്‍ഭാഗ്യകരമായി ചിത്രീകരിക്കപ്പെട്ട ഒരു യാഥാര്‍ത്ഥ്യമാണ്.

ഇപ്പോള്‍ പാശ്ചാത്യ ജനാധിപത്യത്തിന്റെ ഏറ്റവും വലിയ വെല്ലുവിളി എന്താണ്?

ജനപ്രിയതാസിദ്ധാന്തമാണ് ഏറ്റവും വലിയ ശത്രു. ശരിയായി ചിന്തിച്ചാല്‍ ആരും അവരുടെ രാജ്യത്തെ ഉത്തരകൊറിയ, ക്യൂബ, വെനെസ്വെല തുടങ്ങിയവയുടെ മാതൃകയിലാക്കാന്‍ ആഗ്രഹിക്കില്ല. ഇപ്പോള്‍ത്തന്നെ രാഷ്ട്രീയജീവിതത്തിന്റെ അറ്റത്താണ് മാര്‍ക്സിസം. പക്ഷേ ജനപ്രിയതാസിദ്ധാന്തം അങ്ങനെയല്ല. അത് ജനാധിപത്യത്തെ ഉള്ളില്‍നിന്നുകൊണ്ടുതന്നെ തകര്‍ക്കുന്നു. പ്രത്യയശാസ്ത്രത്തെ അപേക്ഷിച്ച് വളഞ്ഞ പ്രവണതയാണത്. ജനാധിപത്യത്തെ ക്ഷയിപ്പിക്കുന്നതും നിര്‍ഭാഗ്യവശാല്‍ എളുപ്പത്തില്‍ വ്രണപ്പെടുന്നതും ആണത്.

കൂടുതല്‍ വായിക്കാം: https://goo.gl/2P7xFQ

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍