UPDATES

വിദേശം

പാകിസ്താന്റെ പുതിയ പ്രസിഡന്റും നെഹ്രുവിന്റെ പല്ലും തമ്മിലെന്ത്?

ജവഹര്‍ലാല്‍ നെഹ്രുവുമായി ആരിഫ് ആല്‍വിയുടെ പിതാവിനുള്ള ബന്ധം പിടിഐ വെബ്‌സൈറ്റിലെ അദ്ദേഹത്തിന്റെ ലഘു ജീവചരിത്രത്തില്‍ കാണാം. ഡോ.ഇലാഹി ആല്‍വിക്ക് നെഹ്രു എഴുതിയ കത്തുകള്‍ ആരിഫ് ആല്‍വിയുടെ കുടുംബം ഇന്നും സൂക്ഷിക്കുന്നുണ്ട്.

പാകിസ്താന്റെ പുതിയ പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ട പിടിഐ (പാകിസ്താന്‍ തെഹ്രീക് ഇ ഇന്‍സാഫ്) നേതാവ് ഡോ.ആരിഫ് ആല്‍വിക്ക് ഇന്ത്യയുമായി വലിയ അടുപ്പമാണുള്ളത്. ആരിഫ് ആല്‍വിയുടെ പിതാവ് ഡോ. ഹബീബുര്‍ റഹ്മാന്‍ ഇലാഹി ആല്‍വി, ജവഹര്‍ലാല്‍ നെഹ്രുവിന്റെ ഡെന്റിസ്റ്റായിരുന്നു. ഇമ്രാന്‍ ഖാന്റെ പിടിഐയുടെ സ്ഥാപക നേതാക്കളിലൊരാളായ 69കാരനായ ആരിഫ് ആല്‍വിയും പിതാവിനെ പോലെ ഡെന്റിസ്റ്റാണ്. പാകിസ്താന്‍ മുസ്ലീമ ലീഗ് (നവാസ്) സ്ഥാനാര്‍ത്ഥി മൗലാന ഫസലുള്‍ റഹ്മാനേയും പാകിസ്താന്‍ പീപ്പിള്‍സ് പാര്‍ട്ടിയുടെ (പിപിപി) ഐസാസ് അഹ്‌സാനേയും പരാജയപ്പെടുത്തിയാണ് രാജ്യത്തിന്റെ 13ാമത് പ്രസിഡന്റായി ആരിഫ് ആല്‍വി തിരഞ്ഞെടുക്കപ്പെട്ടത്.

ജവഹര്‍ലാല്‍ നെഹ്രുവുമായി ആരിഫ് ആല്‍വിയുടെ പിതാവിനുള്ള ബന്ധം പിടിഐ വെബ്‌സൈറ്റിലെ അദ്ദേഹത്തിന്റെ ലഘു ജീവചരിത്രത്തില്‍ കാണാം. ഡോ.ഇലാഹി ആല്‍വിക്ക് നെഹ്രു എഴുതിയ കത്തുകള്‍ ആരിഫ് ആല്‍വിയുടെ കുടുംബം ഇന്നും സൂക്ഷിക്കുന്നുണ്ട്. അതേസമയം നെഹ്രുവിന്റെ ഡെന്റിസ്റ്റിന്റെ മകന്‍ എന്നത് മാത്രമല്ല ആരിഫ് ആല്‍വിക്ക് ഇന്ത്യയുമായുള്ള ബന്ധം. മുന്‍ പ്രസിഡന്റുമാരായ ജനറല്‍ പര്‍വേസ് മുഷറഫിന്റെയും മംമ്‌നൂണ്‍ ഹുസൈന്റേയും കുടുംബത്തെയെന്ന പോലെ വിഭജനകാലത്ത് പാകിസ്താനിലേയ്ക്ക് കുടിയേറിയതാണ് അദ്ദേഹത്തിന്റെ കുടുംബം. കറാച്ചിയിലാണ് ഡോ.ഇലാഹി ആല്‍വിയും കുടുംബവും താമസമാക്കിയത്. ആരിഫ് ഉര്‍ റഹ്മാന്‍ ആല്‍വിയുടെ ജനനവും 1949ല്‍ കറാച്ചിയിലാണ്. ജിന്ന കുടുംബവുമായും ഇവര്‍ക്ക് അടുത്ത ബന്ധമാണുള്ളത്.

19ാം വയസില്‍ ആരിഫ് ആല്‍വി രാഷ്ട്രീയ പ്രവര്‍ത്തനം തുടങ്ങി. ലാഹോറിലെ പഞ്ചാബ് യൂണിവേഴ്‌സിറ്റിക്ക് കീഴിലുള്ള ഡി മോണ്ട്‌മോണ്‍റെന്‍സി കോളേജ് ഓഫ് ഡെന്റിസ്ട്രിയില്‍ വിദ്യാര്‍ത്ഥി ആയിരിക്കെയാണ് ഇത്. യുഎസിലെ മിഷിഗണ്‍ സര്‍വകലാശാല, യൂണിവേഴ്‌സിറ്റി ഓഫ് പസിഫിക് എന്നിവിടങ്ങളിലായിരുന്നു ഉപരിപഠനം. ജമാഅത്തെ ഇസ്ലാമിയുടെ വിദ്യാര്‍ത്ഥി വിഭാഗം പ്രവര്‍ത്തകനായിരുന്നു ആരിഫ് ആല്‍വി. അയൂബ് ഖാന്റെ പട്ടാള ഭരണകൂടത്തിനെതിരായ പ്രതിഷേധത്തില്‍ പങ്കെടുക്കവേ ആരിഫിന് വെടിവയ്പില്‍ പരിക്കേറ്റു.

1979ല്‍ ആദ്യമായി തിരഞ്ഞെടുപ്പില്‍ മത്സരിച്ചെങ്കിലും പരാജയപ്പെട്ടു. പിന്നീട് ദീര്‍ഘകാലം സജീവ രാഷ്ട്രീയത്തില്‍ നിന്ന് വിട്ടുനിന്ന ആരിഫ് ആല്‍ഫി ക്രിക്കറ്റ് താരം ഇമ്രാന്‍ ഖാന്‍ 1996ല്‍ പിടിഐ രൂപീകരിച്ചപ്പോള്‍ അതിന്റെ സ്ഥാപക നേതാക്കളിലൊരാളാവുകയായിരുന്നു. 1997ലെ പൊതുതിരഞ്ഞെടുപ്പില്‍ മത്സരിച്ചെങ്കിലും പരാജയപ്പെട്ടു. 2006 മുതല്‍ 2013 വരെ പിടിഐ സെക്രട്ടറി ജനറലായി പ്രവര്‍ത്തിച്ചു. 2013ലെ തിരഞ്ഞെടുപ്പില്‍ കറാച്ചി എന്‍എ 250 മണ്ഡലത്തില്‍ നിന്ന് പാക് ദേശീയ അസംബ്ലിയിലേയ്ക്ക് തിരഞ്ഞെടുക്കപ്പെട്ടു. 2018ലെ തിരഞ്ഞെടുപ്പില്‍ ഇവിടെ നിന്ന് വീണ്ടും ജയിച്ചു.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍