UPDATES

ന്യൂസ് അപ്ഡേറ്റ്സ്

കൃഷ്ണനെ പൂവാലനെന്ന് വിളിച്ച് പുലിവാല് പിടിച്ചു: ക്ഷമാപണവും രസികന്‍ വിശദീകരണങ്ങളുമായി പ്രശാന്ത് ഭൂഷണ്‍

“റോമിയോ സ്‌ക്വാഡും കൃഷ്ണനുമായി ബന്ധിപ്പിച്ചുള്ള എന്റെ പരാമര്‍ശങ്ങള്‍ അനുചിതവും നിരവധി പേരുടെ വികാരങ്ങളെ വ്രണപ്പെടുത്തുന്നതുമായി. മാപ്പ് പറയുന്നു. എന്റെ ട്വീറ്റ് പിന്‍വലിക്കുകയാണ്” – പ്രശാന്ത് ഭൂഷണ്‍ വ്യക്തമാക്കി.

ശ്രീകൃഷ്ണനെ പൂവാലനെന്ന് വിളിച്ച് പുലിവാല് പിടിച്ച മുതിര്‍ന്ന സുപ്രീംകോടതി അഭിഭാഷകന്‍ പ്രശാന്ത് ഭൂഷണ്‍ ഖേദം പ്രകടിപ്പിച്ചു. ത്തര്‍പ്രദേശില്‍ ബിജെപി പ്രവര്‍ത്തകരും പൊലീസും ചേര്‍ന്നുള്ള ആന്റി റോമിയോ സ്‌ക്വാഡിനെ പരിഹസിച്ചായിരുന്നു പ്രശാന്ത് ഭൂഷന്റെ പ്രസ്താവന. റോമിയോ ഒരു സ്ത്രീയെ മാത്രമേ പ്രണയിച്ചിട്ടുള്ളൂ എന്നും ഭഗവാന്‍ ശ്രീകൃഷ്ണനാണ് ഇക്കാര്യത്തില്‍ വീരനെന്നും പ്രശാന്ത് ഭൂഷണ്‍ അഭിപ്രായപ്പെട്ടിരുന്നു. ആന്റി കൃഷ്ണ സ്‌ക്വാഡുകള്‍ രൂപീകരിക്കാന്‍ ആദിത്യനാഥിന് ധൈര്യമുണ്ടോ എന്നായിരുന്നു പ്രശാന്ത് ഭൂഷന്റെ ചോദ്യം. ഹിന്ദുത്വ വര്‍ഗീയ സംഘടനകള്‍ ഇതിന് പിന്നാലെ പ്രശാന്ത് ഭൂഷണ് നേരെ ആക്രമണവുമായി രംഗത്തെത്തി. പ്രശാന്ത് ഭൂഷന്റെ ഡല്‍ഹിയിലെ വീടിന് നേരെയും ആക്രമണമുണ്ടായി. ഇതേ തുടര്‍ന്നാണ് ഖേദപ്രകടനവും വിശദീകരണവുമായി അദ്ദേഹം രംഗത്തെത്തിയത്.

“കൃഷ്ണനും സ്ത്രീകളെ ആകര്‍ഷിക്കുന്നതില്‍ കേമനായിരുന്നു എന്നാണ് താന്‍ ഉദ്ദേശിച്ചതെന്നും താന്‍ പറഞ്ഞത് വളച്ചൊടിച്ചതായും ആദ്യ വിശദീകരണത്തില്‍ പ്രശാന്ത് ഭൂഷണ്‍ പറഞ്ഞു. ഈ സാഹചര്യത്തില്‍ റോമിയോ സ്‌ക്വാഡ് യുക്തിരഹിതമാണ്”.


“കൃഷ്ണന്‍ ഗോപികമാരെ തന്നിലേയ്ക്ക് ആകര്‍ഷിച്ചിരുന്നതിന്റേയും കൃഷ്ണന്റെ പ്രണയലീലകളുടേയും കഥകള്‍ കേട്ടാണ് ഞങ്ങള്‍ വളര്‍ന്നത്. റോമിയോ സ്‌ക്വാഡിന്റെ യുക്തി വച്ച് നോക്കിയാല്‍ അദ്ദേഹം ചെയ്തതും ക്രിമിനല്‍ പ്രവൃത്തിയാണ്”.
ആരുടേയും വികാരങ്ങളെ വ്രണപ്പെടുത്താന്‍ ശ്രമിച്ചിട്ടില്ലെന്നും രണ്ടാമത്തെ ട്വീറ്റില്‍ പ്രശാന്ത് ഭൂഷണ്‍ പറയുന്നു.

മൂന്നാമത്തെ ട്വീറ്റ് പ്രശാന്ത് ഭൂഷന്റെ വീട്ടിലെ രാധാ-കൃഷ്ണ ചിത്രത്തോടെയുള്ളതാണ്. “ഞാന്‍ മതവിശ്വാസിയല്ല, എന്നാല്‍ എന്റെ അമ്മ വിശ്വാസിയാണ്. ഇത് എന്റെ വീട്ടിലെ രാധാ-കൃഷ്ണ പെയ്ന്റിംഗാണ്” – പ്രശാന്ത് ഭൂഷണ്‍ പറയുന്നു.

എന്നാല്‍ ഇന്നത്തെ ട്വീറ്റില്‍ എല്ലാ വിശദീകരണങ്ങളും പിന്‍വലിച്ച് ഭൂഷണ്‍ മാപ്പ് പറഞ്ഞിരിക്കുകയാണ്. “റോമിയോ സ്‌ക്വാഡും കൃഷ്ണനുമായി ബന്ധിപ്പിച്ചുള്ള എന്റെ പരാമര്‍ശങ്ങള്‍ അനുചിതവും നിരവധി പേരുടെ വികാരങ്ങളെ വ്രണപ്പെടുത്തുന്നതുമായി. മാപ്പ് പറയുന്നു. എന്റെ ട്വീറ്റ് പിന്‍വലിക്കുകയാണ്” – പ്രശാന്ത് ഭൂഷണ്‍ വ്യക്തമാക്കി.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍