UPDATES

വായിച്ചോ‌

ചുവന്ന തെരുവുകള്‍ ചെറുതാവുന്നതിന് പിന്നിലെ യഥാര്‍ത്ഥ കാരണങ്ങള്‍

റോഡുകള്‍ വികസിക്കുന്നു, ഷോപ്പിംഗ് മാളുകളും മറ്റ് സ്ഥാപനങ്ങളും വരുന്നു. ഇങ്ങനെ കാമാത്തിപുര മറ്റൊരു തലത്തിലേയ്ക്ക് പോവുകയാണ്.

ഇന്ത്യയിലെ പ്രധാന നഗരങ്ങളില്‍ ചുവന്ന തെരുവുകള്‍ എന്നറിയപ്പെടുന്ന ലൈംഗികത്തൊഴിലാളി കേന്ദ്രങ്ങള്‍ ഉള്‍പ്പെട്ട പ്രദേശങ്ങള്‍ ചെറുതാവുന്നതായാണ് റിപ്പോര്‍ട്ട്. രാജ്യത്തെ ഏറ്റവും വലിയ ചുവന്ന തെരുവായ മുംബൈയിലെ കാമാത്തിപുരയിലും ഡല്‍ഹിയിലെ ചുവന്ന തെരുവായ ജിബി റോഡിലും വേശ്യാലയങ്ങളുടെ എണ്ണം കുറഞ്ഞിരിക്കുന്നു. പണം കൊടുത്ത് നേടുന്ന സെക്‌സിനായി ഓണ്‍ലൈന്‍ സൈറ്റുകളും ഹോട്ടല്‍ മുറികളും അപ്പാര്‍ട്ട്‌മെന്റുകളും മസാജ് പാര്‍ലറുകളും സജീവമാണ്. ഫോണ്‍കോള്‍, വാട്‌സ് ആപ്പ് വഴി ആശയവിനിമയവും സുഗമമായതിനാല്‍ ചുവന്ന തെരുവ് തേടി പോകുന്നവരുടെ എണ്ണം കുറഞ്ഞിരിക്കുന്നു. എന്നാല്‍ ഇതിന് പുറമെ മറ്റ് ചില് പ്രധാന കാരണങ്ങള്‍ കൂടിയുണ്ട് ചുവന്ന തെരുവുകളുടെ ശോഷണത്തിന് പിന്നില്‍.

ഏഷ്യയിലെ തന്നെ ഏറ്റവും വലിയ ചുവന്ന തെരുവുകളില്‍ ഒന്നായ കാമാത്തിപുരയില്‍ നേരത്തെ 14 ലേനുകളിലായി ഉണ്ടായിരുന്ന വേശ്യാലയങ്ങള്‍ രണ്ട് ലേനിലേയ്ക്ക് ചുരുങ്ങി. റിയല്‍ എസ്റ്റേറ്റ് വികസനമാണ് ചുവന്ന തെരുവുകളെ വിഴുങ്ങുന്നതെന്നാണ് റിപ്പോര്‍ട്ട്. കാമാത്തിപുരയെ അപേക്ഷിച്ച് കൊല്‍ക്കത്തയിലെ സോനാഗച്ചിയില്‍ ലൈംഗിക വ്യാപാരം ശക്തമാണെങ്കിലും ലൈംഗികത്തൊഴില്‍ ഇവിടെ കേന്ദ്രീകരിക്കുന്നില്ല. അഞ്ച് ഇടങ്ങളിലായിരുന്നു ബിട്ടീഷ് ഇന്ത്യയില്‍ ഡല്‍ഹിയിലെ വേശ്യാത്തെരുവുകള്‍. ഇത് ജിബി റോഡിലേയ്ക്ക് ഒന്നിച്ച് കൊണ്ടുവരാന്‍ ശ്രമിച്ചത് ബ്രിട്ടീഷുകാരാണ്. എന്നാല്‍ സ്വാതന്ത്ര്യത്തിന് ശേഷമാണ് ഇതൊരു ചുവന്ന തെരുവായി വളര്‍ന്നത്. താഴത്തെ നിലയില്‍ കടകളും മുകളില്‍ വേശ്യാലയവും എന്നതാണ് ജിബി റോഡിന്റെ അവസ്ഥ. ഡല്‍ഹി വനിതാ കമ്മീഷന്റെ കണക്ക് പ്രകാരം ജിബി റോഡില്‍ നിലവില്‍ 90 വേശ്യാലയങ്ങളും അയ്യായിരത്തോളം ലൈംഗികത്തൊഴിലാളികളുമാണ് ഉള്ളത്. 2001ല്‍ ഉണ്ടായിരുന്നതിന്റെ 25 ശതമാനം വേശ്യാലയങ്ങള്‍ മാത്രമാണ് ബാക്കിയുള്ളത്.

2001ല്‍ ഡല്‍ഹിയില്‍ മനുഷ്യക്കടത്തിനെതിരെ അധികൃതര്‍ നടപടി ശക്തമാക്കിയിരുന്നു. വ്യാപകമായി റെയ്ഡുകള്‍ നടന്നു. ലൈംഗിത്തൊഴിലാളികളുടെ പുനരധിവാസം സംബന്ധിച്ച് ചര്‍ച്ചകള്‍ സജീവമായിരുന്നെങ്കിലും നടപടിയൊന്നും ഉണ്ടായില്ലെന്ന് ശക്തിവാഹിനി പോലുള്ള എന്‍ജിഒകള്‍ പറയുന്നു. കഴിഞ്ഞ അഞ്ച് വര്‍ഷത്തിനിടെ നൂറിലധികം റെയ്ഡുകളാണ് പൊലീസ് ശക്തിവാഹിനിയുടെ സഹായത്തോടെ ഇവിടെ നടത്തിയത്. 68 പേരെ മനുഷ്യക്കടത്തില്‍ നിന്ന് രക്ഷപ്പെട്ടു. കൂട്ടിക്കൊടുപ്പുകാര്‍ നടത്തുന്ന കുറ്റകൃത്യങ്ങള്‍ ഗൗരവമുള്ള പ്രശ്‌നമാണെന്ന് എന്‍ജിഒകള്‍ ചൂണ്ടിക്കാട്ടുന്നു. പണം കൊടുത്ത് സെക്‌സിനെത്തുന്ന ഉപഭോക്താക്കളെ കൊള്ളയടിക്കാനും ഉപദ്രവിക്കാനും പിമ്പുകള്‍ തുടങ്ങി. ചുവന്ന തെരുവില്‍ പോയ കാര്യം മറ്റുള്ളവര്‍ അറിയരുതെന്ന് കരുതി പലരും ഇത്തരം അനുഭവങ്ങള്‍ പുറത്ത് പറയാറില്ല. ജിബി റോഡിലെ ലൈംഗിക ഉപഭോക്താക്കളുടെ തിരക്ക് കുറയാനുള്ള കാരണങ്ങളിലൊന്ന് പിമ്പുകള്‍ നടത്തുന്ന അക്രമമാണ്.

റിയല്‍ എസ്റ്റേറ്റ് ബിസിനസുകാര്‍ പിമ്പുകള്‍ക്ക് പണം നല്‍കി ലൈംഗിക വ്യാപാരം ഇടിക്കാന്‍ ശ്രമിക്കുകയാണെന്ന് എന്‍ജിഒകള്‍ കരുതുന്നു. ആവശ്യക്കാര്‍ ഇല്ലാതായാല്‍ വേശ്യാലയങ്ങള്‍ പൂട്ടാന്‍ ഉടമകള്‍ നിര്‍ബന്ധിതരാകും. കെട്ടിടവും സ്ഥലവും വിറ്റ് പോവുകയും ചെയ്യും. പിമ്പുകളില്‍ നിന്നുള്ള പീഡനങ്ങളെ കുറിച്ച് ലൈംഗികത്തൊഴിലാളികളായ സ്ത്രീകളും പറയുന്നുണ്ട്. പലരേയും മാരകമായി മര്‍ദ്ദിച്ച് പരിക്കേല്‍പ്പിച്ചിരുന്നു. ഈ പീഡനം സഹിക്കാനാവാതെ ഇവിടെ നിന്ന് രക്ഷപ്പെട്ട യുവതികളുണ്ട്. കാമാത്തിപുരയില്‍ ഈ റിയല്‍ എസ്റ്റേറ്റ് പ്രവര്‍ത്തനത്തിന് അല്‍പ്പം കൂടി വേഗതയുണ്ട്. 1970കളില്‍ പ്രശസ്ത ഫോട്ടോഗ്രാഫര്‍ മേരി എല്ലന്‍ മാര്‍ക്ക് കാമാത്തിപുര ചുവന്ന തെരുവിന്റെ ചിത്രങ്ങള്‍ പകര്‍ത്തിയിരുന്നു. ആ വിവരണത്തില്‍ നിന്നും ഏറെ മാറ്റങ്ങള്‍ ഇവിടെ വന്ന് കഴിഞ്ഞിരിക്കുന്നു. ഫാക് ലാന്‍ഡ് റോഡ് എന്ന പുസ്തകത്തിലാണ് മേരി ഇക്കാര്യം പറയുന്നത്.

1980കളുടെ അവസാനമാണ് മുംബൈയിലേയ്ക്ക് എയ്ഡ്‌സ് എത്തിയതോടെ കാമാത്തിപുരയിലേയ്ക്ക് പോകാന്‍ പലരും വിമുഖത പ്രകടിപ്പിച്ച് തുടങ്ങി. എയ്ഡ്‌സും മറ്റ് ലൈംഗിക രോഗങ്ങളും പടരാതിരിക്കാന്‍ പൊലീസും ഇവിടെ നിയന്ത്രണങ്ങള്‍ ശക്തമാക്കി. പല ലൈംഗികത്തൊഴിലാളികളും മറ്റ് നഗരങ്ങളിലേയ്ക്ക് പോയി. പലരപം ഡാന്‍സ് ബാറുകളില്‍ നര്‍ത്തകരായി. നിലവില്‍ 20 വേശ്യാലയങ്ങളും രണ്ടായിരത്തില്‍ താഴെ ലൈംഗിക തൊഴിലാളികളുമാണ് കാമാത്തിപുരയിലുള്ളത്. 1992ല്‍ ഇവിടെ അമ്പതിനായിരത്തോളം ലൈംഗികത്തൊഴിലാളികളുണ്ടായിരുന്നു. നിലവില്‍ ഇവിടെ റിയല്‍ എസ്റ്റേറ്റ് കമ്പനികളുടെ ഫ്‌ളാറ്റ് നിര്‍മ്മാണം സജീവമാണ്. സ്ഥലത്തിന്റെ വില കുതിച്ചുയരുന്നു. 2000ല്‍ ഇവിടെ ചതുരശ്ര അടിക്ക് 8000 മുതല്‍ 10,000 രൂപ വരെയായിരുന്നു വില. 2007ല്‍ ഇത് 10,000 മുതല്‍ 12,000 വരെയായി. നിലവില്‍ ഇത് 18,000 മുതല്‍ 20,000 വരെയാണെന്ന് ബില്‍ഡ് വെല്‍ ഡെവലപ്പേര്‍സിലെ പവന്‍ ബി ചന്ദന്‍ പറയുന്നു. കമാത്തിപുര ലേന്‍ രണ്ടില്‍ ഒരു 27 നില അപ്പാര്‍ട്ട്്‌മെന്റ് കെട്ടിടത്തിന്റെ നിര്‍മ്മാണത്തിലാണ് പവന്റെ കമ്പനി.

റോഡുകള്‍ വികസിക്കുന്നു, ഷോപ്പിംഗ് മാളുകളും മറ്റ് സ്ഥാപനങ്ങളും വരുന്നു. ഇങ്ങനെ കാമാത്തിപുര മറ്റൊരു തലത്തിലേയ്ക്ക് പോവുകയാണ്. വേശ്യാലയങ്ങള്‍ അടക്കമുള്ള കെട്ടിടങ്ങളുടെ ഉടമസ്ഥര്‍ക്കും സ്ഥലം ഉടമകള്‍ക്കും ഇവിടെ ഫ്ലാറ്റുകള്‍ ലഭിക്കും. എന്നാല്‍ ഇവിടെ യാതൊരു ഉടമസ്ഥാവകാശമോ കുടികിടപ്പവകാശമോ ഇല്ലാത്ത ലൈംഗിക തൊഴിലാളികള്‍ പുതിയ തെരുവുകളിലേയ്ക്ക് വലിച്ചെറിയപ്പെടും. അവര്‍ക്ക് യാതൊരു നഷ്ടപരിഹാരവും കിട്ടില്ല. ഇവരില്‍ പലരും മേഖലയയിലെ താമസക്കാരില്‍ നിന്നുള്ള കടുത്ത സമ്മര്‍ദ്ദം മൂലം ഇവിടം വിട്ടുകഴിഞ്ഞിരിക്കുന്നതായി പെഹ്ചാന്‍ എന്ന എന്‍ജിഒയുടെ പ്രവര്‍ത്തകനായ ബ്രിജേഷ് ആര്യ പറഞ്ഞു. ഒരു കാലത്ത് പ്രധാനമായും കാമാത്തിപുരയില്‍ കേന്ദ്രീകരിച്ചിരുന്ന മുംബൈയിലെ ലൈംഗികത്തൊഴിലും ലൈംഗിക വ്യാപാരവും നഗരത്തിന്റെ പല ഭാഗങ്ങളിലേയ്ക്കായും പ്രാന്ത പ്രദേശങ്ങളിലേയ്ക്കായും ചിതറിയിട്ടുണ്ട്. സ്മാര്‍ട്ട് ഫോണും വാട്‌സ് ആപ്പുമെല്ലാം ഉപഭോക്താക്കള്‍ക്ക് കാര്യങ്ങള്‍ എളുപ്പമാക്കിയിരിക്കുന്നു.

അതേസമയം സമാന്തരമായി ഓണ്‍ലൈന്‍ സെക്‌സ് വ്യാപാരം ശക്തി പ്രാപിച്ചിരിക്കുകയാണ്. 5000 മുതല്‍ 15,000 വരെ പണം മുടക്കാനും ഹോട്ടലുകളും അപ്പാര്‍ട്ട്‌മെന്റുകളും ഉപയോഗിക്കാനും ഉപഭോക്താക്കള്‍ തയ്യാറാണ്. വിവിധ തൊഴില്‍ മേഖലകളില്‍ നിന്നുള്ളവരെ ലൈംഗികത്തൊഴിലിന്റെ ഭാഗമാക്കുന്നു. ഹോട്ടലുകളിലേയ്ക്കും അപ്പാര്‍ട്ട്‌മെന്റുകളിലേയ്ക്കും ലൈംഗികത്തൊഴിലാളികളെ ക്ഷണിക്കുകയാണ് ആവശ്യക്കാര്‍. അത് വനിതാ ലൈംഗിത്തൊഴിലാളികള്‍ ആയാലും പുരുഷ ലൈംഗികത്തൊഴിലാളികള്‍ ആയാലും. എന്നാല്‍ കാമാത്തിപുരയേയും ജിബി റോഡിനേയും അപേക്ഷിച്ച് നോക്കുമ്പോള്‍ സോനാഗച്ചി ഇന്നും വളരെ പഴയ കാലത്താണ്. ഇവിടെ ലൈംഗികത്തൊഴിലാളികളുടെ എണ്ണം 7000ല്‍ നിന്ന് 11,000 ആയി ഉയരുകയാണ് ചെയ്തിരിക്കുന്നത് എന്ന കാര്യം ശ്രദ്ധേയമാണ്. ബിസിനസ് ഇടിയാത്തതിനാല്‍ റിയല്‍ എസ്റ്റേറ്റുകാര്‍ക്ക് സോനാ ഗച്ചിയില്‍ കൈ വയ്ക്കാന്‍ കഴിയുന്നില്ല. 150ലേറെ വീടുകള്‍ ലൈംഗിത്തൊഴിലിന് ഉപയോഗിക്കുന്നുണ്ട്.

വായനയ്ക്ക്: https://goo.gl/7Dg1PE

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍