UPDATES

വായിച്ചോ‌

മോദിയുടെ ‘റോ റോ’ ബോട്ട് സര്‍വീസ് ശരിക്കും ആദ്യത്തേതാണോ?

പദ്ധതി പൂര്‍ത്തിയാകാതെയാണ് റോ റോ സര്‍വീസ് ഉദ്ഘാടനം ചെയ്തിരിക്കുന്നത്. തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം നിലവില്‍ വരുന്നതിന് മുമ്പ് ഉദ്ഘാടനം നിര്‍വഹിക്കുക എന്ന ലക്ഷ്യത്തോടെയാണ്.

രാജ്യത്തെ ആദ്യത്തെ റോ റോ (റോള്‍ ഓണ്‍, റോള്‍ ഓഫ്) ബോട്ട് സര്‍വീസാണ് താന്‍ ഉദ്ഘാടനം ചെയ്തിരിക്കുന്നത് എന്നാണ് ഗുജറാത്തിലെ ഭവ്‌നഗര്‍ ജില്ലയിലെ ഘോഘയും ബറൂച്ചിലെ ദാഹജും തമ്മില്‍ ബന്ധിപ്പിക്കുന്ന സര്‍വീസ് ഉദ്ഘാടനം ചെയ്ത് പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞത്. ദക്ഷിണ പൂര്‍വേഷ്യയില്‍ തന്നെ ഇത്ര വലിയൊരു സമാന പദ്ധതി ആദ്യമാണെന്നും മോദി അവകാശപ്പെട്ടു. തിരഞ്ഞെടുപ്പ് കമ്മീഷന്‍, നിയമസഭാ തിരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിക്കാതിരിക്കുന്ന സാഹചര്യത്തില്‍ ഇത് മൂന്നാം തവണയാണ് വാഗ്ദാനങ്ങളും പദ്ധതി പ്രഖ്യാപനങ്ങളും ഉദ്ഘാടനങ്ങളുമായി മോദി ഗുജറാത്തിലെത്തിയത്. എന്നാല്‍ മോദി അവകാശപ്പെട്ടത് പോലെ രാജ്യത്തെ ആദ്യത്തെ റോ റോ ഫെറി സര്‍വീസാണോ ഗുജറാത്തിലേത്. അല്ല എന്നതാണ് വസ്തുത. അതേക്കുറിച്ച് scroll.inന്‍റെ റിപ്പോര്‍ട്ട് പറയുന്നു.

കാറുകളും ട്രക്കുകളും കൊണ്ടുപോകാന്‍ കഴിയുന്ന വലിയ ചങ്ങാട ബോട്ടുകളാണ് റോ റോ ബോട്ടുകള്‍. ഈ വര്‍ഷം മാര്‍ച്ചില്‍ അസമിലെ ധുബ്രി ജില്ലയില്‍ ബ്രഹ്മപുത്ര നദിയില്‍ റോ റോ ബോട്ടുകള്‍ പരീക്ഷിച്ചിരുന്നു. ജൂണില്‍ രണ്ട് റോ റോ ബോട്ടുകള്‍ കൊച്ചിന്‍ ഷിപ് യാര്‍ഡ് കൊച്ചി കോര്‍പ്പറേഷന് കൈമാറിയിരുന്നു. ഫോര്‍ട്ട് കൊച്ചിക്കും വൈപ്പിന്‍ ദ്വീപുകള്‍ക്കും ഇടയില്‍ സര്‍വീസ് നടത്താനാണ് ഉദ്ദേശിക്കുന്നത്. ആന്‍ഡമാന്‍ നിക്കോബാര്‍ ദ്വീപുകളിലും ഗോവയിലും സമാനമായ ചങ്ങാട സര്‍വീസുകളുണ്ട്. മറ്റ് ഏഷ്യന്‍ രാജ്യങ്ങളിലേയ്ക്ക് നോക്കുകയാണെങ്കില്‍ ബംഗ്ലാദേശിനും ഫിലിപ്പൈന്‍സിനുമെല്ലാം ഇത്തരം സര്‍വീസുകളുണ്ട്. ഫിലിപ്പൈന്‍സിനും ഇന്‍ഡോനേഷ്യയ്ക്കും ഇടയില്‍ സമാനമായ സര്‍വീസുണ്ട്. പക്ഷെ കൊച്ചി കോര്‍പ്പറേഷന്റെ രണ്ട് റോ റോ ബോട്ടുകള്‍ ഇതുവരെ സര്‍വീസ് തുടങ്ങിയിട്ടില്ല.

ഗോവയില്‍ ചെറിയ തോതിലാണെങ്കിലും സുവാരി നദിയില്‍ റോ റോ സര്‍വീസുണ്ട്. ആസാമിലെ റോ റോ സര്‍വീസില്‍ എട്ട് ട്രക്കുകളേയും 100 യാത്രക്കാരേയും ഒരേസമയം കൊണ്ടുപോകാനാവും. 46 കോടി രൂപ ചിലവിലാണ് ടെര്‍മിനല്‍ നിര്‍മ്മിച്ചത്. എന്നാല്‍ ഗുജറാത്തിലെ റോ റോ പദ്ധതിക്ക് 614 കോടി രൂപയാണ് ചിലവ് വന്നിരിക്കുന്നത്. 100 വാഹനങ്ങളും 250 യാത്രക്കാരും ഒരേസമയം ഇതില്‍ പോകുമെന്നാണ് പറയുന്നത്. അതേസമയം മറ്റൊരു പ്രശ്‌നമുണ്ട് മോദി ഉദ്ഘാടനം ചെയ്തിരിക്കുന്നത് റോ റോ പദ്ധതിയുടെ ആദ്യ ഘട്ടം മാത്രമാണ്. ഇതില്‍ യാത്രക്കാരെ മാത്രമേ കൊണ്ടുപോകൂ. അതായത് റോ റോയുടെ പ്രധാന സവിശേഷതയായ വാഹനങ്ങള്‍ കൊണ്ടുപോകാനുള്ള സൗകര്യം ഗുജറാത്തിലെ സര്‍വീസില്‍ വന്നിട്ടില്ല.

പദ്ധതി പൂര്‍ത്തിയാകാതെ റോ റോ സര്‍വീസ് ഉദ്ഘാടനം ചെയ്തിരിക്കുന്നത്. തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം നിലവില്‍ വരുന്നതിന് മുമ്പ് ഉദ്ഘാടനം നിര്‍വഹിക്കുക എന്ന ലക്ഷ്യത്തോടെയാണ്. പദ്ധതിയില്‍ മാറ്റം വരുത്താന്‍ സെപ്റ്റംബറില്‍ സര്‍ക്കാര്‍ നിര്‍ദ്ദേശം നല്‍കിയിരുന്നു. ഇതിന്റെ ഭാഗമായി യാത്രക്കാര്‍ക്ക് മാത്രം ഉപയോഗിക്കാനുള്ള സൗകര്യത്തില്‍ വാക് വേ ഘടിപ്പിച്ചു. വാഹനങ്ങള്‍ ബോട്ടിലേയ്ക്ക് കയറ്റാന്‍ വാക് വേ നീക്കം ചെയ്യുകയും ലിങ്ക് സ്പാന്‍ ഘടിപ്പിക്കുകയും വേണം. വാക് വേ മാറ്റി എപ്പോള്‍ ലിങ്ക് സ്പാന്‍ ഘടിപ്പിക്കുമെന്ന കാര്യത്തില്‍ വ്യക്തതയില്ല. 2013ല്‍ പൂര്‍ത്തിയാക്കാന്‍ ലക്ഷ്യമിട്ടിരുന്ന പദ്ധതിയുടെ ചിലവ് നേരത്തെ കണക്കാക്കിയത് 296 കോടി രൂപയെന്നായിരുന്നു. എന്നാല്‍ നിലവില്‍ അത് 614 കോടിയിലെത്തിയിരിക്കുന്നു.

വായനയ്ക്ക്: https://goo.gl/ETkLcK

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍