UPDATES

വായിച്ചോ‌

അമേരിക്കയെ ട്രോളി റഷ്യ: മോസ്‌കോ വിമാനത്താവളത്തില്‍ അമേരിക്കയെ പരിഹസിച്ച് പരസ്യങ്ങള്‍

പ്രസിഡന്റ് വ്‌ളാദിമിര്‍ പുടിന്‍ നേരിട്ട് അംഗീകാരം നല്‍കിയതാണ് ഈ ട്രോള്‍ പരസ്യങ്ങളെന്നാണ് RT വക്താവ് അന്ന ബെല്‍കിന ബസ് ഫീഡിനോട്‌ പറഞ്ഞത്.

MISSED A PLANE? LOST AN ELECTION? BLAME IT ON US! ( വിമാനത്തില്‍ കയറാന്‍ പറ്റിയില്ലേ? തിരഞ്ഞെടുപ്പില്‍ തോറ്റോ?, അതും ഞങ്ങളുടെ തലയില്‍ വയ്ക്കുന്നു!) റഷ്യന്‍ തലസ്ഥാനമായ മോസ്‌കോയിലെ ഷെറിമെത്യേവോ ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ടില്‍ ഇംഗ്ലീഷില്‍ പ്രത്യക്ഷപ്പെട്ടിരിക്കുന്ന പരസ്യങ്ങളിലൊന്നിലാണ് ഈ വാചകം. റഷ്യന്‍ വാര്‍ത്താ ചാനലായ RTയുടെ പരസ്യങ്ങളിലാണ് അമേരിക്കക്കാരെ ട്രോളുന്നത്. റഷ്യന്‍ ഗവണ്‍മെന്റിന്റെ പ്രൊപ്പഗാണ്ട ന്യൂസ് നെറ്റ്‌വര്‍ക്ക് ആണ് RT (Russia Today). യുഎസ് പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ റഷ്യ ഇടപെട്ടതായും ഡെമോക്രാറ്റിക് പാര്‍ട്ടി സ്ഥാനാര്‍ത്ഥിയായിരുന്ന ഹിലരി ക്ലിന്റനെ പരാജയപ്പെടുത്താന്‍ റിപ്പബ്ലിക്കന്‍ പാര്‍ട്ടി സ്ഥാനാര്‍ത്ഥി ഡൊണാള്‍ഡ് ട്രംപിന് വേണ്ടി നീക്കങ്ങള്‍ നടത്തിയതായുമുള്ള ആരോപണങ്ങള്‍ വലിയ വിവാദവും ചര്‍ച്ചയുമായിരുന്നു. ഇത്തരം ആരോപണങ്ങളെ പരിഹസിക്കുന്നതാണ് റഷ്യയുടെ ട്രോള്‍ പരസ്യങ്ങള്‍.

പോളിസി കണ്‍സള്‍ട്ടന്റും ഡെമോക്രാറ്റിക് പാര്‍ട്ടിയുടെ മുന്‍ പ്രസ് ഓഫീസറുമായ റേച്ചല്‍ പാലര്‍മോയാണ് ഈ ഫോട്ടോകള്‍ ട്വിറ്ററില്‍ പോസ്റ്റ് ചെയ്തത്. തുടര്‍ന്ന് ഇതിനെക്കുറിച്ച് അവര്‍ ബസ് ഫീഡിനോട് (https://www.buzzfeed.com) പ്രതികരിക്കുകയും ചെയ്തു. THE LONGER YOU WATCH, THE MORE UPSET HILLARY CLINTON BECOMES (നിങ്ങള്‍ കൂടുതല്‍ കാണുന്തോറും ഹിലരി ക്ലിന്റന്‍ കൂടുതല്‍ അസ്വസ്ഥയാകും) എന്ന് ഒരു പരസ്യം, BEWARE! A PROPAGANDA BULLHORN IS AT WORK HERE (സൂക്ഷിക്കുക, ഇവിടെ അപകടകരമായ ഒരു പ്രചാരണപ്രവര്‍ത്തനം നടക്കുന്നുണ്ട്), COME CLOSER AND FIND OUT WHO WE ARE PLANNING TO HACK NEXT (അടുത്തേയ്ക്ക് വരൂ, അടുത്തതായി ഞങ്ങള്‍ ആരെയാണ് ഹാക്ക് ചെയ്യാന്‍ പോകുന്നതെന്ന് കണ്ടുപിടിക്കൂ), THE CIA CALLS US A ‘PROPAGANDA MACHINE’, FIND OUT WHAT WE CALL THE CIA (സിഐഎ ഞങ്ങളെ വിളിക്കുന്നത് പ്രചാരണ യന്ത്രം എന്നാണ്, ഞങ്ങള്‍ സിഐഎയെ എന്താണ് വിളിക്കുന്നത് എന്ന് കണ്ടുപിടിക്കൂ), YES, WE ARE THE ONES – THE FRENCH PRESIDENT IS LYING ABOUT – LYING ABOUT HIM (അതെ, ഞങ്ങളാണ് അദ്ദേഹത്തെ പറ്റി നുണ പറയുന്നത് എന്ന് ഫ്രഞ്ച് പ്രസിഡന്റ് നുണ പറയുകയാണ്) – ഇങ്ങനെയോക്കെയാണ് പരസ്യങ്ങള്‍. ആഗോളതലത്തില്‍ റഷ്യനും ഇംഗ്ലീഷിനും പുറമെ സ്പാനിഷ് അടക്കം വിവിധ ഭാഷകളില്‍ വലിയ പ്രചാരം നേടിയിട്ടുള്ളതാണ് RTയുടെ ഇംഗ്ലീഷ് ചാനല്‍, വെബ് നെറ്റ്‌വര്‍ക്കുകള്‍. കഴിഞ്ഞ വര്‍ഷങ്ങളില്‍ കടുത്ത സെന്‍സര്‍ഷിപ്പ് RT ജീവനക്കാര്‍ക്ക് വലിയ സമ്മര്‍ദ്ദമുണ്ടാക്കിയിരുന്നു.

ഏതായാലും റേച്ചല്‍ പാലര്‍മോ ട്വിറ്ററില്‍ പോസ്റ്റ് ചെയ്ത റഷ്യയുടെ ട്രോള്‍ പരസ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായി. മോസ്‌കോയിലെ  വിമാനത്താവളങ്ങള്‍ക്ക് പുറമെ പുറമെ സെന്റ് പീറ്റേഴ്‌സ് ബര്‍ഗിലെ പുല്‍കോവോ എയര്‍പോര്‍ട്ട്, സോച്ചി ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ട് എന്നിവിടങ്ങളിലും ആര്‍ടി പരസ്യങ്ങള്‍ കണ്ടതായി റേച്ചല്‍ പറയുന്നു. പ്രസിഡന്റ് വ്‌ളാദിമിര്‍ പുടിന്‍ നേരിട്ട് അംഗീകാരം നല്‍കിയതാണ് ഈ ട്രോള്‍ പരസ്യങ്ങളെന്നാണ് RT വക്താവ് അന്ന ബെല്‍കിന ബസ്ഫീഡിനോട് പറഞ്ഞത്. പുടിന്‍ നേരിട്ട് പരസ്യങ്ങള്‍ക്ക് അംഗീകാരം നല്‍കി എന്ന് പറഞ്ഞത് തമാശയായാണോ എന്ന് ബസ് ഫീഡ് റിപ്പോര്‍ട്ടര്‍ ചോദിച്ചപ്പോള്‍ പുടിനെ കുറിച്ച് തമാശ പറയാനുള്ള അനുമതി റഷ്യക്കാര്‍ക്ക് ഇല്ലെന്നായിരുന്നു അന്ന ബെല്‍കിനയുടെ മറുപടി.

കഴിഞ്ഞ കുറച്ച് ദിവസങ്ങളായി അമേരിക്കന്‍ തിരഞ്ഞെടുപ്പിലെ റഷ്യന്‍ ഇടപെടല്‍ സംബന്ധിച്ച വിവാദങ്ങള്‍ വീണ്ടും സജീവമായിരുന്നു. റഷ്യന്‍ അഭിഭാഷക നടാലിയ വെസല്‍നിറ്റ്‌സ്‌കായയുമായി യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ മകന്‍ ട്രംപ് ജൂനിയര്‍ 2016 ജൂണില്‍ കൂടിക്കാഴ്ച നടത്തിയതായും ഹിലരിയുടെ പ്രചാരണം പൊളിക്കാന്‍ റഷ്യന്‍ ഗവണ്‍മെന്റിന്റെ സഹായം അവര്‍ വാഗ്ദാനം ചെയ്തിരുന്നതായും ഉള്ള വിവരങ്ങളാണ് പുറത്തുവന്നത്. ട്രംപ് ജൂനിയര്‍ റഷ്യയുമായി ബന്ധം പുലര്‍ത്തിയിരുന്നതായി അദ്ദേഹത്തിന്റെ ചോര്‍ന്ന ഇ മെയിലുകളും വ്യക്തമാക്കി. ട്രംപ് ജൂനിയറും റഷ്യന്‍ അഭിഭാഷകയും തമ്മിലുള്ള കൂടിക്കാഴ്ചയുടെ വിശദാംശങ്ങള്‍ എഫ്ബിഐ അന്വേഷിച്ചുവരുകയാണ്.

വായനയ്ക്ക്: https://goo.gl/RGanFL

 

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍