UPDATES

വായിച്ചോ‌

ഷിംല കോര്‍പ്പറേഷന്‍ തിരഞ്ഞെടുപ്പിലേയ്ക്ക്: സിപിഎമ്മുകാരായ മേയറും ഡെപ്യൂട്ടിമേയറും പടിയിറങ്ങുന്നത് നേട്ടങ്ങള്‍ ഉയര്‍ത്തിപ്പിടിച്ച്

സിപിഎമ്മുകാരായ മേയര്‍ സഞ്ജയ് ചൗഹാനും ഡെപ്യൂട്ടി മേയര്‍ തികേന്ദര്‍ പന്‍വാറും പടിയിറങ്ങുന്നത് അഞ്ച് വര്‍ഷത്തെ പ്രവര്‍ത്തന നേട്ടങ്ങള്‍ ഉയര്‍ത്തിപ്പിടിച്ചാണ്.

ഹിമാചല്‍പ്രദേശിലെ ഷിംല മുനിസിപ്പല്‍ കോര്‍പ്പറേഷന്‍ (എസ്എംസി) ഭരണസമിതി കാലാവധി പൂര്‍ത്തിയാക്കി വീണ്ടും തിരഞ്ഞെടുപ്പിലേയ്ക്ക് പോവുകയാണ്. സിപിഎമ്മുകാരായ മേയര്‍ സഞ്ജയ് ചൗഹാനും ഡെപ്യൂട്ടി മേയര്‍ തികേന്ദര്‍ പന്‍വാറും പടിയിറങ്ങുന്നത് അഞ്ച് വര്‍ഷത്തെ പ്രവര്‍ത്തന നേട്ടങ്ങള്‍ ഉയര്‍ത്തിപ്പിടിച്ചാണ്. ഷിംലയില്‍ ബദല്‍ വികസന, ഭരണ മാതൃക പ്രാബല്യത്തില്‍ കൊണ്ടുവരാന്‍ കഴിഞ്ഞതായി സിപിഎം അവകാശപ്പെടുന്നു.

ഈ രണ്ട് സ്ഥാനങ്ങളിലേയ്ക്കും നേരിട്ടുള്ള തിരഞ്ഞെടുപ്പിലൂടെയാണ് ഇരുവരും ജയിച്ചത്. വലിയ ജനപിന്തുണയാണ് ഇരുവര്‍ക്കും കി്ട്ടിയത്. അതേസമയം കോണ്‍ഗ്രസും ബിജെപിയും തന്നെയാണ് കോര്‍പ്പറേഷനിലെ ഏറ്റവും വലിയ കക്ഷികള്‍. ജനങ്ങളുടെ അടിസ്ഥാന സൗകര്യ പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണാന്‍ തങ്ങള്‍ക്ക് കഴിഞ്ഞതായി സഞ്ജയ് ചൗഹാന്‍ അവകാശപ്പെടുന്നു. നടപ്പാക്കിയ പദ്ധതികളും ക്ഷേമ പ്രവര്‍ത്തനങ്ങളും അദ്ദേഹം വിവരിച്ചു. 25 പൊതുകക്കൂസുകള്‍ പുതുതായി നിര്‍മ്മിക്കുകയും പരിതാപകരമായ അവസ്ഥയിലായിരുന്ന നൂറെണ്ണം നവീകരിക്കുകയും ചെയ്തു.

ജല ലഭ്യത ഉറപ്പ് വരുത്തിയിട്ടുണ്ട്. ശുദ്ധജല ലഭ്യത, ടൂറിസ്റ്റ് കേന്ദ്രമായ ഷിംലയില്‍ വലിയ പ്രശ്‌നമായിരുന്നു. മഞ്ഞപ്പിത്തം അടക്കമുള്ള രോഗങ്ങള്‍ പടര്‍ന്നുപിടിച്ചിരുന്നു. ഉദ്യോഗസ്ഥരുടെ അലംഭാവത്തിനെതിരെ സഞ്ജയ് ചൗഹാന്‍ കോടതിയെ സമീപിച്ചിരുന്നു. ഇതിനെ തുടര്‍ന്ന് മലിനജലത്തിന്റെ സ്രോതസായിരുന്ന അശ്വിനി ഖുദില്‍ നിന്നുള്ള വെള്ളമെടുക്കുന്നത് കോര്‍പ്പറേഷന്‍ നിര്‍ത്തി. സംസ്ഥാന സര്‍ക്കാരുമായി ബന്ധപ്പെടുകയും ജലവിതരണം ഒരു ഏജന്‍സിയെ ഏല്‍പ്പിക്കണമെന്ന് ആവശ്യപ്പെടുകയും ചെയ്തു.

ഇറിഗേഷന്‍ ആന്‍ഡ് പബ്ലിക് ഹെല്‍ത്ത് ഡിപ്പാര്‍ട്ട്‌മെന്റ് (ഐപിഎച്ച്) ആവശ്യത്തോട് കൈ മലര്‍ത്തുകയാണ് ചെയ്തത്. തുടര്‍ന്നാണ് തങ്ങള്‍ ഇതിന്റെ ഉത്തരവാദിത്തം ഏറ്റെടുത്തതെന്ന് ചൗഹാന്‍ പറയുന്നു. ഗിരി നദിയില്‍ നിന്ന് വെള്ളമെടുക്കാന്‍ തുടങ്ങി. 20 മില്യണ്‍ ലിറ്റര്‍ വരെ വെള്ളമാണ് പദ്ധതിയുടെ ഭാഗമായി ഒരു ദിവസം എത്തിക്കുന്നത്. കോര്‍പ്പറേഷന്‍ പരിധിയില്‍ മാത്രമല്ല, സമീപ പ്രദേശങ്ങളിലേയ്ക്കും ശുദ്ധജലം എത്തിക്കുന്നു. ഇതിനായി ഗ്രേറ്റര്‍ ഷിംല വാട്ടര്‍ സപ്ലൈ ആന്‍ഡ് സിവറേജ് സര്‍ക്കിള്‍ രൂപീകരിച്ചു. ജലവിതരണത്തിന്റെ സ്വകാര്യവത്കരണം അവസാനിപ്പിക്കാന്‍ കഴിഞ്ഞത്് വലിയ നേട്ടമായി വിലയിരുത്തപ്പെടുന്നു.

അതേസമയം പോരായ്മകളും ചൗഹാന്‍ എടുത്ത് കാട്ടുന്നുണ്ട്. വാര്‍ഡ് കമ്മിറ്റികള്‍ രൂപീകരിക്കാന്‍ കഴിയാഞ്ഞത് മറ്റ് പാര്‍ട്ടികളുടെ നിസഹകരണം മൂലമാണെന്ന് അദ്ദേഹം കുറ്റപ്പെടുത്തുന്നു. സ്ത്രീകള്‍ക്ക് വേണ്ടി പിങ്ക് ടാക്‌സി സര്‍വീസ് തുടങ്ങാന്‍ കോര്‍പ്പറേഷന്‍ തീരുമാനിച്ചിരുന്നെങ്കിലും സംസ്ഥാന സര്‍ക്കാര്‍ അംഗീകാരം നല്‍കിയില്ല. വോട്ടര്‍പട്ടികയിലെ പ്രശ്‌നങ്ങളുമായി ബന്ധപ്പെട്ട വിഷയങ്ങള്‍ മുന്‍നിര്‍ത്തി കോര്‍പ്പറേഷന്‍ തിരഞ്ഞെടുപ്പ് നീട്ടി വച്ചിരിക്കുകയാണ്. ജൂണ്‍ അഞ്ചിനാണ് നിലവിലെ ഭരണസമിതിയുടെ കാലാവധി പൂര്‍ത്തിയാകുന്നത്. തിരഞ്ഞെടുപ്പ് നീട്ടിവയ്ക്കുന്നതിന് കാരണം കോണ്‍ഗ്രസ് ആണെന്നാണ് ബിജെപിയുടെ ആരോപണം. ഈ വര്‍ഷം അവസാനം നടക്കാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പില്‍ പരാജയം ഭയക്കുന്ന വീരഭദ്ര സിംഗിന്റെ നേതൃത്വത്തിലുള്ള സര്‍ക്കാര്‍ തദ്ദേശ തിരഞ്ഞെടുപ്പുകള്‍ അട്ടിമറിക്കാന്‍ ശ്രമിക്കുകയാണെന്ന് ബിജെപി ആരോപിക്കുന്നു.

അതേസമയം ബിജെപിക്ക് ഈ വിഷയത്തില്‍ ഇരട്ടത്താപ്പാണ് ഉള്ളതെന്ന് സിപിഎം കുറ്റപ്പെടുത്തുന്നു. ഗോവയില്‍ തദ്ദേശ തിരഞ്ഞെടുപ്പ് നീട്ടി വച്ചവരാണ് ഹിമാചല്‍ പ്രദേശില്‍ ഈ നിലപാടെടുക്കുന്നതെന്ന് സഞ്ജയ് ചൗഹാന്‍ കുറ്റപ്പെടുത്തി. കോര്‍പ്പറേഷന്‍ തിരഞ്ഞെടുപ്പ് സമയത്ത് നടക്കണമെന്ന് തന്നെയാണ് സിപിഎമ്മിന്റെ നിലപാട്. എന്നാല്‍ വോട്ടര്‍പട്ടികയിലെ പ്രശ്‌നങ്ങള്‍ പരിഹരിക്കണം. ജനങ്ങളുടെ വോട്ടവകാശം സംരക്ഷിക്കപ്പെടണെന്നും ചൗഹാന്‍ പറഞ്ഞു.

പ്രേംകുമാര്‍ ധുമലിന്റെ നേതൃത്വത്തിലുള്ള ബിജെപി സര്‍ക്കാരിന്റെ കാലത്താണ് മേയര്‍, ഡെപ്യൂട്ടി മേയര്‍ തസ്തികകളിലേയ്ക്ക് പ്രത്യേകം നേരിട്ടുള്ള തിരഞ്ഞെടുപ്പുകള്‍ ഏര്‍പ്പെടുത്തിയത്. ഇപ്പോള്‍ ഇതൊഴിവാക്കാനാണ് ബിജെപി ആവശ്യപ്പെടുന്നത്. 2012ലെ തിരഞ്ഞെടുപ്പില്‍ മേയര്‍, ഡെപ്യൂട്ടി മേയര്‍ തസ്തികകളിലേയ്ക്ക് പ്രത്യേക തിരഞ്ഞെടുപ്പ് ആക്കി കൊണ്ടുള്ള ഭേദഗതി കൊണ്ടുവരുമ്പോള്‍ ഈ രണ്ട് സ്ഥാനങ്ങളും നേടാന്‍ കഴിയുമെന്ന് ബിജെപി പ്രതീക്ഷിച്ചിരുന്നു. എന്നാല്‍ ഇതുണ്ടായില്ല. സിപിഎം സ്ഥാനാര്‍ത്ഥികളാണ് ജയിച്ചത്. ഇപ്പോള്‍ പഴയ രീതിയിലേയ്ക്ക് പോകാനുള്ള ഭേദഗതിയ്ക്കാണ് കോണ്‍ഗ്രസും ബിജെപിയും ശ്രമിക്കുകയാണ്. തദ്ദേശ തിരഞ്ഞെടുപ്പുകളില്‍ ഭരണസമിതിയുടെ നേതൃ പദവികളിലേയ്ക്ക് നേരിട്ടുള്ള പ്രത്യേക തിരഞ്ഞെടുപ്പ് വേണമെന്ന നിലപാടുള്ള പാര്‍ട്ടികളാണ് ഈ ഇരട്ടത്താപ്പ് പിന്തുടരുന്നത്. പ്രത്യേക തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ലോക്‌സഭയില്‍ ശശി തരൂര്‍ അവതരിപ്പിച്ച സ്വകാര്യ ബില്ലും സഞ്ജയ് ചൗഹാന്‍ ചൂണ്ടിക്കാട്ടി. സിപിഎം മുന്നോട്ട് വയ്ക്കുന്ന ബദല്‍ ഭരണ, വികസന മാതൃകകളെ ഇരു പാര്‍ട്ടികളും ആശങ്കയോടെയാണ് കാണുന്നതെന്നും സഞ്ജയ് ചൗഹാന്‍ അഭിപ്രായപ്പെട്ടു.

വായനയ്ക്ക്: https://goo.gl/W8yhIE

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍