UPDATES

വായിച്ചോ‌

സിപിഎമ്മിന് നഷ്ടമായത് വിശ്വാസ്യത; കാരാട്ട് ജനറല്‍ സെക്രട്ടറി ആയിരുന്നപ്പോള്‍ തകര്‍ച്ച തുടങ്ങി: സോംനാഥ് ചാറ്റര്‍ജി

നേരത്തെ ബംഗാളില്‍ ബിജെപിയ്ക്ക് ഒരു സ്വാധീനവുമുണ്ടായിരുന്നില്ല. എന്നാല്‍ ഇപ്പോള്‍ അവര്‍ അധികാരം പിടിച്ചാലും അദ്ഭുതപ്പെടാനില്ല. എന്റെ ജീവിത കാലത്ത് അത് കാണേണ്ടി വരില്ല എന്ന് വിചാരിക്കുന്നു.

പ്രകാശ് കാരാട്ട് ജനറല്‍ സെക്രട്ടറിയായതിന് ശേഷമാണ് സിപിഎമ്മിന്റെ തകര്‍ച്ച തുടങ്ങിയതെന്ന് പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കിയ മുന്‍ നേതാവും ലോക്‌സഭാ സ്പീക്കറുമായിരുന്ന സോംനാഥ് ചാറ്റര്‍ജി. പാര്‍ട്ടി വളര്‍ത്തുന്നതിന് പകരം നേതാക്കള്‍ക്ക് പ്രാധാന്യം നല്‍കി. സാധാരണക്കാരില്‍ നിന്ന്, തൊഴിലാളി വര്‍ഗത്തില്‍ നിന്ന് പാര്‍ട്ടി അകന്നു. സാധാരണക്കാരുടെ വിശ്വാസം നേടി ശക്തമായൊരു ജനകീയാടിത്തറ ബംഗാളിലെ പാര്‍ട്ടി ഉണ്ടാക്കിയിരുന്നു. ജ്യോതി ബസു, പ്രമോദ് ദാസ് ഗുപ്ത തുടങ്ങിയവരെ പോലെയുള്ള നേതാക്കളുണ്ടായിരുന്നു. കേന്ദ്ര നേതൃത്വത്തില്‍ ഹര്‍കിഷന്‍ സിംഹ് സുര്‍ജിത്തിനെ പോലുള്ളവരുണ്ടായിരുന്നു. നമ്മുടെ ആളുകളാണ് എന്ന സിപിഎമ്മുകാരെ കുറിച്ച് ജനങ്ങള്‍ക്കുണ്ടായിരുന്ന വിശ്വാസമാണ് തകര്‍ന്നത്. സ്വതന്ത്ര മാദ്ധ്യമപ്രവര്‍ത്തകന്‍ പാരുള്‍ അബ്രോളുമായുള്ള അഭിമുഖത്തിലാണ് സോംനാഥ് ചാറ്റര്‍ജി ഇക്കാര്യം പറയുന്നത്.

സിംഗൂര്‍ അടക്കമുള്ള വിഷയങ്ങള്‍ കൈകാര്യം ചെയ്യുന്നതില്‍ ഇടത് സര്‍ക്കാര്‍ പരാജയപ്പെട്ടു. വേണമെങ്കില്‍ രണ്ട് ദിവസത്തിനകം പരിഹരിക്കാമായിരുന്ന വിഷയമായിരുന്നു അത്. പ്രതിപക്ഷ പാര്‍ട്ടി സംസ്ഥാനത്തെ ക്രമസമാധാന നില താറുമാറാക്കിയപ്പോള്‍ സര്‍ക്കാരിന് ഒന്നും ചെയ്യാന്‍ കഴിഞ്ഞില്ല. പ്രാദേശിക നേതാക്കള്‍ക്ക് പറയാനുള്ള കേള്‍ക്കുകയോ അവരെ വിശ്വാസത്തിലെടുക്കുകയോ ബുദ്ധദേബ് ഭട്ടാചാര്യ കേട്ടില്ല. പാര്‍ട്ടിയില്‍ ജനങ്ങള്‍ക്കുണ്ടായിരുന്ന വിശ്വാസമാണ് നഷ്ടപ്പെട്ടത്. ഈ പാര്‍ട്ടിയില്‍ ആരെയാണ് സമീപിക്കേണ്ടത് എന്ന ആശയക്കുഴപ്പം ജനങ്ങള്‍ക്കുണ്ടായിരുന്നു. ഒരു ഓഫീസ് പാര്‍ട്ടി മാത്രമായി സിപിഎം മാറി. ഞാന്‍ ഏറെ നിരാശനാണ്. ഈ നിരാശയോടെയാണ് മരിക്കാന്‍ പോകുന്നത്.

ബംഗാളില്‍ ജ്യോതി ബസു. പ്രമോദ് ദാസ് ഗുപ്ത, ഹരേകൃഷ്ണ കോനാര്‍ തുടങ്ങിയ നേതാക്കളെ ജനങ്ങള്‍ ഇപ്പോഴും സ്‌നേഹിക്കുന്നുണ്ട്. കേരളത്തില്‍ ഇഎംഎസ് നമ്പൂതിരിപ്പാടിനേയും എകെ ഗോപാലനേയും പോലുള്ള നേതാക്കളുണ്ടായിരുന്നു. എന്നാല്‍ ജനപിന്തുണയുള്ള യുവനേതാക്കളുണ്ടാകുന്നില്ല. മുമ്പ് വലിയ സ്വാധിനമൊന്നും ഇല്ലാതിരുന്ന അസം അടക്കമുള്ള സംസ്ഥാനങ്ങളിലെല്ലാം അവര്‍ ആധിപത്യം സ്ഥാപിച്ചു. മതം അപകടകരമായ വിധത്തില്‍ രാഷ്ട്രീയത്തെ ഗ്രസിച്ചിരിക്കുന്നു. ഒരു പ്രത്യേക സമുദായത്തിന്റെ പ്രശ്‌നങ്ങളുമായി ബന്ധപ്പെട്ട് ആളുകളെ തെരുവിലിറക്കാന്‍ എളുപ്പമാണ്. ഉത്തര്‍പ്രദേശിലെ ബിജെപിയുടെ വിജയം അപായ സൂചനയാണ്. ബംഗാളില്‍ ബിജെപി രണ്ടാമത്തെ വലിയ പാര്‍ട്ടി എന്ന നിലയിലേയ്ക്കാണെത്തുന്നത്. നേരത്തെ ബംഗാളില്‍ ബിജെപിയ്ക്ക് ഒരു സ്വാധീനവുമുണ്ടായിരുന്നില്ല. എന്നാല്‍ ഇപ്പോള്‍ അവര്‍ അധികാരം പിടിച്ചാലും അദ്ഭുതപ്പെടാനില്ല. എന്റെ ജീവിത കാലത്ത് അത് കാണേണ്ടി വരില്ല എന്ന് വിചാരിക്കുന്നു – സോംനാഥ് ചാറ്റര്‍ജി പറഞ്ഞു.

വായനയ്ക്ക്: https://goo.gl/LGn2Kb

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍