UPDATES

വായിച്ചോ‌

ആണവയുദ്ധത്തില്‍ നിന്നും ലോകത്തെ രക്ഷിച്ച സ്റ്റാന്‍സിലാവ് പെട്രോവ് അന്തരിച്ചു

ശീതയുദ്ധം അതിന്റെ മൂര്‍ദ്ധന്യത്തില്‍ നിന്ന സമയത്തായിരുന്നു സംഭവം

ശീതയുദ്ധകാലത്ത് സോവിയറ്റ് യൂണിയനും യുണൈറ്റഡ് സ്‌റ്റേറ്റ്‌സും തമ്മില്‍ നടന്നേക്കാമായിരുന്ന താപ ആണവയുദ്ധം ഒഴിവാക്കി ലോകത്തെ രക്ഷിച്ച സ്റ്റാന്‍സിലാവ് പെട്രോവ് എഴുപത്തിയേഴാം വയസില്‍ അന്തരിച്ചു. മോസ്‌കോ നഗരപ്രാന്തത്തിലുള്ള ഫ്രിയസിനോയില്‍ വച്ച് മേയ് പത്തൊമ്പതിനാണ് അദ്ദേഹം അന്തരിച്ചതെങ്കിലും തിങ്കളാഴ്ച മാത്രമാണ് വാര്‍ത്ത പുറത്തുവന്നത്. പ്രതിസന്ധി സമയത്ത് സമചിത്തത പ്രദര്‍ശിപ്പിക്കുകയും പെട്ടെന്ന് തീരുമാനമെടുക്കുകയും ചെയ്‌തെങ്കിലും തന്റെ ചുമതല നിര്‍വഹിക്കുക മാത്രമാണ് താന്‍ ചെയ്തത് എന്നായിരുന്ന പെട്രോവിന്റെ നിലപാട്.

1983 സെപ്തംബര്‍ 26ന് മോസ്‌കോയ്ക്ക് സമീപമുള്ള രഹസ്യ കമാന്റ് സെന്ററില്‍ ഡ്യൂട്ടിയിലായിരുന്നു പെട്രോവ്. അപ്പോഴാണ് യുഎസ് ഫൈവ് മിനുട്ട്മാന്‍ ഭൂഖണ്ഡാന്തര ബാലിസ്റ്റിക് മിസൈലുകള്‍ സോവിയറ്റ് യൂണിയന് നേരെ വിക്ഷേപിച്ചതായി റഡാറില്‍ തെളിയുന്നത്. ചുവപ്പ് സേനയുടെ പ്രോട്ടോക്കോള്‍ പ്രകാരം ഉടനടി പ്രത്യാക്രമണത്തിന് ഉത്തരവിടുകയാണ് പെട്രോവ് ചെയ്യേണ്ടിയിരുന്നത്.

എന്നാല്‍ 44 കാരനായ ലഫ്റ്റനന്റ് കേണല്‍ സമചിത്തത പാലിക്കുകയും അതൊരു തെറ്റായ സന്ദേശമായിരിക്കും എന്ന തന്റെ ഉള്‍വിളിയില്‍ ഉറച്ചു നിന്നുകൊണ്ട് മുന്നറിയിപ്പ് തള്ളിക്കളയുകയുമായിരുന്നു.

ഒരു കമ്പ്യൂട്ടര്‍ പിഴവാണ് ഈ മുന്നറിയിപ്പെന്ന തന്റെ തോന്നലില്‍ അദ്ദേഹം ഉറച്ചു നിന്നു. കാരണം അമേരിക്ക ആദ്യ ആണവ ആക്രമണം നടത്തിയാല്‍ അതിനോടൊപ്പം നൂറുകണക്കിന് മിസൈലുകളും വിന്യസിക്കപ്പെടും. എന്നാല്‍ അങ്ങനെയൊരു സംഭവവികാസത്തെ കുറിച്ചുള്ള സൂചനയൊന്നും അദ്ദേഹത്തിന് ലഭിച്ചില്ല. ആദ്യ മുന്നറിയിപ്പ് ലഭിച്ചപ്പോള്‍ താന്‍ യഥാര്‍ത്ഥത്തില്‍ ചെയ്യേണ്ടിയിരുന്നത് ഡയറക്ട് ലൈനില്‍ തന്റെ മേലധികാരികളെ വിവരമറിയിക്കുകയായിരുന്നുവെന്ന് 2013ല്‍ അദ്ദേഹം ബിബിസിയുടെ റഷ്യന്‍ സര്‍വീസിനോട് പറഞ്ഞു. അദ്ദേഹം അങ്ങനെ ചെയ്തിരുന്നെങ്കില്‍ തിരിച്ചടിക്കാനുള്ള ഉത്തരവ് ഉടനടി മുകളില്‍ നിന്നും വരികയും ലോകം ആണവ യുദ്ധത്തിലേക്ക് വഴുതി വീഴുകയും ചെയ്യുമായിരുന്നു. പകരം കമ്പ്യൂട്ടര്‍ തകരാറിനെ കുറിച്ച് സോവിയറ്റ് സൈനീക ആസ്ഥാനത്തെ അറിയിക്കുകയാണ് അദ്ദേഹം ചെയ്തത്. പക്ഷെ പിന്നീടുള്ള നിമിഷങ്ങളില്‍ ഒരു വറചട്ടിയില്‍ ഇരിക്കുന്ന തോന്നലായിരുന്നു തനിക്കെന്ന് അദ്ദേഹം പറയുന്നു.

23 മിനിട്ട് നേരം കാത്തിരുന്നിട്ടും ഒന്നും സംഭവിച്ചില്ല എന്ന് അദ്ദേഹത്തിന് മനസിലായി. കാരണം ഒരു ആക്രമണം നടന്നിരുന്നെങ്കില്‍ ആ സമയത്തിനുള്ളില്‍ വിവരം അദ്ദേഹത്തിന് ലഭിക്കുമായിരുന്നു. അപ്പോഴാണ് ശ്വാസം നേരെ വീണതെന്നും അദ്ദേഹം ഓര്‍ക്കുന്നു. അദ്ദേഹത്തിന്റെ ആ നിമിഷത്തെ സമയചിത്തതയായിരുന്നു മനുഷ്യരാശിയെ ഭൂമുഖത്ത് നിന്ന് തന്നെ തുടച്ചുനീക്കാന്‍ കാരണമായേക്കാമായിരുന്ന മൂന്നാം ലോക മഹായുദ്ധത്തില്‍ നിന്നും നമ്മെ രക്ഷിച്ചത്.

ശീതയുദ്ധം അതിന്റെ മൂര്‍ദ്ധന്യത്തില്‍ നിന്ന സമയത്തായിരുന്നു സംഭവം എന്നതും ശ്രദ്ധേയമാണ്. ഇതിന് മൂന്നാഴ്ച മുമ്പ് ഒരു കൊറിയന്‍ യാത്ര വിമാനം സോവിയറ്റ് യൂണിയന്‍ വെടിവെച്ചിട്ടിരുന്നു. സംഭവത്തില്‍ 269 ആളുകള്‍ മരിക്കുകയും ചെയ്തിരുന്നു. സോവിയറ്റ് യൂണിയന്‍ ‘തിന്മയുടെ സാമ്രാജ്യമാണ്’ എന്ന് അന്നത്തെ യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് റീഗന്‍ വിശേഷിപ്പിച്ചു. അതുകൊണ്ടുതന്നെ അമേരിക്ക ഉടനടി ഒരു ആണവ ആക്രമണം നടത്തിയേക്കും എന്ന് സോവിയറ്റ് നേതാവ് യൂറി ആന്ദ്രേപോവ് സംശയിച്ചിരുന്ന കാലം കൂടിയായിരുന്നു അത്.

ഈ മനോസ്ഥൈര്യത്തിന്റെ പേരില്‍ പെട്രോവിനെ സോവിയറ്റ് അധികൃതര്‍ ആദരിച്ചില്ല എന്ന് മാത്രമല്ല ഈ സംഭവം ലോഗ്ബുക്കില്‍ കൃത്യമായി രേഖപ്പെടുത്താതിരുന്നതിന് കര്‍ക്കശമായ താക്കീത് നല്‍കുകയായിരുന്നു അവര്‍ ചെയ്തത്. 1998ല്‍ സോവിയറ്റ് മിസൈല്‍ പ്രതിരോധത്തില്‍ നിന്നും വിരമിച്ച ജനറല്‍ യൂറി വോട്ടിന്റ്‌സേവ് തന്റെ ഓര്‍മ്മക്കുറിപ്പുകള്‍ പ്രസിദ്ധീകരിക്കുന്നതുവരെ പെട്രോവിന്റെ കഥ ലോകം അറിഞ്ഞില്ല. പിന്നീട് അദ്ദേഹത്തെ ആദരിക്കാന്‍ ലോകം മത്സരിക്കുകയായിരുന്നു. 2006ല്‍ ഐക്യരാഷ്ട്രസഭ ആസ്ഥാനത്ത് വച്ച് അസോസിയേഷന്‍ ഓഫ് വേള്‍ഡ് സിറ്റിസന്‍സ് ‘ആണവയുദ്ധം ഒഴിവാക്കിയ മനുഷ്യന്‍’ എന്ന നിലയില്‍ അദ്ദേഹത്തെ ആദരിച്ചു. 2013 അദ്ദേഹത്തിന് ഡ്രെസ്ഡന്‍ പുരസ്‌കാരം സമ്മാനിച്ചു. ‘ദ മാന്‍ ഹു സേവ്ഡ് ദ വേള്‍ഡ്’ എന്ന പേരില്‍ അദ്ദേഹത്തെ കുറിച്ചുള്ള ഒരു ഡോക്യുമെന്ററി 2013ല്‍ പുറത്തിറങ്ങി.

രണ്ടാം ലോക മഹായുദ്ധത്തില്‍ പങ്കെടുത്ത യുദ്ധവിമാന വൈമാനികന്റെ മകനായി 1939 സെപ്തംബര്‍ ഒമ്പതിന് വ്‌ളാഡിവോസ്‌റ്റോക്കിലാണ് അദ്ദേഹം ജനിച്ചത്. കീവിലെ സോവിയറ്റ് എയര്‍ ഫോഴ്‌സ് കോളേജില്‍ നിന്നും വിദ്യാഭ്യാസം പൂര്‍ത്തിയാക്കി. പെട്രോവിന്റെ മരണകാരണം വെളിപ്പെടുത്തിയിട്ടില്ല. അദ്ദേഹത്തിന് ഒരു പുത്രനും ഒരു പുത്രിയും ഉണ്ട്.

കൂടുതല്‍ വായിക്കാന്‍;https://goo.gl/8uULGP

 

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍