UPDATES

സ്ത്രീ

അച്ഛനും അമ്മയും റഷ്യന്‍ ചാരന്മാരായിരുന്നുവെന്ന് മക്കള്‍ പോലും അറിഞ്ഞിരുന്നില്ല; 20 വര്‍ഷത്തെ അമേരിക്കയിലെ രഹസ്യജീവിതത്തെക്കുറിച്ച് വെളിപ്പെടുത്തി ‘സ്‌പൈ വുമണ്‍’

1980 കളുടെ അവസാനത്തില്‍ അവര്‍ പടിഞ്ഞാറോട്ട് പോയി. കാനഡയില്‍വെച്ച് ‘അവിചാരിതമായി’ കണ്ടുമുട്ടുന്ന സന്ദര്‍ഭം ഒരുക്കി. ഡേറ്റിംഗ് ആരംഭിച്ചു.

അമേരിക്കക്കാരോ കനേഡിയന്‍ പൗരന്മാരോ ആയി യുഎസില്‍ താമസിച്ചു വന്നിരുന്ന സാധാരാണക്കാരെന്ന് തോന്നുന്ന പത്ത് റഷ്യന്‍ ചാരന്മാരേ 2010ല്‍ എഫ്ബിഐ അറസ്റ്റു ചെയ്തിരുന്നു. അവരില്‍പ്പെട്ട ദമ്പതികളാണ് എലേന വാവിലോവയും ആന്‍ഡ്രി ബെസ്രുക്കോവും. സ്വന്തം മക്കള്‍ക്കടക്കം ആര്‍ക്കും അവരുടെ യഥാര്‍ത്ഥ വ്യക്തിത്വം അറിയുമായിരുന്നില്ല. ഇരുപത് വര്‍ഷമാണ് അങ്ങിനെയവര്‍ റഷ്യക്കായി ചാരവൃത്തി നിര്‍വ്വഹിച്ചത്. അവരെ പിന്നീട് അമേരിക്ക ‘സ്‌പൈ സ്വാപിന്റെ’ ഭാഗമായി (ചാരന്മാരെ പരസ്പരം കൈമാറ്റം ചെയ്യല്‍) റഷ്യയിലേക്ക് തിരികെ അയച്ചു.

വാവിലോവ തന്റെ ചാരജീവിതത്തെക്കുറിച്ച് ഒരു പുസ്തകം രചിച്ചിട്ടുണ്ട്. ‘ദി വുമണ്‍ ഹു കീപ്‌സ് സീക്രട്ട്‌സ്’ എന്നാണ് അതിന്റെ പേര്. അവര്‍ ‘ദ ഗാര്‍ഡിയന്’ നല്‍കിയ അഭിമുഖമാണ് അവരെക്കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ പുറംലോകത്തേക്ക് എത്തിച്ചത്. സാധാരണ സ്വന്തം രാജ്യത്തേക്ക് തിരിച്ചെത്തുന്ന ചാരന്മാര്‍ റഷ്യന്‍ ഇതര മാധ്യമങ്ങളോട് സംസാരിക്കുക പോലും ചെയ്യാറില്ല. അതില്‍നിന്നും തീര്‍ത്തും വ്യത്യസ്ഥയാവുകയാണ് വാവിലോവ.

1980കളില്‍ സൈബീരിയയിലെ ടോംസ്‌ക് യൂണിവേഴ്‌സിറ്റിയില്‍ വെച്ചാണ് വാവിലോവയും ബെസ്രുക്കോവും കണ്ടുമുട്ടുന്നത്. ഇരുവരേയും റഷ്യന്‍ രഹസ്യാന്വേഷണ ഏജന്‍സിയായ കെജിബി ടോപ്-സീക്രട്ട് പ്രോഗ്രാമിലേക്ക് റിക്രൂട്ട് ചെയ്യുകയും വര്‍ഷങ്ങളോളം പരിശീലനം നല്‍കുകയും ചെയ്തു. അതിനുശേഷമാണ് കാനഡയിലേക്കും അമേരിക്കയിലേക്കും അവരെ അയക്കുന്നത്. കെജിബി മോഷ്ടിച്ചു നല്‍കിയ ട്രേസി ഫോളി എന്ന കനേഡിയന്‍ സ്ത്രീയുടെ ഐഡന്റിറ്റിയിലാണ് വാവിലോവ ഇരുപതുവര്‍ഷം ജീവിച്ചത്. ഡൊണാള്‍ഡ് ഹീത്ഫീല്‍ഡ് എന്നായിരുന്നു ഭര്‍ത്താവിന്റെ പേര്.

നാട്ടു വാമൊഴികളും ഉച്ചാരണങ്ങളും പഠിക്കുന്നതിനായി മണിക്കൂറുകളോളം ഭാഷാ പരിശീലന ക്ലാസ്സുകളും, നിരീക്ഷണ രീതികളും, കോഡിംഗുകളും അവര്‍ക്ക് നല്‍കിയിരുന്നു. പാശ്ചാത്യ ജീവിതത്തെക്കുറിച്ച് പഠിക്കുന്നതിനായി മോസ്‌കോയ്ക്ക് പുറത്ത് അത്തരം സാഹചര്യത്തിലൊരു വീടുപോലും ഒരുക്കിക്കൊടുത്തിരുന്നു. യഥാര്‍ത്ഥ ജീവിതത്തില്‍, ഇരുവരും സോവിയറ്റ് യൂണിയന്‍ വിടുന്നതിനു മുന്‍പുതന്നെ വിവാഹിതരായിരുന്നു. പക്ഷേ 1980 കളുടെ അവസാനത്തില്‍ അവര്‍ പടിഞ്ഞാറോട്ട് പോയി. കാനഡയില്‍വെച്ച് ‘അവിചാരിതമായി’ കണ്ടുമുട്ടുന്ന സന്ദര്‍ഭം ഒരുക്കി. ഡേറ്റിംഗ് ആരംഭിച്ചു. പിന്നീട് ഒന്നുകൂടി വിവാഹം കഴിക്കുകയും ചെയ്തു. ഇത്തവണ പുതിയ ഐഡന്റിറ്റികളിലെന്നു മാത്രം. ഇരുവരും ഒരുമിച്ച് റഷ്യന്‍ ഭാഷ സംസാരിച്ചിട്ടേയില്ല.

ദമ്പതികള്‍ തങ്ങളുടെ രണ്ട് മക്കളുമായി എങ്ങിനെ ജീവിച്ചു എന്നതാണ് അവരുടെ പുസ്തകത്തില്‍ കൂടുതലും ചര്‍ച്ചചെയ്യുന്നത്. 2010ല്‍ എഫ്ബിഐ അറസ്റ്റുചെയ്യുന്നുമ്പോള്‍ അവരുടെ മക്കളായ അലക്‌സിനും ടിമ്മിനും യഥാക്രമം 16-ഉം 20-ഉം വയസായിരുന്നു പ്രായം. അവരുടെ മാതാപിതാക്കള്‍ സാധാരണ കനേഡിയന്‍മാരാണെന്നായിരുന്നു ഇരുവരും അന്നുവരെ വിശ്വസിച്ചിരുന്നത്. വാവിലോവയും കുടുംബവും ഇപ്പോള്‍ റഷ്യയില്‍ സുഖമായി ജീവിക്കുന്നു. ബെസ്‌റുക്കോവ് ഇപ്പോള്‍ മോസ്‌കോ സര്‍വകലാശാലയില്‍ അദ്ധ്യാപകനാണ്. ഒരു റഷ്യന്‍ എണ്ണക്കമ്പനിയില്‍ ഉപദേശകനായും ജോലിെ ചയ്യുന്നു. വാവിലോവയും ജോലിചെയ്യുന്നുണ്ട്. പക്ഷെ, വിശദാംശങ്ങളൊന്നും അവര്‍ പങ്കുവച്ചില്ല.
അവരുടെ മാസ്മരികമായ ജീവിതത്തെ കുറിച്ച് ‘ദ ഗാര്‍ഡിയനില്‍’ വന്ന ലേഖനം വായിക്കാം – https://www.theguardian.com/world/2019/aug/23/russian-spy-elena-vavilova-posed-as-a-canadian-estate-agent-for-over-20-years

Read: കെട്ടുകഥകള്‍ പൊളിയുന്നു; ഹിമാലയത്തിലെ രൂപ്കുണ്ട് തടാകത്തിലെ അസ്ഥികളില്‍ ഭൂരിഭാഗവും 1000 വര്‍ഷങ്ങള്‍ക്കിടയില്‍ മരണപ്പെട്ട ഗ്രീക്ക് വംശജരുടേതെന്ന് ഡി എന്‍ എ പഠനം

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍