UPDATES

വായിച്ചോ‌

ഇന്ത്യയുടെ ആദ്യ സീ പ്ലെയിന്‍ യാത്രക്കാരന്‍ ശരിക്കും മോദിയാണോ?

ഗഡ്കരി ഉപയോഗിച്ച അതേ സീ പ്ലെയിന്‍ തന്നെയാണ് മോദിയും ഉപയോഗിച്ചിരിക്കുന്നത് – രജിസ്‌ട്രേഷന്‍ നമ്പര്‍ – N181KQ.

പ്രധാനമന്ത്രി മോദി രാജ്യത്തെ ആദ്യത്തെ സീ പ്ലെയിന്‍ യാത്രക്കാരനായി എന്നാണ് ഇന്നലെ www.narendramodi.in എന്ന വെബ്‌സൈറ്റില്‍ പ്രത്യക്ഷപ്പെട്ട വാര്‍ത്ത. അഹമ്മദാബാദിലെ സബര്‍മതി നദിയില്‍ നിന്ന് മെഹ്‌സാനയിലെ ധാരോയ് ഡാമിലേയ്ക്കുള്ള മോദിയുടെ സീ പ്ലെയിന്‍ യാത്രയെക്കുറിച്ചാണ് പറയുന്നത്. ഗുജറാത്ത നിയമസഭ തിരഞ്ഞെടുപ്പിന്റെ രണ്ടാംഘട്ട പ്രചാരണവുമായി ബന്ധപ്പെട്ടാണ് യാത്ര. ബിജെപിയുടെ ഔദ്യോഗിക ട്വിറ്റര്‍ അക്കൗണ്ടും പാര്‍ട്ടി നേതാക്കളും ഈ അവകാശവാദം ആവര്‍ത്തിച്ചു. മുഖ്യധാര മാധ്യമങ്ങള്‍ എല്ലാം റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നതും ഇങ്ങനെ തന്നെ. എന്നാല്‍ ഇന്ത്യയുടെ ആദ്യ സീ പ്ലെയിന്‍ യാത്രാ സര്‍വീസും മോദി ആദ്യ യാത്രക്കാരനുമാണോ? അല്ലെന്നാണ് അന്വേഷിച്ചപ്പോള്‍ വ്യക്തമായതെന്ന് ആള്‍ട്ട് ന്യൂസ് (altnews.com) പറയുന്നു. പ്രധാനമന്ത്രിയുടെ വെബ്‌സൈറ്റില്‍ നിന്നും ഈ തലക്കെട്ടുള്ള വാര്‍ത്ത പിന്നീട് പിന്‍വലിച്ചിരുന്നു.

ഇന്ത്യയുടെ ആദ്യത്തെ കമേഴ്‌സ്യല്‍ സീ പ്ലെയിന്‍ സര്‍വീസുകള്‍ തുടങ്ങിയത് 2010ലാണ്. പൊതുമേഖല ഹെലികോപ്റ്റര്‍ സര്‍വീസ് കമ്പനിയായ പവന്‍ ഹാന്‍സും ആന്‍ഡമാന്‍ നിക്കോബാര്‍ അഡ്മിനിസ്‌ട്രേഷനും സംയുക്തമായി നടത്തുന്ന ജല്‍ ഹാന്‍സ് സര്‍വീസ് 2010 ഡിസംബറിലാണ് തുടങ്ങിയത്. അന്നത്തെ കേന്ദ്ര വ്യോമയാന മന്ത്രി പ്രഫുല്‍ പട്ടേല്‍ ഇക്കാര്യം സ്ഥിരീകരിക്കുന്നു. ജല്‍ ഹാന്‍സ് സര്‍വീസ് ഇപ്പോള്‍ നിലച്ചിരിക്കുകയാണ്. സീ പ്ലെയിന്‍ സര്‍വീസിനുള്ള രണ്ടാമത് ശ്രമം തുടങ്ങിയത് കേരളത്തിലാണ് – 2011-12ല്‍. ടൂറിസം വികസനത്തിന്റെ ഭാഗമായാണ് 2013ല്‍ പദ്ധതി കൊണ്ടുവരാന്‍ തുടങ്ങിയത്. സീ പ്ലെയിന്‍ കേരളത്തില്‍ പരീക്ഷിക്കപ്പെടുകയും ചെയ്തു. എന്നാല്‍ മത്സ്യത്തൊഴിലാളികളുടെ ശക്തമായ പ്രതിഷേധത്തെ തുടര്‍ന്ന് സീ പ്ലെയിന്‍ പദ്ധതി ഉപേക്ഷിക്കേണ്ടി വന്നു. അന്നത്തെ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി സീ പ്ലെയിന്‍ സംബന്ധിച്ച് ട്വീറ്റ് ചെയ്തിരുന്നു.

സ്വകാര്യ കമ്പനികളും സീ പ്ലെയിന്‍ കൊണ്ടുവരാന്‍ ശ്രമിച്ചിട്ടുണ്ട്. 2012ല്‍ കേരളത്തിലും ലക്ഷദ്വീപിലുമായി സര്‍വീസ് എന്ന ആശവുമായി സീബ്രിഡ് സീപ്ലെയിന്‍ പ്രൈവറ്റ് ലിമിറ്റഡ് തുടങ്ങി. മെഹൈര്‍ എന്ന കമ്പനി 2011ല്‍ ആന്‍ഡമാന്‍ നിക്കോബാര്‍ ദ്വീപുകളില്‍ സീ പ്ലെയിന്‍ സര്‍വീസ് തുടങ്ങി. ഇവര്‍ പിന്നീട് ഗോവയിലും മഹാരാഷ്ട്രയിലും സര്‍വീസ് തുടങ്ങി. എന്നാല്‍ സാമ്പത്തിക നഷ്ടവും സര്‍ക്കാരില്‍ നിന്നുള്ള അനുമതികളില്‍ പ്രശ്‌നമുണ്ടാവുകയും ചെയ്തതിനെ തുടര്‍ന്ന് ഈ സര്‍വീസുകള്‍ നിര്‍ത്തി.

ഇപ്പോള്‍ വീണ്ടും സീ പ്ലെയിന്‍ സര്‍വീസുകള്‍ തുടങ്ങാനുള്ള ശ്രമങ്ങള്‍ സ്വകാര്യ വിമാന കമ്പനികളും മറ്റും നടത്തുന്നുണ്ട്. ഡിസംബര്‍ ഒമ്പതിന് മുംബൈയിലെ ഗിര്‍ഗോം ചൗപ്പാത്തിയില്‍ സ്‌പൈസ്‌ജെറ്റ് ഒരു സീ പ്ലെയിന്‍ പരീക്ഷണം നടത്തിയിരുന്നു. വ്യോമയാന മന്ത്രി അശോക് ഗജപതി രാജുവും ഗതാഗത മന്ത്രി നിതിന്‍ ഗഡ്കരിയും ഈ പരിപാടിയില്‍ പങ്കെടുത്തിരുന്നു. 100 സീ പ്ലെയിനുകള്‍ രംഗത്തിറക്കാനാണ് സ്‌പൈസ് ജെറ്റ് പദ്ധതിയിടുന്നത്. ഗഡ്കരി ഉപയോഗിച്ച അതേ സീ പ്ലെയിന്‍ തന്നെയാണ് മോദിയും ഉപയോഗിച്ചിരിക്കുന്നത് – രജിസ്‌ട്രേഷന്‍ നമ്പര്‍ – N181KQ. ഡിസംബര്‍ മൂന്നിന് പാകിസ്ഥാനിലെ കറാച്ചിയില്‍ നിന്നാണ് സീ പ്ലെയിന്‍ മുംബൈയിലെത്തിയിരിക്കുന്നത്. കഴിഞ്ഞ 90 ദിവസം ഈ ഒറ്റ എഞ്ചിന്‍ സീ പ്ലെയിന്‍ ഗ്രീസ്, സൗദി അറേബ്യ, ന്യൂസിലാന്‍ഡ് തുടങ്ങി ലോകത്തിന്റെ വിവിധ ഭാഗങ്ങളിലൂടെ സഞ്ചരിച്ച ശേഷമാണ് ഇവിടെയെത്തിയിരിക്കുന്നത്.

വായനയ്ക്ക്: https://goo.gl/B6rWQv

മോദിയുടെ ‘റോ റോ’ ബോട്ട് സര്‍വീസ് ശരിക്കും ആദ്യത്തേതാണോ?

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍