UPDATES

വായിച്ചോ‌

ഇന്ത്യയെക്കുറിച്ച് ലെനിന്‍ 1908ല്‍; വര്‍ഗബോധമുള്ള യൂറോപ്യന്‍ തൊഴിലാളിക്ക് ഏഷ്യയിലും സഖാക്കളുണ്ടായിരിക്കുന്നു

ഇന്ത്യയിലും തൊഴിലാളിവര്‍ഗം ബോധപൂര്‍വമായ, സംഘടിത രാഷ്ട്രീയ പ്രക്ഷോഭത്തിലേയ്ക്ക് വളര്‍ന്നിരിക്കുന്നു. റഷ്യന്‍ മാതൃകയിലുള്ള അടിച്ചമര്‍ത്തല്‍ ശൈലി പിന്തുടരുന്ന ബ്രിട്ടീഷ് ഭരണകൂടം ഇന്ത്യയില്‍ തിരിച്ചടി നേരിടുകയാണ്.

ത്രിപുരയിലെ ബെലോണിയയില്‍ തെരുവില്‍ സ്ഥാപിച്ചിരുന്ന, റഷ്യന്‍ വിപ്ളവനായകനും ലോക കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്‍റെ സമുന്നത നേതാവുമായിരുന്ന വിഐ ലെനിന്‍റെ പ്രതിമ ബിജെപി – സംഘപരിവാര്‍ ക്രിമിനലുകള്‍ ജെസിബി ഉപയോഗിച്ച് പൊളിച്ച് നീക്കിയ വാര്‍ത്ത വലിയ ചര്‍ച്ചയാവുകയാണ്. തുടര്‍ച്ചയായ 25 വര്‍ഷത്തെ സിപിഎം നേതൃത്വത്തിലുള്ള ഇടതുമുന്നണി ഭരണം അവസാനിപ്പിച്ച് അധികാരം പിടിച്ചതിന്‍റെ ‘ആഹ്ളാദം’ ബിജെപി പ്രകടിപ്പിക്കുന്നത് സിപിഎം പ്രവര്‍ത്തകര്‍ക്ക് നേരെയും പാര്‍ട്ടി ഓഫീസുകള്‍ക്ക് നേരെയും വീടുകള്‍ക്ക് നേരെയും സംസ്ഥാനത്തിന്‍റെ വിവിധ ഭാഗങ്ങളില്‍ അക്രമം അഴിച്ചുവിട്ടുകൊണ്ടാണ് എന്നാണ് അവിടെ നിന്നുള്ള ഫോട്ടോകള്‍ അടക്കമുള്ള വിവരങ്ങള്‍ വ്യക്തമാക്കുന്നത്. ഇതിനിടയിലാണ് അധികാരം നേടിയതിന്‍റെ മത്ത് പിടിച്ച ബിജെപി – സംഘപരിവാര്‍ പ്രവര്‍ത്തകര്‍ ലെനിന്‍ പ്രതിമ പൊളിച്ച് നീക്കിയത്. ഇതിന്‍റെ ഫോട്ടോകളും വീഡിയോയും സോഷ്യല്‍മീഡിയയില്‍ വലിയ ചര്‍ച്ചയായിരിക്കുകയാണ്.

പശ്ചിമ ബംഗാളില്‍ 2011ല്‍ 34 വര്‍ഷത്തെ തുടര്‍ച്ചയായ സിപിഎം ഭരണം അവസാനിപ്പിച്ച് മമത ബാനര്‍ജിയുടെ തൃണമൂല്‍ കോണ്‍ഗ്രസ് അധികാരത്തില്‍ വന്നതിന് പിന്നാലെ ദീര്‍ഘകാലം സിപിഎം പ്രവര്‍ത്തകര്‍ക്കും പാര്‍ട്ടി ഓഫീസുകള്‍ക്കും നേരെ അക്രമം ഉണ്ടായെങ്കിലും കൊല്‍ക്കത്തയിലെ എസ്പ്ലനെഡില്‍ ഉള്ള ലെനിന്‍റെ പ്രതിമക്ക് ഒരു പോറലും ഏറ്റിട്ടില്ല. വിദേശിയായ ലെനിന്‍റെ പ്രതിമ ഇന്ത്യയില്‍ എന്തിനാണ് എന്നായിരുന്നു ത്രിപുരയിലെ ഒരു ബിജെപി നേതാവ് ചോദിച്ചത്. ഇന്ത്യക്കാരായ മനുഷ്യര്‍ ലെനിനോട് ഇത്തരത്തില്‍ ഫാഷിസ്റ്റ്‌ രീതിയില്‍ പെരുമാറുമ്പോള്‍ ഇന്ത്യയെയും ഇന്ത്യക്കാരെയും ലെനിന്‍ എങ്ങനെയാണ് കണ്ടിരുന്നത് എന്നത് കൗതുകകാരമാണ്. ദേശീയ പ്രസ്ഥാനത്തിന്റെ സമുന്നത നേതാക്കളില്‍ ഒരാളായ ബാല്‍ഗംഗാധര്‍ തിലകിനെതിരായ ബ്രിട്ടീഷ് ഗവണ്‍മെന്റിന്‍റെ പ്രതികാര നടപടിയെയും അതില്‍ പ്രതിഷേധം രേഖപ്പെടുത്തിക്കൊണ്ട് ബോംബെയിലെ തൊഴിലാളികള്‍ നടത്തിയ പണിമുടക്കിനെ പറ്റിയുമാണ് 1908ല്‍ അതായത് ആര്‍എസ്എസ് രൂപീകരിക്കുന്നതിന് 17 വര്‍ഷം മുമ്പ് ലെനിന്‍ പറയുന്നത്. ഇന്ത്യന്‍ തൊഴിലാളിവര്‍ഗത്തിന് ‘പ്രായപൂര്‍ത്തി’ ആയതായി ഇന്ത്യയടക്കമുള്ള ഏഷ്യന്‍ രാജ്യങ്ങളിലെ കൊളോണിയല്‍ ചൂഷണത്തെക്കുറിച്ചും അതിനെതിരായി ഉയര്‍ന്നുവരുന്ന ശക്തമായ ജന മുന്നേറ്റങ്ങളെ കുറിച്ചും പറയുന്ന ഈ ലേഖനത്തില്‍ ലെനിന്‍ വിലയിരുത്തുന്നു.

ലെനിന്‍ പറയുന്നു: (ലേഖനത്തില്‍ ഇന്ത്യയെക്കുറിച്ച് പറയുന്ന ഭാഗങ്ങള്‍)

ഇന്ത്യയില്‍ നാട്ടുകാരെ അടിമകളാക്കി വച്ചിരിക്കുന്ന ബ്രിട്ടീഷ് സാമ്രാജ്യത്വ ‘യജമാന’ന്മാര്‍ക്ക് വലിയ ഭീഷണിയായി ഈ ‘അടിമകള്‍’ മാറിയിരിക്കുകയാണ്. ബ്രിട്ടീഷ് ഭരണത്തിന്റെ പേരില്‍ അതിക്രമങ്ങളും കൊള്ളയും അനുസ്യൂതം തുടരുന്നു. റഷ്യയെ മാറ്റി നിര്‍ത്തിയാല്‍ ലോകത്തൊരിടത്തും ഇത്തരത്തില്‍ വലിയ പട്ടിണിയും ദാരിദ്ര്യവും അനുഭവിക്കുന്ന മറ്റൊരു ജനതയുണ്ടോ? ജോണ്‍ മോര്‍ലിയെ പോലുള്ള, ബ്രിട്ടനിലെ ലിബറല്‍, റാഡിക്കല്‍ സ്വഭാവമുള്ളവരെല്ലാം ഇന്ത്യയെ ഭരിക്കാന്‍ നിയോഗിക്കപ്പെടുമ്പോള്‍ ചെംഗിസ് ഖാന്‍മാരാവുന്നു. ഏതറ്റം വരെയുമുള്ള അടിച്ചമര്‍ത്തലിന് ഇവര്‍ മടി കാണിക്കുന്നില്ല. രാഷ്ട്രീയമായ പ്രതിഷേധം ഉയര്‍ത്തുന്നവരെ ഇവര്‍ ചാട്ടവാര്‍ കൊണ്ട് മര്‍ദ്ദിക്കുന്നു. ബ്രിട്ടീഷ് സോഷ്യല്‍ ഡെമോക്രാറ്റുകളുടെ വീക്ക്‌ലി ആയിരുന്ന ‘ജസ്റ്റിസ്’ ഇന്ത്യയില്‍ നിരോധിച്ചിരിക്കുകയാണ് മോര്‍ലിയെ പോലുള്ള ലിബറല്‍, റാഡിക്കല്‍ തെമ്മാടികള്‍.

ഇന്‍ഡിപെന്‍ഡന്റ് ലേബര്‍ പാര്‍ട്ടി നേതാവും ബ്രിട്ടീഷ് എംപിയുമായ കെയര്‍ ഹാര്‍ഡി ഇന്ത്യയിലെത്തി നാട്ടുകാരോട് സംസാരിക്കാനുള്ള ആര്‍ജ്ജവം കാണിച്ചു. ഏറ്റവും അടിസ്ഥാനപരമായ ജനാധിപത്യ അവകാശങ്ങളെ കുറിച്ചാണ് അദ്ദേഹം സംസാരിച്ചത്. എന്നാല്‍ ബ്രിട്ടീഷ് ബൂര്‍ഷ്വാ പത്രങ്ങള്‍ ഈ വിമതന് എതിരെ അലറി വിളിച്ച് രംഗത്തെത്തി. ബ്രിട്ടീഷ് പത്രങ്ങള്‍ ഇന്ത്യക്കാരെ സംബന്ധിച്ച് വലിയ കോപത്തിലായിരുന്നു. ഇന്ത്യയിലെ സമാധാനം തകര്‍ക്കുന്ന അക്രമികളായാണ് ഇവിടുത്തെ ജനങ്ങളെ ബ്രിട്ടീഷ് മാധ്യമങ്ങള്‍ കണ്ടത്. അവര്‍ക്കെതിരായ കോടതികളിലെ ശിക്ഷാനടപടികളേയും ബ്രിട്ടീഷ് ഗവണ്‍മെന്റിന്റെ അടിച്ചമര്‍ത്തല്‍ നടപടികളേയും അവ സ്വാഗതം ചെയ്തു. ഇന്ത്യന്‍ പ്രക്ഷോഭകാരികളെ റഷ്യന്‍ പ്ലേവ് ശൈലിയില്‍ അടിച്ചമര്‍ത്തണമെന്നാണ് അവര്‍ താല്‍പര്യപ്പെട്ടത്.

എന്നാല്‍ ഇന്ത്യന്‍ തെരുവുകള്‍ അതിന്റെ രാഷ്ട്രീയ നേതാക്കള്‍ക്കും എഴുത്തുകാര്‍ക്കും വേണ്ടിയാണ് നിലകൊള്ളുന്നത്. ദീര്‍ഘകാലത്തെ നാടുകടത്തലിന് ജനാധിപത്യവാദിയായ തിലകിനെ (ബാല്‍ഗംഗാധര്‍ തിലക്) ശിക്ഷിച്ച ബ്രിട്ടീഷ് ഭരണാധികാരികളുടെ നടപടി ബോംബെയില്‍ പണിമുടക്കിലേയ്ക്കും വലിയ പ്രതിഷേധങ്ങളിലേയ്ക്കുമാണ് നയിച്ചിരിക്കുന്നത്. ഇന്ത്യയിലും തൊഴിലാളിവര്‍ഗം ബോധപൂര്‍വമായ, സംഘടിത രാഷ്ട്രീയ പ്രക്ഷോഭത്തിലേയ്ക്ക് വളര്‍ന്നിരിക്കുന്നു. റഷ്യന്‍ മാതൃകയിലുള്ള അടിച്ചമര്‍ത്തല്‍ ശൈലി പിന്തുടരുന്ന ബ്രിട്ടീഷ് ഭരണകൂടം ഇന്ത്യയില്‍ തിരിച്ചടി നേരിടുകയാണ്.

ദീര്‍ഘകാലമായി തുടരുന്ന ബ്രിട്ടീഷുകാരുടെ ഇന്ത്യയെ കൊള്ളടിക്കലും ഈ വികസിത യൂറോപ്യന്മാരുടെ പേര്‍ഷ്യന്‍ ഇന്ത്യന്‍ ജനാധിപത്യങ്ങള്‍ക്കെതിരായ പോരും ഏഷ്യയിലെ കോടിക്കണക്കിന് തൊഴിലാളികളെ ഈ മര്‍ദ്ദകര്‍ക്കെതിരെ വിജയം കാണുന്ന പോരാട്ടത്തിലേയ്ക്ക് നയിക്കുമെന്ന കാര്യത്തില്‍ സംശയമില്ല. വര്‍ഗബോധമുള്ള യൂറോപ്യന്‍ തൊഴിലാളിക്ക് ഏഷ്യയിലും സഖാക്കളുണ്ടായിരിക്കുന്നു. അവരുടെ എണ്ണം പലമടങ്ങായി വര്‍ദ്ധിച്ചുകൊണ്ടിരിക്കും.

വായനയ്ക്ക്: https://goo.gl/FGihnp

ത്രിപുരയില്‍ ബിജെപി – സംഘപരിവാര്‍ അക്രമം വ്യാപകം; ലെനിന്‍ പ്രതിമ ജെസിബി വച്ച് പൊളിച്ചുമാറ്റി

അവര്‍ എല്ലാവരേയും ആക്രമിക്കുന്നു: ബിജെപിയുടെ ‘വിജയോന്മാദ’ത്തെ കുറിച്ച് ഒരു ത്രിപുരക്കാരി

മണിക് സര്‍ക്കാര്‍ ബംഗ്ലാദേശിലേക്ക് പോകണോ? ത്രിപുരയില്‍ ജയിക്കാന്‍ സംഘപരിവാര്‍ കളിച്ച കളികള്‍

ഫാഷിസത്തെ തടയാന്‍ ഒരു മണിക് സര്‍ക്കാര്‍ മാത്രം പോര; ത്രിപുര ഇന്ത്യന്‍ ഇടതുപക്ഷത്തിന് മുന്നില്‍ ഉയര്‍ത്തുന്ന ചോദ്യങ്ങള്‍

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍