UPDATES

വായിച്ചോ‌

ഉത്തരാഖണ്ഡ് സിവില്‍ സര്‍വീസില്‍ ഓട്ടോ ഡ്രൈവറുടെ മകള്‍ക്ക് ഒന്നാം റാങ്ക്

തന്റെ മൂന്നാമത്തെ ശ്രമത്തിലാണ് പൂനം ഒന്നാം റാങ്കോടെ തന്നെ സിവില്‍ സര്‍വീസ് നേടിയെടുത്തിരിക്കുന്നത്

ഉത്തരാഖണ്ഡ് പ്രൊവിന്‍ഷ്യല്‍ സിവില്‍ സര്‍വീസസ്(പിസിഎസ്- ജുഡീഷ്യല്‍) 2016ല്‍ നടത്തിയ പരീക്ഷയുടെ ഫലം ഔദ്യോഗിക വെബ്‌സൈറ്റില്‍ പ്രസിദ്ധീകരിച്ചു. ഓട്ടോ ഡ്രൈവറായ അശോക് തോഡിയുടെ മകള്‍ പൂനം തോഡിയാണ് പരീക്ഷയില്‍ ഒന്നാം റാങ്കിലെത്തിയത്.

ഡെറാഡൂണിലെ ധരംപുരില്‍ നെഹ്രു കോളനിയിലാണ് ഇവര്‍ താമസിക്കുന്നത്. ഡിഎവി പിജി കോളേജില്‍ നിന്നും എംകോം പാസായ പൂനം അവിടെ നിന്നു തന്നെ എല്‍എല്‍ബിയും പൂര്‍ത്തിയാക്കി. തെഹ്രി കാമ്പസില്‍ എല്‍എല്‍എം പഠനം തുടരുന്നതിനിടെയാണ് സംസ്ഥാന സിവില്‍ സര്‍വീസിലെ ഒന്നാം റാങ്ക് നേടിയെടുത്തത്. തന്റെ മൂന്നാമത്തെ ശ്രമത്തിലാണ് പൂനം ഒന്നാം റാങ്കോടെ തന്നെ സിവില്‍ സര്‍വീസ് നേടിയെടുത്തിരിക്കുന്നത്. ആദ്യ രണ്ട് തവണയും പരീക്ഷ പാസായെങ്കിലും അഭിമുഖ പരീക്ഷ തരണം ചെയ്യാന്‍ ഇവര്‍ക്ക് സാധിച്ചിരുന്നില്ല.

എന്നാല്‍ ഇത്തവണ താന്‍ കഠിനാധ്വാനം ചെയ്‌തെന്നും തന്റെ മാതാപിതാക്കളും കുംടുംബാംഗങ്ങളും മുഴുവന്‍ പിന്തുണയും നല്‍കിയെന്നും പൂനം പറയുന്നു. ഓട്ടോ ഡ്രൈവറാണെങ്കിലും തന്റെ പിതാവ് സാമ്പത്തിക ശേഷി നോക്കാതെ തന്നെയാണ് തന്റെ സ്വപ്‌നങ്ങള്‍ക്ക് കൂട്ടുനിന്നത്. താന്‍ തന്റെ ഉത്തരവാദിത്വങ്ങള്‍ സത്യസന്ധമായി നിര്‍വഹിക്കുക മാത്രമാണ് ചെയ്തത്. എല്ലാ മാതാപിതാക്കളും തങ്ങളുടെ പെണ്‍മക്കളെ പഠിക്കാന്‍ അനുവദിക്കണമെന്നതാണ് തന്റെ ആഗ്രഹമെന്നും അവര്‍ പറയുന്നു.

അതേസമയം തന്റെ മകളുടെ കഠിനാധ്വാനത്തിന് ലഭിച്ച ഫലമാണ് ഇതെന്നും ഈ വിജയത്തിന്റെ ക്രെഡിറ്റ് അവളുടെ അമ്മയ്ക്കും സഹോദരന്മാര്‍ക്കുമാണ് നല്‍കേണ്ടതെന്നും അശോക് തോഡി പറയുന്നു. എല്ലാ പെണ്‍മക്കളും തങ്ങളുടെ മാതാപിതാക്കളെ ഇതുപോലെ അഭിമാനിക്കാനുള്ള ഇടവരുത്തട്ടേയെന്ന് താന്‍ ആഗ്രഹിക്കുന്നതായും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഇതുപോലൊരു മകളെ എല്ലാ അമ്മമാര്‍ക്കും ലഭിക്കട്ടെയെന്നാണ് തന്റെ ആഗ്രഹമെന്ന് പൂനത്തിന്റെ അമ്മ ലത തോഡി ഇന്ത്യന്‍ എക്‌സ്പ്രസിനോട് പറഞ്ഞു.

കൂടുതല്‍ വായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍