UPDATES

വായിച്ചോ‌

ട്രംപിന് രാഖി കെട്ടാന്‍ ഹരിയാന ‘ട്രംപ് ഗ്രാമ’ത്തിലെ പെണ്ണുങ്ങള്‍

ട്രംപിന്റെ പേരിട്ട് വിളിക്കുന്ന ഗ്രാമത്തില്‍ നിന്നും 1001 രാഖി ചരടുകള്‍ ട്രംപിന് അയച്ചുകൊടുക്കാനാണ് അവിടുത്തെ കുറേ സ്ത്രീകള്‍ തീരുമാനിച്ചിരിക്കുന്നത്.

യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് രാഖിയെ കുറിച്ച് കേട്ടിട്ടുണ്ടാവില്ല. ഹരിയാനയില്‍ സ്വന്തം പേരില്‍ ഒരു ഗ്രാമം ഉണ്ടെന്ന് അദ്ദേഹം അറിഞ്ഞിരിക്കാനും ഇടയില്ല. എന്നാല്‍ ട്രംപിന്റെ പേരിട്ട് വിളിക്കുന്ന ഗ്രാമത്തില്‍ നിന്നും 1001 രാഖി ചരടുകള്‍ ട്രംപിന് അയച്ചുകൊടുക്കാനാണ് അവിടുത്തെ കുറേ സ്ത്രീകള്‍ തീരുമാനിച്ചിരിക്കുന്നത്. ഒരു പിന്നോക്ക മുസ്ലീം ഭൂരിപക്ഷ ഗ്രാമത്തില്‍ നിന്നാണ് സാഹോദര്യം ആഘോഷിക്കുന്ന ഹൈന്ദവ ഉത്സവത്തിന്റെ ഭാഗമായി രാഖി ചരടുകള്‍ അയയ്ക്കുന്നത്.

ഹരിയാനയിലെ പിന്നോക്ക പ്രദേശമായ മേവത്ത് മേഖലയിലുള്ള മറോറ ഗ്രാമക്കാരാണ് ഇന്ത്യയും അമേരിക്കയും തമ്മിലുള്ള ബന്ധങ്ങള്‍ മെച്ചപ്പെടുത്താനുള്ള ശ്രമങ്ങളുമായി ഇറങ്ങിത്തിരിച്ചിരിക്കുന്നത്. സുലഭ് ഇന്റര്‍നാഷണല്‍ സോഷ്യല്‍ സര്‍വീസ് ഒര്‍ഗനൈസേഷന്‍ എന്ന എന്‍ജിഒ ഈ ഗ്രാമത്തില്‍ ‘ട്രംപ് ഗ്രാമം’ എന്ന് പേര് നല്‍കിയതോടെയാണ് നേരത്തെ ഇവിടം മാധ്യമശ്രദ്ധ പിടിച്ചെടുത്തത്. എന്നാല്‍ ഗ്രാമത്തിന്റെ പേര് മാറ്റിയത് നിയമവിരുദ്ധമാണെന്ന്് ജില്ല അധികൃതര്‍ പ്രഖ്യാപിച്ചതോടെ ട്രംപിന്റെ പേരില്‍ സ്ഥാപിച്ചിരുന്ന ബോര്‍ഡുകള്‍ മാറ്റാന്‍ സംഘടന നിര്‍ബന്ധിതമായിരുന്നു.

ഗുര്‍ഗാവില്‍ നിന്നും 60 കിലോമീറ്റര്‍ അകലെയാണ് 1,800 പേര്‍ താമസിക്കുന്ന ഈ ഗ്രാമം. പുതിയ പേരും ട്രംപിന്റെ ചിത്രങ്ങളും സംഘടന തന്നെ മാറ്റുമെന്ന് ജില്ല അധികൃതര്‍ അറിയിച്ചിരുന്നു. എന്നാല്‍ ഗ്രാമത്തില്‍ തങ്ങള്‍ നിരവധി സേവനപ്രവര്‍ത്തനങ്ങള്‍ നടത്തുന്നുണ്ട് എന്നാണ് എന്‍ജിഒയുടെ വൈസ് പ്രസിഡന്റ് മോണിക്ക ജയിന്‍ പറയുന്നത്. ട്രംപിന് 1001 രാഖിയും നരേന്ദ്ര മോദിക്ക് 501 രാഖിയും ഗ്രാമവാസികള്‍ നിര്‍മ്മിച്ചതായും അവര്‍ പറയുന്നു. ട്രംപിനെയും മോദിയെയും തങ്ങളുടെ മൂത്തസഹോദരന്മാരായാണ് ഗ്രാമത്തിലെ സ്ത്രീകളും പെണ്‍കുട്ടികളും കരുതുന്നതെന്നും അവര്‍ അവകാശപ്പെടുന്നു.

രക്ഷാബന്ധന്‍ ദിവസമായ ഓഗസ്റ്റ് ഏഴിന് രാഖികള്‍ ലഭിക്കത്തക്ക രീതിയില്‍ ഇന്നലെ തന്നെ രാഖികള്‍ അയച്ചുകൊടുത്തിട്ടുണ്ട്. ഗ്രാമം സന്ദര്‍ശിക്കാന്‍ ഇരുനേതാക്കളെയും ക്ഷണിച്ചിട്ടുമുണ്ട്. പ്രധാനമന്ത്രിയുടെ സ്വച്ഛഭാരത് പരിപാടിയുടെ ഭാഗമായി സുലഭ് അടുത്ത കാലത്ത് ഗ്രാമത്തില്‍ 95 ശൗച്യാലയങ്ങള്‍ നിര്‍മ്മിച്ചിരുന്നു. 140 വീടുകള്‍ ഉള്ള ഗ്രാമത്തില്‍ 45 വീടുകളില്‍ മാത്രമേ ഇതിന് മുമ്പ് ശൗച്യാലയങ്ങള്‍ ഉണ്ടായിരുന്നുള്ളുവെന്നും മോണിക്ക ജയിന്‍ പറയുന്നു.

വായനയ്ക്ക്:  https://goo.gl/YFtHgm

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍