UPDATES

വായിച്ചോ‌

യേശു ക്രിസ്തു ശരിക്കും ജീവിച്ചിരുന്നോ?

യേശു ക്രിസ്തു ജീവിച്ചിരുന്നോ എന്നത് സംബന്ധിച്ച് പ്രാചീന ലോകത്ത് അങ്ങനെ കാര്യമായ സംവാദങ്ങളൊന്നും നടന്നതായി തെളിവില്ല.

യേശു ക്രിസ്തു യഥാര്‍ത്ഥത്തില്‍ ജീവിച്ചിരുന്നോ ഇല്ലയോ എന്നത് സംബന്ധിച്ച് സംവാദങ്ങള്‍ തുടങ്ങിയിട്ട് നൂറ്റാണ്ടുകളായി. യേശു ക്രിസ്തു ജീവിച്ചിരുന്നതിന് ചരിത്രപരമായ തെളിവൊന്നും ഇല്ലെന്നാണ് യുക്തിവാദികളുടേയും നിരീശ്വരാവാദികളുടേയും എല്ലാം നിലപാട്. ജൂത, റോമന്‍ ചരിത്രകാരന്മാര്‍ നസ്രേത്തിലെ ജീസസിനെ കുറിച്ച് പറയുന്നുണ്ട്. സെന്റ് പോളാണ് ക്രിസ്ത്യന്‍ എഴുത്തുകാരില്‍ ആദ്യമായി ജീസസിനെ പരാമര്‍ശിക്കുന്നത്. ക്രിസ്തുവിനെ ക്രൂശിച്ചതായി പറയുന്ന കാലത്തിന് 25 വര്‍ഷങ്ങള്‍ക്ക് ശേഷമാണ് സെന്റ് പോളിന്റെ പരാമര്‍ശങ്ങള്‍ വരുന്നത്. പുതിയ നിയമത്തിലെ ക്രിസ്തുവിന്റെ ജീവിതം പറയുന്ന ഭാഗങ്ങള്‍ ക്രിസ്തുവിന്റെ മരണം നടന്നുവെന്ന് പറയുന്ന കാലത്തിന് 40 വര്‍ഷങ്ങള്‍ക്ക് ശേഷമുള്ളതാണ്.

എന്തുകൊണ്ട് ക്രിസ്ത്യന്‍ എഴുത്തുകാര്‍ റോമ സാമ്രാജ്യത്തിന്റെ കാലത്ത്, ജൂതരെ സംശയത്തിന്റെ നിഴലില്‍ നിര്‍ത്തിയിരുന്ന കാലത്ത് ഒരു ജൂത രക്ഷകനെ അവതരിപ്പിച്ചു എന്ന ചോദ്യമുണ്ട്. ജൂത ചരിത്രകാരനായ ഫ്്‌ളേവിയസ് ജോസഫസാണ് ആദ്യമായി ക്രിസ്തുവിനെക്കുറിച്ച് പറഞ്ഞ ക്രിസ്തു മതത്തിന് പുറത്തുള്ളയാള്‍. എഡി 93 കാലത്താണ് ജോസഫസ് ജൂതമതത്തിന്റെ ചരിത്രമെഴുതുന്നത്. എന്നാല്‍ ഈ പുസ്തകത്തെ സംബന്ധിച്ച് ഏറെ വിവാദങ്ങളുണ്ട്. യേശു ക്രിസ്തുവിനെ വിമര്‍ശിച്ചുകൊണ്ടാണ് യഥാര്‍ത്ഥത്തില്‍ ഫ്‌ളേവിയസ് എഴുതിയതെന്നും ഇത് ക്രിസ്ത്യന്‍ പുരോഹിതര്‍ വളച്ചൊടിച്ച് ക്രിസ്തുവിനെ പുകഴ്ത്തുന്ന രീതിയില്‍ ആക്കുകയായിരുന്നു എന്നുമാണ് ആരോപണം. ക്രിസ്തുവിനെക്കുറിച്ച് രണ്ട് പരാമര്‍ശങ്ങളാണ് ജോസഫസ് നടത്തുന്നത്. ഇതില്‍ ഒന്നാണ് വളച്ചൊടിച്ചതായി ആരോപണം.

ജോസഫസിന് 20 വര്‍ഷങ്ങള്‍ക്ക് ശേഷം റോമന്‍ നേതാക്കളായിരുന്ന പ്ലീനിയും ടാസിറ്റസും ജീസസിനെ കുറിച്ച് എഴുതി. പോണ്ടിയസ് പിലേറ്റ് ജൂദായിയയുടെ ചുമതല വഹിക്കുകയും ടൈബീരിയസ് റോമ ചക്രവര്‍ത്തി ആയിരിക്കുകയും ചെയ്ത കാലത്താണ് ജീസസിന്റെ വധശിക്ഷ നടപ്പാക്കിയതെന്ന് ടാസിറ്റസ് പറയുന്നു. സുവിശേഷങ്ങളിലെ കാലഗണനയുമായി ഇത് ചേര്‍ന്നുപോകുന്നുണ്ട്. വടക്കന്‍ ടര്‍ക്കിയില്‍ ഗവര്‍ണറായിരിക്കൊണ് പ്ലിനി ക്രിസ്തുവിനെ പരാമര്‍ശിക്കുന്നത്. ക്രിസ്തുവിനെ ദൈവമായി ആരാധിക്കുന്നവരെ കുറിച്ചാണ് പ്ലിനി പറയുന്നത്. ടാസിറ്റസും പ്ലിനിയും കടുത്ത ക്രൈസ്തവ വിരോധികളായിരുന്നു. ടാസിറ്റസ് ക്രിസ്തുമതത്തെ വിനാശകാരിയായ അന്ധവിശ്വാസ സംഹിതയായി കാണുമ്പോള്‍ പ്ലിനി ക്രിസ്ത്യാനികളെ പന്നിത്തലയന്മാര്‍ എന്ന് വിളിച്ചു. യേശു ക്രിസ്തു ജീവിച്ചിരുന്നോ എന്നത് സംബന്ധിച്ച് പ്രാചീന ലോകത്ത് അങ്ങനെ കാര്യമായ സംവാദങ്ങളൊന്നും നടന്നതായി തെളിവില്ല. അതേസമയം ജൂത പുരോഹിതന്മാര്‍ മേരിയുടേയും സോര്‍സററുടേയും അവിശുദ്ധ സന്തതിയായാണ് ക്രിസ്തുവിനെ കാണുന്നത്. ലൂസിയനേയും സെല്‍സസിനേയും പോലെയുള്ള ചിന്തകര്‍ യേശുവിനെ ഒരു തെമ്മാടിയായാണ് ചിത്രീകരിക്കുന്നത്. അതേസമയം യേശു ജീവിച്ചിരുന്നോ എന്ന സംശയം ആരും ഉന്നയിച്ചതായി കാണുന്നില്ല.

അടുത്തിടെ പുറത്തിറങ്ങിയ പുസ്തകത്തില്‍ ഫ്രഞ്ച് ചിന്തകന്‍ മൈക്കിള്‍ ഓണ്‍ഫ്രി ജീസസ് ഒരു മിത്തിക്കല്‍ കഥാപാത്രമാണെന്നും ചരിത്ര പുരുഷനായി കാണാനാവില്ലെന്നും അഭിപ്രായപ്പെട്ടിട്ടുണ്ട്. 10 വര്‍ഷം മുമ്പ് അമേരിക്കയില്‍ രൂപപ്പെട്ട ജീസസ് പ്രോജക്ട് പ്രധാനമായും ആരാഞ്ഞത് യേശു ജീവിച്ചിരുന്നോ ഇല്ലയോ എന്നതാണ്. ജീസസും നസ്രേത്തും വെറും ഭാവന മാത്രമാണെന്ന് ചിലര്‍ എഴുതി. അതേസമയം നോട്ടിംഗ്ഹാം സര്‍വകലാശാലയിലെ മൗറിസ് കാസിയും നോര്‍ത്ത് കരോളിന സര്‍വകലാശാലയിലെ ബാര്‍ട്ട് എഹ്മാനും ഈ മിത്ത് വാദത്തെ തള്ളിക്കളഞ്ഞു. എന്നാല്‍ ഇംഗ്ലണ്ടില്‍ അടുത്തിടെ നടത്തിയ ഒരു സര്‍വേയില്‍ പങ്കെടുത്ത 40 ശതമാനം പേരും അഭിപ്രായപ്പെട്ടത് യേശു ക്രിസ്തുവിനെ ഒരു ചരിത്രപുരുഷനായി കാണാന്‍ കഴിയില്ലെന്നാണ്. ദിവ്യാദ്ഭുത കഥകള്‍ മാറ്റി നിര്‍ത്തിയാല്‍ ജീസസ് എന്നൊരു വ്യക്തി, അല്ലെങ്കില്‍ അത്തരത്തില്‍ അവതരിപ്പിക്കപ്പെടുന്ന കഥാപാത്രത്തിന് സമാനനായ ഒരു വ്യക്തി ജീവിച്ചിരുന്നിരിക്കാനുള്ള സാദ്ധ്യതയിലേയ്ക്ക് വിരല്‍ ചൂണ്ടുന്നത് ക്രിസ്ത്യന്‍, റോമന്‍, ജൂത എഴുത്തുകാരുടെ പരാമര്‍ശങ്ങളാണ്.

വായനയ്ക്ക്: https://goo.gl/f5AEeI

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍