UPDATES

വായിച്ചോ‌

ഞാന്‍ എന്തുകൊണ്ട് ബിജെപി വിടുന്നു? മോദി ഫാന്‍ ആയ ബിജെപി കാംപെയിന്‍ അനലിസ്റ്റ് പറയുന്നു

പദ്ധതികളുടെ നടത്തിപ്പിലെ പരാജയത്തെപറ്റിയും തൊഴിലില്ലായ്മയും കര്‍ഷകരുടെ പ്രശ്‌നങ്ങള്‍ അഭിമുഖീകരിക്കാത്തതും ശിവം ചൂണ്ടിക്കാട്ടുന്നു.

താന്‍ എന്തുകൊണ്ട് ബിജെപിയില്‍ നിന്ന് രാജി വയ്ക്കുന്നു എന്നാണ് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ കടുത്ത ആരാധകനായ ബിജെപി കാംപെയിന്‍ അനലിസ്റ്റ് ശിവം ശങ്കര്‍ സിംഗ് പറയുന്നത്. മോദി മുന്നോട്ട് വച്ച വികസന അജണ്ടകളും പരിപാടികളും മൂലമാണ് 2013 മുതല്‍ ബിജെപിയുടെ പോള്‍ കാംപെയിനുകളുടെ ഭാഗമായി പ്രവര്‍ത്തിക്കുന്നതെന്ന് എന്നാല്‍ മോദിയുടേയും അമിത് ഷായുടേയും നേതൃത്വത്തില്‍ ബിജെപി ഈ വികസന അജണ്ടയില്‍ നിന്ന് വഴി മാറി, തെറ്റായ പരിപാടികളുമായി മുന്നോട്ടുപോവുകയാണെന്നും ശിവം ശങ്കര്‍ സിംഗ് പറയുന്നു.

ആര്‍എസ്എസ് അനുകൂല തിങ്ക് ടാങ്ക് ആയ ഇന്ത്യ ഫൗണ്ടേഷനില്‍ റിസര്‍ച്ച് ഫെല്ലോ ആയിരുന്ന ശിവം ശങ്കര്‍ സിംഗ് 2013 മുതല്‍ ബിജെപിയുമായി ബന്ധപ്പെട്ട് സജീവമാണ്. വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളിലെ ബിജെപി പോള്‍ കാംപെയിന്‍ അനലിസ്റ്റായി പ്രവര്‍ത്തിച്ചിരുന്നു. താന്‍ ബിജെപി വിടാന്‍ തീരുമാനിച്ചതിന് പിന്നിലെ കാരണങ്ങളെ പറ്റി ശിവം ശങ്കര്‍ സിംഗ് വിശദീകരിക്കുന്നു. പദ്ധതികളുടെ നടത്തിപ്പിലെ പരാജയത്തെപറ്റിയും തൊഴിലില്ലായ്മയും കര്‍ഷകരുടെ പ്രശ്‌നങ്ങള്‍ അഭിമുഖീകരിക്കാത്തതും ശിവം ചൂണ്ടിക്കാട്ടുന്നു. കോണ്‍ഗ്രസ് ഭരണ കാലത്തെ പെട്രോള്‍, ഡീസല്‍ വില വര്‍ദ്ധനകളെ ശക്തമായി എതിര്‍ത്തിരുന്നവര്‍ക്ക് ഇപ്പോഴത്തെ തീ വിലയില്‍ എന്ത് ന്യായീകരണമുണ്ട് എന്ന് ശിവം ചോദിക്കുന്നു.

വിദ്യാഭ്യാസ, ആരോഗ്യ മേഖലകളിലെ അടിസ്ഥാന പ്രശ്‌നങ്ങളെ അഭിസംബോധന ചെയ്യാന്‍ സര്‍ക്കാര്‍ ശ്രമിക്കുന്നില്ല. സര്‍ക്കാര്‍ പദ്ധതികളെ കൃത്യമായി ഓഡിറ്റ് ചെയ്ത് വിവരശേഖരണം നടത്തി ആവശ്യമായ മാര്‍ഗനിര്‍ദ്ദേശങ്ങള്‍ നല്‍കിയിരുന്ന ആസൂത്രണ കമ്മീഷനെ ഇല്ലാതാക്കി, മോദി സര്‍ക്കാര്‍ കൊണ്ടുവന്ന നിതി ആയോഗ് വെറും പിആര്‍ ഏജന്‍സി ആയാണ് പ്രവര്‍ത്തിക്കുന്നത്. നോട്ട് നിരോധനവും ജി എസ് ടിയും പരാജയം. എന്നാല്‍ പരാജയം അംഗീകരിക്കാന്‍ ബിജെപി തയ്യാറല്ല. വ്യാപാര മേഖലയെ ഈ നയങ്ങള്‍ പ്രതിസന്ധിയിലാക്കി.

സിബിഐയേയും എന്‍ഫോഴ്‌സ്‌മെന്റിനേയും പോലുള്ള ഏജന്‍സികളെ സങ്കുചിത രാഷ്ടീയ താല്‍പര്യങ്ങള്‍ക്കായി ദുരുപയോഗം ചെയ്യുന്നു. മോദിയേയും അമിത് ഷായേയും വിമര്‍ശിക്കുന്നവര്‍ക്കെതിരെ ഉപയോഗിക്കാനുള്ള ഉപകരണങ്ങളായിരിക്കുന്നു ഇവ. വ്യാജവാര്‍ത്തകള്‍ പ്രചരിപ്പിച്ചും മാധ്യമങ്ങളുടെ വായ മൂടിക്കെട്ടാന്‍ ശ്രമിച്ചും വര്‍ഗീയ ധ്രുവീകരണത്തില്‍ കേന്ദ്രീകരിച്ചും എതിര്‍ക്കുന്നവരെ ദേശദ്രോഹികളായി ചിത്രീകരിച്ചും നീങ്ങുന്ന ബിജെപിയുടെ നയത്തേയും ശിവം ശങ്കര്‍ സിംഗ് ചൂണ്ടിക്കാട്ടുന്നു. വിദേശനയത്തില്‍ മോദി സര്‍ക്കാര്‍ പരാജയമാണ് എന്നും ശിവം പറയുന്നു.

വായനയ്ക്ക്: https://goo.gl/dbTEU7

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍