UPDATES

സിനിമ

വി ഡി രാജപ്പന്‍ നമ്മളോടു പറഞ്ഞ തമാശകളും പറയാതെ പോയ വേദനകളും

Avatar

അഴിമുഖം പ്രതിനിധി

കോട്ടയം ചന്തയ്ക്കടുത്ത് പണ്ടൊരു ബാര്‍ബര്‍ഷോപ്പുണ്ടായിരുന്നു. രാജപ്പന്റെ വല്യച്ഛന്റെ. കോട്ടയത്തുകാരനല്ലായെങ്കില്‍, ഒഴുകി വരുന്ന തമിഴ് കച്ചേരികളും ഭക്തിഗാനങ്ങളും കേട്ട് അതേതോ കാസറ്റ് കടയാണെന്നു തെറ്റിദ്ധരിച്ചുപോകും. എപ്പോഴും പാട്ട്… കത്രികയും ചീപ്പും താളം പിടിച്ചാണ് മുടിയിഴകളിലൂടെ ഓടിനടക്കുന്നത്. ചിലപ്പോള്‍ വെട്ടുകാരന്‍ തന്റെ മുന്നിലുള്ളത് തലയല്ല തബലയാണെന്നു കരുതിക്കളയും! സംഗതിയെന്തായാലും കോട്ടയത്തുകാരുടെ ഫേവറേറ്റ് ഡെസ്റ്റിനേഷനായിരുന്നു ആ മുടിവെട്ട് കട. അവിടേയ്ക്കാണ് രാജപ്പനുമെത്തുന്നത്. വല്യച്ഛന്‍ കൂട്ടികൊണ്ടുവരുന്നതാണ്, ജീവിക്കാന്‍ ചെക്കനും കുലത്തൊഴില്‍ പഠിച്ചോട്ടെ എന്ന് വിചാരിച്ച്. ജീവിതത്തില്‍ ഏതാണ്ട് ഒറ്റപ്പെട്ട അവസ്ഥയിലായിരുന്നു അപ്പോള്‍ രാജപ്പന്‍. അച്ഛന്‍ നേരത്തെ മരിച്ചു. അമ്മ വേറൊരാളെ കെട്ടി. രാജപ്പനും അനിയത്തിയും മാത്രമായപ്പോഴാണ് വല്യച്ഛന്‍ രണ്ടുപേരെയും തനിക്കൊപ്പം നിര്‍ത്തിയത്. താനില്ലാത്തപ്പോള്‍ കടയുടെ കാര്യം നോക്കാന്‍ ഒരാളുണ്ടല്ലോ എന്നതായിരുന്നു അദ്ദേഹത്തിന്റെ ആശ്വാസം.

കത്രിക കയ്യിലെടുത്ത രാജപ്പനും ഒരുകാര്യത്തില്‍ തങ്ങളുടെ പാരമ്പര്യം കൈവിട്ടില്ല, പാട്ടിന്റെ കാര്യത്തില്‍. പക്ഷെ, രാജപ്പന്‍ യുഗത്തില്‍ ആ മുടിവെട്ടുകടയില്‍ നിന്ന് റിക്കാര്‍ഡുകളല്ല പാടിയത്, കേട്ടതു മുഴുവന്‍ രാജപ്പന്‍ പാടിയതായിരുന്നു. രാജപ്പന്റെ പാട്ടുകള്‍ പെട്ടെന്ന് തന്നെ ക്ലിക്കായി. അതുവരെ കേട്ടിരുന്ന കച്ചേരിയോ ഭക്തിഗാനമോ അല്ലായിരുന്നു, പാരഡിയായിരുന്നു. പലപ്പോഴും രാജപ്പന് കത്രികയും ചീപ്പും ഉയര്‍ത്തി പിടിച്ച് മുടിവെട്ടാനിരിക്കുന്നവന്റെ പിറകില്‍ ഹാന്‍ഡ്‌സ് അപ്പ് പൊസിഷനില്‍ നില്‍ക്കേണ്ടി വരും, തലകുലുങ്ങി ചിരിക്കുന്നവന്റെ മുടിയെങ്ങനെ വെട്ടാനാ…!

പതുക്കെ രാജപ്പന്റെ പുകള്‍ കടയ്ക്കുള്ളില്‍ നിന്ന് പുറത്തേക്ക് കേട്ടുതുടങ്ങി. ഒരു ദിവസം രാജപ്പനെ കൈയോടെ പൊക്കാന്‍ ഒരാള്‍ വന്നു; മിസ്സിസ് കെ എം മാത്യു. മറ്റുള്ളോരെ ചിരിപ്പിക്കുമെന്നാണ് പറഞ്ഞുകേട്ടത്, എന്നാല്‍ വന്ന് ഞങ്ങളുടെ ഒരുപരിപാടിക്ക് എന്തെങ്കിലുമൊക്കെ കാണിക്ക്, ആള്‍ക്കാരെ ചിരിപ്പിക്ക്, സ്‌നേഹനിധിയായ ആ അമ്മച്ചിയുടെ ആവശ്യം സ്വീകരിച്ച രാജപ്പന് അങ്ങനെ ആദ്യമായി വലിയൊരു സദസിനു മുന്നില്‍ ഒരു പരിപാടി അവതരിപ്പിക്കാന്‍ കഴിഞ്ഞു. മിസ്സിസ് കെ എം മാത്യുവിന്റെ നിഗമനം തെറ്റിയിരുന്നില്ല, രാജപ്പന്റെ നമ്പറുകള്‍ കേട്ട് സദസ് ചിരിച്ചു, നന്നായി ചിരിച്ചു…വി ഡി രാജപ്പന്‍ യുഗത്തിന്റെ ഒരു തുടക്കമെന്ന് പറയുന്നത് അതായിരുന്നു….

പക്ഷെ ഒന്നു സംഭവിച്ചു, ചന്തയിലെ ആ ബാര്‍ബര്‍ ഷോപ്പിനു മുന്നില്‍ മിക്കദിവസവും’ ഇന്നു കടമുടക്കം’ എന്ന ബോര്‍ഡ് തൂങ്ങാന്‍ തുടങ്ങി. ഇതിനിടയില്‍ വല്യച്ഛന്‍ മരിച്ചു. കൂടെ ആ ബാര്‍ബര്‍ഷോപ്പും.

വല്യച്ചന് കൊള്ളിയും കടയ്ക്ക് താഴുമിട്ട് ഇറങ്ങിയ രാജപ്പന് പിന്നീട് നില്‍ക്കാന്‍ സമയമില്ലായിരുന്നു, ഓട്ടമായിരുന്നു ഓട്ടം.

ആ കാലം കേരളം കലാസാംസ്‌കാരിക രംഗത്ത് അതിന്റെ ഔന്നത്യത്തില്‍ നില്‍ക്കുന്ന സമയമാണ്. കഥാപ്രസംഗം എന്ന കല ഏറ്റവും ജനകീയമായി നിന്നകാലം. സാംബശിവനും കെടാമംഗലവും കൊല്ലം ബാബുവുമൊക്കെ കഥ പറച്ചിലിലൂടെ സാര്‍വലോക മലയാളിയെയും തങ്ങളുടെ കേള്‍വിക്കാരാക്കിയ കാലം. അവര്‍ക്കിടയിലേക്കാണ് രാജപ്പനും കയറി വരുന്നത്. മഹാരഥന്മാര്‍ വാണിരുന്ന കഥാപ്രസംഗവേദിയില്‍ പക്ഷെ, രാജപ്പനും ഒരു സിംഹാസനം സ്വന്തമാക്കി. വി ഡി രാജപ്പന്‍ എന്നുകേട്ടാലെ ജനം ചിരിക്കാന്‍ തുടങ്ങി.

‘ജനം ഒരാളെ ഇഷ്ടപ്പെട്ടാല്‍ പിന്നെ ആ ഇഷ്ടം പോകില്ല’; രാജപ്പന്‍ മനസ്സിലാക്കിയ സത്യം. ജനം തന്നെ ഇഷ്ടപ്പെടുന്നുവെന്ന് തിരിച്ചറിഞ്ഞപ്പോള്‍ ആദ്യമുണ്ടായിരുന്ന ചെറിയൊരു പേടിയും ഇല്ലാതായി. ധൈര്യത്തോടെ കഥ പറയാന്‍ തുടങ്ങി. എന്നാല്‍ രാജപ്പന്‍ പറഞ്ഞത് മനുഷ്യരുടെ കഥയല്ലായിരുന്നു. സാംബശിവന്‍ ഒഥല്ലോയെയും കാരമസോവ് സഹോദരന്മാരെയും കുറിച്ച് പറഞ്ഞപ്പോള്‍ രാജപ്പന്‍ പറഞ്ഞത് കോഴിയെ കുറിച്ചും പാമ്പിനെ കുറിച്ചും എരുമയെക്കുറിച്ചുമെല്ലാമായിരുന്നു.

വലിയ വലിയ കഥകള്‍ പറയാനും മഹാന്മാരായ മനുഷ്യരെ കുറിച്ചു കഥപറയാനും അക്കാലത്ത് സാംബശിവനെപോലുള്ള പ്രതിഭകളുണ്ടായിരുന്നു. എനിക്കങ്ങനെയൊന്നും പറയാന്‍ കഴിയില്ല, അറിയില്ല എന്നതാണ് ശരി. ഞാനപ്പോള്‍ മൃഗങ്ങളെ കുറിച്ചു പറഞ്ഞു. ആദ്യമൊരു പേടിയുണ്ടായിരുന്നു, ഏക്കൂമോ തമ്പുരാനെ…? വി ഡി രാജപ്പന്‍ ആ കാലത്തെക്കുറിച്ച് പറഞ്ഞതാണ്. രാജപ്പന്റെ ശങ്ക അസ്ഥാനത്തായി. സംഗതി ഏറ്റൂ, ജനം ചിരിച്ചു, പൊട്ടിച്ചിരിച്ചു, കൂടെ പാരഡി പാട്ടുകളുമായപ്പോള്‍ സംഗതി ഹിറ്റ്. അക്കാലത്ത് സാക്ഷാല്‍ സാംബശിവനെക്കാള്‍ ബുക്കിംഗ് ഉണ്ടായിട്ടുണ്ട് വി ഡി രാജപ്പന്. കഥാപ്രസംഗമെന്ന കലയെ അപഹാസ്യമാക്കുന്നുവെന്നൊന്നും പക്ഷെ സംബാശിവനെപ്പോലുള്ളവര്‍ രാജപ്പന്റെ കഥ പറച്ചിലിനെ വിമര്‍ശിച്ചിരുന്നില്ല, അവരും അതാസ്വദിച്ചു. രാജപ്പന്റെ കോമഡികളെ സാംബശിവന്‍ പോലും ഇഷ്ടപ്പെട്ടിരുന്നു.

അങ്ങനെ രാജപ്പന്‍ കഥ പറഞ്ഞു പറഞ്ഞ് കേരളവും കടന്ന് ഇന്ത്യയും കടന്ന് അമേരിക്കയിലും ഗള്‍ഫിലും യൂറോപ്പിലുമൊക്കെ എത്തി…മലയാളി എവിടെയൊക്കെയുണ്ടോ അവിടെയൊക്കെ രാജപ്പനുമെത്തി. ചികയുന്ന സുന്ദരിയും പോത്തുപുത്രിയും മാക് മാകും അക്കിടി പാക്കരനുമൊക്കെ രാജപ്പനെ ഒരു ഹാസ്യചക്രവര്‍ത്തിയാക്കി…

പിന്നെ ഒരു ദിവസം രാജപ്പന്‍ സിനിമാനടനുമായി.

ആരും കാണാത്ത സിനിമയിലാണ് ആദ്യം അഭിനയിച്ചിതങ്കെിലും (ആദ്യ ചിത്രമായ കാട്ടുപോത്ത് റിലീസ് ചെയ്തില്ല, പക്ഷെ ആ സിനിമയിലെ പാട്ട് നിങ്ങള്‍ മറക്കില്ല പൂവല്ല പൂന്തളിരല്ല, മാനത്തെ മഴവില്ലല്ല….) ശകുനപ്പിഴയൊന്നും സിനിമയില്‍ ഉണ്ടായില്ല. പ്രേക്ഷകരെക്കാള്‍ രാജപ്പന്റെ തമാശകള്‍ ഇഷ്ടപ്പെട്ടവര്‍ സിനിമാലോകത്ത് തന്നെ ഉണ്ടായിരുന്നു, രാജപ്പന്റെ താരാരാധകരില്‍ പ്രധാനി പ്രേംനസീര്‍ അയിരുന്നു. രാജപ്പന്‍ സെറ്റിലുണ്ടെങ്കില്‍ എത്ര തിരക്കുണ്ടെങ്കിലും നസീര്‍ രാജപ്പനെകൊണ്ട് കഥ പറയിച്ചും പാട്ടുപാടിച്ചും അവിടിരിക്കും. നസീറിനെ പോലെ മറ്റുള്ളവര്‍ക്കും രാജപ്പനെ ഒത്തിരിയിഷ്ടായിരുന്നു, അതാണല്ലോ ഭാസി ചേട്ടന്‍ കോട്ടയത്തു വരണമെന്ന് പറഞ്ഞപ്പോള്‍, സന്തോഷത്തോടെ രാജപ്പനൊപ്പം കോട്ടയത്തേക്ക് വണ്ടികേറാന്‍ അടൂര്‍ ഭാസി തയ്യാറായതും.

ഇതിനിടയില്‍ രാജപ്പന്റെ കഥാപ്രസംഗങ്ങള്‍ കാസറ്റ് രൂപത്തിലിറങ്ങി. വന്‍ ഡിമാന്‍ഡോടെയാണ് അവ വിറ്റുപോയത്…ചുരുക്കി പറഞ്ഞാല്‍ വി ഡി രാജപ്പന് നിന്നു തിരിയാന്‍ ടൈം ഇല്ലാത്ത ടൈം ആയിരുന്നു അത്.

ഇതിനിടയില്‍ രാജപ്പന്‍ ഒരു കല്യാണം കഴിച്ചു…

നാട്ടുകാരനായ ഒരു സുഹൃത്തിന്റെ ഒപ്പമാണ് രാജപ്പന്‍ പന്തളം എന്‍എസ്എസ് നഴ്‌സിംഗ് കോളേജിലെത്തുന്നത്. ആ സുഹൃത്തിന്റെ ബന്ധത്തിലുള്ളൊരു പെണ്‍കുട്ടി അവിടെ പഠിക്കുന്നുണ്ട്.

അങ്ങനെയാണ് വി ഡി രാജപ്പന്‍ ആദ്യമായി സുലോചനയെ കാണുന്നത്.

സുലോചനയും കേട്ടിട്ടുണ്ട്. പത്രങ്ങളിലൊക്കെ പേരും ഫോട്ടോയും കാണാം. അത്രമാത്രം, അതിനപ്പുറം ഒന്നുമില്ല, രാജപ്പനുമില്ലായിരുന്നു. പക്ഷെ ഇടയ്‌ക്കൊക്കെ പന്തളം വഴി പോകാനുള്ള ഒരു ഇത് പില്‍ക്കാലത്ത് രാജപ്പനിലുണ്ടായി. സുലോചന ആദ്യമൊന്നും അത് കാര്യമാക്കിയില്ല. പിന്നെ പിന്നെ രാജപ്പന്‍ ഗേറ്റു കടക്കുമ്പോഴെ കൂട്ടുകാരികളൊക്കെ സുലോചനയെ നോക്കി പറയാന്‍ തുടങ്ങി, ‘ദേഡിയേ…വി ഡി വരണുണ്ട്, നിന്നെ കാണാനാ…’അങ്ങനെയങ്ങനെ……ദേ ഇപ്പം കൊല്ലം മൂപ്പത്തിമൂന്നു കഴിഞ്ഞു സുലോമ്മ വി ഡിക്കൊപ്പം ആയിട്ട്…

സിനിമയും കഥാപ്രസംഗവുമൊക്കെയായി ജീവിതമങ്ങനെ മുന്നോട്ടുപോയി…കോട്ടയം പേരൂരില്‍ 25 സെന്റ് സ്ഥലവും അതില്‍ കുറ്റമില്ലാത്തൊരു വീടുമൊക്കെ ഉണ്ടാക്കി. രണ്ടുമക്കളുമുണ്ടായി, രാജേഷും രാജീവും.

ജവീതവും കലയും അങ്ങനെ സുഗമമായി ഒഴുകിപോകുന്നതിനിടയിലായിരുന്നു രാജപ്പന്റെ വീഴ്ച്ചയും.

കലാകാരന്മാരുടെ ജീവിതത്തിലെ ചില ‘ശീലങ്ങള്‍; ആയിരുന്നു പ്രധാന കാരണം. അതുപോലെ തന്നെ രാജപ്പന്റെ മറ്റൊരു പരാജയമായിരുന്നു അന്യന്റെ സങ്കടം കണ്ടുനില്‍ക്കാന്‍ കഴിയാതിരുന്നത്. കൈയില്‍ കാശുണ്ടെങ്കില്‍ അത് ആദ്യം കാണുന്ന ഏതെങ്കിലും പരിചയക്കാരന്റെ സങ്കടം തീര്‍ക്കാന്‍ പോക്കറ്റില്‍വെച്ചുകൊടുക്കും, ചോദിച്ചിട്ടാണെങ്കിലും അല്ലെങ്കിലും. മറ്റുള്ളവനെ സഹായിക്കുന്നതിലും കുടിക്കുന്നതിലും രാജപ്പന് ആവേശം കുറച്ച് കൂടിപ്പോയി. കൈയില്‍ കാശുള്ളതുകൊണ്ടായിരുന്നില്ല, ഉള്ളില്‍ കനലെരിയുന്നതുകൊണ്ടു കൂടിയായിരുന്നു രാജപ്പന്‍ പലപ്പോഴും കുടിച്ചത്. മറ്റുള്ളവനെ ചിരിപ്പിക്കുന്നവന് സ്വയം ചിരിക്കാന്‍ പലപ്പോഴും കഴിയാറില്ലല്ലോ. നോക്കി വളര്‍ത്തിയ സഹോദരങ്ങളില്‍ (അമ്മയുടെ രണ്ടാം വിവാഹത്തിലുണ്ടായ രണ്ട് അനിയത്തിമാരുടെ ചുമതലകൂടി രാജപ്പനാണ് എറ്റെടുത്തത്) നിന്നുണ്ടായ കൈപ്പേറിയ അനുഭവം ആ സഹോദരനെ മാനസികമായി തളര്‍ത്തിയിരുന്നു. കോട്ടയം പയസ് ടെണ്‍ത് കോണ്‍വെന്റിന് പിന്നിലുള്ള കുടുംബവീട്ടില്‍ നിന്നുപോലും അന്യനാക്കപ്പെട്ടപ്പോള്‍ രാജപ്പന്റെ മനസ് തകര്‍ന്നു.

ജീവിതം കൈവിടുന്നുവെന്ന് കണ്ടപ്പോഴാണ് സുലോചന ജോലിക്ക് പോകുന്നത്. അതോടെ രാജപ്പന്‍ സിനിമയില്‍ നിന്നെല്ലാം പിന്നോട്ടു വലിഞ്ഞു വീട്ടില്‍ ഇരിപ്പായി. ഉള്ളില്‍ കരഞ്ഞോണ്ടും മറ്റുള്ളവനെ ചിരിപ്പിക്കാന്‍ കഴിഞ്ഞെങ്കിലും മനസ്സില്‍ തളര്‍ച്ച ബാധിച്ചു തുടങ്ങിയിരുന്നു. പതുക്കെയത് ശരീരത്തെയും കീഴ്‌പ്പെടുത്തി.

അതോടെ വി ഡി രാജപ്പന്റെ ജീവിതത്തിലെ അരങ്ങില്‍ നിന്ന് ആളുകളൊഴിഞ്ഞു. ജീവിത വേദിയില്‍ ഭാര്യയും മക്കളും മാത്രമായി കാഴ്ചക്കാര്‍. ജനം രാജപ്പനെ മറന്നില്ലെങ്കിലും രാജപ്പന്റെ അവസ്ഥയെക്കുറിച്ച് അജ്ഞരായിരുന്നു. അറിയാവുന്നവരാകട്ടെ അകലവും പാലിച്ചു. വീണുപോയവനെ തേടി ആരെങ്കിലും വരണമെങ്കില്‍ അവനില്‍ മനുഷ്യത്വം എന്നൊരു സംഗതി കൂടി വേണമല്ലോ…

ചെസ്റ്റ് ഇന്‍ഫക്ഷനായി തുടങ്ങിയ രോഗം, പിന്നീട് പ്രമേഹവും രക്തസമ്മര്‍ദ്ദവുമൊക്കെയായി രൂപം മാറി. കാലു രണ്ടിലും നീരുവന്നു. നടക്കാന്‍ വയ്യാത്ത അവസ്ഥയായി. മുട്ടിനു താഴെ തളര്‍ച്ച ബാധിച്ചു. പതുക്കെ ഓര്‍മ്മയും രാജപ്പനോട് പിണക്കം കാണിച്ചു; വന്നപോകുന്നൊരു അകന്ന ബന്ധുവിനെപ്പോലെ മാത്രം അടുപ്പം കാണിച്ചു.

കഴിയാവുന്ന ചികിത്സയൊക്കെ ചെയ്തു. കാശ് ഒരുപാട് ചെലവായി..കടം കൂടി. 25 സെന്റ് സ്ഥലവും വീടും വിറ്റു. ഹെഡ് നേഴ്‌സായി വിരമിച്ച സുലോചനയുടെ പെന്‍ഷന്‍ മാത്രമായി ആകെയുള്ള വരുമാനം. സമ്പാദിക്കാനറിയാത്ത കലാകാരന്റെ ദുരവസ്ഥയ്ക്ക് പുതിയൊരു ഉദാഹരണമാകുകയായിരുന്നു രാജപ്പനും.

അസുഖങ്ങള്‍ തളര്‍ത്തിയ വി ഡി രാജപ്പനെ കുറിച്ച് പിന്നീട് ജനം അറിയുന്നത് മാധ്യമങ്ങളിലൂടെയാണ്. വലിയൊരു ചിരിയായിരുന്ന മനുഷ്യനെപ്പറ്റി കണ്ണുനീര്‍ പറ്റിയ അക്ഷരങ്ങള്‍കൊണ്ട് എഴുതേണ്ടി വന്നു. ചിലതെല്ലാം അതിശയോക്തി കലര്‍ന്ന മെലോഡ്രാമയായി പോയെങ്കിലും, വി ഡി രാജപ്പനോട് നമ്മള്‍ നീതി കാണിച്ചില്ലെന്നത് സത്യം തന്നെയായിരുന്നു. അത്രയൊന്നും സമ്പന്നനായിരുന്നില്ല അദ്ദേഹം, സമ്പാദിച്ചതിന്റെ ഭൂരിപക്ഷവും കളഞ്ഞുകുളിക്കുകയും ചെയ്തു. പക്ഷേ നമ്മളെയൊക്കെ ഒരുപാട് ചിരിപ്പിച്ചൊരു മനുഷ്യനായിരുന്നു വി ഡി രാജപ്പന്‍. ഒരുകാലത്ത് ലോകം മുഴുവന്‍ ഓടിനടന്നൊരാള്‍. ഒടുവിലായപ്പോള്‍ ഒരു കട്ടിലിനെ ബാക്കി ജീവിതത്തിന്റെ വേദിയാക്കി വേദനകളുടെ കഥ സ്വയം പറയേണ്ടി വന്നു. 

അപ്പോഴും അദ്ദേഹം ആരോടുമൊന്നും ചോദിച്ചില്ല, പരിഭവപ്പെട്ടുമില്ല. ആകെയുണ്ടായിരുന്ന ആവശ്യം ഭാര്യയോടായിരുന്നു; സുലോമ്മേ…ഒരു സിഗററ്റ് തരുമോ എന്നുമാത്രമായിരുന്നു അത്. ദിവസത്തിന്റെ ഏതെങ്കിലുമൊരു നേരത്ത് മാത്രം എനിക്ക് കഴിക്കാന്‍ ഒന്നും തരില്ലേയെന്നും ചോദിച്ചിരുന്നു… അതിനപ്പുറം ആ മുഖത്തുണ്ടായിരുന്നത് ശാന്തത മാത്രമായിരുന്നു. ഓര്‍മകള്‍ വിരുന്നെത്തുന്ന സമയമാണെങ്കില്‍ പഴയ പാട്ടേതെങ്കിലും മൂളും. നമ്മള്‍ ഒരുപാട് വട്ടം പാടിചിരിച്ച ആ പഴയ വി ഡി പാട്ടുകള്‍,

കാട്ടിലുള്ള കരളേ….
നീ നാട്ടിലുള്ള കരളോ…
മങ്കിപെറ്റ മകളോ…കരിമങ്കി പെറ്റ മകളോ
ആരു നീ..ആരു നീ…
മെയ്യിലാകെ അഴകായി…ഒ്..ഒ്..ഒ്….

ഇനി പാട്ടുകളും പറഞ്ഞ തമാശകളും മാത്രം, വി ഡി രാജപ്പന്‍ ഇല്ല…

 

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍