UPDATES

സിനിമ

മലയാളിക്ക് ആരായിരുന്നു വി.ഡി രാജപ്പന്‍? കോമഡി വലിയൊരു ട്രാജഡിയായി മാറിയ ജീവിതം

വീണുപോയപ്പോള്‍ അന്നുവരെ കൂടെയുണ്ടായിരുന്നവരും ഇല്ലാതായി. ഒടുവില്‍ കോമഡി വലിയൊരു ട്രാജഡിയായി മാറി.

ചിരിയുടെ മുഖമായിരുന്ന വിഡി രാജപ്പന്‍ വിടപറഞ്ഞിട്ട് ഇന്ന് ഒരു വര്‍ഷം പൂര്‍ത്തിയാകുന്നു. 2016 മാര്‍ച്ച് 24 ന് ആയിരുന്നു വിഡിയുടെ അന്ത്യം. അസുഖബാധിതനായതിനെ തുടര്‍ന്നു ദീര്‍ഘനാളായി കലാലോകത്തു നിന്നും വിട്ടൊഴിഞ്ഞു സ്വന്തം വീട്ടില്‍ ശയ്യാവലംബനായി കഴിയുകായിരുന്നു അദ്ദേഹം. ഒടവില്‍ മരണം വന്നു കൂട്ടിക്കൊണ്ടു പോവുമ്പോള്‍ വിഡിയുടെ കഥാപ്രസംഗങ്ങളും സിനിമയിലെ കഥാപാത്രങ്ങളും മലയാളിക്ക് എന്നെന്നും ഓര്‍മിക്കാന്‍ തന്നിരുന്നു. വിഡി രാജപ്പന്‍ വിടചൊല്ലി ഒരാണ്ട് കഴിയുമ്പോഴും മലയാളി ഇന്നും ആ കലാകാരനെ ഓര്‍ത്തിരിക്കുന്നതും അതുകൊണ്ടാണ്.

മുടിവെട്ടുകാരനായില്ല, ഹാസ്യരാജാവായി
കോട്ടയം ചന്തയ്ക്കടുത്ത് പണ്ടൊരു ബാര്‍ബര്‍ഷോപ്പുണ്ടായിരുന്നു. രാജപ്പന്റെ വല്യച്ഛന്റെ. കോട്ടയത്തുകാരനല്ലായെങ്കില്‍, ഒഴുകി വരുന്ന തമിഴ് കച്ചേരികളും ഭക്തിഗാനങ്ങളും കേട്ട് അതേതോ കാസറ്റ് കടയാണെന്നു തെറ്റിദ്ധരിച്ചുപോകും. എപ്പോഴും പാട്ട്… കത്രികയും ചീപ്പും താളം പിടിച്ചാണ് മുടിയിഴകളിലൂടെ ഓടിനടക്കുന്നത്. ചിലപ്പോള്‍ വെട്ടുകാരന്‍ തന്റെ മുന്നിലുള്ളത് തലയല്ല തബലയാണെന്നു കരുതിക്കളയും! സംഗതിയെന്തായാലും കോട്ടയത്തുകാരുടെ ഫേവറേറ്റ് ഡെസ്റ്റിനേഷനായിരുന്നു ആ മുടിവെട്ട് കട. അവിടേയ്ക്കാണ് രാജപ്പനുമെത്തുന്നത്. വല്യച്ഛന്‍ കൂട്ടികൊണ്ടുവരുന്നതാണ്, ജീവിക്കാന്‍ ചെക്കനും കുലത്തൊഴില്‍ പഠിച്ചോട്ടെ എന്ന് വിചാരിച്ച്. ജീവിതത്തില്‍ ഏതാണ്ട് ഒറ്റപ്പെട്ട അവസ്ഥയിലായിരുന്നു അപ്പോള്‍ രാജപ്പന്‍. അച്ഛന്‍ നേരത്തെ മരിച്ചു. അമ്മ വേറൊരാളെ കെട്ടി. രാജപ്പന് അനിയത്തിയും മാത്രമായപ്പോഴാണ് വല്യച്ഛന്‍ രണ്ടിനെയും തനിക്കൊപ്പം നിര്‍ത്തിയത്. താനില്ലാത്തപ്പോള്‍ കടയുടെ കാര്യം നോക്കാന്‍ ഒരാളുണ്ടല്ലോ എന്നതായിരുന്നു അദ്ദേഹത്തിന്റെ ആശ്വാസം.

ചിരിപ്പിച്ച് ചിരിപ്പിച്ച് തളര്‍ന്നുപോയ വി ഡി രാജപ്പന്റെ ജീവിതം; ഇന്ന് പാരഡിയല്ല

കത്രിക കയ്യിലെടുത്ത രാജപ്പനും ഒരുകാര്യത്തില്‍ തങ്ങളുടെ പാരമ്പര്യം കൈവിട്ടില്ല, പാട്ടിന്റെ കാര്യത്തില്‍. പക്ഷെ, രാജപ്പന്‍ യുഗത്തില്‍ ആ മുടിവെട്ടുകടയില്‍ നിന്ന് റിക്കാര്‍ഡുകളല്ല പാടിയത്, കേട്ടതു മുഴുവന്‍ രാജപ്പന്‍ പാടിയതായിരുന്നു. രാജപ്പന്റെ പാട്ടുകള്‍ പെട്ടെന്ന് തന്നെ ക്ലിക്കായി. അതുവരെ കേട്ടിരുന്ന കച്ചേരിയോ ഭക്തിഗാനമോ അല്ലായിരുന്നു, പാരഡിയായിരുന്നു രാജപ്പന്‍ പാടിയത്. പലപ്പോഴും രാജപ്പന് കത്രികയും ചീപ്പും ഉയര്‍ത്തി പിടിച്ച് മുടിവെട്ടാനിരിക്കുന്നവന്റെ പിറകില്‍ ഹാന്‍ഡ്‌സ് അപ്പ് പൊസിഷനില്‍ നില്‍ക്കേണ്ടി വരും, തലകുലുങ്ങി ചിരിക്കുന്നവന്റെ മുടിയെങ്ങനെ വെട്ടാനാ…!

പതുക്കെ രാജപ്പന്റെ പുകള്‍ കടയ്ക്കുള്ളില്‍ നിന്ന് പുറത്തേക്ക് കേട്ടുതുടങ്ങി. ഒരു ദിവസം രാജപ്പനെ കൈയോടെ പൊക്കാന്‍ ഒരാള്‍ വന്നു; മിസ്സിസ് കെ എം മാത്യു. മറ്റുള്ളോരെ ചിരിപ്പിക്കുമെന്നാണ് പറഞ്ഞുകേട്ടത്, എന്നാല്‍ വന്ന് ഞങ്ങളുടെ ഒരുപരിപാടിക്ക് എന്തെങ്കിലുമൊക്കെ കാണിക്ക്, ആള്‍ക്കാരെ ചിരിപ്പിക്ക്, സ്‌നേഹനിധിയായ ആ അമ്മച്ചിയുടെ ആവശ്യം സ്വീകരിച്ച രാജപ്പന് അങ്ങനെ ആദ്യമായി വലിയൊരു സദസിനു മുന്നില്‍ ഒരു പരിപാടി അവതരിപ്പിക്കാന്‍ കഴിഞ്ഞു. മിസ്സിസ് കെ എം മാത്യുവിന്റെ നിഗമനം തെറ്റിയിരുന്നില്ല, രാജപ്പന്റെ നമ്പറുകള്‍ കേട്ട് സദസ് ചിരിച്ചു, നന്നായി ചിരിച്ചു…വി ഡി രാജപ്പന്‍ യുഗത്തിന്റെ ഒരു തുടക്കമെന്ന് പറയുന്നത് അതായിരുന്നു…

പക്ഷെ ഒന്നു സംഭവിച്ചു, ചന്തയിലെ ആ ബാര്‍ബര്‍ ഷോപ്പിനു മുന്നില്‍ മിക്കദിവസവും ‘ഇന്നു കടമുടക്കം’ എന്ന ബോര്‍ഡ് തൂങ്ങാന്‍ തുടങ്ങി. ഇതിനിടയില്‍ വല്യച്ഛന്‍ മരിച്ചു. കൂടെ ആ ബാര്‍ബര്‍ഷോപ്പും.

വല്യച്ചന് കൊള്ളിയും കടയ്ക്ക് താഴുമിട്ട് ഇറങ്ങിയ രാജപ്പന് പിന്നീട് നില്‍ക്കാന്‍ സമയമില്ലായിരുന്നു, ഓട്ടമായിരുന്നു ഓട്ടം.

ആ കാലം കേരളം കലാസാംസ്‌കാരിക രംഗത്ത് അതിന്റെ ഔന്നത്യത്തില്‍ നില്‍ക്കുന്ന സമയമാണ്. കഥാപ്രസംഗം എന്ന കല ഏറ്റവും ജനകീയമായി നിന്നകാലം. സാംബശിവനും കെടാമംഗലവും കൊല്ലം ബാബുവുമൊക്കെ കഥ പറച്ചിലിലൂടെ സാര്‍വലോക മലയാളിയെയും തങ്ങളുടെ കേള്‍വിക്കാരാക്കിയ കാലം. അവര്‍ക്കിടയിലേക്കാണ് രാജപ്പനും കയറി വരുന്നത്. മഹാരഥന്മാര്‍ വാണിരുന്ന കഥാപ്രസംഗവേദിയില്‍ പക്ഷെ, രാജപ്പനും ഒരു സിംഹാസനം സ്വന്തമാക്കി. വി ഡി രാജപ്പന്‍ എന്നുകേട്ടാലെ ജനം ചിരിക്കാന്‍ തുടങ്ങി.

‘ജനം ഒരാളെ ഇഷ്ടപ്പെട്ടാല്‍ പിന്നെ ആ ഇഷ്ടം പോകില്ല’; രാജപ്പന്‍ മനസ്സിലാക്കിയ സത്യം. ജനം തന്നെ ഇഷ്ടപ്പെടുന്നുവെന്ന് തിരിച്ചറിഞ്ഞപ്പോള്‍ ആദ്യമുണ്ടായിരുന്ന ചെറിയൊരു പേടിയും ഇല്ലാതായി. ധൈര്യത്തോടെ കഥ പറയാന്‍ തുടങ്ങി. എന്നാല്‍ രാജപ്പന്‍ പറഞ്ഞത് മനുഷ്യരുടെ കഥയല്ലായിരുന്നു. സാംബശിവന്‍ ഒഥല്ലോയെയും കാരമസോവ് സഹോദരന്മാരെയും കുറിച്ച് പറഞ്ഞപ്പോള്‍ രാജപ്പന്‍ പറഞ്ഞത് കോഴിയെ കുറിച്ചും പാമ്പിനെ കുറിച്ചും എരുമയെക്കുറിച്ചുമെല്ലാമായിരുന്നു.

വി ഡി രാജപ്പനെ ഞാന്‍ വഞ്ചിച്ചിട്ടില്ല; സാജന്‍ പള്ളുരുത്തിക്ക് പറയാനുള്ളത്

വലിയ വലിയ കഥകള്‍ പറയാനും മഹാന്മാരായ മനുഷ്യരെ കുറിച്ചു കഥപറയാനും അക്കാലത്ത് സാംബശിവനെപോലുള്ള പ്രതിഭകളുണ്ടായിരുന്നു. എനിക്കങ്ങനെയൊന്നും പറയാന്‍ കഴിയില്ല, അറിയില്ല എന്നതാണ് ശരി. ഞാനപ്പോള്‍ മൃഗങ്ങളെ കുറിച്ചു പറഞ്ഞു. ആദ്യമൊരു പേടിയുണ്ടായിരുന്നു, ഏക്കൂമോ തമ്പുരാനെ..? പക്ഷെ ഏറ്റൂ, ജനം ചിരിച്ചു, പൊട്ടിച്ചിരിച്ചു, കൂടെ പാരഡി പാട്ടുകളുമായപ്പോള്‍ സംഗതി ഹിറ്റ്. അഹങ്കാരം പറയുകയല്ല, അക്കാലത്ത് സാക്ഷാല്‍ സാംബശിവനെക്കാള്‍ ബുക്കിംഗ് ഉണ്ടായിട്ടുണ്ട് വി ഡി രാജപ്പന്. കഥാപ്രസംഗമെന്ന കലയെ അപഹാസ്യമാക്കുന്നുവെന്നൊന്നും പക്ഷെ സംബാശിവനെപ്പോലുള്ളവര്‍ രാജപ്പന്റെ കഥ പറച്ചിലിനെ വിമര്‍ശിച്ചിരുന്നില്ല, അവരും അതാസ്വദിച്ചു. രാജപ്പന്റെ കോമഡികളെ സാംബശിവന്‍ പോലും ഇഷ്ടപ്പെട്ടിരുന്നു.

ഒറിജിനല്‍ പാരഡികള്‍: വി.ഡി രാജപ്പന്റെ സാംസ്കാരികലോകം

അങ്ങനെ രാജപ്പന്‍ കഥ പറഞ്ഞു പറഞ്ഞ് കേരളവും കടന്ന് ഇന്ത്യയും കടന്ന് അമേരിക്കയിലും ഗള്‍ഫിലും യൂറോപ്പിലുമൊക്കെ എത്തി…മലയാളി എവിടെയൊക്കെയുണ്ടോ അവിടെയൊക്കെ രാജപ്പനുമെത്തി. ചികയുന്ന സുന്ദരിയും പോത്തുപുത്രിയും മാക് മാകും അക്കിടി പാക്കരനുമൊക്കെ രാജപ്പനെ ഒരു ഹാസ്യചക്രവര്‍ത്തിയാക്കി.

പിന്നെ ഒരു ദിവസം രാജപ്പന്‍ സിനിമാനടനുമായി.

ആരും കാണാത്ത സിനിമയിലാണ് ആദ്യം അഭിനയിച്ചിതങ്കെിലും (ആദ്യ ചിത്രമായ കാട്ടുപോത്ത് റിലീസ് ചെയ്തില്ല, പക്ഷെ ആ സിനിമയിലെ പാട്ട് നിങ്ങള്‍ മറക്കില്ല പൂവല്ല പൂന്തളിരല്ല, മാനത്തെ മഴവില്ലല്ല…) ശകുനപ്പിഴയൊന്നും സിനിമയില്‍ ഉണ്ടായില്ല. പ്രേക്ഷകരെക്കാള്‍ രാജപ്പന്റെ തമാശകള്‍ ഇഷ്ടപ്പെട്ടവര്‍ സിനിമാലോകത്ത് തന്നെ ഉണ്ടായിരുന്നു, രാജപ്പന്റെ താരാരാധകരില്‍ പ്രധാനി പ്രേംനസീര്‍ അയിരുന്നു. രാജപ്പന്‍ സെറ്റിലുണ്ടെങ്കില്‍ എത്ര തിരക്കുണ്ടെങ്കിലും നസീര്‍ രാജപ്പനെകൊണ്ട് കഥ പറയിച്ചും പാട്ടുപാടിച്ചും അവിടിരിക്കും. നസീറിനെ പോലെ മറ്റുള്ളവര്‍ക്കും രാജപ്പനെ ഒത്തിരിയിഷ്ടായിരുന്നു, അതാണല്ലോ ഭാസി ചേട്ടന്‍ കോട്ടയത്തു വരണമെന്ന് പറഞ്ഞപ്പോള്‍, സന്തോഷത്തോടെ രാജപ്പനൊപ്പം കോട്ടയത്തേക്ക് വണ്ടികേറാന്‍ അടൂര്‍ ഭാസി തയ്യാറായതും.

ആ പൊട്ടിച്ചിരി എന്റെ കണ്ണുനിറച്ചു; വി ഡി രാജപ്പനെക്കുറിച്ച് നടന്‍ കുഞ്ചന്റെ ഓര്‍മകള്‍

ഇതിനിടയില്‍ രാജപ്പന്റെ കഥാപ്രസംഗങ്ങള്‍ കാസറ്റ് രൂപത്തിലിറങ്ങി. വന്‍ ഡിമാന്‍ഡോടെയാണ് അവ വിറ്റുപോയത്. ചുരുക്കി പറഞ്ഞാല്‍ വി ഡി രാജപ്പന് നിന്നു തിരിയാന്‍ ടൈം ഇല്ലാതായി.

പക്ഷേ ആ നല്ലകാലം രാജപ്പന്റെ ജീവിതാവസാനം വരെ കൂടെയുണ്ടായിരുന്നില്ല. ചില പിഴവുകള്‍ സ്വയം വരുത്തി. വീണുപോയപ്പോള്‍ അന്നുവരെ കൂടെയുണ്ടായിരുന്നവരും ഇല്ലാതായി. ഒടുവില്‍ കോമഡി വലിയൊരു ട്രാജഡിയായി മാറി.

കാട്ടിലുള്ള കരളേ…
നീ നാട്ടിലുള്ള കരളോ…
മങ്കിപെറ്റ മകളോ..
കരിമങ്കി പെറ്റ മകളോ
ആരു നീ..ആരു നീ…
മെയ്യിലാകെ അഴകായി…ഒ്..ഒ്..ഒ്…

വി ഡി രാജപ്പന്‍ ഇന്നു നമ്മോടൊപ്പമില്ലെങ്കിലും മലയാളി ഇപ്പോഴും രാജപ്പന്‍ ചേട്ടന്‍ പാടി ചിരിപ്പിച്ച പാട്ടുകളൊന്നും മറന്നു കാണില്ല…ഓ ഓര്‍മയില്‍ തന്നെയാണു വി ഡി രാജപ്പന്‍ എന്ന കലാകാരന്‍ ജീവിച്ചിരിക്കുന്നതും.

രാകേഷ് സനല്‍

രാകേഷ് സനല്‍

ന്യൂസ് എഡിറ്റര്‍, അഴിമുഖം

More Posts

Follow Author:
Facebook

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍