UPDATES

വീടും പറമ്പും

ഇന്റീരിയര്‍ ഡിസൈനിങ് രംഗത്ത് അതിശയിപ്പിക്കുന്ന ചുവട് വെച്ച് ഗൗരി ഖാന്‍

ആദ്യമായി ഡിസൈനിങ് ചെയ്തതും മന്നത്തിനു വേണ്ടിയാണ്,വര്‍ഷങ്ങളെടുത്താണ് അത് പൂര്‍ത്തിയാക്കിയത്.

ബോളിവുഡ് താരം ഷാരൂഖ് ഖാന്റെ ഭാര്യ എന്ന നിലയില്‍ മാത്രമല്ല ഇന്റീരിയര്‍ ഡിസൈനിങ് രംഗത്ത് അതിശയിപ്പിക്കുന്ന ചുവടുകള്‍ വച്ച വനിത എന്നതുകൊണ്ടുമാണ് ഗൗരി ഖാന്‍ വ്യത്യസ്തയാകുന്നത്. ഡിസൈനിങ് സംരംഭത്തിനു പുറമെ ജാക്വിലിന്‍ ഫെര്‍ണാണ്ടസ്, രണ്‍ബീര്‍ കപൂര്‍, കരണ്‍ ജോഹര്‍ തുടങ്ങിയവര്‍ക്കു വേണ്ടി ഇന്റീരിയര്‍ ഡിസൈനിങ് നിര്‍വഹിച്ചിട്ടുമുണ്ട് ഗൗരി. ഗൗരിക്ക് ഇന്റീരിയര്‍ ഡിസൈനിങ് എന്നാല്‍ ഹരമാണ്. തന്റെ ഡിസൈനിങ് പരീക്ഷണങ്ങളുടെ തുടക്കം മന്നത് എന്ന സ്വന്തം ഭവനത്തില്‍ നിന്നാണെന്നും ഗൗരി പറയുന്നു.

അടുത്തിടെ ഒരു മാധ്യമത്തിനു നല്‍കിയ അഭിമുഖത്തിലാണ് ഗൗരി ഖാന്‍ ഇന്റീരിയര്‍ ഡിസൈനിങ് കരിയറാക്കിയതിനെക്കുറിച്ചു പങ്കുവച്ചത്. സ്‌കൂളില്‍ ചരിത്രം പഠിക്കുമ്പോഴും കലയെയും ആര്‍ക്കിടെക്ചറിനെയുംകുറിച്ച് കൂടുതല്‍ അറിയാന്‍ ശ്രമിച്ചിരുന്ന ആളാണ് താനെന്ന് ഗൗരി പറയുന്നു. ആദ്യമായി ഡിസൈനിങ് ചെയ്തതും മന്നത്തിനു വേണ്ടിയാണ്. ലിവിങ് റൂമിനായിരുന്നു കൂടുതല്‍ ശ്രദ്ധ കൊടുത്തത്. വര്‍ഷങ്ങളെടുത്താണ് അത് പൂര്‍ത്തിയാക്കിയത്. ഡിസൈനിങ് സ്റ്റോറുകളും മാര്‍ക്കറ്റുകളും കയറിയിറങ്ങിയാണ് ഇഷ്ടപ്പെടുന്നവ തിരഞ്ഞെടുത്തത്. കുറേശ്ശെയായി തുടങ്ങിയ കളക്ഷന്‍ വര്‍ഷങ്ങള്‍ക്കുള്ളില്‍ വീടിനുള്ളില്‍ മുഴുവന്‍ നിറഞ്ഞെന്നും ഗൗരി പറയുന്നു.

ഉപഭോക്താവിന്റെ ഇഷ്ടങ്ങള്‍ക്കു പ്രാധാന്യം നല്‍കിയാണ് വീടുകള്‍ ഡിസൈന്‍ ചെയ്യാറുള്ളത് തന്റെ ഇഷ്ടങ്ങള്‍ ഒരിക്കലും അടിച്ചേല്‍പ്പിക്കാറില്ല, സ്വന്തം വീടിനെ എത്തരത്തില്‍ ഒരുക്കണമെന്ന് അവര്‍ക്കെല്ലാം ആശയം കാണും അതുകൂടി കണക്കിലെടുത്താണ് ഡിസൈന്‍ ചെയ്യാറുള്ളതെന്നും ഗൗരി വ്യക്തമാക്കുന്നു.

ഇന്റീരിയര്‍ ഡിസൈനര്‍മാര്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങളെക്കുറിച്ചും ഗൗരി പങ്കുവെക്കുന്നുണ്ട്. ലണ്ടന്‍ ആസ്ഥാനമായുള്ള പ്രശസ്ത ഡിസൈനറായ കെല്ലി ഹോപന്‍ ഇന്റീരിയര്‍ ഡിസൈനിങ് കോളേജില്‍ പോയല്ല ഡിസൈനിങ് പഠിച്ചത്, ചെറിയൊരു കോഴ്സ് മാത്രമാണ് ചെയ്തത്. ഇന്ന് ലോകത്തെ മുന്‍നിര ഡിസൈനര്‍മാരിലൊരാളാണ് അവര്‍. ഈ മേഖലയില്‍ തനിക്കും ഔപചാരികമായ പരിശീലനം ലഭിച്ചിട്ടില്ല. എങ്കിലും കലയോടും ക്രാഫ്റ്റിനോടുമൊക്കെയുള്ള ആഭിമുഖ്യവും ക്രിയേറ്റിവിറ്റിയുമാണ് തന്നെ ഈ രംഗത്ത് പിടിച്ചു നിര്‍ത്തുന്നതെന്നാണ് ഗൗരി പറയുന്നത്. ഒരു കോഴ്സിലൂടെ അറിവു നേടുന്നതിനു പ്രാധാന്യമുണ്ടെങ്കിലും ചുറ്റുപാടിനെ നിരീക്ഷിക്കാനും സര്‍ഗശേഷിയുമുണ്ടെങ്കില്‍ ഇന്റീരിയര്‍ ഡിസൈനരാകാമെന്നാണ് ഗൗരിയുടെ വാദം.

മാഗസിനിലോ ഓണ്‍ലൈനിലോ കാണുന്ന ഡിസൈനിനെ അന്ധമായി വിശ്വസിച്ച് അതിനെ പുനരാവിഷ്‌കരിക്കാന്‍ ശ്രമിക്കുകയല്ല വേണ്ടത്, മറിച്ച് അലങ്കാര വസ്തുക്കളെ നിങ്ങള്‍ക്കെങ്ങനെ ഉപയോഗപ്രദമാക്കാന്‍ കഴിയും എന്നു തിരിച്ചറിഞ്ഞ് ഡിസൈന്‍ ചെയ്യുകയാണ്. ഡെക്കറേറ്റിങ് ട്രിക്കുകളില്‍ ആദ്യം വരുന്നത് ലൈറ്റാണെന്നും, ഒരു മുറിയെ റൊമാന്റിക് ലുക്കിലേക്കു വരുത്താനും ആഹ്ലാദിപ്പിക്കുന്ന ലുക്കിലേക്കു കൊണ്ടുവരാനും ലൈറ്റുകള്‍ക്ക് കഴിയുമെന്നും അവര്‍ പറയുന്നു.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍