UPDATES

വീടും പറമ്പും

കെട്ടിട നിര്‍മ്മാണാനുമതി 30 ദിവസത്തിനുള്ളില്‍ ; വ്യവസായ മന്ത്രി ഇ പി ജയരാജന്‍

ഐബിപിഎംഎസിന്റെ സഹായത്തോടെ കെട്ടിട നിര്‍മ്മാണാനുമതി ഓണ്‍ലൈനായി അപേക്ഷിക്കാം.

സംസ്ഥാന വ്യവസായ വകുപ്പ് അവതരിപ്പിച്ച ഇന്റലിജന്റ് ബില്‍ഡിംഗ് പ്ലാന്‍ മാനേജ്മന്റ് സിസ്റ്റത്തോടെ (ഐബിപിഎംഎസ്) കെട്ടിട നിര്‍മ്മാണാനുമതി 30 ദിവസത്തിനുള്ളില്‍ ലഭിക്കുമെന്ന് മന്ത്രി ശ്രീ ഇ പി ജയരാജന്‍ പറഞ്ഞു. വ്യവസായ വകുപ്പ് കൊച്ചിയില്‍ സംഘടിപ്പിച്ച അസെന്‍ഡ് കേരള 2019 സമ്മേളനത്തെ അഭിസംബോധന ചെയ്യുകയായിരുന്നു അദ്ദേഹം.

ഐബിപിഎംഎസിന്റെ സഹായത്തോടെ കെട്ടിട നിര്‍മ്മാണാനുമതി ഓണ്‍ലൈനായി അപേക്ഷിക്കാം. 30 ദിവസത്തിനുള്ളില്‍ അനുമതി ലഭിക്കുമെന്ന് മന്ത്രി പറഞ്ഞു.തൃശൂര്‍ കോര്‍പറേഷനില്‍ പുതിയ സംവിധാനം വഴി ലഭിച്ച സര്‍ട്ടിഫികറ്റ് നാല് പേര്‍ക്ക് സമ്മേളനത്തില്‍ വച്ച് മന്ത്രി വിതരണം ചെയ്തു.

വ്യവസായ സൗഹൃദത്തില്‍ കേരളത്തിന് ഇപ്പോള്‍ 47 ശതമാനമാണ് കയറ്റമുണ്ടായിട്ടുള്ളതെന്ന് മന്ത്രി പറഞ്ഞു. പുതിയ നയത്തിന്റെ പിന്‍ബലത്തില്‍ അത് 95 ശതമാനം ആകുമെന്നാണ് സര്‍ക്കാര്‍ പ്രതീക്ഷിക്കുന്നതെന്നും സമാപന സമ്മേളനത്തില്‍ മന്ത്രി പറഞ്ഞു.

കേരള ഇന്‍വസ്റ്റ്‌മെന്റ് പ്രൊമോഷന്‍ ആന്‍ഡ് ഫെസിലിറ്റേഷന്‍ നിയമം 2018 ന്റെ അടിസ്ഥാനത്തിലാണ് ഐബിപിഎംഎസിന് രൂപം നല്‍കിയതെന്ന് തദ്ദേശ സ്വയംഭരണ വകുപ്പ് അഡി. ചീഫ് സെക്രട്ടറി ശ്രീ ടി കെ ജോസ് പറഞ്ഞു. തിരിച്ചറിയല്‍ കാര്‍ഡും, സ്ഥലത്തിന്റെ വാടകച്ചീട്ട് അല്ലെങ്കില്‍ കൈവശ സര്‍ട്ടിഫിറ്റ് എന്നിവയിലേതെങ്കിലും മാത്രം രേഖയായി നല്‍കിയാല്‍ മതിയാകുമെന്നും അദ്ദേഹം പറഞ്ഞു.

ഫെബ്രുവരി പത്തിന് കേരളത്തിന്റെ വ്യവസായ സൗഹൃദ ശതമാനം വെബ്‌സൈറ്റില്‍ 47 ശതമാനമായിരുന്നത് അസെന്‍ഡ് സമ്മേളന സമയത്ത് 62 ശതമാനമായി എന്ന് വ്യവസായ വകുപ്പ് സെക്രട്ടറിയും കെഎസ്‌ഐഡിസി എംഡിയുമായ ഡോ. ഷര്‍മ്മിള മേരി ജോസഫ് പറഞ്ഞു.

സിഐഐ, ഫിക്കി, കെഎസ്എസ്എഐ തുടങ്ങി എല്ലാ വ്യവസായ കൂട്ടായ്മകളും സര്‍ക്കാരിന്റെ ഉദ്യമത്തെ പ്രശംസിച്ചു. കേരളത്തിലെ വ്യാവസായിക വളര്‍ച്ചയെ സംബന്ധിക്കുന്ന സുപ്രധാന ചര്‍ച്ചകളാണ് അസെന്‍ഡ് കേരള സമ്മേളനത്തില്‍ നടന്നത്. സംസ്ഥാനത്തെ സൂക്ഷ്മ-ചെറുകിട-ഇടത്തരം വ്യവസായ പ്രതിനിധികള്‍, സംസ്ഥാനത്തെ ജില്ലാ-ബ്ലോക്ക്-ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ്, സെക്രട്ടറി തുടങ്ങിയവര്‍, വ്യവസായ വകുപ്പ് ഉദ്യോഗസ്ഥര്‍, വ്യവസായ പ്രമുഖര്‍ 3000-ഓളം പ്രതിനിധികള്‍ സമ്മേളനത്തില്‍ പങ്കെടുത്തു.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍