UPDATES

വീടും പറമ്പും

ഇന്‍ഡോര്‍ പ്ലാന്റ്സ് നടുമ്പോള്‍ ഇവ ശ്രദ്ധിക്കാം

വീടിനു പുറത്തായാലും അകത്തായാലും ചെടികള്‍ ഇടയ്ക്കിടെ സ്ഥലം മാറ്റിവെക്കുന്നതും നല്ലതല്ല.

വീടിന്റെ അകത്തളങ്ങള്‍ സുന്ദരമാക്കുന്നതില്‍ ഇന്‍ഡോര്‍ പ്ലാന്റ്സിനും പ്രധാന പങ്കുണ്ട്. പച്ചപ്പും ശുദ്ധമായ വായുവും പ്രദാനം ചെയ്യുന്ന ചെടികളെ സംരക്ഷിക്കുന്നതിലും ശ്രദ്ധ വേണ്ടതുണ്ട്. അവ എന്തൊക്കെയെന്നു നോക്കാം. ഓരോ ചെടികള്‍ക്കും ഓരോ സ്ഥാനമുണ്ടെന്ന് തിരിച്ചറിയേണ്ടതുണ്ട്. കാഴ്ച്ചയിലെ ഭംഗി മാത്രം നോക്കി അകത്ത് ചെടികള്‍ നടരുത്. മിക്ക ചെടികളും വാടുകയോ കരിഞ്ഞുപോവുകയോ ചെയ്യുന്നതിനു പിന്നിലും ഇതാണ് കാരണം. ചില ചെടികള്‍ നിഴലുള്ളയിടങ്ങളിലോ നേരിട്ടുള്ള സൂര്യപ്രകാശം കിട്ടുന്നയിടത്തു വെക്കേണ്ടതോ മറ്റു ചിലത് നനവുള്ളിടത്തു വെക്കേണ്ടതോ ഒക്കെ ആകും. അതിനാല്‍ ഓരോ ചെടികള്‍ക്കും ഏത് കാലാവസ്ഥയാണ് അനുയോജ്യം എന്നതിനനുസരിച്ചു നടാം.

വീടിനു പുറത്തായാലും അകത്തായാലും ചെടികള്‍ ഇടയ്ക്കിടെ സ്ഥലം മാറ്റിവെക്കുന്നതും നല്ലതല്ല. ഒരു കാലാവസ്ഥയില്‍ വളര്‍ന്നുതുടങ്ങിയ ചെടികള്‍ പിന്നീട് പെട്ടെന്നു കാലാവസ്ഥ മാറുന്നതിന് അനുസരിച്ച് മാറുന്നത് ചെടിയുടെ വളര്‍ച്ചയെ ബാധിക്കുന്നതിനൊപ്പ ചില ചെടികള്‍ വാടിപ്പോകാനും സാധ്യതയുണ്ട്.വീടിനു പുറത്ത് ചെടികള്‍ക്കു വെള്ളം നനയ്ക്കുന്നതുപോലെ തന്നെ ഉള്ളിലെ ചെടികള്‍ക്കും വേണമെന്നില്ല. സൂര്യപ്രകാശം കുറവു മതിയായ ചെടികളാണ് അകത്തു വെക്കാറുള്ളത്. വരണ്ടയിടങ്ങളില്‍ ചെടി വെക്കുന്നതാകും നല്ലത്. അല്‍പം നനവായാലും പ്രശ്നമാക്കാനില്ല, ഇത് അമിതമാകാതിരിക്കാന്‍ പ്രത്യേകം ശ്രദ്ധിക്കണം. ആഴ്ച്ചയില്‍ ഒരിക്കല്‍ മാത്രം നനച്ചാലും മതിയാകും.

ചെടികള്‍ക്ക് പ്രകാശം വേണമെന്നതില്‍ തര്‍ക്കമില്ല, എന്നാല്‍ അവ അമിതമാകാനോ കുറയാനോ പാടില്ല. പ്രകാശം കുറവു മാത്രം മതിയായ ചെടികള്‍ അമിതമായി പ്രകാശം ലഭിക്കുന്നയിടത്ത് വച്ചാല്‍ വൈകാതെ ചെടി കരിയാനിടയാകും. ചില ചെടികള്‍ കാലങ്ങള്‍ കഴിയുമ്പോള്‍ പുതിയ ചട്ടിയിലേക്കു മാറ്റി നടേണ്ടതുണ്ട്. ദ്രുതഗതിയില്‍ വളരുന്ന ചെടികളാണെങ്കില്‍ ഈ കാര്യം പ്രത്യേകം ശ്രദ്ധിക്കണം. ഇലകള്‍ക്കു മഞ്ഞനിറമോ വേരുകള്‍ പിളരുകയോ ആണെങ്കില്‍ ചെടികള്‍ മാറ്റി നടേണ്ടതുണ്ടെന്നു മനസ്സിലാക്കുക. തുടക്കത്തില്‍ ചെറിയ പാത്രത്തിലാണ് വച്ചതെങ്കില്‍ ഇത്തരം ലക്ഷണങ്ങള്‍ കാണുകയാണെങ്കില്‍ ഒന്നോ രണ്ടോ വര്‍ഷത്തിനുള്ളില്‍ മറ്റൊരു പാത്രത്തിലേക്കു മാറ്റി നടാം.

ഇന്‍ഡോര്‍ പ്ലാന്റ്സിലെ ഇലകള്‍ വൃത്തിയാക്കാന്‍ സാധാരണ ആരും മിനക്കെടാറില്ല, എന്നാല്‍ ഇതും ഒഴിവാക്കരുത്. ഇലകള്‍ വൃത്തിയോടെ ഇരിക്കും എന്നതിനൊപ്പം ചെടികളുടെ ആരോഗ്യത്തിനും നല്ലതാണിത്. പൊടിപടലങ്ങള്‍ അടിഞ്ഞിരിക്കുന്നതുകൊണ്ട് പ്രകാശം ഇലയ്ക്കുള്ളിലേക്കു കടക്കാന്‍ തടസ്സമാകും. ഇതിനാല്‍ ചെടികള്‍ ദുര്‍ബലമായേ വളരൂ.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍