UPDATES

സിനിമ

വീരം: മലയാളിക്ക് അത്ര പരിചയമില്ലാത്ത അനുഭവം; നിരാശപ്പെടുത്തില്ല

പുരാണങ്ങളില്‍ നിന്നും നാടോടിക്കഥകളില്‍ നിന്നും പ്രചോദിതമായ സിനിമകള്‍ അധികവും പണക്കൊഴുപ്പിന്റെ കെട്ടുകാഴ്ചകള്‍ ആകാറാണുള്ളത്.

അപര്‍ണ്ണ

അപര്‍ണ്ണ

ജയരാജ് സിനിമകള്‍ പലപ്പോഴും തീയറ്റര്‍ റിലീസിന് മുമ്പ് ദേശീയ തലത്തില്‍ തന്നെ ചര്‍ച്ച ആവാറുണ്ട്. ഒറ്റാലും അങ്ങനെ ആയിരുന്നു. അതിന് ശേഷമാണ് നവരസം സീരിസിലെ അഞ്ചാമത്തേതാതായ വീരം വരുന്നത്. തീം സോങ്ങിന് കിട്ടിയ ഓസ്‌കാര്‍ നോമിനേഷന്‍ മുതല്‍ വലിയ രാജ്യാന്തര വേദികള്‍ വരെ പലതും വീരത്തെയും ശ്രദ്ധേയമാക്കിയിട്ടുണ്ട്. ഷേക്‌സ്പിയര്‍ നാടകങ്ങളോടുള്ള ഇഷ്ടം ജയരാജ് ഇവിടെയും തുടരുന്നു. മലയാളത്തിനൊപ്പം ഹിന്ദിയിലും ഇംഗ്‌ളീഷിലും വീരം റിലീസ് ആവുന്നുണ്ട്. ഇത്തവണ ഒരുപാട് സങ്കീര്‍ണ്ണതകള്‍ ഉള്ള മാക്ബെത്തിലാണ് അദ്ദേഹം കൈവെച്ചിരിക്കുന്നത്. ചന്തുവിനെയും കുട്ടിമാണിയെയും മാക്‌ബെത്തും ലേഡി മാക്‌ബെത്തും ആക്കുകയാണ് ജയരാജ്. നിരവധി രാജ്യാന്തര മേളകള്‍ക്കും സിനിമാ സമരം കാരണമുള്ള അനിശ്ചിതത്വങ്ങള്‍ക്കും ശേഷമാണ് വീരം തീയറ്ററില്‍ എത്തുന്നത്.

മലയാളത്തിലെ ഇന്നേവരെയുള്ള വടക്കന്‍ പാട്ട് സിനിമകള്‍ മുഴുവന്‍ അച്ചടി മധ്യതിരുവിതാംകൂര്‍, വള്ളുവനാടന്‍ ഭാഷകള്‍ സംസാരിച്ചപ്പോള്‍ വീരത്തിന്റെ ട്രെയിലറില്‍ കണ്ട വടക്കന്‍ ഭാഷ കൗതുകമുണ്ടാക്കിയിരുന്നു. കൂടാതെ ജയരാജിന്റെ മുന്‍ ചിത്രങ്ങളേക്കാള്‍ വലിയ ക്യാന്‍വാസ് ചര്‍ച്ചയായി. മലയാള ഭാഷയുമായി യാതൊരു ബന്ധവുമില്ലാത്ത കുനാല്‍ കപൂറിനെ ചന്തു ആക്കാനുള്ള തീരുമാനം ആശങ്ക ഉണ്ടാക്കിയിരുന്നു. മാക്ബെത്തും ചന്തുവും കടന്നു പോകുന്ന അതിവൈകാരിക അവസ്ഥകളെ ഒരു ഇതരഭാഷാ നടന്‍ എങ്ങനെ കൈകാര്യം ചെയ്യും എന്നതായിരുന്നു ആ ആശങ്കയുടെ അടിസ്ഥാനം. ഉണ്ണിയാര്‍ച്ച ദക്ഷിണാഫ്രിക്കയില്‍ ജനിച്ച് വളര്‍ന്ന ഹിമാര്‍ഷ വെങ്കടസ്വാമിയാണ്. ദിവിനാ ഠാക്കൂര്‍ കുട്ടിമാണി ആകുന്നു. മറ്റ് പ്രധാന അഭിനേതാക്കളും കേരളത്തിന് പുറത്ത് നിന്നുള്ളവരും താരതമ്യേന പുതുമുഖങ്ങളുമാണ്. അത് കരുതിക്കൂട്ടി എടുത്ത തീരുമാനമാണെന്നാണ് സംവിധായകന്‍ പറയുന്നത്. മാക്ബെത്തിലൂടെ കൈവരുന്ന അന്തര്‍ദേശീയ വേദികളും മാനവും ലക്ഷ്യം വച്ചാവാം ഇത്. ഒരു വടക്കന്‍ വീരഗാഥക്ക് ശേഷമുള്ള ചന്തു തീര്‍ച്ചയായും ജയരാജിന് വെല്ലുവിളി ആയിരുന്നിരിക്കണം. എന്നാല്‍ തന്റെ ചന്തു, ചതിയന്‍ തന്നെയാണെന്ന് അദ്ദേഹം അഭിമുഖങ്ങളില്‍ പറഞ്ഞിരുന്നു.

ഷേക്‌സ്പിയര്‍ കാലഘട്ടത്തിനും നൂറ്റാണ്ടുകള്‍ മുമ്പാണ് ഇവിടത്തെ വടക്കന്‍ പാട്ട് കഥകള്‍ ഉണ്ടാവുന്നത്. ഇതിലെ ചന്തുവിന്റെ കഥയും മാക്‌ബെത്തിന്റെ കഥയും തമ്മില്‍ എവിടെയൊക്കെയോ സാദൃശ്യങ്ങളുണ്ട്. ആ യാദൃശ്ചികതകളെ ഓര്‍ത്താണ് സിനിമയുടെ തുടക്കം. പിന്നീടുള്ള കഥ, കേട്ട് കേള്‍വിയുള്ള ചന്തുവിന്റേതില്‍ നിന്നും പ്രകട വ്യത്യാസങ്ങള്‍ കാര്യമായി ഇല്ലാത്തവയാണ്. വടക്കന്‍പാട്ടിലെ പോലെ ആരോമല്‍ ചേകവര്‍ക്ക് മാറ്റച്ചുരിക കൊടുക്കാത്ത ചതിയനും, കുത്തുവിളക്ക് കൊണ്ട് ആഞ്ഞ് കുത്തുന്ന ക്രൂരനും തന്നെയാണ് വീരത്തിലെ ചന്തു. മാക്ബെത്തിലെ വിച്ചിനെ ഇവിടത്തെ ദുര്‍മന്ത്രവാദിനി പൂശാരിച്ചി ആക്കിയിരിക്കുന്നു. വിജയങ്ങളുടെ വലിയ ആദ്യ ഖണ്ഡത്തിന് ശേഷം മാക്ബെത്തിനെ പോലെ മനസ് ചതിക്കുന്ന കുറ്റബോധം വേട്ടയാടുന്ന ഒരാളായി ചന്തുവിനെ മാറ്റിയിരിക്കുന്നു. മാക്ബെത്തിലെ വിശ്വവിഖ്യാത സംഭാഷണ, ആത്മഗത ശകലങ്ങള്‍ ഇവിടെ വിദഗ്ദമായി പരിഭാഷപ്പെടുത്തുകയും ഉപയോഗിക്കുകയും ചെയ്തിരിക്കുന്നു. ”ഓള്‍ ദി പെര്‍ഫ്യൂംസ് ഓഫ് അറേബ്യ വില്‍ നോട്ട് സ്വീറ്റന്‍ ദിസ് ലിറ്റില്‍ ഹാന്‍ഡ്” എന്നതിനെ ”കൈകീറ്റും കൈകീറ്റും പോണില്ലല്ലോ കയ്യിലെ ചോരെന്റെ ചൂര്”എന്ന് ലേഡി മാക്‌ബെത്തില്‍ നിന്നും കുട്ടിമാണിയിലേക്ക് സന്നിവേശിപ്പിച്ചിരിക്കുന്നത് കാണാന്‍ രസമുണ്ട്. ജീവിതം ഒരു വിഡ്ഢി പറഞ്ഞ കടങ്കഥയാണെന്ന് മാക്ബെത്തിനെ പോലെ ഒരു പക്ഷെ ചന്തുവും മരണത്തിന് തൊട്ടു മുമ്പ് ചിന്തിച്ചിരുന്നിരിക്കാം.

ആരോമല്‍ ചേകവരും ആരോമലുണ്ണിയും ഉണ്ണിയാര്‍ച്ചയും എല്ലാം മലയാള സിനിമകളില്‍ കഥാപാത്രങ്ങളായി വന്നിട്ടുണ്ട്. ചന്തുവിന്റെ അപനിര്‍മാണത്തിലൂടെ ഒരു വടക്കന്‍ വീരഗാഥ മലയാള സിനിമയിലെ ക്ലാസിക്കുകളില്‍ ഒന്നായി. പിന്നീട് വടക്കന്‍ പാട്ട് സിനിമകള്‍ മലയാള സിനിമയില്‍ അധികം ഉണ്ടായിട്ടില്ല. പുത്തൂരം പുത്രി ഉണ്ണിയാര്‍ച്ച പോലെ സോഫ്റ്റ് പോണ്‍ സാധ്യതകള്‍ വസ്ത്രധാരണത്തില്‍ ഉപയോഗിക്കാം എന്നൊക്കെയുള്ള ഉദ്ദേശത്തില്‍ ഇറങ്ങിയ ചുരുക്കം ചില സിനിമകളില്‍ അത് ഒതുങ്ങി. ജയരാജിന്റെ തന്നെ കളിയാട്ടത്തില്‍ തെയ്യവും കതിവന്നൂര്‍ വീരനും പശ്ചാത്തലമായി. വീരത്തില്‍ ചന്തുവിനെ പുനഃസൃഷിടിക്കുമ്പോള്‍ വടക്കന്‍ വീരഗാഥയിലെ ന്യായീകരണങ്ങള്‍ ആഴത്തില്‍ സ്പര്‍ശിച്ച ചതിയന്‍ ആണ് ചന്തു. വില്ലനും നിസഹായനും ആകുന്ന നായകന്‍. എനിക്ക് പിറക്കാതെ പോയ മകനാണല്ലോ ഉണ്ണീ, നീ എന്ന് കേഴുന്നില്ലെങ്കിലും ചന്തുവിനെ തോല്‍പ്പിക്കാനാവില്ല എന്ന് തന്നെ അയാള്‍ കരുതുന്നുണ്ട്. രണ്ട് പ്രധാന സ്ത്രീകഥാപാത്രങ്ങളേയും ഉപയോഗിക്കുന്ന രീതി വടക്കന്‍ വീരഗാഥയിലേത് പോലെ ആണ്.”നീയടക്കമുള്ള പെണ്‍വര്‍ഗം” എന്ന ഡയലോഗ് പിന്‍പറ്റി വശീകരിച്ചു വഞ്ചിക്കുന്നവരാണ് ഉണ്ണിയാര്‍ച്ചയും കുട്ടിമാണിയും വീരത്തില്‍. മറ്റൊരു കഥാപാത്രത്തിനും വികസിക്കാനുള്ള സാധ്യതകള്‍ സംവിധായകന്‍ തുറന്ന് കൊടുക്കുന്നില്ല. ഈ മൂന്ന് കഥാപാത്രങ്ങളുടെ ചിന്തകളിലൂടെയും വൈകാരികതകളിലൂടെയുമാണ് വീരം സഞ്ചരിക്കുന്നത്

മനുഷ്യമനസിന്റെ വിവിധ തരം ഉന്മാദങ്ങളും അസ്വാസ്ഥ്യങ്ങളും ജയരാജിന്റെ പ്രിയപ്പെട്ട വിഷയങ്ങളില്‍ ഒന്നാണ്. സോപാനം, കളിയാട്ടം, കരുണം, തിളക്കം, മകള്‍ക്ക്, നായിക തുടങ്ങിയ സിനിമകളിലെല്ലാമുണ്ടായിരുന്ന ഇത്തരം ഉന്മാദങ്ങളും ഭ്രമാത്മകമായ മാനസികാവസ്ഥകളും വീരത്തിലും ഉണ്ട്. കുറ്റബോധം കൊണ്ട് സമനില തെറ്റുന്ന രണ്ട് കഥാപാത്രങ്ങളിലൂടെ ഉന്മാദത്തിലേക്ക് ചന്തുവിനെ എത്തിക്കുന്നുണ്ട് വീരം. അന്തര്‍ദേശിയ സാങ്കേതിക വിദഗ്ധരുടെ വലിയ നിര തന്നെ വീരത്തിന് പിന്നില്‍ ഉണ്ട്. അമേരിക്കന്‍ സംഗീത സംവിധായകനായ ജെഫ് റോണയുടെ സാന്നിധ്യമാണ് ഇതില്‍ പ്രധാനം. പോപ്പ് ഗായികയായ കാറി കിമ്മല്‍ ആണ് ഓസ്‌കാര്‍ നാമനിര്‍ദേശം ലഭിച്ച ഗാനം എഴുതിയതും പാടിയതും. മാക്ബെത്തിന്റെ അന്തരീക്ഷം ഒരുക്കാന്‍ ഈ ഗാനത്തിനും പശ്ചാത്തല സംഗീതത്തിനും സാധിക്കുന്നുണ്ട്. കാവാലത്തിന്റെയും എംകെ അര്‍ജ്ജുനന്റേയും പഴയ സര്‍പ്പ പാട്ടും പിന്നെ പാണന്റെ പാട്ടും വടക്കന്‍ പാട്ടിന്റെയും നാടിന്റെയും അന്തരീക്ഷവും ഉണ്ടാക്കുന്നുണ്ട്. അക്കാദമി അവാര്‍ഡ് ജേതാവായ ട്രെഫര്‍ പ്രൗഡിന്റെ മേക് അപ്പ് കണ്ടിരിക്കാന്‍ കൗതുകമുണ്ട്. കേട്ട നാടോടി കഥയിലെയും വര്‍ണനകളിലെയും ഇതിനെ ആശ്രയിച്ച പഴയ വടക്കന്‍ പാട്ട് സിനിമകളിലെയും രീതികളെ പാടെ നിരാകരിക്കുന്നുണ്ട് വീരം. സ്റ്റണ്ട് കൊറിയോഗ്രഫി നിര്‍വഹിച്ചിരിക്കുന്നത് ന്യൂസിലാന്‍ഡില്‍ നിന്നുള്ള അലന്‍ പോപ്പീല്‍ട്ടണാണ്.

രണ്ട് മണിക്കൂറില്‍ കുറവ് നീളമേയുള്ളൂ വീരത്തിന്. ഇന്ത്യന്‍ രീതികളേക്കാള്‍ വൈദേശികമായ യുദ്ധ സിനിമയുടെയൊക്കെ ക്രാഫ്റ്റിനെ ആണ് വീരം പിന്തുടരുന്നത്. മേക്കിംഗ് ശൈലി, ഷോട്ട് ഡിവിഷന്‍ ഒക്കെ അങ്ങനെയാണ്. രണ്ടാം പകുതിയിലെ വൈകാരിക രംഗങ്ങളില്‍ സംവിധായകന്റെ കയ്യൊതുക്കം ഇടക്ക് നഷ്ടപ്പെടുന്ന പോലെ തോന്നുന്നു. കുട്ടിമാണിയുടെ മരണത്തിന് ശേഷമുള്ള ചന്തുവിന്റെ ഡയലോഗില്‍ കുനാല്‍ കപൂറിന്റെ അപരിചിതത്വം തെളിഞ്ഞ് കാണാം. അര്‍ത്ഥമറിയാതെ ചുണ്ടനക്കുന്ന ഇത്തരഭാഷാ നടന്റെ പരിമിതികള്‍ ഇവിടെ നിഴലിച്ച് നിന്നു.

പുരാണങ്ങളില്‍ നിന്നും നാടോടിക്കഥകളില്‍ നിന്നും പ്രചോദിതമായ സിനിമകള്‍ അധികവും പണക്കൊഴുപ്പിന്റെ കെട്ടുകാഴ്ചകള്‍ ആകാറാണുള്ളത്. കോടി ക്ലബ് വിനോദം എന്നതിനപ്പുറം അതിന് യുക്തിയോ വൈകാരികതയോ സങ്കീര്‍ണതയോ ഒന്നും ഉണ്ടാവാറില്ല. ഇത്രയും തുക മുടക്കി സ്വന്തം ക്രാഫ്റ്റിനെ പ്രേക്ഷകര്‍ക്ക് മുന്നില്‍ വിട്ടുവീഴ്ചകള്‍ ഒന്നുമില്ലാതെ എത്തിച്ചിട്ടുണ്ട് ജയരാജ്. തന്റെ സംവിധായക സ്വാതന്ത്രത്തില്‍ ആരും കടന്നു കയറാതിരിക്കാനാണ് ഇത്രയും വലിയ ക്യാന്‍വാസ് ഉള്ള സിനിമയില്‍ പ്രധാന റോളുകളെല്ലാം പുതുമുഖങ്ങള്‍ക്ക് കൊടുത്തതെന്ന് പരസ്യമായി പറഞ്ഞ് കൊണ്ടാണ് ഇങ്ങനെ ഒരു സിനിമ നിര്‍മിച്ചത് എന്നതും ശ്രദ്ധേയമാണ്. മാക്ബെത്തിനെയും ചന്തുവിനെയും കൂട്ടിയോജിപ്പിക്കുന്ന കണ്ണി കണ്ടെത്തുന്നതിലും സംവിധായകന്‍ വിജയിച്ചിരിക്കുന്നു

കേരളീയ പശ്ചാത്തലത്തിലുള്ള ഒരു നാടോടിക്കഥ പറയുമ്പോള്‍ ഭാഷയൊഴിച്ച് മറ്റെല്ലാം ഇവിടത്തെ അന്തരീക്ഷവുമായി ബന്ധമില്ലാതെ കിടക്കുന്നു. ഇടങ്ങള്‍, വഴികള്‍, കോട്ടകള്‍, മുഖങ്ങള്‍ ഒക്കെ ഇവിടെത്തെ പ്രാദേശികതയില്‍ നിന്ന് മാറി നടക്കുന്നു. ഇത് തീര്‍ച്ചയായും പ്രേക്ഷകര്‍ക്ക് ഒരു അകല്‍ച്ച സിനിമയോട് ഉണ്ടാക്കാം. ഡീറ്റെയ്‌ലിംഗിന്റെ കുറവും ഇടക്ക് കല്ലുകടിയാവുന്നുണ്ട്. ഇടക്കെവിടെയോ വച്ച് ആത്മാവ് നഷ്ടപ്പെടുന്നു. വൈകാരികതകളെ ഒഴിവാക്കാന്‍ ശ്രമിച്ചതിലെ ബാലന്‍സ് കൈമോശം വന്നു. യുദ്ധ ബ്രഹ്മാണ്ഡ പടം പ്രതീക്ഷിക്കുന്നവര്‍ക്കും നൂതന പുരോഗമന വായന മാത്രം പ്രതീക്ഷിക്കുന്നവര്‍ക്കും നിരാശയുണ്ടാക്കാമെങ്കിലും മലയാള സിനിമക്ക് അത്ര പരിചയമില്ലാത്ത അനുഭവമാണ് വീരം.

(Azhimukham believes in promoting diverse views and opinions on all issues. They need not always conform to our editorial positions)

അപര്‍ണ്ണ

അപര്‍ണ്ണ

ഗവേഷക വിദ്യാര്‍ഥിയാണ് അപര്‍ണ്ണ. സമകാലിക സിനിമയെ വിശകലനം ചെയ്യുന്ന ഓഫ്-ഷോട്സ് എന്ന കോളം അഴിമുഖത്തില്‍ കൈകാര്യം ചെയ്യുന്നു.

More Posts - Website

Follow Author:
TwitterFacebookLinkedInPinterestGoogle Plus

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍