UPDATES

വീരേന്ദ്രകുമാറിനെ വിമര്‍ശിച്ച് കോണ്‍ഗ്രസ് മുഖപത്രത്തിന്റെ മുഖപ്രസംഗം

യുഡിഎഫിന്റെ കൈയാലപ്പുറത്ത് തേങ്ങയെ പോലെ ഇരിക്കുന്ന ജനതാദള്‍ യുണൈറ്റഡിന്റെ നേതാവ് എംപി വീരേന്ദ്രകുമാറിനെ നിശിതമായി വിമര്‍ശിച്ച് കോണ്‍ഗ്രസിന്റെ മുഖപത്രം വീക്ഷണം മുഖപ്രസംഗമെഴുതി. ദേശീയ തലത്തിലെ ജനതാപരിവാര്‍ ലയനത്തെ തുടര്‍ന്ന് എല്‍ഡിഎഫിലെ ജനതാദള്‍ എസുമായുള്ള യുണൈറ്റഡിന്റെ ലയനവും ആസന്നമായതിനെ തുടര്‍ന്ന് ഇടതുപക്ഷവുമായി വീരേന്ദ്രകുമാര്‍ നടത്തുന്ന ചര്‍ച്ചകളും വേദി പങ്കിടലുമാണ് വീക്ഷണത്തെ കടുത്ത വിമര്‍ശനവുമായി രംഗത്തെത്താന്‍ പ്രേരിപ്പിച്ചത്. ഇത് ചെമ്പരത്തിപ്പൂവല്ല സ്പന്ദിക്കുന്ന ഹൃദയമാണ് എന്ന തലക്കെട്ടിലാണ് മുഖപ്രസംഗം.

എല്‍ഡിഎഫില്‍ നിന്ന് ചവിട്ടി പുറത്താക്കിയപ്പോള്‍ ആശ്രയം നല്‍കിയവരുടെ കൂരയ്ക്ക് തീകൊളുത്തി വെളുപ്പാന്‍ കാലത്ത് ഇറങ്ങിപ്പോകുന്നത് വഞ്ചനയും ക്രൂരതയുമാണ് എന്ന് വീക്ഷണം പറയുന്നു. യുഡിഎഫില്‍ മുമ്പ് ആശ്രയം നല്‍കിയ സിപിഐുടേയും എംവി രാഘവന്റേയും ഗൗരിയമ്മയുടേയും ആര്‍എസ്പിയുടേയും ഒക്കെ ചരിത്രം ഓര്‍മ്മിപ്പിക്കുന്നുമുണ്ട് വീക്ഷണത്തിന്റെ മുഖപ്രസംഗമെഴുത്തുകാരന്‍. വീരേന്ദ്രകുമാറിന്റെ പേര് എടുത്തു പറയുന്നില്ലെങ്കിലും യേശുവിനെ ഒറ്റു കൊടുത്ത യൂദാസിനും സീസറിനെ കുത്തിയ ബ്രൂട്ടസിനും ഒപ്പമായിരിക്കും ചരിത്രത്തിലെ അവര്‍ക്കുള്ള അപമാന സ്ഥാനം എന്ന് വീക്ഷണം പറഞ്ഞു വയ്ക്കുന്നുണ്ട്.

കഴിഞ്ഞ ദിവസങ്ങളില്‍ വീരേന്ദ്രകുമാര്‍ സിപിഐഎമ്മിന്റെ സെമിനാറില്‍ പങ്കെടുത്തിരുന്നു. പ്രതിപക്ഷ നേതാവ് വി എസ് അച്യുതാനന്ദനും സിപിഐഎം സംസ്ഥാന സെക്രട്ടറി കോടിയേരിയുമായും അദ്ദേഹം ചര്‍ച്ച നടത്തുകയും ചെയ്തു. ജനതാദള്‍ യുണൈറ്റഡിനെ എല്‍ഡിഎഫിലേക്ക് സ്വാഗതം ചെയ്യുന്ന തരത്തില്‍ അവര്‍ പ്രതികരിക്കുകയും ചെയ്തിരുന്നു.

അതേസമയം വീക്ഷണത്തിലെ മുഖപ്രസംഗത്തെ തള്ളി കെപിസിസി പ്രസിഡന്റ് വിഎം സുധീരന്‍ രംഗത്തെത്തി. സിപിഐഎം നേതാക്കളുമായി വീരേന്ദ്രകുമാര്‍ വേദി പങ്കിടലിനെ അദ്ദേഹം ന്യായീകരിച്ചു. ആരോഗ്യകരമായ രാഷ്ട്രീയ പ്രവര്‍ത്തനത്തിന്റെ ഭാഗമാണ് വേദി പങ്കിടല്‍ എന്നാണ് അദ്ദേഹത്തിന്റെ ന്യായം. മുഖപ്രസംഗം അനവസരത്തിലുള്ളതാണെന്നും മുന്നണി ബന്ധത്തെ ബാധിക്കുന്നതരത്തിലെ മുഖപ്രസംഗം പാടില്ലായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. പാര്‍ട്ടി നയമല്ല മുഖപ്രസംഗത്തിലേതെന്നും അദ്ദേഹം പറഞ്ഞു. എന്നാല്‍ യൂദാസുമാര്‍ കോണ്‍ഗ്രസിലെ ചിലരാണെന്ന് ജനതാദള്‍ യു നേതാവ് ചാരുപാറ രവി പ്രതികരിച്ചു.

വീരേന്ദ്രകുമാര്‍ വിഭാഗം ജനതാദളിനെ യുഡിഎഫില്‍ നിലനിര്‍ത്താന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി നേരിട്ട് ചര്‍ച്ചകള്‍ നടത്തിയിട്ടും അവര്‍ ഇടതുപക്ഷത്തിലേക്ക് പോകുമെന്ന് ഉറപ്പായതു കൊണ്ടാണ് പാലക്കാട്ട് തോല്‍വിക്ക് കാരണക്കാരായ കോണ്‍ഗ്രസ് നേതാക്കള്‍ക്ക് എതിരെ നടപടിയെടുക്കുമെന്ന് ഉറപ്പു നല്‍കിയിട്ടും നടപടി വൈകുന്നത് എന്നാണ് രാഷ്ട്രീയ നിരീക്ഷകരുടെ അഭിപ്രായം.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍